TopTop
Begin typing your search above and press return to search.

മരിച്ചിട്ട് 26 ദിവസം, അന്നമ്മയുടെ മൃതദേഹം സംസ്കാരം കാത്ത് മോര്‍ച്ചറിയില്‍ തന്നെ, രണ്ടു ഷിഫ്റ്റായി കല്ലറയ്ക്ക് കാവല്‍ നിന്ന് കുടുംബം

മരിച്ചിട്ട് 26 ദിവസം, അന്നമ്മയുടെ മൃതദേഹം സംസ്കാരം കാത്ത് മോര്‍ച്ചറിയില്‍ തന്നെ, രണ്ടു ഷിഫ്റ്റായി കല്ലറയ്ക്ക് കാവല്‍ നിന്ന് കുടുംബം

'ഇരുപത്തിനാല് മണിക്കൂറും ഞങ്ങള്‍ കല്ലറയ്ക്ക് കാവലാണ്. അവര് കല്ലറ പൊളിച്ചുകൊണ്ടെങ്ങാനും പോയാല്‍ പിന്നെ എന്ത് ചെയ്യും? അമ്മച്ചിയെ എന്നടക്കാം പറ്റും എന്ന് ഇന്നറിയാം. അതുവരെ ഈ കല്ലറ സൂക്ഷിക്കേണ്ടത് ഞങ്ങടെ ആവശ്യമായി വന്നിരിക്കുവാണ്. എത്ര കഷ്ടപ്പെട്ടിട്ടായാലും അമ്മച്ചിയെ ഇവിടെ അടക്കാന്‍ പറ്റിയാ മതി. രാത്രി കുടുംബക്കാരെല്ലാവരും കല്ലറയ്ക്ക് കാവലിരിക്കും. ജോലിയൊക്കെ ഉള്ളതുകൊണ്ട് വെളുപ്പിന് എല്ലാവരും പോവും. പിന്നെ രണ്ട് ഷിഫ്റ്റില്‍ ഞാനും വേറൊരാളും കൂടി കാവലാണ്.' അന്നമ്മയെ അടക്കാനുള്ള കല്ലറയ്ക്ക് കാവലിരിക്കുകയാണ് ബന്ധുക്കള്‍. അന്നമ്മയുടെ ചെറുമകനായ രാഹുലിന്റെ വാക്കുകളില്‍ ഒരു കുടുംബത്തിന്റെയും, കയ്യില്‍ പണമില്ലാത്ത, അധികാര ബലമില്ലാത്ത ദളിത് ക്രൈസ്ത വിഭാഗത്തിന്റെയും നിസ്സാഹായാവസ്ഥ വ്യക്തമായിരുന്നു.

അന്നമ്മ മരിച്ചിട്ട് ഇന്നേക്ക് 26 ദിവസം. ഇപ്പോഴും സംസ്‌ക്കാരം കാത്ത് അന്നമ്മയുടെ ശവശരീരം കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പ്രായത്തിന്റേതായ അസുഖം ബാധിച്ച് മരിച്ച 75 കാരിയായ ദളിത് ക്രൈസ്തവ സ്ത്രീയുടെ ശവസംസ്‌ക്കാരം അധികൃതരുടെ തീരുമാനത്തിനായി നീളുകയാണ്. 'ഞങ്ങടെ സെമിത്തേരിയില്‍ അടക്കുന്നത് എതിര്‍ക്കുന്നവര്‍ കളക്ടറുടെ മുന്നില്‍ വച്ച ഡിമാന്‍ഡ് കല്ലറ പണിതാലും 20 ദിവസം കഴിഞ്ഞേ അടക്കാന്‍ പറ്റൂ എന്നാണ്. ജില്ലാ കളക്ടര്‍ അത് കുറച്ചു. എന്റെ അപ്പച്ഛനെ അടക്കിയ കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം 14 ദിവസം കഴിഞ്ഞാല്‍ പരിശോധിച്ച ശേഷം ശവസംസ്‌ക്കാര തീയതി നിശ്ചയിക്കാമെന്നാണ് കളക്ടര്‍ പറഞ്ഞത്. ആ പതിനാലാം ദിവസം ഇന്നാണ്. ഇന്ന് ഒരു തീരുമാനം അറിയാം. അതിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. മോര്‍ച്ചറിയില്‍ പോയി ഇടയ്ക്ക് ബോഡി കണ്ടിരുന്നു. കൂടുതല്‍ ദിവസം സൂക്ഷിക്കാനായി എണ്ണായിരത്തിലധികം രൂപ ഞങ്ങള്‍ കെട്ടി വക്കുകയും ചെയ്തു.' അന്നമ്മയുടെ ചെറുമകനായ രാഹുല്‍ പറയുന്നു. സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന രാഹുല്‍ അന്നമ്മയുടെ മരണത്തിന് ശേഷം ജോലിക്ക് പോയിട്ടില്ല.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം പോലും ഇല്ലാത്ത തുരുത്തിക്കരയിലെ ഒരു കോണിലാണ് ദളിത് ക്രൈസ്തവരുടെ ജറുസലേം മാര്‍ത്തോമ പള്ളി. പള്ളിയെന്ന രീതിയില്‍ ആരും ശ്രദ്ധിക്കാന്‍ പോലും ഇടയില്ലാത്ത കെട്ടിടം. തുരുത്തിക്കരയിലെ ഒരു പഴയ സ്‌കൂള്‍ മുറിയില്‍ പ്രാര്‍ഥന നടത്തിയിരുന്ന ദളിത് ക്രൈസ്തവര്‍ തങ്ങളുടെ പരിശ്രമ ഫലമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത പള്ളിയാണ് ജറുസലേം മാര്‍ത്തോമ പള്ളി. ദളിത് ക്രൈസ്തവ വിഭാഗത്തിലെ മുപ്പതില്‍ താഴെ വരുന്ന കുടുംബങ്ങള്‍ ശവസംസ്‌ക്കാരം നടത്തിയിരുന്നത് ജറുസലേം പള്ളി സെമിത്തേരിയിലായിരുന്നു. എന്നാല്‍ 2014ല്‍ ബിജെപി പ്രവര്‍ത്തകരും ചില പ്രദേശവാസികളും ഇതിന് എതിര്‍പ്പ് നിന്നു. പ്രദേശത്തെ ജലസ്രോതസ്സുകള്‍ മലിനമാവുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി സെമിത്തേരിയില്‍ ശവമടക്ക് നടത്താനാവില്ല എന്നായിരുന്നു അവരുടെ വാദം. പ്രശ്‌നം തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കുമെത്തി. ഒടുവില്‍ പോലീസും ജില്ലാ ഭരണകൂടവും ഇടപെട്ടു. പ്രതിഷേധക്കാരുടെ പരാതി പരിഗണിച്ച കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തണമെങ്കില്‍ ചുറ്റുമതില്‍, കല്ലറ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഉപാധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ നിബന്ധനകള്‍ പാലിക്കുന്നത് വരെ സമീപത്ത് തന്നെയുള്ള ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ ദളിത് ക്രൈസ്തവരുടെ ശവമടക്ക് നടത്താനുള്ള തീരുമാനവുമായി. എന്നാല്‍ സ്ഥലപരിമിതികളാല്‍ ബുദ്ധിമുട്ടുന്ന ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ കൂടി സംസ്‌ക്കരിക്കുന്നതിനോട് പള്ളി കമ്മറ്റി തുടക്കം മുതല്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചു.

നാല് വര്‍ഷത്തിനിടെ രണ്ട് ദളിത് ക്രൈസ്തവര്‍ മരിച്ചപ്പോള്‍ ഇമ്മാനുവല്‍ പള്ളിയിലായിരുന്നു ശവം സംസ്‌ക്കരിച്ചത്. ഇമ്മാനുവല്‍ പള്ളി അംഗങ്ങള്‍ക്ക് സെല്ലാര്‍ നിര്‍മ്മിക്കാനായി മാറ്റിയിട്ടിരുന്ന സ്ഥലമാണ് ഇതിനായി ദളിത് ക്രൈസ്തവര്‍ക്ക് ലഭിച്ചത്. 'മൂത്രപ്പുരയോട് ചേര്‍ന്ന്, കാടുപിടിച്ച്, തെമ്മാടിക്കുഴിയേക്കാള്‍ മോശപ്പെട്ട രീതിയില്‍ കിടക്കുന്ന സ്ഥലത്തേക്ക് അഭയാര്‍ഥികളെപ്പോലെ ശവവുമായി ചെല്ലേണ്ട അവസ്ഥ വളരെ ദു:ഖകരമാണ്. അടക്കിയ സ്ഥലം പോലും കാണാന്‍ കഴിയാത്തതിനാല്‍ മെഴുകുതിരി വച്ച് പ്രാര്‍ഥന പോലും നടത്താന്‍ ബുദ്ധിമുട്ടാണ്. ആദ്യത്തെ ശവമടക്കിയപ്പോള്‍ തന്നെ ഇനി ഇതിനുള്ള ഇടവരുത്തരുതെന്ന് ഇമ്മാനുവല്‍ പള്ളി കമ്മറ്റി അറിയിച്ചിരുന്നു. അവരെ കുറ്റം പറയാന്‍ ഒക്കില്ല. കാരണം അവര്‍ക്ക് സ്ഥലമില്ല. 140ല്‍ പരം കുടുംബങ്ങള്‍ ഉണ്ട് ആ പള്ളിയില്‍' ദളിത് ക്രൈസ്തവര്‍ തങ്ങളുടെ അവസ്ഥയോട് പ്രതികരിച്ചതിങ്ങനെയായിരുന്നു.

മെയ് 13നാണ് അന്നമ്മ മരിക്കുന്നത്. ഇമ്മാനുവല്‍ പള്ളിയിലെ അവസ്ഥ ഇത്തരത്തിലായതിനാല്‍ അന്നമ്മയെ മാന്യമായ രീതിയില്‍ അന്ത്യോപചാരങ്ങള്‍ നല്‍കണമെന്നുറച്ച കുടുംബാംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നവരെ കണ്ട് സെമിത്തേരിയില്‍ അടക്കാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. എന്നാല്‍ ശവമടക്ക് നടത്താന്‍ അനുവദിക്കാതെ ബിജെപി പ്രവര്‍ത്തകരും ചില പ്രദേശവാസികളും ചേര്‍ന്ന് സെമിത്തേരിക്ക് മുന്നില്‍ പ്രതിഷേധമിരുന്നു. ഇതോടെ ശവമടക്ക് തടസ്സപ്പെട്ടു. അന്നമ്മയെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് അന്നമ്മയുടെ കുടുംബം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. വിഷയം വീണ്ടും കളക്ടറുടെ മുന്നിലെത്തി. കളക്ടര്‍ ഡിഎംഒയോടും കുന്നത്തൂര്‍ പഞ്ചായത്തിനോടും റിപ്പോര്‍ട്ട് തേടി. സ്ഥലം സന്ദര്‍ശിച്ച ഡിഎംഒ സെമിത്തേരി മൂലം മലിനീകരണം ഉണ്ടാവുന്നില്ലെന്നും ഇതിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 2015ല്‍ ജില്ലാ കളക്ടര്‍ വച്ച നിബന്ധനകള്‍ സെമിത്തേരിയില്‍ പാലിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് കുന്നത്തൂര്‍ പഞ്ചായത്ത് നല്‍കിയതോടെ വീണ്ടും അവിടെ ശവമടക്കിനുള്ള സാധ്യതകള്‍ അടഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ അന്നമ്മയുടെ മൃതദേഹം ഇമ്മാനുവല്‍ പള്ളിയില്‍ തന്നെ സംസ്‌ക്കരിക്കാന്‍ തീരുമാനമായി. ജെറുസലേം പള്ളി സെമിത്തേരിയ്ക്ക് ചുറ്റുമതിലും, കല്ലറകളും നിര്‍മ്മിക്കുന്ന പക്ഷം അന്നമ്മയുടേതുള്‍പ്പെടെ മുമ്പ് അടക്കിയ രണ്ട് മൃതദേഹങ്ങളും ജെറുസലേം പള്ളി സെമിത്തേരിയിലേക്ക് മാറ്റാം എന്ന തീരുമാനവും വന്നു. എന്നാല്‍ ഇതിനോട് അന്നമ്മയുടെ കുടുംബവും എതിര്‍കക്ഷികളും യോജിച്ചില്ല.

അന്നമ്മയുടെ മകനായി 1999ല്‍ പണിത കല്ലറയില്‍ തന്നെ അന്നമ്മയെ അടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുകൂല ഉത്തരവ് നല്‍കിയതോടെ വീണ്ടും അതിന്റെ സാധ്യതകള്‍ ചര്‍ച്ചയായി. ജില്ലാ കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കല്ലറ ഇളക്കി പരിശോധിക്കുകയും ചെയ്തു. പിന്നീട് കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍, കല്ലറ കോണ്‍ക്രീറ്റ് ചെയ്താല്‍ അടക്കാന്‍ അനുവദിക്കാമെന്ന് തീരുമാനിച്ചു. രണ്ട് ദിവസത്തിനകം കല്ലറ കോണ്‍ക്രീറ്റ് ചെയ്തു എങ്കിലും 14 ദിവസം കാത്തിരുന്നതിന് ശേഷം മാത്രമേ ശവസംസ്‌ക്കാരം സംബന്ധിച്ച തീരുമാനം എടുക്കൂ എന്ന് യോഗത്തില്‍ കളക്ടര്‍ അറിയിച്ചതിനാല്‍ ശവസംസ്‌ക്കാരം നീണ്ടുപോയി. ഇതിനിടെ രാഹുല്‍ ഉള്‍പ്പെടെ അന്നമ്മയുടെ കുടുംബാംഗങ്ങളെ ചിലര്‍ പിന്തുടരുന്നതായും അപകടപ്പെടുത്താന്‍ ശ്രമം നടന്നതായും അവര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കുന്നത്തൂര്‍ പോലീസിന് പരാതി നല്‍കിയെന്നും ബന്ധുക്കള്‍ പറയുന്നു. അന്നമ്മയ്ക്ക് മോര്‍ച്ചറിയില്‍ നിന്ന് മോചനം നല്‍കാന്‍ ജില്ലാ കളക്ടറുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും ദളിത് ക്രൈസ്തവരും.

Read More: പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories