Top

കുളിച്ചില്ലെങ്കില്‍ വെയിലത്ത് നിര്‍ത്തും, വെള്ളം കൊടുക്കാതെ ഒരു കിലോ മിക്സ്ച്ചര്‍ തീറ്റിക്കും; കേരളത്തിലെ ഒരു ആദിവാസി സ്‌കൂളിലെ ശിക്ഷാരീതികളാണ്‌

കുളിച്ചില്ലെങ്കില്‍ വെയിലത്ത് നിര്‍ത്തും, വെള്ളം കൊടുക്കാതെ ഒരു കിലോ മിക്സ്ച്ചര്‍ തീറ്റിക്കും; കേരളത്തിലെ ഒരു ആദിവാസി സ്‌കൂളിലെ ശിക്ഷാരീതികളാണ്‌
നിലമ്പൂരില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ പരാതിയില്‍ സ്‌കൂളധികൃതരും സാമൂഹികപ്രവര്‍ത്തകരും രണ്ടുതട്ടിലായതോടെ, വിഷയത്തിലെ ആശയക്കുഴപ്പം രൂക്ഷമാകുന്നു. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡിസംബര്‍ ഇരുപത്തിയാറാം തീയതി നടന്ന സംഭവമാണ് ദിവസങ്ങള്‍ക്കു ശേഷവും നിജസ്ഥിതി പുറത്തുവരാത്ത അവസ്ഥയിലുള്ളത്. ആദ്യം പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികള്‍ തന്നെ അടുത്ത ദിവസം മൊഴി മാറ്റിപ്പറയുകയായിരുന്നു.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനത്തിനായി സ്ഥാപിക്കപ്പെട്ട മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികളില്‍ ഏറിയ പങ്കും കാട്ടുനായ്ക്കര്‍-ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ സുനില്‍, രാജേഷ് എന്നിവരെ ഏഴു ദിവസത്തോളം പ്രധാനാധ്യാപിക ക്ലാസ്സില്‍ കയറാനനുവദിക്കാതെ വെയിലത്തു നിര്‍ത്തിയെന്നായിരുന്നു പരാതി. കുളിച്ചില്ലെന്നും ശുചിത്വമില്ലെന്നുമാരോപിച്ച് ക്ലാസ്സിലും ഹോസ്റ്റലിലും കയറാനനുവദിക്കാതെയുള്ള നടപടിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു.

രക്ഷിതാക്കള്‍ക്കൊപ്പം സാമൂഹികപ്രവര്‍ത്തകരും മാധ്യമങ്ങളും കൂടിയെത്തിയതോടെ പരാതി വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ രണ്ടു പേരും, തങ്ങളോട് രക്ഷിതാക്കളെ വിളിച്ചു വരുത്തി ഇങ്ങനെ പറയാന്‍ നിര്‍ദ്ദേശിച്ചത് മറ്റൊരു അധ്യാപികയാണെന്ന് തിരുത്തിപ്പറയുകയും ചെയ്തു. കുട്ടികള്‍ പരാതി മാറ്റിയതോടെ, അധ്യാപികയ്ക്കെതിരെ മറ്റു വിദ്യാര്‍ത്ഥികളുടെ രോഷപ്രകടനവുമുണ്ടായി. ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സ്ഥാപനത്തില്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കെതിരെ വംശീയാധിക്ഷേപവും ക്രൂരപീഢനങ്ങളും നടക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കാലമേറെയായെങ്കിലും, പുതിയ സംഭവവികാസങ്ങളോടെ വിഷയത്തിലെ സത്യാവസ്ഥ എങ്ങുമെങ്ങുമെത്താതെ പോകുകയാണ്.

കുട്ടികളെ വെയിലത്തു നിര്‍ത്തിയെന്ന പരാതിയുടെ യഥാര്‍ത്ഥ വശം കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും, മുന്‍ രക്ഷാകര്‍തൃസമിതി അംഗം ചിത്രയ്ക്കും, പ്രധാനാധ്യാപിക സൗദാമിനിക്കും, വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മാനേജ്മെന്റിനെതിരെ കള്ളക്കഥ പ്രചരിപ്പിച്ചു എന്നാരോപിക്കപ്പെട്ട അധ്യാപിക ജലജയ്ക്കും വിഷയത്തെക്കുറിച്ച് പറയാനുള്ളത് വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്. വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയിട്ടില്ലെന്നും, മറിച്ച് പ്രധാനാധ്യാപികയോടും മറ്റധ്യാപകരോടുമുള്ള വിദ്വേഷം തീര്‍ക്കാനായി ജലജ ടീച്ചര്‍ കണ്ടെത്തിയ മാര്‍ഗമാണിതെന്നുമാണ് സ്‌കൂളധികൃതരുടെ വാദം. സ്‌കൂളിലെ മ്യൂസിക് ടീച്ചറായി ജോലി നോക്കുന്ന ജലജയുടെ സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം മാസങ്ങളോളമായി തുടരുകയായിരുന്നു.

പുതിയ പ്രശ്നത്തിന്റെ സത്യാവസ്ഥ എന്തു തന്നെയായാലും, ഐ.ജി.എം.എം.ആര്‍.എസ് എന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടിക വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളോടുള്ള സമീപനം ഒട്ടും ആശാവഹമല്ലെന്നാണ് കേരള ആദിവാസി ഫോറത്തിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ ചിത്രയ്ക്കും മറ്റുള്ളവര്‍ക്കും പറയാനുള്ളത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും പഠനം നിര്‍ത്തിപ്പോകുന്നത് സാധാരണമാണെന്നും, ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികളടക്കമുള്ളവരെ കാണാതാകുന്ന സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ടെന്നും സ്‌കൂളിന്റെ മുന്‍ അസിസ്റ്റന്റ് ഡയറക്ടറടക്കമുള്ളവര്‍ പറയുന്നു.


ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് നാലാം ക്ലാസ്സിലെ കുട്ടികളെ ഉച്ചഭക്ഷണസമയത്ത് അധ്യാപകര്‍ ക്ലാസ്സില്‍ പൂട്ടിയിട്ടു പോയ സംഭവമുണ്ടായത്. വിശദീകരണം ചോദിച്ച തന്നോട് മാപ്പു പറഞ്ഞ് വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും, അറിയാതെ വാതില്‍ അടഞ്ഞുപോയെന്ന തരത്തിലുള്ള മുടന്തന്‍ ന്യായങ്ങളാണ് പറഞ്ഞതെന്നും ചിത്ര പറയുന്നു. മുന്‍ അസി. ഡയറക്ടര്‍ അനന്തകൃഷ്ണനു പറയാനുള്ളത് മറ്റൊരു കടുത്ത ശിക്ഷാ നടപടിയുടെ കഥയാണ്. മിക്സചര്‍ കഴിക്കാന്‍ മോഹിച്ചു ഹോസ്റ്റലിനു പുറത്തു പോയ ഒരു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ശിക്ഷിച്ചത് ഒരു കിലോ മിക്സചര്‍ വെള്ളം പോലും കൊടുക്കാതെ ഒറ്റയിരിപ്പിന് കുട്ടിയെക്കൊണ്ടു കഴിപ്പിച്ചാണ്. വെപ്രാളത്തില്‍ തലകറങ്ങി വീണ വിദ്യാര്‍ത്ഥി പഠനം പോലും ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇത്തരത്തിലെ അനവധി സംഭവങ്ങളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് ശുചിത്വമില്ലെന്ന കാരണത്താല്‍ വെയിലത്തു നിര്‍ത്തിയെന്ന പരാതി.

കുട്ടികള്‍ അനുഭവിക്കുന്നത് കൊടിയ പീഡനം, സ്‌കൂളധികൃതര്‍ ശ്രമിക്കുന്നത് ഫണ്ടു തട്ടാന്‍: ചിത്ര

മ്യൂസിക് ടീച്ചറുടെ പ്രതികാരനടപടിയെന്ന പേരില്‍ വിഷയം മറ്റൊരു രീതില്‍ വ്യാഖ്യാനിക്കപ്പെടുമ്പോഴും, കുട്ടികളെ പ്രധാനാധ്യാപിക ഉപദ്രവിച്ചു എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചിത്ര. പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകയും, സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവും കൂടിയായ ചിത്രയ്ക്ക് സംഭവത്തെക്കുറിച്ച് പറയാനുള്ളതിതാണ്:

'ഒരുപാട് വര്‍ഷങ്ങളായി അധികൃതര്‍ ഇവിടുത്തെ കുട്ടികളെ ഓരോ തരത്തില്‍ പീഡിപ്പിക്കുകയാണ്. രക്ഷിതാക്കള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കാടുകളില്‍ ഏറെ ഉള്ളിലേക്കു മാറി താമസിക്കുന്ന കാട്ടുനായ്ക്കര്‍-ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികളുടെ രക്ഷിതാക്കളിലേറെയും. മിക്കപേരെയും ഫോണില്‍ പെട്ടന്നു ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ സാധിക്കില്ല. അതു മുതലെടുക്കുകയാണ് സ്‌കൂളധികൃതര്‍. പി.ടി.എ അംഗങ്ങളും മറ്റും നിരക്ഷരരും, ഇതു പോലെ കാടിനകത്ത് താമസിക്കുന്നവരുമാണ്. കുട്ടികളെ കാണാനോ മീറ്റിംഗുകളില്‍ പങ്കെടുക്കാനോ രക്ഷിതാക്കള്‍ എത്താറില്ല.


ഒരു കുടുംബത്തിലെന്നപോലുള്ള അനുഭവം കുട്ടികള്‍ക്ക് നല്‍കണമെന്ന ഉദ്ദേശത്തില്‍ ആരംഭിച്ചതാണ് ഐ.ജി.എം.എം.ആര്‍.എസ്. എന്ന ഈ സ്‌കൂള്‍. ഇവിടെയുള്ള കുട്ടികള്‍ക്ക് സിനിമ കാണാനും ടൂറു പോകാനുമുള്ള ഫണ്ടടക്കം വരുന്നുണ്ട്. ഈ ഫണ്ടു തട്ടുക എന്നതാണ് സ്‌കൂളധികൃതരുടെ പ്രധാന ഉദ്ദേശം. പിന്നെയുള്ളത് ഐ.ടി.ഡി.സി ഉദ്യോഗസ്ഥരാണ്. അവരും ഇതില്‍ പങ്കുപറ്റും. മൂന്നു വര്‍ഷത്തില്‍ മാറേണ്ട അധ്യാപകര്‍ പത്തും പതിനഞ്ചും വര്‍ഷമായി മാറാതെ തുടരുകയാണ്. പ്രിന്‍സിപ്പാളും മറ്റു രണ്ടധ്യാപകരും ചേര്‍ന്നുള്ള കോക്കസാണ് ഇപ്പോള്‍ ഇവിടയുള്ളത്.


പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കുട്ടികളാണ് ഞങ്ങളുടേത്. രക്ഷിതാക്കള്‍ വരുന്നില്ല, അവരോടൊപ്പം കഴിയാനോ സ്നേഹമനുഭവിക്കാനോ സാധിക്കുന്നില്ല. സ്വാഭാവികമായും അങ്ങിനെയുള്ള കുട്ടികള്‍ക്ക് പല തരത്തിലുള്ള മാനസികപിരിമുറുക്കങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ക്ലാസ്സില്‍ പോകാന്‍ കഴിയാതെ വരാം. അസുഖങ്ങളുമുണ്ടാകാം. ഇത്തരം അവസരങ്ങളില്‍ സാധാരണ കുട്ടികളെ കാണുന്നതു പോലെ ഇവിടുത്തെ കുട്ടികളെ കാണുന്നതിലാണ് പ്രശ്നം. തലവേദനയോ പനിയോ വന്ന് കുട്ടികള്‍ രണ്ടുദിവസം കുളിച്ചില്ലെങ്കില്‍ വലിയ കുറ്റപ്പെടുത്തലാണ് ഇവര്‍ നേരിടേണ്ടി വരുന്നത്.


തല വേദനിച്ചു കിടന്നിരുന്ന തങ്ങളെ സ്റ്റാഫ് പ്രധ്യാനാധ്യാപികയുടെ റൂമില്‍ കൊണ്ടുപോകുകയും, അവിടെ വച്ച് അധ്യാപിക അവരെ ശാസിക്കുകയും ചെയ്തു എന്നാണ് അന്നത്തെ സംഭവത്തെക്കുറിച്ച് കുട്ടികള്‍ എന്നോടു പറഞ്ഞത്. 'നിങ്ങളെന്താണ് കുളിക്കാത്തത്, ഇതൊരു സ്‌കൂളല്ലേ, വൃത്തിയില്ലാത്തതെന്താണ്' എന്നെല്ലാം ചോദിച്ചുവത്രേ. സുഖമില്ലെന്നു പറഞ്ഞ കുട്ടികളോട് അവര്‍, 'കുളിക്കാതെയും അലക്കാതെയും ക്ലാസ്സില്‍ പോകേണ്ട, പുറത്തു ഗ്രൗണ്ടില്‍ നിന്നോളൂ' എന്ന് പ്രധാനാധ്യാപിക പറഞ്ഞെന്നാണ് അറിഞ്ഞത്. ഇരുപത്തിയാറാം തീയതിയാണ് ഈ സംഭവം നടക്കുന്നത്.


മറ്റൊരു വിഷയം അന്വേഷിക്കാനായി അന്ന് പതിനൊന്നരയോടെ സ്‌കൂളിലെത്തിയപ്പോഴാണ് ഞാന്‍ കുട്ടികള്‍ പുറത്തിരിക്കുന്നതു കണ്ടത്. കൂടെ രക്ഷിതാക്കളുമുണ്ട്. കാര്യം അന്വേഷിച്ച എന്നോട്, കുട്ടികള്‍ക്കു വൃത്തിയില്ല എന്നൊക്കെയാണ് എച്ച്.എം. പറയുന്നത്, ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ കൊണ്ടുപോകുകയാണ് എന്നവര്‍ പറഞ്ഞു. ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. ആകെ നിലമ്പൂരില്‍ മാത്രമാണ് കുറച്ചു ചോലനായ്ക്കര്‍ കുടുംബങ്ങളുള്ളത്. കാടിനുള്ളിലെ താമസസ്ഥലത്തു നിന്നും എത്രയോ പ്രതിബന്ധങ്ങള്‍ താണ്ടിയാണ് ഈ കുട്ടികള്‍ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തിപ്പെട്ടത്. ഇപ്പോള്‍ തിരികെപ്പോയാല്‍ പിന്നെ അവരെ തിരിച്ചുകിട്ടില്ല. എന്തു പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാമെന്നു വാക്കു കൊടുത്ത് ഞാനാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത്. ഒരു ടീച്ചറുടെ പേര് ഇതില്‍ ഉള്‍പ്പെട്ടതൊക്കെ ഞാന്‍ അടുത്ത ദിവസം പത്രത്തില്‍ കണ്ടാണ് അറിഞ്ഞത്. അവര്‍ നടത്തിയ നാടകമാണെന്നൊക്കെയാണ് പറയുന്നത്. ഒരിക്കലുമല്ല. ടീച്ചറുടെ വിഷയമെന്താണെന്ന് ഞങ്ങള്‍ക്കറിയുകയുമില്ല.


പത്താം ക്ലാസ്സില്‍ നൂറു ശതമാനം വിജയം ലക്ഷ്യം വച്ച് എട്ടാം ക്ലാസ് മുതല്‍ക്കു തന്നെ കുട്ടികളെ കണ്ടെത്തി മാറ്റുന്ന രീതിയാണ് ഇവരുടേത്. പീഡനങ്ങള്‍ സഹിക്കാതെയാകുമ്പോള്‍ കുട്ടികള്‍ സ്‌കൂള്‍ വിട്ടു പോകും. അങ്ങിനെ എത്രയോ ഡ്രോപ്പ് ഔട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പത്തോ പതിനഞ്ചോ കുട്ടികളെ മാത്രം പരീക്ഷയ്ക്കിരുത്തിയാണ് ഇവര്‍ നൂറു ശതമാനം വാങ്ങിക്കുന്നത് എന്നതാണ് സത്യം. ഇത്രയും പ്രശ്നങ്ങളുണ്ടായ ശേഷം ചര്‍ച്ചയ്ക്കിരുന്നപ്പോഴും പ്രധാനാധ്യാപിക പറഞ്ഞത് 'പഠിക്കാത്ത കുട്ടികളൊന്നും ഇവിടെ നില്‍ക്കണ്ട' എന്നാണ്. സാധാരണ സ്‌കൂളല്ല എം.ആര്‍.എസ്. സ്ഥാപനം ആരംഭിക്കുന്ന സമയത്ത് മന്ത്രി പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്ഥാപനം മാത്രമല്ല, മറിച്ച് മറ്റു രംഗങ്ങളിലും വികസിക്കാനും, പോഷകാഹാരം ലഭിക്കാനും, സ്വസ്ഥമായി കിടന്നുറങ്ങാനുമുള്ളയിടം കൂടിയായി ഇതിനെ കാണണമെന്നായിരുന്നു അദ്ദേഹം അന്ന് പ്രസംഗിച്ചത്. ഇവര്‍ക്കിപ്പോഴും വിജയശതമാനമാണ് വലുത്.'മറ്റൊരു ടീച്ചര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് കുട്ടികള്‍ പ്രധാനാധ്യാപികയ്ക്കെതിരെ പരാതിയുയര്‍ത്തിയതെന്ന വാദം പാടേ തള്ളിക്കളയുകയാണ് ചിത്ര. അധ്യാപിക പറഞ്ഞിട്ടാണ് മാതാപിതാക്കളെ വിളിച്ചു വരുത്തിയതെന്ന് കുട്ടികള്‍ തന്നെ അടുത്ത ദിവസം മാറ്റിപ്പറഞ്ഞപ്പോള്‍ കാര്യങ്ങളില്‍ വിശദീകരണം തേടാന്‍ ജലജയെ തന്റെ ഓഫീസില്‍ വരുത്തിയിരുന്നുവെന്നും ചിത്ര പറയുന്നു. സ്‌കൂളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാല്‍ സത്യം മനസ്സിലാകുമെന്നായിരുന്നു ജലജ ടീച്ചര്‍ ചിത്രയ്ക്കു നല്‍കിയ വിശദീകരണം. സ്‌കൂളിലെ സ്റ്റാഫംഗങ്ങള്‍ എടുത്ത വീഡിയോയില്‍ സ്‌കൂളധികൃതര്‍ നിര്‍ബന്ധിച്ചതനുസരിച്ചായിരിക്കണം കുട്ടികള്‍ അടുത്ത ദിവസം തന്നെ മാറ്റിപ്പറഞ്ഞതെന്ന സംശയവും ചിത്ര മുന്നോട്ടുവയ്ക്കുന്നു.

സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ല, നടക്കുന്നത് പ്രധാനാധ്യാപികയുടെ സംഘത്തിന്റെ പ്രതികാര നടപടി: ജലജ ടീച്ചര്‍

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളയുന്നതിനോടൊപ്പം തന്നോട് മാനേജ്മെന്റിനുള്ള വിദ്വേഷത്തെക്കുറിച്ചും ജലജ ടീച്ചര്‍ വിശദീകരിക്കുന്നുണ്ട്. ജലജ ടീച്ചര്‍ പറയുന്നത്:

'മാധ്യമങ്ങളെയോ രക്ഷിതാക്കളേയോ വിളിച്ചുവരുത്തിയത് ഞാനല്ല. അക്ഷരം പഠിപ്പിക്കാനുള്ള അക്ഷരത്തിളക്കം പരിപാടി നടക്കുന്നതിനിടെയാണ് കുട്ടികളെ പുറത്താക്കുന്ന സംഭവം നടക്കുന്നത്. ക്ലാസ്സില്‍ കയറിയ കുട്ടികളോട് കുളിക്കാതെ വന്നതെന്താണ് എന്നു ചോദിച്ച് പുറത്താക്കിയെന്നാണ് കുട്ടികള്‍ എന്നോടു പറഞ്ഞത്. കുറേ വെയില്‍ കൊണ്ടതിനു ശേഷം റൂമില്‍ കയറാന്‍ നോക്കിയപ്പോള്‍ വാച്ച്മാന്‍മാര്‍ ഗ്രില്ലടച്ച് ഹോസ്റ്റലില്‍ കയറ്റാതിരിക്കുകയും ചെയ്തു. വീണ്ടും ഗ്രൗണ്ടില്‍ നില്‍ക്കേണ്ടി വന്ന കുട്ടികള്‍ വീട്ടില്‍ പോകും എന്ന പിടിവാശിയിലായിരുന്നു. രക്ഷിതാക്കള്‍ വന്നാല്‍ പോകും എന്നു തന്നെയാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്.


മാധ്യമങ്ങള്‍ കുട്ടികളോട് ചോദിച്ചതെന്താണെന്നോ, അവര്‍ പറഞ്ഞ മറുപടിയെന്താണെന്നോ എനിക്കറിയില്ല. ഞാനിതിലൊന്നും ഉള്‍പ്പെട്ടിട്ടുമില്ല. പിന്നെയുള്ള കഥകളെല്ലാം ആരെല്ലാമോ ചേര്‍ന്ന് വളച്ചൊടിക്കുന്നതാണ്. ഇതിനു മുന്‍പും വളരെ ക്രൂരമായ നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് കുട്ടികള്‍ക്ക്. ഈയടുത്ത ദിവസം നാലാം ക്ലാസിലെ കുട്ടികളെ അധ്യാപകരും പ്രധാനാധ്യാപികയും ചേര്‍ന്ന് ക്ലാസ്സില്‍ പൂട്ടിയിട്ട സംഭവവുമുണ്ടായി.

എനിക്കെതിരെ ഇപ്പോള്‍ ഇതു തിരിഞ്ഞതിന്റെ കാരണവും ഈ അധ്യാപകരും പ്രധാനാധ്യപികയും തന്നെയാണ്. ഏറെക്കാലമായി എനിക്കെതിരെ ധാരാളം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് ഇവിടെ. ഫണ്ട് മാത്രം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ് ഈ അധ്യാപകരുടേത്. മാറി വരുന്ന കൗണ്‍സിലര്‍മാരേയും ഇവര്‍ പാട്ടിലാക്കും. എല്‍പി-യുപി മ്യൂസിക് ടീച്ചറായ എന്നെ, എന്റെ തസ്തികയില്ലാത്തയിടങ്ങളിലേക്ക് സ്ഥലം മാറ്റാന്‍ ശ്രമിക്കുകയാണ്. പതിനെട്ടു വര്‍ഷത്തെ സര്‍വീസുണ്ട് എനിക്കിവിടെ. അതൊന്നും കണക്കിലെടുക്കാതെ, എന്നെ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. എനിക്കെതിരെ കള്ളപ്പരാതികള്‍ കൊടുത്തിരിക്കുകയാണ്. പ്രധാനാധ്യാപികയുടെ അടുത്ത ആളായ അധ്യാപകന്‍ എന്നോട് പല തവണ മോശമായി പെരുമാറിയിട്ടുമുണ്ട്. ഇവരുടെയെല്ലാം പ്രതികാര നടപടിയാണിത്.


സ്ഥലം മാറ്റ വിഷയത്തില്‍ കോടതിയില്‍ കേസ് നടക്കുമ്പോള്‍ത്തന്നെ പ്രധാനാധ്യാപിക എന്നെ സ്‌കൂളില്‍ നിന്നും റിലീവ് ചെയ്തു കൊണ്ടുള്ള ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു. അതു ഞാന്‍ കൈപ്പറ്റിയിട്ടില്ല. രണ്ടു മാസത്തോളമായി രജിസ്റ്ററില്‍ ഒപ്പിടാന്‍ അനുവദിച്ചിട്ടുമില്ല. സ്‌കൂളില്‍ തുടരാം എന്ന കോടതി വിധിയ്ക്കായി കാത്തിരിക്കുകയാണിപ്പോള്‍. വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളുണ്ട് എനിക്ക്. ഭര്‍ത്താവിന്റെ മരണശേഷം കുടുംബം നോക്കിനടത്തുന്നത് എന്റെ വരുമാനം കൊണ്ടുമാത്രമാണ്. രജിസ്റ്ററില്‍ ഒപ്പിടാന്‍ സാധിക്കാതെ വന്നതോടെ ശമ്പളമില്ലാതാകുകയും, രണ്ടുമാസത്തോളം എന്റെ മക്കളുടെ പഠനം വരെ മുടങ്ങുകയും ചെയ്തു.


ഇവരീ പറയുന്നതുപോലെ പത്രക്കാരെ വിളിച്ചുവരുത്തണ്ട കാര്യമൊന്നും എനിക്കില്ല. സ്‌കൂളിന്റെ പേരു നശിപ്പിക്കാനായി ഞാന്‍ മനഃപൂര്‍വ്വം മാധ്യമങ്ങളെ വിവരമറിയിച്ചതാണെന്ന് പ്രധാനാധ്യാപികയും മറ്റധ്യാപകരും കുട്ടികളോടു പറയുകയും, കുട്ടികള്‍ അക്കാര്യം ചോദിക്കാന്‍ എന്റെയടുത്ത് വരികയും ചെയ്തിരുന്നു. അക്കാര്യം എന്നോടു ചോദിച്ചതല്ലാതെ കുട്ടികള്‍ ഘരാവോ ഒന്നും ചെയ്തില്ല.  എന്നെ കുട്ടികള്‍ ഉപരോധിച്ചു എന്നൊക്കെയാണ് ഇക്കാര്യങ്ങള്‍ വാര്‍ത്തയില്‍ പിന്നീട് വന്നത്. അതൊന്നുമല്ല അവിടെ സംഭവിച്ചത്.'


കുട്ടികളോട് മോശമായി പെരുമാറിയിട്ടില്ല, സ്‌കൂളിന്റെ സല്‍പ്പേരു നശിപ്പിക്കാനുള്ള ശ്രമം: പ്രധാനാധ്യാപിക

താന്‍ അഞ്ചു വര്‍ഷക്കാലം കഷ്ടപ്പെട്ടാണ് സ്‌കൂളിന് ഇന്നു കാണുന്ന നേട്ടങ്ങളെല്ലാം ഉണ്ടാക്കിയതെന്നും അതു നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ പരാതികളെ കാണേണ്ടതുള്ളൂ എന്നുമാണ് പ്രധാനാധ്യാപിക സൗദാമിനിയുടെ വാദം. സൗദാമിനി നല്‍കുന്ന വിശദീകരണം ഇങ്ങനെ:

'ഹോസ്റ്റലില്‍ കിടക്കുകയാണ്, ക്ലാസില്‍ കയറുന്നില്ല എന്നു പറഞ്ഞ് വാച്ച്മാന്‍ മൂന്നു കുട്ടികളെയാണ് അന്ന് എന്റെയടുക്കല്‍ കൊണ്ടുവന്നത്. ഇവരിലൊരു കുട്ടി മറ്റുള്ള രണ്ടു പേര്‍ക്ക് തുണയ്ക്കിരുന്നതായിരുന്നു. അവനെ ഞാന്‍ ക്ലാസ്സില്‍ പറഞ്ഞയയ്ക്കുകയും ചെയ്തു. മറ്റു രണ്ടു കുട്ടികളോടും ക്ലാസില്‍ പോകണ്ടേ എന്നു ചോദിച്ചപ്പോള്‍, 'വേണ്ട, ഞങ്ങള്‍ക്കു പഠിക്കണ്ട' എന്നായിരുന്നു മറുപടി. ഒന്നുകില്‍ ക്ലാസ്സില്‍ പോകൂ, അല്ലെങ്കില്‍ ഹോസ്റ്റലില്‍ പോകൂ എന്നു പറഞ്ഞ് അവരെ ഞാന്‍ പറഞ്ഞയ്ച്ചു.


ഇതിനിടെ, സ്‌കൂളില്‍ വളരെയധികം പ്രശ്നമുണ്ടാക്കിയിട്ടുള്ള ഒരു മ്യൂസിക് ടീച്ചറുണ്ട്. ആ ആഴ്ച തൊട്ട് അവരുടെ സ്ഥലം മാറ്റം പ്രാബല്യത്തില്‍ വരികയായിരുന്നു. എന്നാല്‍, ഉത്തരവനുസരിക്കില്ലെന്നും സ്‌കൂള്‍ വിട്ടു പോകില്ലെന്നുമുള്ള പിടിവാശിയിലായിരുന്നു അവര്‍. റിലീവിംഗ് ഓര്‍ഡര്‍ അവര്‍ക്കു കൈമാറാന്‍ പല തവണ ശ്രമിച്ചെങ്കിലും കൈപ്പറ്റാന്‍ തയ്യാറായിരുന്നില്ല. ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച പതിവുപോലെ സ്‌കൂളിലെത്തിയ ടീച്ചറോട് ഞാന്‍ റിലീവിംഗ് ഓര്‍ഡര്‍ കൈപ്പറ്റാനാവശ്യപ്പെട്ടെങ്കിലും, കേസ് കോടതിയിലാണെന്നു പറഞ്ഞ് അവരതിന് കൂട്ടാക്കിയില്ല. അന്നു മുതല്‍ മാനവേദന്‍ സ്‌കൂളില്‍ ജോയിന്‍ ചെയ്യേണ്ട അവര്‍, നേരെ ക്ലാസ്സില്‍ കയറി കുട്ടികളെ പാട്ടു പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പുറകെ പോയി കുട്ടികളോട് കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു കൊടുത്തു. അപ്പോഴാണ് ടീച്ചര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി പുറത്തേക്ക് പോകുന്നത്. പരാതി കൊടുത്ത സുനിലും രാജേഷും ആ സമയത്ത് വരാന്തയില്‍ ഇരിക്കുന്നുണ്ടായിരുന്നു.


മണ്ണള കോളനിയിലെ കുട്ടികളാണ്. ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പതിനഞ്ചും പതിനാറും വയസ്സാണ്. രാജേഷ് പഠിക്കാന്‍ താല്‍പര്യമുള്ള കൂട്ടത്തിലാണെങ്കിലും സുനില്‍ അങ്ങനെയല്ല. വരാന്തയിലിരിക്കുന്ന കുട്ടികളോട് ടീച്ചര്‍ പോയി സംസാരിക്കുന്നത് കണ്ടിരുന്നു. അവരാണ് ഫോണ്‍ കൊടുത്ത് കുട്ടികളെക്കൊണ്ട് വീട്ടില്‍ വിളിപ്പിച്ചതും മാധ്യമങ്ങളോട് ഇങ്ങനെ പറയണമെന്ന് പഠിപ്പിച്ചതും. മുന്‍പും ഇവര്‍ കുട്ടികളെ ക്യാന്‍വാസ് ചെയ്തിട്ടുണ്ട്. രക്ഷിതാക്കളും മാധ്യമപ്രവര്‍ത്തകരും സംഘടനക്കാരും ചിത്രയുമെല്ലാം എത്തിയതൊന്നും ഞാനറിഞ്ഞിരുന്നില്ല. സ്‌കൂളിന്റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ ശ്രമിക്കുന്നയാളാണ് ചിത്ര. ടീച്ചറും ചിത്രയും ചേര്‍ന്നാണ് ഇത്ര വലിയ പ്രശ്നമുണ്ടാക്കിയത്. ഇവരെല്ലാം സ്‌കൂള്‍ കോംപൗണ്ടിനടുത്ത് ഒത്തുചേര്‍ന്നിരിക്കുന്ന കാര്യം ഞാന്‍ വൈകിയാണ് അറിഞ്ഞതു തന്നെ.


ടീച്ചറുടെ വാക്കു കേട്ട് രക്ഷിതാക്കള്‍ എന്നെ അന്നു കൈയേറ്റം ചെയ്തേനെ. പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതിനാലാണ് അന്നു രക്ഷപ്പെട്ടത്. പിറ്റേ ദിവസം ഇതേ കുട്ടികള്‍ തന്നെ എന്റെയടുക്കല്‍ വന്ന്, ജലജ ടീച്ചര്‍ പറഞ്ഞു ചെയ്യിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കോള്‍ പോയിരിക്കുന്നത് ആരുടെ ഫോണില്‍ നിന്നാണെന്ന് പരിശോധിച്ചാല്‍ അതു മനസ്സിലാകും. ടീച്ചറെ അടുത്ത ദിവസം കുട്ടികള്‍ തന്നെ തടുക്കുകയും ചെയ്തു.


ആറു കൊല്ലമായി പത്താം ക്ലാസ്സില്‍ നൂറു ശതമാനം റിസള്‍ട്ട് കിട്ടുന്ന സ്‌കൂളാണ്, കൃഷിപാഠം കുട്ടികളെ പഠിപ്പിക്കുന്നയിടം കൂടിയാണ്. ഹരിതകേരളം റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുള്ള സ്‌കൂളാണിത്. സര്‍ഗ്ഗോത്സവം കലാമേളയില്‍ പതിനാറു മെഡലാണ് നേടിയത്. മാതൃഭൂമിയുടെ സീഡ് പുരസ്‌കാരവും നേടിയിട്ടുണ്ട്. നല്ലൊരു എസ്.പി.സി ഗ്രൂപ്പുണ്ട്. ഇവിടുത്തെ കുട്ടികളെ വച്ച് ഇത്രയേറെ നേട്ടങ്ങളുണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല. ഇതെല്ലാം ഒരൊറ്റ വാര്‍ത്തകൊണ്ട് ഇല്ലാതാക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്.'


പ്രധാനാധ്യാപികയെക്കുറിച്ചും ഒപ്പമുള്ള അനില്‍, ഉണ്ണികൃഷ്ണന്‍ എന്നീ അധ്യാപകരെക്കുറിച്ചും ആരോപണമുയരുമ്പോഴും, പരസ്പരം പഴിചാരുകയല്ലാതെ കുട്ടികളുടെ കാര്യത്തില്‍ സംഭവിച്ചതെന്താണ് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളില്‍ ഇനിയും എത്തിച്ചേരാനായിട്ടില്ല എന്നതാണ് വാസ്തവം. പ്രശ്നമുള്ളത് അധ്യാപകരുടെ സംഘവും ജലജ ടീച്ചറും തമ്മിലാണെങ്കില്‍ അവരെല്ലാവരും സ്‌കൂളില്‍ നിന്നും മാറിപ്പോകട്ടെയെന്നാണ് ചിത്രയടക്കമുള്ള ആദിവാസി അവകാശപ്രവര്‍ത്തകരുടെ അഭിപ്രായം. എന്തു തരം തര്‍ക്കങ്ങള്‍ നടന്നാലും, തങ്ങളുടെ കുട്ടികള്‍ക്കു പഠിക്കാനായി സര്‍ക്കാര്‍ സ്ഥാപിച്ച ഈ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രഥമ പരിഗണന ഈ കുട്ടികളുടെ ക്ഷേമത്തിനു തന്നെയായിരിക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍. വിഷയത്തിലെ ശ്രദ്ധ സ്‌കൂളധികൃതര്‍ തമ്മിലുള്ള ചേരിപ്പോരിലേക്ക് മാറിപ്പോകുന്നതിനിടയിലും, സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. പരാതി നല്‍കിയിട്ടുള്ള രാജേഷും സുനിലുമടക്കമുള്ളവരുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂളും പരിസരവുമായുള്ള ബന്ധം പരിമിതമാണെന്നിരിക്കേ, തിക്താനുഭവങ്ങള്‍ കാരണം പഠനം പാതിവഴിയിലുപേക്ഷിക്കുന്ന സംഭവങ്ങളുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളും എം.ആര്‍.എസിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

https://www.azhimukham.com/kerala-muthalamada-endosulfan-negligence-tribes-mango-city-report-part-4-by-sandhya-vinod/

https://www.azhimukham.com/kerala-palakkad-muthalamada-pesticides-killing-mango-city/

https://www.azhimukham.com/kerala-tribal-discrimination-in-attappadi-we-should-change-our-mentality-rakeshsanal/

https://www.azhimukham.com/kerala-tribal-discrimination-vigilance-inquiry-agali-govt-hss-attappadyrakeshsanal/


Next Story

Related Stories