TopTop
Begin typing your search above and press return to search.

നെടുങ്കണ്ടം റീ പോസ്റ്റുമോർട്ടം: കൂടുതൽ പരിക്കുകൾ; എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷയിൽ സര്‍ക്കാരിന്റെ നിലപാട് തേടി കോടതി

നെടുങ്കണ്ടം റീ പോസ്റ്റുമോർട്ടം: കൂടുതൽ പരിക്കുകൾ; എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷയിൽ സര്‍ക്കാരിന്റെ നിലപാട് തേടി കോടതി
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ റീപോസ്റ്റുമോർട്ടം പുരോഗമിക്കുന്നതായി റിപ്പോർട്ട്. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തില്‍ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. ഇടുക്കി ആർഡിഒ, പീരുമേട് മജിസ്ട്രേറ്റ് എന്നിവരും സന്നിഹിതരാണ്. സീനിയർ പൊലീസ് സർജന്മാരാണ് പോസ്റ്റുമോർട്ടം നടത്തുന്നത്.

മുൻ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കണ്ടെത്താതിരുന്ന പരിക്കുകൾ ഇപ്പോൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇവയിലൊന്നാണ് കാലുകൾ ബലമായി അകത്തിയതിന്റെ പാടുകൾ. ഇത് മരണകാരണമാകാവുന്ന ഒന്നാണെന്നും ലഭ്യമായ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.

രാജ്കുമാറിന്റെ ആന്തരാവയവങ്ങള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇവ വിദഗ്ധ പരിശേധനയ്ക്ക് അയയ്ക്കും. രാജ്കുമാറിന് ന്യൂമോണിയ ബാധ എത്ര രൂക്ഷമായിരുന്നു എന്നറിയണമെങ്കിൽ അന്തിമ റിപ്പോർട്ട് വരണം.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് രാജ് കുമാറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹത്തിൽ നിന്നും സാമ്പിളുകൾ എടുത്തിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കുള്ളിൽ റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഹാജരാക്കാനാണ് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതെസമയം എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മരണകാരണം ന്യൂമോണിയ ആണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് സാബുവിന്റെ വാദം. ആദ്യത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ കടുത്ത മർദ്ദനങ്ങളേറ്റതു മൂലമുള്ള ന്യൂമോണിയയാണ് മരണകാരണമെന്നാണ് പറഞ്ഞിരുന്നത്.

Next Story

Related Stories