TopTop
Begin typing your search above and press return to search.

'നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍'; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

"അപ്പച്ഛന്റെ സഹോദരനെ അടക്കിയത് ആ സെമിത്തേരിയിലാണ്. തിരി കത്തിച്ച് പ്രാര്‍ഥിക്കാന്‍ ചെന്നപ്പോള്‍ ആ സ്ഥലം തന്നെയില്ല. കല്ലറ അവര്‍ തരില്ല. വെറും മണ്ണില്‍ കുഴിച്ചിടുവാണ്. അങ്ങനെ കുഴിച്ചിട്ടേക്കണയിടം പിന്നെ ചെന്ന് നോക്കിയപ്പോള്‍ ഏതാണെന്ന് മനസ്സിലാകുന്നു കൂടിയില്ല. സ്ഥലം പോലും കാണാത്തകൊണ്ട് ഒന്ന് പ്രാര്‍ഥിക്കാന്‍ പോലും കഴിയുന്നില്ല. അങ്ങനെ അമ്മാമ്മച്ചിയേയും എങ്ങനെയാണ് കുഴിച്ചിടുന്നത്? അതും അമ്മാമ്മ മരിക്കാന്‍ നേരത്ത് അമ്മയോട് പറഞ്ഞത് നമ്മുടെ പള്ളിയില്‍ തന്നെ എന്നെ അടക്കണം എന്നാണ്. മറ്റേ പള്ളിയില്‍ കല്ലറ തരണം എന്ന് നമുക്ക് ചോദിക്കാനും പറ്റത്തില്ല. അതവരുടെ പള്ളിക്കാര്യമാണ്. അവരെല്ലാം വലിയ ക്യാഷ് ടീമുമാണ്. ചില്ല് കല്ലറയും സെല്ലും എല്ലാം പണിയാന്‍ ഇരിക്കുന്നവരാണ്. അവരോട് അത് പണിയേണ്ടെന്ന് പറയാന്‍ ഞങ്ങള്‍ക്ക് പറ്റുമോ? അതുകൊണ്ടാണ് മാന്യമായി ഞങ്ങടെ പള്ളിയില്‍ തന്നെ ശവമടക്ക് നടത്തണം എന്ന് വാശിപിടിക്കുന്നത്", മരിച്ച് എട്ട് ദിവസമായിട്ടും സംസ്‌ക്കരിക്കാന്‍ സ്ഥലം ലഭിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അന്നമ്മയുടെ കൊച്ചുമകന്‍ വേദനയോടെ പറയുന്നു.

ഈ വിഷയത്തില്‍ അഴിമുഖം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

അന്നമ്മ മരിച്ച അന്ന് മുതല്‍ ഇവര്‍ റവന്യൂ ഉദ്യോഗസ്ഥരുടേയും ഭരണാധികാരികളുടേയും മുന്നില്‍ അപേക്ഷയുമായി കയറിയിറങ്ങുന്നു. ദളിത് ക്രൈസ്തവരുടെ ദേവാലയമായ കൊല്ലം കുന്നത്തൂര്‍ ജറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്. പ്രദേശത്ത് തന്നെയുള്ള ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ ശവമടക്കാമെന്നിരിക്കെ ബന്ധുക്കള്‍ അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. എന്നാല്‍ ഇമ്മാനുവല്‍ പള്ളിയില്‍ ദളിത് ക്രൈസ്തവര്‍ക്ക് ശവമടക്കാനായി കിട്ടുന്ന, മൂത്രപ്പുരയോട് ചേര്‍ന്നുള്ള, തെമ്മാടിക്കുഴിയേക്കാള്‍ മോശമായ ഭൂമിയില്‍ മൃതദേഹം കുഴിച്ചിടാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നാണ് ദളിത് ക്രൈസ്തവ വിഭാഗക്കാരുടെ നിലപാട്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രശ്‌നം പരിഹരിക്കുന്നതിനായി ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമെത്താതെ പിരിഞ്ഞതോടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയയിരുന്നു. ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം ചേരാനിരിക്കെ തങ്ങള്‍ക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് അന്നമ്മയുടെ ബന്ധുക്കള്‍.

ജറുസലേം പള്ളിയ്ക്ക് സ്വന്തമായി സെമിത്തേരിയുണ്ട്. എന്നാല്‍ ഇവിടെ ശവസംസ്‌ക്കാരം നടത്തുന്നത് ജലസ്രോതസ്സുകളെ ഉള്‍പ്പെടെ മലിനമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ചിലരും ബിജെപി പ്രവര്‍ത്തകരും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഷേധിക്കുകയും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു. സെമിത്തേരി മലിനീകരണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാണിച്ച് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകന്‍ കേസ് നല്‍കുകയും ചെയ്തു. പിന്നീട് 2015-ല്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താന്‍ തല്‍ക്കാലം അനുവദിക്കില്ലെന്ന് ഉത്തരവിറക്കുകയും ചെയ്തു. ചുറ്റുമതില്‍ കെട്ടുക, കല്ലറകള്‍ കോണ്‍ക്രീറ്റ് ചെയ്യുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചാല്‍ ജറുസലേം പള്ളി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താം എന്നായിരുന്നു കളക്ടറുടെ ഉത്തരവ്. തുടര്‍ന്നുള്ള കാലങ്ങളില്‍ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ ആയിരുന്നു ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങളും സംസ്‌ക്കരിച്ച് വന്നിരുന്നത്. എന്നാല്‍ ഇമ്മാനുവല്‍ പള്ളി അധികൃതരില്‍ നിന്നും അംഗങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഗണന മടുത്തപ്പോഴാണ് തങ്ങളുടെ പള്ളി സെമിത്തേരിയില്‍ തന്നെ മൃതദേഹം അടക്കാന്‍ ദളിത് ക്രൈസ്തവ വിഭാഗം തീരുമാനിച്ചത്.

അന്നമ്മയുടെ മൃതദേഹം സംസ്‌ക്കാരത്തിനായി പള്ളിയില്‍ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകരും പ്രദേശവാസികളും സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ജറുസലേം സെമിത്തേരിയില്‍ ശവസംസ്‌ക്കാരം അനുവദിക്കുകയില്ലെന്ന ഉറച്ച നിലപാടെടുത്ത അവര്‍ സംസ്‌ക്കാര ചടങ്ങുകള്‍ തടസ്സപ്പെടുത്തി. അതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്. പ്രദേശത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡിഎംഒയോടും പഞ്ചായത്ത് അധികൃതരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തുന്നത് മൂലം യാതൊരുവിധ മലിനീകരണ പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ലന്നും ജലസ്രോതസ്സുകള്‍ മലിനപ്പെടില്ലെന്നും ഡിഎംഒ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ ജില്ലാ കളക്ടര്‍ മുമ്പ് പുറപ്പെടുവിച്ച ഉത്തരവിന്‍പ്രകാരമുള്ള നിബന്ധനകളൊന്നും സെമിത്തേരിയില്‍ പാലിച്ചിട്ടില്ല എന്ന പഞ്ചായത്ത് അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ച കളക്ടര്‍ ചുറ്റുമതില്‍ കെട്ടാതെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌ക്കരിക്കാന്‍ കഴിയില്ലെന്ന തീരുമാനമെടുത്തു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷീ യോഗവും തീരുമാനമാവാതെ പിരിഞ്ഞു.

ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താം എന്നാണ് ജില്ലാ കളക്ടറുടെ തീരുമാനം. എന്നാല്‍ തങ്ങള്‍ക്ക് മാന്യമായി ശവസംസ്‌ക്കാരം നടത്താനുള്ള അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രശ്‌നം പരിഹാരമാവാതെ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ അധികൃതര്‍ നടത്തി. തഹസില്‍ദാര്‍ സെമിത്തേരി സന്ദര്‍ശിക്കുകയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ചുറ്റുമതില്‍ കെട്ടാത്തതിന്റെ പോരായ്മയാണ് തഹസില്‍ദാറും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചുറ്റുമതില്‍ കെട്ടാന്‍ തങ്ങള്‍ തുനിഞ്ഞപ്പോഴെല്ലാം ബിജെപി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായെത്തി തടഞ്ഞു എന്നാണ് ദളിത് ക്രൈസ്തവരുടെ ആരോപണം. ഇതിനെതിരെ കേസ് നല്‍കുകയും, ചുറ്റുമതില്‍ കെട്ടാന്‍ തങ്ങള്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്‌തെങ്കിലും പോലീസ് അക്കാര്യങ്ങളില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. "ചുറ്റുമതില്‍ കെട്ടാന്‍ ഞങ്ങള്‍ക്ക് കഴിയാഞ്ഞിട്ടല്ല. പക്ഷെ അതിന് ഇറങ്ങുമ്പോഴെല്ലാം മാരകായുധങ്ങളുമായി ഭീഷണിയാണ്. ഞങ്ങള്‍ക്ക് സംരക്ഷണം തന്നാല്‍ ചുറ്റുമതില്‍ കെട്ടാന്‍ തയ്യാറാണ്. സ്വന്തമായി ഒരു കല്ലറയില്‍ ബന്ധുക്കളെ അടക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ലേ? ഞങ്ങളും അതേ ചോദിക്കുന്നുള്ളൂ", ദളിത് ക്രൈസ്തവ വിഭാഗാംഗമായ സാംസണ്‍ പറഞ്ഞു.

എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് ഇന്ന് സര്‍വകക്ഷി യോഗം ചേരുക. അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Explainer: മാര്‍പാപ്പയെ പോലും വെല്ലുവിളിക്കുന്ന നിഴല്‍ യുദ്ധങ്ങള്‍; വസ്തുകച്ചവടം മുതല്‍ വ്യാജരേഖ വരെ; ഉറ കെട്ടുപോകുമോ സിറോ മലബാര്‍ സഭ?


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories