TopTop
Begin typing your search above and press return to search.

നിപ: പനി ലക്ഷണങ്ങളോടെ അഞ്ചുപേര്‍ ഐസലേഷന്‍ വാര്‍ഡില്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

നിപ്പ സ്ഥിരീകരണത്തിനെ തുടര്‍ന്ന് രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് എറണാകുളത്ത് ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ. പനിലക്ഷണങ്ങളോടെ അഞ്ച് പേരെയാണ് ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളെജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിന്റെ ആരോഗ്യ നില ഇപ്പോഴും സ്റ്റേബിളാണെന്നും എന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റും സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കുന്നു. ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല എന്നും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെ നേരിടാനാവുമെന്നും മന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര സംഘങ്ങളും ജില്ലയില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, നിരീക്ഷണം, വൈറസിന്റെ ഉറവിടം കണ്ടെത്തല്‍, തുടങ്ങിയ മേഖലകളില്‍ കേന്ദ്ര സംഘത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ഡോ രുചി ജയ്നിന്റെ നേതൃത്വത്തിലുള്ള എഴംഗസംഘവും ജില്ലയിലെത്തി ചേര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ ടീമുകളുടെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.

നിപ വ്യാജവാര്‍ത്ത; രണ്ട് കേസുകള്‍ പൊലീസിനു കൈമാറി

അതേസമയം നിപ്പയെ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. രണ്ട് കേസുകള്‍ കണ്ടെത്തി പോലീസിന് തുടര്‍നടപടികള്‍ക്കായി നല്‍കിയെന്നും കളക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിപയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ഇത്തരക്കാരെ ജനങ്ങള്‍ തന്നെ ബഹിഷ്‌കരിക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്.

ഭാരതീയ ചികിത്സാ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

നിപ്പ എറണാകുളം ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങള്‍ ജില്ലയിലെ എല്ലാ സ്ഥാപനങ്ങള്‍ വഴിയും നല്‍കുവാന്‍ യോഗത്തില്‍ തീരുമാനമായി. എല്ലാ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകള്‍ ആരംഭിക്കുവാനും അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ ലക്ഷണങ്ങളുളള രോഗികളെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. ഒ. പി. യില്‍ വരുന്ന രോഗികള്‍ക്ക് നിപ രോഗ പ്രതിരോധ നടപടികളെക്കുറിച്ച് പ്രതിദിന ബോധവല്‍ക്കരണം നടത്തുന്നതിനും, ലഘുലേഖ വിതരണം ചെയ്യുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്്. ആയുര്‍വേദത്തിന്റെ പേരില്‍ വരുന്ന തെറ്റിദ്ധാരണാജനകവും, അശാസ്ത്രീയവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ സെല്‍

ജില്ലയില്‍ നിപ്പ പനി സംബന്ധിച്ച് പക്ഷിമൃഗാദികളില്‍ ജാഗ്രതയുളള നിരീക്ഷണം ശക്തമാക്കി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ സെല്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ തുറന്നു. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രത്യേക നിരീക്ഷണത്തിനായി റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ നിന്നും ശാസ്ത്രജ്ഞന്‍മാരുടെ വിദഗ്ധ സംഘം നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. പന്നികളില്‍ പനി, ശ്വാസ തടസം, ചുമ, വായ തുറന്നുപിടിച്ചുളള ശ്വാസോഛാസം, ഉയര്‍ന്നശ്വാസനിരക്ക്, വിറയല്‍, പിന്‍കാലുകള്‍ക്ക് തളര്‍ച്ച തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണ്ടാല്‍ കര്‍ഷകര്‍ അടുത്തുളള മൃഗാശുപത്രികളിലോ ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ സെല്ലിലോ വിവരം അറിയിക്കണം. പക്ഷിമൃഗാദികള്‍ അസാധാരണമായി മരണപ്പെട്ടാല്‍ വിവരം അടുത്തുളള മൃഗാശുപത്രികളില്‍ അറിയിക്കണം. വവ്വാലുകളും, മറ്റു പക്ഷികളും ക്ഷുദ്ര ജീവികളും പക്ഷിമൃഗാദികളുടെ ഷെഡുകളില്‍ പ്രവേശിക്കുന്നത് തടയുന്നതിന് വലകള്‍/ഇരുമ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് ഷെഡ്ഡുകള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. വവ്വാലുകള്‍ ഉപേക്ഷിച്ച രീതിയില്‍ കാണുന്ന കായ്കനികള്‍, മരച്ചുവട്ടില്‍ വീണുകിടക്കുന്ന മാങ്ങപോലുളള പഴങ്ങള്‍ എന്നിവ ഉപയോഗിക്കുകയോ മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. ഷെഡിലേക്ക് മൃഗങ്ങളുടെ തീറ്റ, പുല്ല് എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളുടെ അണുനശീകരണം ഉറപ്പാക്കണം. വളര്‍ത്തു മൃഗങ്ങളെ അലസമായി അഴിച്ചുവിടാതിരിക്കുകയും സുരക്ഷയുളള ഷെഡ്ഡുകളില്‍ സംരക്ഷിക്കുകയും വേണം. കര്‍ഷകര്‍ക്ക് പരിഭ്രാന്തി വേണ്ടെന്നും എന്നാല്‍ നിതാന്ത ജാഗ്രത വേണമെന്നും അധികൃതര്‍ അറിയിച്ചു. സഹായങ്ങള്‍ക്ക് 0484-2351264 ഈ നമ്പരില്‍ ബന്ധപ്പെടാം.


Next Story

Related Stories