UPDATES

പ്രവാസം

നെതർലാൻഡ്സിൽ നഴ്സുമാരെ കിട്ടാനില്ല, ആശുപത്രികള്‍ പ്രവർത്തനം ചുരുക്കുന്നു സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി

അടിയന്തിരമല്ലാത്ത സർജറികൾ നീട്ടിവെച്ചാണ് പല ആശുപത്രികളും പ്രശ്നത്തെ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് നഴ്സുമാർ, തിയറ്റർ അസിസ്റ്റന്റുമാർ തുടങ്ങിയവരെ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

നെതർലാൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബെർഗ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചപ്പോഴാണ് നഴ്സിങ് മേഖലയിൽ തന്റെ രാജ്യം നേരിടുന്ന പ്രതിസന്ധി അറിയിച്ചത്. 30,000-40,000 നഴ്സുമാരുടെ സേവനം നെതർലാൻഡ്സിന് ആവശ്യമുണ്ട്. ആ ഒഴിവുകൾ കുറെയായി നികത്താൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ നഴ്സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് അദ്ദേഹം മുഖ്യമന്ത്രി അറിയിച്ചു. നെതർലാൻഡ്സിന് ആവശ്യമായ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് സാധിക്കുമെന്ന് മാർട്ടിൻ വാൻ ഡെൻ ബെർഗിനെ താൻ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ആതുരസേവന മേഖലയിൽ ജീവനക്കാരുടെ ക്ഷാമം വളരെ കടുത്തതാണ് നെതർലാൻഡ്സിൽ. ഈ മാസം പുറത്തുവന്ന ഒരു സർവ്വേ റിപ്പോര്‍ട്ട് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ വിശദീകരിച്ചിരുന്നു. 14 ആശുപത്രികളാണ് ജീവനക്കാരുടെ അഭാവം മൂലം പ്രവർത്തനങ്ങൾ നിർത്തി വെച്ചത്. സ്കൂൾ അവധിക്കാലം കൂടി വന്നതോടെ ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിക്കാൻ തുടങ്ങിയതോടെ ആതുരസേവന മേഖല ഏതാണ്ടൊരു സ്തംഭനം തന്നെ നേരിടാൻ തുടങ്ങി.

റോട്ടൻഡാമിലെ മാസ്റ്റാഡ് ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിൽ ഉൾക്കൊള്ളാവുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയുണ്ടായി ഈയിടെ. ജീവനക്കാർക്ക് ആവശ്യമായ ലീവെടുക്കാൻ വേണ്ടിയാണ് പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം 30% കുറച്ചത്. ഈ വർഷം കൂടുതൽ ഓപ്പറേഷൻ തിയറ്ററുകൾ ജീവനക്കാരില്ലാതെ അടയ്ക്കാൻ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അടിയന്തിരമല്ലാത്ത സർജറികൾ നീട്ടിവെച്ചാണ് പല ആശുപത്രികളും പ്രശ്നത്തെ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് നഴ്സുമാർ, തിയറ്റർ അസിസ്റ്റന്റുമാർ തുടങ്ങിയവരെ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രശ്നം ഏറെ വഷളാകുകയാണ് ചെയ്തിരിക്കുന്നത്. ആളുകളില്ലാത്തതിനാൽ അധിക ജോലി ചെയ്ത് ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെടുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഹോം നഴ്സിങ് മേഖലയിലും വേണ്ടത്ര ആളുകളെ കിട്ടാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2014ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 180,000 നഴ്സുമാരാണ് ഉള്ളത്. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 33% കുറവാണ്.

2018ൽ എംപ്ലോയീ ഇൻഷൂറൻസ് ഏജൻസി യുഡബ്ല്യൂവി പുറത്തുവിട്ട കണക്കുകൾ പ്രകാരം നെതർലാൻഡ്സിലെ ആരോഗ്യമേഖലയിൽ 130,000 തൊഴിലവസരങ്ങളുണ്ട്. മാനസികാരോഗ്യ രംഗത്താണ് വിദഗ്ധ തൊഴിലാളികളെ കണ്ടെത്താൻ നെതർലാൻഡ്സ് ഏറെ ബുദ്ധിമുട്ടുന്നതെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഹിയറിങ് കെയർ പ്രൊഫഷണലുകൾ, ഓപ്റ്റീഷ്യന്മാർ, ഓപ്റ്റോമെട്രിസ്റ്റ്സ്, ഡെന്റൽ ഹൈജീനിസ്റ്റ്സ് തുടങ്ങിയ മേഖലകളിലും ആളുകളെ ആവശ്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍