TopTop
Begin typing your search above and press return to search.

നിപ ഐസൊലേഷന്‍ വാര്‍ഡ്‌ ജീവനക്കാരുടെ അനിശ്ചിതകാല സമരം പതിമൂന്നാം ദിവസത്തിലേക്ക്; തിരിഞ്ഞു നോക്കാതെ അധികൃതര്‍

നിപ ഐസൊലേഷന്‍ വാര്‍ഡ്‌ ജീവനക്കാരുടെ അനിശ്ചിതകാല സമരം പതിമൂന്നാം ദിവസത്തിലേക്ക്; തിരിഞ്ഞു നോക്കാതെ അധികൃതര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ഐസൊലേഷന്‍ വാര്‍ഡ് ജീവനക്കാരുടെ അനിശ്ചിതകാല നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്കു കടക്കുന്നു. സ്ഥിരമായി ജോലി ഉറപ്പാക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനു ശേഷവും പുറത്തു നില്‍ക്കേണ്ടി വന്ന നാല്‍പ്പത്തിയേഴു ജീവനക്കാര്‍, ഇക്കഴിഞ്ഞ മേയ് 27-നാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. ജീവനക്കാരുടെ പ്രതിനിധിയായി ഓരോരുത്തര്‍ വീതം മാറി മാറിയാണ് നിരാഹാരമിരിക്കുന്നത്. തൊഴില്‍ സുരക്ഷയ്ക്കായി ഇത് രണ്ടാം തവണയാണ് നിപാ വാര്‍ഡിലെ ജീവനക്കാര്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. ആദ്യ സമരത്തിനൊടുവില്‍ മേയ് 31 വരെ സേവനത്തിലുണ്ടായിരുന്ന 22 പേര്‍ക്ക് ജോലിയുറപ്പാക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇവരില്‍ ആറോ ഏഴോ പേര്‍ക്കു മാത്രമാണ് നാലു മാസക്കാലത്തേക്കെങ്കിലും ജോലി ലഭിച്ചത്. ഇനിയും വാഗ്ദാനം നല്‍കി തങ്ങളെ കബളിപ്പിക്കരുതെന്ന ആവശ്യവുമായാണ് ജീവനക്കാരുടെ സമരം.

സമരത്തിന്റെ പന്ത്രണ്ടാം ദിവസമായിരുന്ന ഇന്നലെ, കോഴിക്കോട് എം.പി എം.കെ രാഘവന്‍ ജീവനക്കാര്‍ക്കൊപ്പം ഉപവാസമിരുന്നിരുന്നു. ജീവന്‍ പണയം വച്ചും ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി നോക്കിയ തൊഴിലാളികള്‍ക്ക് നല്‍കിയ വാക്കു പാലിക്കണമെന്നും, ജോലിയില്‍ സ്ഥിരപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ നേരത്തേ വാഗ്ദാനം ചെയ്തിരുന്നതു പോലെ സ്ഥിരമായി ജോലിയുള്ള അവസ്ഥയെങ്കിലും സൃഷ്ടിക്കണമെന്നാണ് ജീവനക്കാര്‍ക്കൊപ്പം സമരപ്പന്തലില്‍ ഒരു ദിവസം ചെലവഴിച്ച എം.കെ രാഘവന്റെ ആവശ്യം. ഐ.എന്‍.ടി.യു.സിയുടെ പിന്തുണയും സമരത്തിനുണ്ട്. നേരത്തേ എം.പി രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ എന്നിവരും സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ ഇവരുടെ ആവശ്യം പ്രത്യേകമായി പരിഗണിച്ച് ജോലിയുടെ കാര്യത്തില്‍ ഉറപ്പുണ്ടാക്കണമെന്നാണ് നേതാക്കളുന്നയിക്കുന്ന ആവശ്യം.

നിപ വാര്‍ഡിലെ സേവനത്തിന് സര്‍ട്ടിഫിക്കറ്റുകളും ഷീല്‍ഡുകളും ലഭിച്ചിട്ടുണ്ടെങ്കിലും, അതൊന്നും ജോലിക്ക് പകരമാകില്ലല്ലോ എന്നാണ് ഒരു വര്‍ഷക്കാലമായി സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ച് ജോലിക്കായി കാത്തിരിക്കുന്ന ജീവനക്കാര്‍ക്ക് ചോദിക്കാനുള്ളത്. തങ്ങളെ ആദരിക്കുന്ന ചടങ്ങുകളിലെല്ലാം ജോലിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചപ്പോള്‍, എത്രയും പെട്ടന്നു തന്നെ അതു നടപ്പില്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്നു ഇവര്‍. "
നിപയുടെ കാലത്ത് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമെക്കെ ഒരുപാട് എതിര്‍പ്പു സഹിച്ചാണ് ജോലിക്കെത്തിയത്. നാട്ടില്‍ നിന്നും താമസം മാറാന്‍ ആവശ്യപ്പെട്ട അയല്‍ക്കാരും, വീട്ടില്‍ നിന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ട ബന്ധുക്കളുമുണ്ട്. ഇവരുടെ എതിര്‍പ്പുകളെല്ലാം മറികടന്നും ജോലിക്കെത്തിയത് നന്നായി എന്ന് ആശ്വാസം തോന്നിയത്, എല്ലാ കാലത്തും ജോലി ഉറപ്പാക്കും എന്ന വാഗ്ദാനം കേട്ടപ്പോഴാണ്. ഇപ്പോള്‍ അവരുടെ പരിഹാസങ്ങളും കൂടി കേള്‍ക്കേണ്ടി വരുന്നുണ്ട്",
സമരക്കാരില്‍ ചിലരുടെ ദുഃഖമിങ്ങനെ.

ജനുവരി 20-ന് ഒത്തുതീര്‍പ്പായ ആദ്യ സമരത്തെത്തുടര്‍ന്ന് നാലു മാസക്കാലമാണ് ജോലിക്കായി ഇവര്‍ കാത്തിരുന്നത്. ജോലിയില്‍ പ്രവേശിച്ചിരുന്ന ആറു പേരെയും മൂന്നുമാസത്തെ കാലാവധി കഴിഞ്ഞതോടെ പുറത്താക്കുകയും ചെയ്തു. മൂന്നു മാസക്കാലത്തെ കാലാവധികളില്‍ ജോലി ലഭിക്കുമെന്നും, നാലോ അഞ്ചോ ദിവസത്തെ മാത്രം ഇടവേളയില്‍ പുതിയ കാലാവധിയോടെ അടുത്ത ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നുമായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍, സമരം എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗം മാത്രമായിരുന്നു ആ നടപടിയെന്ന് വൈകിയാണ് മനസ്സിലായെതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജോലി ലഭിച്ച വിരലിലെണ്ണാവുന്നവര്‍ക്കു പോലും, നേരത്തേ ലഭിച്ചതിലും തുച്ഛമായ ശമ്പളത്തില്‍, മെഡിക്കല്‍ കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങളിലായിരുന്നു ദിവസക്കൂലിക്ക് തൊഴിലെടുക്കേണ്ടി വന്നത്. കിട്ടിയ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ജോലി സാധ്യത തന്നെ ഇല്ലാതായേക്കും എന്ന ഭയത്തെത്തുടര്‍ന്നാണ് ഇവരില്‍ പലരും കുറഞ്ഞ കാലത്തേക്കെങ്കിലും ജോലിയില്‍ തുടര്‍ന്നത്. കൊയിലാണ്ടിയില്‍ നിന്നും ചേളന്നൂരില്‍ നിന്നും യാത്ര ചെയ്ത് ജോലിക്കെത്തിയിരുന്നവര്‍ക്ക് ഈ ദിവസക്കൂലിയുടെ ഭൂരിഭാഗവും യാത്രയ്ക്കായിത്തന്നെ ചെലവഴിക്കേണ്ടിയും വന്നിട്ടുണ്ട്.എം.പി നേരിട്ടു പങ്കെടുത്ത ഉപവാസ സമരത്തിനു ശേഷവും മെഡിക്കല്‍ കോളേജ് അധികൃതരോ മറ്റു ബന്ധപ്പെട്ടവരോ ഇവരുമായി ചര്‍ച്ചയ്ക്കു തയ്യാറായിട്ടില്ല. സമരത്തെക്കുറിച്ചു വിവരമുണ്ടായിരുന്നിട്ടും സമരപ്പന്തല്‍ സന്ദര്‍ശിക്കാനും ആരുമെത്തിയിട്ടില്ല. എന്നാല്‍, സമരം ശക്തിപ്പെടും എന്നുറപ്പായതോടെ പലരേയും വ്യക്തിപരമായി ബന്ധപ്പെട്ട് ജോലിയില്‍ കയറ്റാമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നുണ്ടു താനും. "വിവരമൊക്കെ അറിഞ്ഞതോടെ ചിലരെ വിളിച്ച് അടുത്ത ലിസ്റ്റില്‍ ജോലി ഉറപ്പാക്കാം, സ്ഥിരമായി ജോലി തരാം എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കി സമരം പൊളിക്കാനുള്ള പരിപാടിയാണ്. എല്ലാവര്‍ക്കും സ്ഥിരമായി ജോലി എന്ന മന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെടുന്നതുവരെ നാല്‍പ്പത്തിയേഴു പേരില്‍ ഒരാള്‍ പോലും അനുനയത്തിനില്ലെന്നാണ് തീരുമാനം',
നഴ്‌സിംഗ് അസിസ്റ്റന്റായ മിനി പറയുന്നു.

തങ്ങളുടെ തൊഴില്‍ സംരക്ഷിക്കപ്പെടും എന്ന വാഗ്ദാനം ആരോഗ്യമന്ത്രിയുടേതാണെന്നും, അത് അട്ടമറിക്കാന്‍ അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചുകൊണ്ട് സമരപ്പന്തലിലിരിക്കുകയാണ് ഈ നാല്‍പ്പത്തിയേഴു പേരും. നിപ വൈറസ് ബാധയ്ക്ക് ഒരു വയസ്സായെങ്കിലും, അന്നത്തെ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമ പോലുമിറങ്ങിയിട്ടും, ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട് ഇപ്പോഴും അനിശ്ചിതത്വത്തിലാണ് നിപാക്കാലത്തെ ഈ ഹീറോകളെല്ലാം.

Also Read: ആദരവ്, സര്‍ട്ടിഫിക്കറ്റുകള്‍, ജോലി വാഗ്ദാനം; നിപ കാലത്ത് കോഴിക്കോട് ഐസൊലേഷന്‍ വാര്‍ഡ് കാത്തവര്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക്

Next Story

Related Stories