UPDATES

ട്രെന്‍ഡിങ്ങ്

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐക്ക്; മന്ത്രിസഭാ തീരുമാനം വന്നത് ബന്ധുക്കളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ

കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാൻ സിബിഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനം. നിലവിൽ അന്വേഷണത്തെക്കുറിച്ച് സംശയങ്ങളുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ സിബിഐ അന്വേഷിക്കട്ടെയെന്നാണ് മന്ത്രിസഭയുടെ നിലപാട്. പൊലീസുകാർ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചത്.

കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയിൽ തീരുമാനം വരും മുമ്പാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. നിലവിൽ കേസിൽ ജുഡീഷ്യൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കും. സിബിഐയുടെ അന്വേഷണം നടക്കുന്നതിന് സമാന്തരമായി ജുഡീഷ്യൽ‌ അന്വേഷണം നടക്കട്ടെ എന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ രാജ്കുമാറിനെ കസ്റ്റഡിയിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

അതിനിടെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ എസ്ഐ സാബുവിന് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. കേസിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറയുകയുമുണ്ടായി. നാലാംപ്രതിയായ സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണിക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഹൈക്കോടതിയിൽ നിന്നും പൊലീസിനെതിരെ പ്രതികൂലമായ പരാമർശം വന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കേസ് സിബിഐക്ക് വിടുന്നത്. കേസ് സിബിഐക്ക് വിടണമെന്ന് ഹൈക്കോടതി നിർദ്ദേശം വന്നാൽ അത് സർക്കാരിന് തിരിച്ചടിയാകും. എസ്‌പി വരെയുള്ള ഉദ്യോഗസ്ഥർക്ക് ഈ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണം നിലവിലുണ്ട്.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാർ ജൂൺ 21നാണ് മരിച്ചത്. രാജ്‍കുമാറിന് കസ്റ്റഡി മർദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. രാജ്കുമാറിനെ ജൂൺ 12 മുതൽ 16 വരെ അന്യായമായി കസ്റ്റഡിയിൽവച്ചു പീഡിപ്പിച്ചെന്നും ക്രൂരവും പൈശാചികവുമായ മർദ്ദനത്തിനിരയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ആദ്യത്തെ പോസ്റ്റുമോർ‌ട്ടം റിപ്പോർട്ടിൽ ശരീരത്തിലെ പല മുറിവുകളും കണ്ടെത്തുകയുണ്ടായില്ലെന്ന് രണ്ടാമത്തെ പോസ്റ്റുമോർ‌ട്ടം റിപ്പോർട്ട് വന്നതോടെ വ്യക്തമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍