UPDATES

ട്രെന്‍ഡിങ്ങ്

‘സുന്നി പള്ളികളും സ്ത്രീകള്‍ക്കായി തുറക്കുക, ഭീഷണികള്‍ കാര്യമാക്കുന്നില്ല’; നിസയും സുപ്രീം കോടതിയിലേക്ക്

സ്ത്രീകള്‍ക്ക് തുല്യനീതി ആവശ്യപ്പെടുന്നതിന്റെ പേരില്‍ വി.പി സുഹ്റയ്ക്കെതിരെ വ്യാപകമായ ഓണ്‍ലൈന്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്

ശ്രീഷ്മ

ശ്രീഷ്മ

ശബരിമല വിഷയത്തില്‍ സവര്‍ണ, ജാതി രാഷ്ട്രീയം നടത്തുന്ന ഇടപെടലുകള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ മറ്റു തലങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സ്ത്രീകള്‍ തന്നെ അണിനിരക്കുന്ന വിചിത്രമായ കാഴ്ചയും കേരളം കണ്ടുകഴിഞ്ഞു. ഇതേ സമയം, ആരാധനാലയങ്ങളിലെ തുല്യത എല്ലാ മതവിഭാഗങ്ങളിലും വേണമെന്ന ആവശ്യമാണ് സ്ത്രീ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ‘നിസ’ (സ്ത്രീകള്‍ എന്ന് അറബിയില്‍ അര്‍ഥം) എന്ന സംഘടന മുന്നോട്ടു വയ്ക്കുന്നത്.

എന്നാല്‍, ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിഷയങ്ങളിലെ സുപ്രീം കോടതി വിധികള്‍ക്കെതിരെ സംയുക്ത പ്രമേയവുമായി മുസ്‌ലിം സംഘടനകള്‍ ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണാധികാരം വിശ്വാസികള്‍ക്കായിരിക്കണമെന്നും, നീതിന്യായ വ്യവസ്ഥ വിശ്വാസത്തിന്മേല്‍ നടത്തുന്ന കടന്നുകയറ്റത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് ഉത്കണ്ഠയുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കുചേര്‍ന്നവര്‍ പറയുന്നത്. മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, സമസ്ത ഇ.കെ വിഭാഗം, കെ.എന്‍.എം, എം.ഇ.എസ് എന്നിവരടക്കമുള്ള മുസ്‌ലിം സംഘടനകളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

Also Read: ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും; സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്

എന്നാല്‍, സംസ്ഥാനത്തെ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയയായ വി.പി സുഹ്‌റയടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന നിസ, സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എന്നാല്‍ ഇവര്‍ എടുത്ത ഈ തീരുമാനത്തിന് പിന്നാലെ വി.പി സുഹ്‌റയ്‌ക്കെതിരെ വ്യാപകമായ തോതില്‍ സൈബര്‍ ആക്രമണങ്ങളും അരങ്ങേറുന്നുണ്ട്. വന്‍തോതിലുള്ള അധിക്ഷേപങ്ങളും ഭീഷണികളുമാണ് സുഹ്‌റയ്‌ക്കെതിരെ ഉയരുന്നത്. എന്നാല്‍ തുല്യാവകാശം എല്ലാ വിഷയങ്ങളിലും ലിംഗഭേദമന്യേ ഉറപ്പാക്കണമെന്നാണ് നിസയുടെ ലക്ഷ്യമെന്നും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും സുഹ്‌റ പറയുന്നു.

ഹര്‍ജി നല്‍കാനുള്ള നീക്കത്തെക്കുറിച്ച് വി.പി സുഹ്‌റ പറയുന്നതിങ്ങനെ: ‘സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നതാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാനാശയങ്ങളിലൊന്ന്. മുജാഹിദീന്‍, ജമാഅത്ത് പള്ളികളില്‍ നിലവില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടെങ്കിലും, പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചാണ് പ്രവേശിപ്പിക്കുന്നത്. ഇസ്‌ലാമില്‍ ഭൂരിപക്ഷമുള്ളത് സുന്നികളാണ്. സുന്നി പള്ളികളില്‍ക്കൂടി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.

ബംഗ്ലാദേശും പാകിസ്താനും പോലുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ ഭരണം കൈയാളിയിട്ടുപോലുമുണ്ട്. എന്നിട്ടു പോലും പൗരോഹിത്യ പദവി സ്ത്രീകള്‍ക്കു നിഷിദ്ധമാണ് ഇസ്‌ലാമില്‍. ഇമാമിന്റെ ചുമതലകളിലേക്കു കൂടി സ്ത്രീകള്‍ക്കു കടന്നു വരാന്‍ സാധിക്കണമെന്നതാണ് ഹര്‍ജിയിലെ മറ്റൊരാവശ്യം. പള്ളികളില്‍ ഇമാമുകളായും മറ്റു കര്‍മങ്ങള്‍ മുന്നില്‍ നിന്നു നടത്താനും പാണ്ഡിത്യമുള്ള സ്ത്രീകളെ അനുവദിക്കുക തന്നെ വേണം.”

മതാചാരപ്രകാരം സ്ത്രീകള്‍ക്ക് പൗരോഹിത്യ ചുമതലകളേല്‍ക്കുന്നതിന് ഇസ്‌ലാമില്‍ തടസ്സങ്ങളില്ലെന്ന് സുഹ്‌റ പറയുന്നു. അത്തരം പദവികളിലെത്താന്‍ ചില അടിസ്ഥാന യോഗ്യതകള്‍ വേണ്ടതുണ്ടെന്നു മാത്രം. ധാരാളം സ്ത്രീകള്‍ അതിനാവശ്യമായ പഠനങ്ങള്‍ കഴിഞ്ഞ് പാണ്ഡിത്യം നേടുന്നുണ്ടെങ്കിലും, പൗരോഹിത്യം ഇന്നും അവര്‍ക്ക് അന്യമാണെന്നതാണ് വിഷയം. സുന്നി, മുജാഹിദീന്‍, ജമാഅത്ത് വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലും മതപരമായ കാര്യങ്ങളില്‍ അറിവും യോഗ്യതയുമുള്ള സ്ത്രീകളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

“ആമിനാ വദൂദി (അമേരിക്കന്‍ മുസ്ലീമായ ഫെമിനിസ്റ്റ്)നെപ്പോലുള്ളവര്‍ മുന്നോട്ടുവച്ച സമരങ്ങള്‍ പോലും വിശ്വാസി സമൂഹം പരക്കെ അംഗീകരിച്ചിരുന്നില്ല. വദൂദ് കൊണ്ടുവരാന്‍ ശ്രമിച്ച മാറ്റങ്ങളാണ് ഇസ്‌ലാമിക സമൂഹത്തില്‍ നടപ്പിലാക്കപ്പെടേണ്ടത്. ആരാധനാലയങ്ങളില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുകയും, അതിനു കാരണം അവളുടെ സ്ത്രീത്വമാണെന്നു തന്നെ പറയുകയും ചെയ്യുന്നത് പൂര്‍ണമായും ജനാധിപത്യവിരുദ്ധമാണ്. ഭരണഘടന അനുവദിക്കുന്ന തുല്യമായ അവകാശം മാത്രമേ ഞങ്ങളും ആവശ്യപ്പെടുന്നുള്ളൂ. മതത്തിന്റേയോ മറ്റെന്തിന്റേയോ പേരിലാണെങ്കിലും വിവേചനം പാടില്ലെന്നാണല്ലോ ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. അതാണ് വേണ്ടതും”, സുഹ്‌റ പറയുന്നു.

മുത്തലാഖിനെതിരായി ശക്തമായ നിലപാടെടുത്താണ് നിസ സ്ത്രീകളുടെ അവകാശ സമരങ്ങളുടെ മുന്‍നിരയിലേക്ക് കടന്നു വരുന്നത്. വിവാഹമോചനം കോടതി വഴി നടപ്പാക്കണമെന്ന ആവശ്യം ശക്തമായി മുന്നോട്ടു വയ്ക്കുകയായിരുന്നു ഈ സംഘടന. സ്വത്തവകാശമടക്കമുള്ള വിഷയങ്ങളില്‍ സ്ത്രീപക്ഷ നിലപാടുകളെടുത്ത്, മുസ്‌ലിം സ്ത്രീകളുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് വേദിയൊരുക്കുന്ന ഒരു സംഘടനയാണ് സുഹ്‌റയും സഹപ്രവര്‍ത്തകരും സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ആദ്യ ഘട്ടങ്ങളില്‍ സമരങ്ങളും പോലീസുമായുള്ള സംഘര്‍ഷങ്ങളും സാധാരണമായിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീകള്‍ക്ക് സഹായമെത്തിക്കുന്നതും അവബോധം സൃഷ്ടിക്കുന്നതുമെല്ലാം സംഘടനയുടെ അജണ്ടയില്‍ ഉണ്ടായിരുന്ന കാര്യങ്ങളാണ്.

വ്യക്തി നിയമങ്ങള്‍ ജനാധിപത്യവത്ക്കരിക്കുക എന്നതടക്കമുള്ള, അന്ന് വിപ്ലവകരമായിരുന്ന പല ആശയങ്ങളും നടപ്പില്‍ വരുത്താന്‍ കച്ചകെട്ടിയാണ് 1997-ല്‍ നിസ വരുന്നത്. അറബിക്കല്യാണങ്ങള്‍ക്കും ചേലാകര്‍മത്തിനുമെതിരെ നിസ വലിയ തോതില്‍ നടത്തിയ പ്രതിരോധങ്ങള്‍, മലബാറിലെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നിസയ്ക്കു വരുത്താന്‍ കഴിഞ്ഞ ചിന്താമാറ്റങ്ങള്‍ എന്നിവ മാറ്റിനിര്‍ത്താനാകില്ല. അനാചാരങ്ങള്‍ക്കെതിരെ ആദ്യം മുതല്‍ നടത്തിവന്ന പോരാട്ടത്തിന്റെ ബാക്കിയാണ് പള്ളിപ്രവേശനവുമായി ബന്ധപ്പെട്ടും നടത്തുന്നതെന്നും വി.പി സുഹ്‌റ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചും ജനാധിപത്യപരമായ തീരുമാനമെടുക്കപ്പെടണമെന്നാണ് നിസയുടെയും സുഹ്‌റയുടെയും ആവശ്യം. ശബരിമല വിഷയം വിവാദമായപ്പോഴല്ല, അതിനുമെത്രയോ മുന്നേ തന്നെ ഇവര്‍ മുന്നോട്ടുവച്ചിട്ടുള്ളതാണ് ആരാധനാലയങ്ങളില്‍ പിന്തുടരേണ്ട ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍. സ്ത്രീകളെ അരികുവത്ക്കരിക്കുന്ന അനാചാരങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ തന്നെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് തെരുവിലിറങ്ങുന്ന സ്ഥിതി നിലനില്‍ക്കുമ്പോള്‍, ഇത്തരമൊരു ചര്‍ച്ച കൂടി ഉയര്‍ന്നു വരേണ്ടതിന്റെ പ്രാധാന്യം നിസ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് അടുത്ത ദിവസങ്ങളിലൊന്നില്‍ത്തന്നെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ നിസ തയ്യാറെടുക്കുന്നതും.

“സ്ത്രീകളെ ആരാധനാലയത്തില്‍ കടത്തണമെന്ന് ഒരു വിധി വരുമ്പോള്‍, ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തേണ്ട കാര്യമില്ലല്ലോ. ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് ആരാധനാലയത്തിലെ പ്രവേശനം തര്‍ക്കവിഷയമല്ലെങ്കില്‍പ്പോലും, പൗരോഹിത്യത്തെ സംബന്ധിച്ച് അവര്‍ക്കിടയിലും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന അവസ്ഥയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിവേചനങ്ങള്‍ എല്ലായിടത്തുമുണ്ട്. ശബരിമല വിഷയത്തിലാണെങ്കിലും, കോണ്‍ഗ്രസും മുസ്‌ലിം ലീഗും അടക്കമുള്ളവര്‍ വിധിക്ക് എതിരായ നിലപാടണല്ലോ എടുത്തിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കാന്‍ നിസ തീരുമാനിച്ചു എന്നറിഞ്ഞതോടെ ഭീഷണികളും ശാസനങ്ങളും എനിക്കും ധാരാളം വരുന്നുണ്ട്. കേട്ട് ശീലമുള്ളതിനാല്‍ ഒന്നും കാര്യമാക്കുന്നില്ല”, അവര്‍ പറഞ്ഞു.

അടുത്തയാഴ്ച സുപ്രീം കോടതിയെ സമീപിക്കുന്ന നിസ, നിയമപരമായ അവകാശങ്ങള്‍ക്കായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ്.

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും; സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍