Top

'കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ മനുഷ്യനെയാണ് ആ ഡിവൈഎസ്പി ഹരികുമാര്‍ കൊന്നത്'; നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം അടങ്ങുന്നില്ല; പ്രതി ഒളിവില്‍

"എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ശിക്ഷിച്ചാല്‍ മതിയാരുന്നല്ലോ? കൊല്ലണമായിരുന്നോ? ഈ കുടുംബം ഇനി എങ്ങനെ മുന്നോട്ട് പോവുമെന്നാണ്. അഞ്ച് വയസ്സ് പോലും ആവാത്ത രണ്ട് കുഞ്ഞുകുട്ടികളാണ്. അവരിനി എങ്ങനെ ജീവിക്കും?" ഡിവൈഎസ്പി  ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍കുമാറിന്റെ സഹോദരിയുടെ ചോദ്യം. തങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ അച്ഛനെ വെള്ളപുതപ്പിച്ച് കൊണ്ട് വന്നത് എന്തിനെന്ന് പ്രായം രണ്ടര വയസ്സുള്ള എബിനും മൂന്നര വയസ്സുള്ള ആല്‍ബിനും മനസ്സിലാതേയില്ല. മരണം എന്തെന്ന് പോലും മനസ്സിലാവാത്ത കുഞ്ഞുങ്ങള്‍ അച്ഛന്റെ മൃദേഹത്തിലേക്ക് കണ്ണെടുക്കാതെ നോക്കിനിന്നു. പണികഴിഞ്ഞ് വന്ന് കുളിച്ച് ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള ഭക്ഷണം വാങ്ങാനിറങ്ങിയതാണ് സനല്‍. തനിക്കുള്ള ഭക്ഷണം കഴിച്ച് ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ഹോട്ടലില്‍ നിന്ന് വാങ്ങിവരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഭക്ഷണം വാങ്ങാന്‍ പോയയാള്‍ കുറേനേരം കഴിഞ്ഞിട്ടും തിരികെ വരാതായതോടെ ഭാര്യ വിജിയ്ക്ക് ആധിയായി. പിന്നീട് പലരേയും ഫോണ്‍ ചെയ്തുനോക്കി. അപ്പോഴാണ് ചെറിയ അപകടം സംഭവിച്ചു എന്ന വിവരം ആരോ വിജിയെ അറിയിക്കുന്നത്. എന്നാല്‍ മരണം ഉണ്ടാവുമെന്ന് വിജി കരുതിയിരുന്നതേയില്ല. അപ്രതീക്ഷിതമായ വിയോഗത്തിന്റെ വേദനയിലും ഞെട്ടലിലുമാണ് ഈ കുടുംബം.

കഴിഞ്ഞ ദിവസമാണ് ഡിവൈഎസ്പിയുമായുണ്ടായ തര്‍ക്കത്തിനിടയില്‍ നെയ്യാറ്റിന്‍കര മണലൂര്‍ ചെങ്കോട്ടുകോണം ചിറത്തലവിളാകം വീട്ടില്‍ എസ് സനല്‍കുമാര്‍ (32) അപകടത്തില്‍ മരിക്കുന്നത്.

ഇലക്ട്രീഷ്യനും പ്ലംബറുമായ സനല്‍ ഭക്ഷണം കഴിക്കാനായാണ് രാത്രി ഒമ്പതരയോടെ കൊടങ്ങാവിളയില്‍ എത്തിയത്. തന്റെ കാറ് റോഡരുകിലായി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിന് പുറകിലായി നിര്‍ത്തി എതിര്‍വശത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. 'ആരെടാ ഇവിടെ കാര്‍ കൊണ്ടിട്ടത്' എന്ന ഡിവൈഎസ്പി ബി. ഹരികുമാറിന്റെ ഉച്ചത്തിലുള്ള ചോദ്യമാണ് പിന്നീട് സനല്‍ കേട്ടത്. ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ കാറ് മാറ്റിയിടാന്‍ സനല്‍ ഓടിച്ചെന്നു. പിന്നീട് നടന്ന കാര്യങ്ങള്‍ ദൃക്‌സാക്ഷിയായ അനീഷ് വിവരിക്കുന്നു: 
"ശബ്ദം കേട്ടുകൊണ്ടാണ് ഞാനെത്തിയത്. ഓടിവരുമ്പോള്‍ സനലുമായി ഡിവൈഎസ്പി ഹരികുമാര്‍ തര്‍ക്കിക്കുകയാണ്. സനലും ഞാനും ഒന്നിച്ച് ജോലി ചെയ്യുന്നയാളുകളാണ്. ഡിവൈഎസ്പി ഇറങ്ങിവന്ന വീടിന്റെ ഗേറ്റിനടുത്താണ് സനല്‍ കാറ് പാര്‍ക്ക് ചെയ്തത്. മുന്നിലെന്ന് പറയാനൊക്കില്ല. ഒരു വശത്തായിട്ട് കിടക്കുകയായിരുന്നു. കാറ് പുറകോട്ടെടുത്താല്‍ പോവാന്‍ പറ്റില്ലേന്ന് അവന്‍ ചോദിച്ചു. അത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മഫ്ടിയിലായിരുന്നതുകൊണ്ട് സനലിന് അയാള്‍ ഡിവൈഎസ്പിയാണെന്ന് മനസ്സിലായില്ല. ഞാനിയാളെ ഇടക്കിടെ കാണാറുള്ളത് കൊണ്ട് എനിക്ക് മനസ്സിലായി. ഡിവൈഎസ്പിയാണ് ഇതെന്ന് ഞാന്‍ സനലിനോട് പറഞ്ഞു. അപ്പോള്‍ തന്നെ അവന്‍ ക്ഷമചോദിച്ചു. 'അയ്യോ സാറേ എനിക്ക് മനസ്സിലായില്ല. ഞാന്‍ ഇപ്പോള്‍ തന്നെ വണ്ടി മാറ്റിയിട്ടോളാം' എന്ന് പറഞ്ഞ് സനല്‍ വണ്ടിമാറ്റാന്‍ പോവാനൊരുങ്ങി. 'നീയിനി പോവണ്ട' എന്ന പറഞ്ഞ് ഡിവൈഎസ്പി അവനെ പിടിച്ച് നിര്‍ത്തി. 'നിന്നെ കൊണ്ട് പോവാന്‍ വേറെ ആള് വരും' എന്ന് പറഞ്ഞിട്ട് അയാള്‍ ആരെയോ ഫോണ്‍ ചെയ്യുകയും ചെയ്തു. സാറേ ആളറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് ഡിവൈഎസ്പിയുടെ കയ്യില്‍ പിടിച്ച് ഞാന്‍ സോറി പറഞ്ഞു. അപ്പോള്‍ 'നീയെന്റെ കയ്യില്‍ പിടിക്കുന്നോടാ, മാറിനിന്നില്ലേല്‍ നിന്നെയും ഞാന്‍ അടിക്കും' എന്ന് പറഞ്ഞ് എന്റെ കൈ തട്ടിമാറ്റി. കുറേ നേരെ പറഞ്ഞപ്പോള്‍ പോയ്‌ക്കൊള്ളാന്‍ ഡിവൈഎസ്പി പറഞ്ഞു. അത് കേട്ട് അവന്‍ കാറില്‍ കയറി സീറ്റിലിരുന്നപ്പോള്‍ അയാള്‍ ഡോറിലൂടെ കയ്യിട്ട് സനലിന്റെ ചെകിട്ടത്ത് അടിച്ചു. ഡോറില്‍ ആഞ്ഞ് ചവിട്ടി അടക്കുകയും ചെയ്തു. 'എടുത്തോണ്ട് പോടാ' എന്ന് പറഞ്ഞ് അയാള്‍ അവനെ അയച്ചു. കുറച്ച് ദൂരെയായി സനല്‍ കാറ് പാര്‍ക്ക് ചെയ്ത് ഹോട്ടലിലേക്ക് വരാന്‍ പോവുകയായിരുന്നു. അതിനിടയില്‍ ഡോറിനെന്തെങ്കിലും പറ്റിയോ എന്നറിയാന്‍ സനല്‍ പാര്‍ക്ക് ചെയ്തിട്ട് പുറത്തിറങ്ങി നോക്കി. ഇത് കണ്ട് ഡിവൈഎസ്പി പിന്നെയും അങ്ങോട്ട് വന്ന് 'നീ വണ്ടിയെടുത്തോണ്ട് പോയില്ലേടാ' എന്ന് ചോദിച്ച് സനലിന്റെ കൈക്കുഴയില്‍ പിടിച്ച് തിരിച്ചു. അവന് നന്നായി വേദനിച്ചു. കൈ ഞെരിച്ചമര്‍ത്തുന്നതിന്റെ വേദന സഹിക്കാന്‍ വയ്യാതെ അവന്‍ മറ്റേ കൈ കൊണ്ട് ഡിവൈഎസ്പിയുടെ കയ്യില്‍ പിടിച്ചു. അപ്പഴേക്കും 'നീയെന്റെ കയ്യില്‍ പിടിക്കും അല്ലേടാ 'എന്ന് ചേദിച്ച് അവന്റെ ഷോള്‍ഡറില്‍ പിടിച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. സ്പീഡില്‍ വരുന്ന ഹോണ്ട അമേസ് കാറ് അവനെ ഇടിച്ച് തെറിപ്പിച്ചു. ഇതിനെല്ലാം ഞാനടക്കം പതിനഞ്ച് പേരെങ്കിലും സാക്ഷികളാണ്. വീട്ടിലേക്ക് പാഴ്‌സല്‍ ചെയ്ത ഭക്ഷണവും അവന്‍ കഴിച്ചുകൊണ്ടിരുന്നതും അപ്പഴും ഹോട്ടലില്‍ തന്നെ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ചെന്ന് നോക്കിയപ്പോള്‍ അവന് ബോധമില്ലായിരുന്നു. ചെറുതായി ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നു. പിന്നെ വീട്ടിലേക്ക് വിളിച്ച് അപകടം പറ്റിയ കാര്യം അറിയിച്ചു. ഡിവൈഎസ്പി അപ്പോള്‍ തന്നെ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഏതോ ഒരാള്‍ കാറുമായി വന്ന് അയാളെ രക്ഷപെടുത്തുകയായിരുന്നു."


സനല്‍കുമാര്‍ കാറിന് മുന്നിലേക്ക് വീണയുടന്‍ തന്നെ ഹരികുമാര്‍ അവണാകുഴി ഭാഗത്തേക്ക് ഓടിയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. പിന്തുടര്‍ന്ന് പോയ ചിലര്‍ ഹരികുമാറിനെ മര്‍ദ്ദിക്കുകയും ചെയ്തു. അതിനിടെ കൊടങ്ങാവിളയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന കെ ബിനു, ഹരികുമാറിന്റെ കാറില്‍ തന്നെ എത്തി ഇയാളെ നാട്ടുകാരില്‍ നിന്ന് രക്ഷപെടുത്തുകയായിരുന്നു. സനല്‍കുമാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ പോലീസിനെതിരെ തിരിഞ്ഞു. ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യ പ്രതിഷേധം. പിന്നീട് സനല്‍കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
"മറ്റാരും തുണയില്ലാത്ത കുടുംബമാണ്. രണ്ട് പൊടിപ്പിള്ളേരും തള്ളയും മാത്രമാണ്. അവരുടെ ജീവിതം സനലിനെ ആശ്രയിച്ച് മാത്രമായിരുന്നു. സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. പോലീസുകാരനെ പിടിച്ച് അര്‍ഹമായ ശിക്ഷ നല്‍കണം. അല്ലാതെ ഞങ്ങള്‍ ഈ പ്രതിഷേധം അവസാനിപ്പിക്കില്ല",
നാട്ടുകാരനായ അരുണ്‍കുമാര്‍ പറയുന്നു.

സംഭവം നടന്ന പിറ്റേന്ന് തന്നെ നെയ്യാന്‍കര ഡിവൈഎസ്പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യുകയും കൊലക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിക്കാതെ പോലീസ് ഹരികുമാറിനെ സഹായിക്കുകയാണെന്ന ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. സനലിന്റെ ഭാര്യ വിജിയുടെ വാക്കുകള്‍: 
"പോലീസില്‍ വിശ്വാസമില്ല. കേസില്‍ പോലീസ് ഒത്തുകളിക്കുകയാണ്. കുറ്റക്കാരനായ ഡിവൈഎസ്പിയെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. സസ്പന്‍ഷന്‍ പോര. ഹരികുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം. സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. കേസന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വരണം. ഹരികുമാറിന് സസ്പന്‍ഷനൊന്നും പുത്തരിയല്ലായിരിക്കും. അതുകൊണ്ട് അയാളെ പിരിച്ചുവിടണം. ഏക വരുമാനമാര്‍ഗമാണ് ഇല്ലാതായത്. എന്തെങ്കിലും സഹായം ലഭിച്ചാലേ ജീവിക്കാനാവൂ. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിക്കായി കാത്തിരിക്കുകയാണ്."


എന്നാല്‍ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്ത ഹരികുമാറിനെ പിടികൂടുന്നതിനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ലുക്ക് ഔട്ട് നോട്ടീസ് പോലും പുറത്തിറക്കാതെ കീഴടങ്ങണമെന്ന് അഭ്യര്‍ഥിച്ച് പോലീസ് കാത്തിരിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. അന്വേഷണത്തോട് സഹകരിക്കണമെന്ന് ബന്ധുക്കള്‍ വഴി ഹരികുമാറിനെ പോലീസ് അറിയിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഹരികുമാര്‍ കേരളത്തില്‍ നിന്ന് പുറത്തുകടന്നതായും അഭ്യൂഹങ്ങളുണ്ട്. നെടുമങ്ങാട് എസിപി സുജിത്ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. അന്വേഷണ സംഘങ്ങളം പലതായി തിരിച്ച് ഹരികുമാറിനെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നീങ്ങുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സുജിത് ദാസ് പറഞ്ഞു. പലയിടങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
"ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കിക്കഴിഞ്ഞു. ഉടനെ പുറത്തുവിടും. ഹരികുമാറിന്റെ ഫോണ്‍ സ്വിച്ച്ഓഫാണ്. എന്നാല്‍ അത് ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അന്വേഷണസംഘത്തിലുള്ള ഉദ്യോഗസ്ഥരെ പലതരം ചുമതലകളേല്‍പ്പിച്ച് ഡിവൈഎസ്പിയെ ഉടന്‍ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ഇപ്പോള്‍. പല രീതിയില്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്".


ഡിവൈഎസ്പിയെ ഒളിവില്‍ കഴിയാന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് "അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിക്കതില്‍ അഭിപ്രായം പറയാന്‍ കഴിയില്ല. എന്തായാലും ഞങ്ങള്‍ അന്വേഷണം ശരിയായ വഴിക്കാണ് നടത്തുന്നത്" എന്ന് എസിപി മറുപടി നല്‍കി.

Next Story

Related Stories