TopTop
Begin typing your search above and press return to search.

പ്രതിഷേധക്കാര്‍ കൂടുന്നു; പൂര്‍ണ നിയന്ത്രണം പറ്റാതെ പോലീസ്; സന്നിധാനത്തെത്തിയ സ്ത്രീ സുരക്ഷയില്ലാതെ മടങ്ങി

പ്രതിഷേധക്കാര്‍ കൂടുന്നു; പൂര്‍ണ നിയന്ത്രണം പറ്റാതെ പോലീസ്; സന്നിധാനത്തെത്തിയ സ്ത്രീ സുരക്ഷയില്ലാതെ മടങ്ങി
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആന്ധ്ര സ്വദേശി ശബരിമല സന്നിധാനത്തെത്തി. നാല്‍പ്പത് വയസ്സുള്ള മാധവിയാണ് സന്നിധാനത്തിനടുക്കല്‍ വരെയെത്തിയത്. പരമ്പരാഗത പാതയിലൂടെയാണ് ഇവര്‍ പമ്പയില്‍ നിന്നും സന്നിധാനത്തെത്തിയത്.

കുടുംബസമേതമായിരുന്നു മാധവിയെത്തിയത്. പോലീസിന്റെ കര്‍ശന സുരക്ഷാ വലയത്തിലായിരുന്നു ഇവര്‍ സന്നിധാനത്തെത്തിയത്. ഇന്ന് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുകയാണ്. സമരക്കാരെ പോലീസ് ബലമായി പിടിച്ചുമാറ്റിയെങ്കിലും സമരക്കാര്‍ ഇവരെ രണ്ട് വശങ്ങളില്‍ നിന്നും തടഞ്ഞതോടെ പോലീസും പിന്മാറി. സുരക്ഷ ഇല്ലാതെ വന്നതോടെ ഇവര്‍ പമ്പയിലേക്ക് മടങ്ങുകയും ചെയ്തു. സ്ഥിതിഗതികള്‍ പോലീസിന്റെ പൂര്‍ണ നിയന്ത്രിണത്തിലല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

അതേസമയം പമ്പയിലേയ്ക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് അംഗീകരിച്ചില്ല. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നവരില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്യ്തു. ഇനി വാഹനങ്ങള്‍ പരിശോധിക്കാന്‍ ഇവിടെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ലാത്തി വീശി. കെഎസ്ആര്‍ടിസി ബസ് അടക്കമുള്ള വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിട്ടു. ചെന്നൈയില്‍ നിന്നെത്തിയ ദമ്പതികളെ സമരക്കാര്‍ ആക്രമിച്ചു. വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം (40) എന്നിവരെയാണ് സമരക്കാര്‍ ബലം പ്രയോഗിച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ടത്. പഞ്ചവര്‍ണത്തെ പിടിച്ചുകൊണ്ടുപോയി സമരപ്പന്തലില്‍ ഇരുത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇവരെ രക്ഷിച്ചുകൊണ്ടുപോയി.

തീര്‍ത്ഥാടകരെ തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്രയും ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലക്കലില്‍ റോഡിന്‍റെ ഇരുവശവും 500 പൊലീസുകാരെയാണ് നിയോഗിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാഹനമടക്കം ഇങ്ങനെയാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിട്ടത്. യുവതികള്‍ ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ നിന്നിരുന്ന ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ പൊലീസ് നീക്കി. വടശ്ശേരിക്കര - നിലയ്ക്കല്‍, എരുമേലി - നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും. ഇതിനിടെ നിലയ്ക്കലിലെ സമര പന്തലില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിലയ്ക്കല്‍ സ്വദേശി രത്‌നമ്മയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പോലീസിന്റെ പൂര്‍ണ നിയന്ത്രണതിലായിരുന്നെങ്കിലും ബസിലും മറ്റുമായികൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ കാര്യങ്ങള്‍ പൂര്‍ണമായും പോലീസിന്റെ നിയന്ത്രണതിലല്ല എന്ന അവസ്ഥയാണ്.

അതേസമയം ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ സേവ് ശബരിമല സമര നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. രാഹുല്‍ ഈശ്വര്‍ മുത്തശിയോടൊപ്പമാണ് ശബരിമലയിലേയ്ക്ക് പോയത്. നൂറോളം വരുന്ന മറ്റാളുകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പമ്പയിലേയ്ക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് വ്യക്തമാക്കി പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. സന്നിധാനത്തേയ്ക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുകയാണെന്നും എന്നാല്‍ 93 വയസുള്ള തന്റെ മുത്തശിയെ തടയുകയാണെന്നും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തി. നേരത്തെ ശബരമല സ്ത്രീപ്രവേശനത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ലെന്നും മറ്റ് ശക്തികളാണ് ഇതിന് പിന്നിലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ശബരിമല സംരക്ഷണ സമിതി.


https://www.azhimukham.com/kerala-nilakkal-sabarimala-ayyappan-and-tribal-malampandaram-relation-and-women-entry-controversy-report-krishna/

https://www.azhimukham.com/trending-pinarayi-speech-in-ldf-public-meeting/

https://www.azhimukham.com/trending-surya-devarchana-starts-her-penance-for-sabarimala-pilgrimage/

Next Story

Related Stories