Top

നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ ജുഡീഷ്യല്‍ അന്വേഷണം; ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ

നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ ജുഡീഷ്യല്‍ അന്വേഷണം; ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഹരിത ഫിനാൻസ് ഉടമ രാജ്കുമാർ ഉരുട്ടലിനു വിധേയമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം വന്നത്. ജസ്റ്റിസ് നാരായണക്കുറുപ്പാണ് കമ്മീഷൻ.

കേസിൽ ഇതുവരെ രണ്ട് പൊലീസുകാര്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്. കസ്റ്റോഡിയൽ ടോർച്ചർ എന്നു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കസ്റ്റഡി മരണത്തിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടെങ്കിലും നിലവിൽ നേരിട്ട് പങ്കെടുത്തവരെയാണ് പൊലീസ് ലക്ഷ്യം വെക്കുന്നത്. ഡിവൈഎസ്പി, എസ്പി എന്നിവരുടെ പങ്കിനെക്കുറിച്ചും ആരോപണങ്ങൾ നിലവിലുണ്ട്.

കേസ് ഇതുവരെ ചാർജ് ചെയ്തിട്ടില്ല. എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അഞ്ച് പേരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. ഇവർക്കെതിരെയും ക്രിമിനൽ കേസ്സെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിയമസഭയിൽ ചോദ്യം ചെയ്യലുകളെ പ്രതിരോധിക്കാനാണ് കേസ്സെടുക്കാതിരിക്കുന്നത് എന്ന് ആരോപണമുയരുന്നതിനിടെയാണ് മന്ത്രിസഭാ തീരുമാനം വരുന്നത്.

അതെസമയം സംഭവത്തില്ഡ ഇടുക്കി എസ്‌പി കെബി വേണുഗോപാലിനുള്ള പങ്ക് വെളിപ്പെടുത്തി എസ്ഐ കെഎ സാബുവിന്റെ മൊഴി പുറത്തു വന്നിട്ടുണ്ട്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം എസ്‌പിയെ ഉടൻ തന്നെ അറിയിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്ഐ കെഎ സാബു മൊഴി നൽകി. മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

അതെസമയം എസ്ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും. നിലവിലെ സാഹചര്യത്തിൽ ജാമ്യം നിഷേധിക്കാനാണ് സാധ്യത. കേസിലെ ഒളിവിലുള്ള രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകും.

ജൂൺ 12നാണ് രാജ്കുമാറിനെ നാട്ടുകാർ പൊലീസിന് പിടിച്ചു കൊടുത്തത്. 13നും 14 നും രണ്ടുതവണയായി മേലുദ്യോഗസ്ഥര്‍ക്ക് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം രണ്ട് ദിവസം കൂടി രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ചു. 16 നാണ് രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്നുതന്നെ മജിസ്ട്രറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. രാജ്കുമാറിനെ കസ്റ്റഡിയില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചത് കട്ടപ്പന ഡിവൈഎസ്പിയും ഇടുക്കി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് അറിയാമെന്ന വസ്തുതയിലേക്കാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന വസ്തുതയോടെ പുറത്തുവന്നത്.

ഗുരുതരമായ കേസുകളിലൊഴികെ രാത്രികാല കസ്റ്റഡി ഒഴിവാക്കണമെന്ന് വാക്കാലുള്ള നിർദ്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജനക്കൂട്ടം പിടിച്ചു നൽകുന്ന പ്രതികളെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. അതിനു ശേഷമേ സ്റ്റേഷനിലേക്ക് കൊണ്ടുപോകാവൂ. സ്റ്റേഷൻ ലോക്കപ്പിലുള്ള പ്രതികളുടെ വിവരങ്ങൾ അതാത് സമയങ്ങളിൽ പൊലീസ് മേധാവിയെ അറിയിച്ചിരിക്കണം. മദ്യപിച്ച് ഡ്രൈവ് ചെയ്തതുൾപ്പെടെയുള്ള സംഭവങ്ങളിൽ പ്രതികളെ നേരെ ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടത്.

Next Story

Related Stories