UPDATES

ട്രെന്‍ഡിങ്ങ്

പ്രളയത്തില്‍ തകര്‍ന്ന വീടു നന്നാക്കാന്‍ വൃക്ക വില്‍പ്പനയ്ക്ക് വെച്ച് വൃദ്ധന്‍

വീട് ശരിയാക്കിയെടുക്കാന്‍ കളക്‌ട്രേറ്റിലും പഞ്ചായത്തിലും പല തവണ ചെന്നെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാത്തതിനാലാണ് സഹായം കിട്ടാത്തതെന്നും ജോസഫ് പറയുന്നു

ദുരന്തത്തില്‍ മൂന്നു മുറികള്‍ തകര്‍ന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല. അതിനു പണം ഉണ്ടാക്കാന്‍ വൃക്ക വില്‍പ്പനയ്ക്ക്. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ 72 കാരന്‍ തണ്ണിക്കോട്ട് ജോസഫ് തന്റെ വീടിന്റെ പുറം ചുവരില്‍ എഴുതി വച്ചിരിക്കുന്ന വാചകമാണിത്. വെള്ളത്തൂവലിലെ പന്ത്രണ്ടാം വാര്‍ഡില്‍ മുസ്ലിംപള്ളിപ്പടിക്കു സമീപത്തുള്ള ആ വീട് പ്രളയത്തില്‍ തകര്‍ന്നതാണ്. പക്ഷേ, ഇത്ര നാളായിട്ടും സര്‍ക്കാരില്‍ നിന്നും ഒരു സഹായവും കിട്ടാതെ വന്നതോടെയാണ് ജോസഫ് തന്റെ നിസ്സഹായത ഇത്തരത്തില്‍ എഴുതി വയ്ക്കാന്‍ ഇടയായത്.

പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം കിട്ടണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നും അതിനുളള പണം തന്റെ കൈയിലില്ലാത്തതുകൊണ്ടാണ് വീടിന്റെ പുനര്‍നിര്‍മാണത്തിനാവശ്യമായ പണം ഉണ്ടാക്കാന്‍ വൃക്ക വില്‍ക്കാന്‍ തയ്യാറാകുന്നതെന്നാണ് ജോസഫ് തന്റെ പ്രതിഷേധം അറിയിക്കുന്നത്.

40 സെന്റ് സ്ഥലത്താണ് ജോസഫിന്റെ നാലു മുറികളുള്ള വീട്. മേസ്തരിയായിരുന്നു ജോസഫ്. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തില്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ രോഗിയായതോടെ ജോലിക്കു പോകാന്‍ കഴിയാതെയായി. രണ്ടു പെണ്‍മക്കളായിരുന്നു. ഇരുവരെയും വിവാഹം കഴിപ്പിച്ചയച്ചു. ജോസഫിനും ഭാര്യക്കും മറ്റു വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ വീടിന്റെ രണ്ട് മുറികള്‍ വാടകയ്ക്ക് കൊടുത്ത് കിട്ടുന്നതുകൊണ്ടായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. എന്നാല്‍ 25 വര്‍ഷമായി താമസിച്ചുപോന്നിരുന്ന വീട് 2018 ഓഗസ്റ്റ് 15 ന് ഉണ്ടായ കനത്തമഴയത്ത് മണ്ണിടിഞ്ഞു വീണു തകര്‍ന്നു. ഇതോടെയാണ് ജോസഫിന്റെ ജീവിതം ദുരിതത്തിലാകുന്നത്. ഇപ്പോള്‍ താമസയോഗ്യമെന്നു പറയാന്‍ ഒരുമുറി മാത്രം. അതിനുള്ളിലാണ് ജോസഫും ഭാര്യ ആലീസും കഴിയുന്നത്. ആകെയുണ്ടായിരുന്ന വരുമാനമാര്‍ഗവും നിലച്ചു.

വീട് ശരിയാക്കിയെടുക്കാന്‍ കളക്‌ട്രേറ്റിലും പഞ്ചായത്തിലും പല തവണ ചെന്നെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാത്തതിനാലാണ് സഹായം കിട്ടാത്തതെന്നും ജോസഫ് മാധ്യമങ്ങളോട് പറയുന്നത്. ഇതിനു പിന്നാലെയാണ് തന്റെ നിസ്സഹായത എഴുതി വച്ച് ജോസഫ് എല്ലാവരുടെയും ശ്രദ്ധ തേടുന്നത്.

എന്നാല്‍ ജോസഫിന്റെ കുടുംബത്തെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് പറയുന്നത്. വീടിന്റെ നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ല ഭരണകൂടത്തിനു നല്‍കിയിട്ടുണ്ടെന്നാണ് പ്രസിഡന്റ് ടി ആര്‍ ബിജി മാധ്യമങ്ങളോട് പറഞ്ഞത്. ജോസഫിന്റെ വീടിനു പിന്നിലേക്ക് ഇടിഞ്ഞു വീണ മണ്ണ് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നീക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു.

പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം നാശം സംഭവിച്ച ജില്ലയാണ് ഇടുക്കി. എന്നാല്‍ ആറുമാസത്തിനിപ്പുറവും വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കു പോലും സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും കിട്ടുന്നില്ലെന്ന പരാതിയും ഇടുക്കിയില്‍ വ്യാപകമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍