കേരളം

ഓറഞ്ച് അലര്‍ട്ട് ഇനിയുള്ള മഴയുടെ അടിസ്ഥാനത്തില്‍ മാത്രം: ദുരന്ത നിവാരണ അതോറിറ്റി

ജലനിരപ്പ് 2935 അടിയായാലുടന്‍ കെ എസ് ഇ ബി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.ജലനിരപ്പ് 2999 അടിയാകുമ്പോഴാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പ്രഖ്യാപിക്കുക.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഇന്നു വൈകിട്ട് മൂന്ന് മണിയാപ്പോഴേക്കും അണക്കെട്ടിലെ ജലനിരപ്പ് 2394.80 അടി ആയി. ഇനി 0.2 അടി (ആറ് സെന്റീമീറ്റര്‍) കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ നിര്‍ദേശം) പ്രഖ്യാപിക്കും. അതേസമയം ഇനിയുള്ള ദിവസങ്ങളില്‍ പെയ്യുന്ന മഴയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ശേഖര്‍ അഴിമുഖത്തോട് പ്രതികരിച്ചു.

നിലവില്‍ ഇടുക്കിയില്‍ 18.20 മില്ലീമീറ്ററാണ് മഴ പെയ്യുന്നത്. മഴ ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ രണ്ട് ദിവസത്തിനകം ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടി വരും. ജലനിരപ്പ് 2935 അടിയായാലുടന്‍ കെ എസ് ഇ ബി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുന്നത് ആശ്വാസം പകരുന്നുണ്ട്. ഇതുവരെ 0.5 അടി വെള്ളം മാത്രമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ ഒരു അടി വെള്ളമാണ് ഉയര്‍ന്നത്.

ജലനിരപ്പ് 2999 അടിയാകുമ്പോഴാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പ്രഖ്യാപിക്കുക. അപകട സാധ്യത കൂടിയ പെരിയാര്‍ തീരത്തു നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടും റെഡ് അലര്‍ട്ട് നല്‍കും. ഇതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കും. അണക്കെട്ട് തുറന്നാല്‍ ചെറുതോണി ടൗണ്‍ മുതല്‍ ആലുവ വരെ പെരിയാറില്‍ 90 കിലോമീറ്റര്‍ വരെ വെള്ളപ്പൊക്കമുണ്ടാകും. 24 കിലോമീറ്റര്‍ അകലെ ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ വരെ വെള്ളമെത്തും.

കല്ലാര്‍കുട്ടി അണക്കെട്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇവിടെ തുറന്നു വിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവര്‍ഹൗസില്‍ നിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവര്‍ പെരിയാറിലാണ് ചേരുന്നത്. ഇടുക്കില്‍ നിന്നുള്ള വെള്ളം കൂടി എത്തുന്നതോടെ ലോവര്‍ പെരിയാറിന്റെ ഏഴ് ഷട്ടറുകള്‍ ഒരുമിച്ച് തുറക്കേണ്ടി വരും. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ലോവര്‍ പെരിയാറില്‍ നിന്നും ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, നെടുമ്പാശേരി, ആലുവ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകും. അതോടെ ജനങ്ങള്‍ ദുരിതത്തിലാകും.

ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴ തുടരുകയാണ്. മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് വര്‍ധിക്കുമെന്നും ജലനിരപ്പ് ഉയരുമെന്നുമാണ് വിലയിരുത്തല്‍. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘത്തെ ആലുവയില്‍ വിന്യസിച്ചിട്ടുണ്ട്. ഒരു സംഘം ഇടുക്കിയിലെത്തിയിട്ടുണ്ട്. മറ്റൊരു സംഘം തൃശൂരില്‍ തയ്യാറായി നില്‍ക്കുകയാണ്. കര, നാവിക, വ്യോമ, തീരദേശ സേനകളുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍, നാല് കമ്പനി കരസേന എന്നിവര്‍ സജ്ജമാണ്. എറണാകുളം ജില്ലയില്‍ തീരദേശസേനയുടെ ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍