Top

കേരളത്തില്‍ ലവ് ജിഹാദെന്ന് ബെഹ്റ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്; പറഞ്ഞിട്ടില്ലെന്ന് ബെഹ്റ

കേരളത്തില്‍ ലവ് ജിഹാദെന്ന് ബെഹ്റ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്; പറഞ്ഞിട്ടില്ലെന്ന് ബെഹ്റ
കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടിനെയും സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഉദ്ധരിച്ചും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത‍ തെറ്റും തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കേരളത്തില്‍ ലവ് ജിഹാദ് എന്നു പറയപ്പെടുന്ന ഒന്ന് നടക്കുന്നതായി സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബെഹ്റയും വ്യക്തമാക്കി. മുന്‍ ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞത് ശരിയായി എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്ത. കേരളത്തിനെതിരെ സംഘപരിവാര്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണ് എന്ന വിധത്തില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയില്‍ വന്‍ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം നിഷേധിച്ചിരിക്കുന്നത്.

കേരളത്തില്‍ കുറച്ചുകാലമായി ലവ് ജിഹാദ് നടക്കുന്നുണ്ടെന്നായിരുന്നു പത്രം പറയുന്നത്. ഇസ്ലാം മതത്തിലേക്ക് പെണ്‍കുട്ടികളെയും യുവാക്കളെയും പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദാവാ സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും പ്രൊഫഷണല്‍ യോഗ്യതയുള്ളവരെയും സിപിഎമ്മിനോടും ഇടതുപക്ഷ സംഘടനകളോടും ആഭിമുഖ്യമുള്ളവരെയുമാണ് ദാവാ സംഘങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമായും ഈഴവ സമുദായാംഗങ്ങളെ ഇവര്‍ നോട്ടമിടുന്നതെന്നും പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുവെന്നുമായിരുന്നു അജയ് കാന്ത് എന്ന ലേഖകന്റെ റിപ്പോര്‍ട്ട്.തീവ്ര മതചിന്താഗതിക്കാരെങ്കിലും അതു മറച്ചുവയ്ക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ദാവാ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മതചിന്ത കടന്നുവരാത്ത വിധത്തില്‍ ഇവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു. യുവ പ്രൊഫഷണലുകളും വിദ്യാര്‍ഥികളുമാണ് സംഘത്തില്‍ മുഖ്യമായുമുള്ളത്. സംഘങ്ങള്‍ക്കു മറ്റു സഹായങ്ങള്‍ നല്‍കാന്‍ സംഘടിതമായ യൂണിറ്റുകളുണ്ട്. കണ്ടെത്തുന്ന ഒരോരുത്തരെയും ഇസ്ലാമിലേക്ക് എത്തിക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ഇത്തരം യൂണിറ്റുകളാണ് നല്‍കുന്നത്. തൊഴിലിടങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാമാണ് ഇവര്‍ പരിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും പതുക്കെപ്പതുക്കെ മറ്റു സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍നിന്നും ഇവരെ അകറ്റുകയും പിന്നീട് മതത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നുവെന്നും തുടരുന്ന റിപ്പോര്‍ട്ട് ഒടുവില്‍ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വിരമിച്ചതിനു ശേഷം ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ശരിവയ്ക്കുന്നതാണ് പോലീസിന്റെ പുതിയ റിപ്പോര്‍ട്ട് എന്നും അവകാശപ്പെടുന്നു. എന്നാല്‍ സെന്‍കുമാറിന്റെ യഥാര്‍ത്ഥ നിറം ഇപ്പോഴാണ് പുറത്തുവന്നതെന്നും ഹിന്ദുത്വ ആഭിമുഖ്യമാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നിലെന്നും ചില എല്‍.ഡി.എഫ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നുവെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് തുടരുന്നു.

ഇതിനെ സ്ഥിരീകരിക്കാനായി ലോക്നാഥ് ബെഹ്റയേയും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരുന്നു. 'കേരളത്തില്‍ പല മാര്‍ഗങ്ങളിലൂടെയും ആളുകളെ റാഡിക്കലൈസ് ചെയ്ത് മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ തന്നെ ഞങ്ങള്‍ നിയോഗിച്ചിട്ടുണ്ട്'- എന്നായിരുന്നു ബെഹ്റയുടെതായി കൊടുത്തിരുന്ന വാചകങ്ങള്‍.എന്നാല്‍ ഇതിനെ പാടേ തള്ളിക്കൊണ്ടാണ് ഇന്നലെ വൈകിട്ട് ബെഹ്റ പ്രസ്താവന ഇറക്കിയത്. സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി സ്ഥിരീകരിച്ചതായി ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശരിയല്ലെന്നും തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാനത്ത് മതംമാറ്റത്തിലൂടെ റാഡിക്കലൈസേഷന്‍ നടക്കുന്നതായി വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങള്‍ അക്കാര്യം സൂക്ഷമായി നിരീക്ഷിക്കുന്നുണ്ട് എന്നാണ് താന്‍ പറഞ്ഞതെന്നും ബെഹ്റ വ്യക്തമാക്കുന്നു. അത്തരമൊരു കേസില്‍ ഇതുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കനമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു ഇക്കാര്യം സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കേണ്ടത് തങ്ങളുടെ കടമയാണ്. കേരളത്തില്‍ ലവ് ജിഹാദ് എന്നു പറയപ്പെടുന്ന ഒന്ന് നിലനില്‍ക്കുന്നതായി സ്ഥിരീകരിക്കുന്ന ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും ബെഹ്റ കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നില്ലെന്നും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു 2009-ല്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ മതപരിവര്‍ത്തനം നടത്തി ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുകയും പിന്നീട് സിറിയയിലേക്ക് പോവുകയും ചെയ്ത പാശ്ചാത്തലത്തില്‍ കേരള പോലീസ് ഇക്കാര്യങ്ങളില്‍ പുന:രന്വേഷണം നടത്തുകയായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്നു പറഞ്ഞുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

Next Story

Related Stories