TopTop

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ 13 വര്‍ഷത്തിനു ശേഷം പിടിയിലായ മുഹമ്മദ് അസ്ഹര്‍ ആരാണ്?

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ 13 വര്‍ഷത്തിനു ശേഷം പിടിയിലായ മുഹമ്മദ് അസ്ഹര്‍ ആരാണ്?
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് അസ്ഹറിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ)  അറസ്റ്റു ചെയ്തു. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ മുഹമ്മദ് അസ്ഹര്‍ പിടിയിലാവുന്നത്. കേസിലെ നാലു മുഖ്യപ്രതികളില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലുള്ളത്. 2006 മാര്‍ച്ച് 3ന് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലും നടന്ന ഇരട്ട സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത കേസില്‍ മുഖ്യപ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷഫാസ് എന്നിവര്‍ക്ക് എന്‍.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ഏഴു വര്‍ഷത്തിനു ശേഷമാണ് ഒളിവിലായിരുന്ന അസ്ഹറിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്ന അസ്ഹര്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് ഡൽഹിയിൽ എന്‍.ഐ.എയുടെ പിടിയിലാകുന്നത്. അസ്ഹറിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിക്കുകയും ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്റര്‍പോളിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ്  സൗദിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.പി യൂസഫാണ് ഇപ്പോഴും ഒളിവിൽ തുടരുന്നത്.

കോഴിക്കോട് മാറാട് വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ബസ് സ്റ്റാന്റുകളില്‍ ഇരട്ടസ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍. മാര്‍ച്ച് 3ന് ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലായിരുന്നു ആദ്യ സ്‌ഫോടനം. പതിനഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലും സ്‌ഫോടനമുണ്ടായി. ആളപായമുണ്ടായില്ലെങ്കിലും രണ്ടു സ്‌ഫോടനങ്ങളിലുമായി മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. നാശനഷ്ടങ്ങളും റിപ്പോർ‍ട്ട് ചെയ്തിരുന്നു.  ലോക്കല്‍ പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും, തീവ്രവാദി ആക്രമണമാണ് നടന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് ഇടപെട്ട് 2010ല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയുമായിരുന്നു.

കേസിലെ ഏഴാം പ്രതിയായിരുന്ന ഷമ്മി ഫിറോസാണ് സംഭവത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഏജന്‍സിക്ക് കൈമാറുന്നത്. കുറ്റം സമ്മതിച്ച ഷമ്മിയെ കോടതി മാപ്പുസാക്ഷിയാക്കുകയും ചെയ്തു. ഇതിനിടെ മറ്റ് നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള തടിയന്റവിട നസീറിനെ തുടര്‍ന്ന് കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസ് കൂടാതെ കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, ബംഗളൂരു സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസ്, കളമശ്ശേരിയില്‍ ബസ്സ് കത്തിച്ച കേസ്, ഇ.കെ. നായനാര്‍ വധശ്രമക്കേസ് എന്നിവയിലും തടിയന്റവിട നസീര്‍ പ്രതിയാണ്. ലഷ്‌കര്‍ ഇ ത്വയ്ബ ബന്ധമുള്‍പ്പടെ നസീറിനു മേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.

അതിനിടെ അറസ്റ്റിലായ അസ്ഹറിനെ ഡല്‍ഹി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിനായി ഇയാളെ കൊച്ചിയിലെത്തിക്കും. സ്‌ഫോടനത്തിനാവശ്യമായ ബോംബ് നിര്‍മിച്ചത് അസ്ഹറിന്റെ വീട്ടില്‍വച്ചാണെന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍. ആദ്യ ഘട്ടത്തില്‍ത്തന്നെ ഒളിവില്‍പ്പോയിരുന്ന അസ്ഹറിനെയും യൂസഫിനെയും ഉള്‍പ്പെടുത്താതെ കുറ്റപത്രം സമര്‍പ്പിച്ച് ആദ്യ വിചാരണ പെട്ടന്ന് പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നീട് അസ്ഹറടക്കം എട്ടുപേരെ ഉള്‍പ്പെടുത്തിയ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചാര്‍ത്തിയിട്ടുള്ളത്. അസ്ഹറിനെ ചോദ്യം ചെയ്യുന്നതോടെ ഒളിവിലുള്ള യൂസഫിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

Next Story

Related Stories