TopTop
Begin typing your search above and press return to search.

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം: ആചാരങ്ങളില്‍ പരിഷ്ക്കാരമാവാം; എന്നാല്‍ നവ ഹിന്ദുത്വയ്ക്ക് പ്രചരണായുധങ്ങളാകരുത്

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം: ആചാരങ്ങളില്‍ പരിഷ്ക്കാരമാവാം; എന്നാല്‍ നവ ഹിന്ദുത്വയ്ക്ക് പ്രചരണായുധങ്ങളാകരുത്
അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ അഭിപ്രായം കേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അഹിന്ദുക്കളുടെ പ്രവേശനം പ്രധാനപ്പെട്ട വിഷയം ആണെങ്കില്‍ തന്നെ അതിനേക്കാള്‍ കൂടുതലായി ചര്‍ച്ച ചെയ്യേണ്ടി വരുന്ന മറ്റൊന്ന് ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിലനില്‍ക്കുന്ന സവര്‍ണമേധാവിത്വത്തെ കുറിച്ചാണ്. ആലപ്പുഴ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ട ദേവസ്വം ബോര്‍ഡ് കീഴ്ശാന്തിക്ക് തന്റെ ജോലിയില്‍ പ്രവേശിക്കാനാകാതെ പിന്‍വാങ്ങേണ്ടി വന്നത് കേരളം കണ്ടതാണ്. പുരോഗമനവാദങ്ങളും ചര്‍ച്ചകളും നടക്കുമ്പോഴും ഇത്തരം ഹീനമായ പ്രവണതകള്‍ ഇവിടെ ഇപ്പോഴും നിശബ്ദം തുടരുന്നു. എവിടെയൊക്കെയാണ് പുരോഗമനം കടന്നത്തേണ്ടതെന്ന വസ്തുനിഷ്ഠമായൊരു അന്വേഷണം ഇത്തരുണത്തില്‍ ആവശ്യമാണ്. അഴിമുഖം അതിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. അജയ് തറയിലിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി ദളിത് ചിന്തകനും എഴുത്തുകാരനുമായ
കെ കെ ബാബുരാജ്
പ്രതികരിക്കുന്നു.


ഹിന്ദുക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്ന കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരികയും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളും നടക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക പരിവര്‍ത്തനങ്ങളെ വലുതായി ഉള്‍ക്കൊള്ളുന്നതാണ് ഇതെന്ന് തോന്നുന്നില്ല. എന്നാല്‍ ഹൈന്ദവ ആചാരങ്ങളിലും വിശ്വാസങ്ങളിലും കാലോചിതമായ മാറ്റം വരണമെന്ന് ആരെങ്കിലും വാദിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെ തള്ളിപ്പറയേണ്ടതില്ല. ഇതേപോലെ ഇസ്ലാംമതത്തിലും ക്രൈസ്തവ മതത്തിലും വിവിധ നവീനധാരകള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെയും അംഗീകരിക്കേണ്ടതുണ്ട്. പുതിയ ലിംഗനീതിയേയും ലിംഗരാഷ്ട്രീയത്തേയും, എല്ലാ മതങ്ങളും നിഷിദ്ധമെന്ന് വിളിച്ചിട്ടുള്ള സ്വവര്‍ഗലൈംഗികത പോലുള്ളവയേയും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ എല്ലാ മതവിജ്ഞാനീയങ്ങളിലും മാറ്റങ്ങള്‍ വരേണ്ടത് അത്യാവശ്യമാണ്.

ഇതേസമയം, തങ്ങളാണ് ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മുമ്പേ പറഞ്ഞിട്ടുള്ളതെന്ന് അവകാശപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് പോലുള്ള സ്ഥാപനങ്ങള്‍ രംഗത്തുവരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. തീര്‍ച്ചയായും ഹൈന്ദവതയുടെ അടിസ്ഥാനമായ ബ്രാഹ്മണ വംശാധികാരത്തെ നിരാകരിക്കുന്നവരോ, വിവിധ ജാതികള്‍ക്കിടയില്‍ ജനാധിപത്യപരമായ പാരസ്പര്യം വളര്‍ത്തുന്നതില്‍ നിലകൊള്ളുന്നവരോ ആയതുകൊണ്ടല്ല ഇവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഇന്ത്യയിലും കേരളത്തിലും നടന്ന സാമൂഹിക വിപ്ലവങ്ങളേയും ബഹുജന ഉയര്‍ച്ചകളേയും തള്ളിപ്പറയുന്നവരാണിവര്‍. അതിനാല്‍ ഇവരുടെ അവകാശവാദത്തെ ഹിന്ദുത്വത്തിന് ക്ഷേത്രകേന്ദ്രീകൃതമായ ഒരു അടിസ്ഥാനം ഉറപ്പിക്കാനും, അതിന് വിപുലവും പരിഷ്‌കൃതവുമായ മുഖം നല്‍കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കാണേണ്ടത്.ഇന്ത്യയിലും കേരളത്തിലും നവ ഹിന്ദുത്വ രാഷ്ട്രീയം പടര്‍ന്നുപിടിക്കുന്നത് മുഖ്യമായും രണ്ട് തരത്തിലുള്ള പ്രചരണങ്ങളിലൂടെയും പ്രവര്‍ത്തന പദ്ധതികളിലൂടെയുമാണ്. ഇതില്‍ ആദ്യത്തേത് ക്ഷേത്രപുന:രുദ്ധാരണമാണ്. രണ്ടാമത്തേത്, മുസ്ലിം വിരുദ്ധതയാണ്. ഹിന്ദുക്കളുടെ നഷ്ട പ്രതാപത്തിന്റെ സൂചനകളായി, ആത്മാഭിമാനക്കുറവിന്റെ ചിഹ്നങ്ങളായും തളര്‍ന്ന് കിടക്കുന്ന ക്ഷേത്രങ്ങളെ കാണുക, ഹിന്ദുത്വരാഷ്ട്രീയത്തില്‍ പ്രമുഖ സൈദ്ധാന്തികരെല്ലാം അത് ചെയ്തിട്ടുള്ളതാണ്. തങ്ങളുടെ ശക്തിക്ഷയം അകറ്റാന്‍, ക്ഷേത്രങ്ങള്‍ പോലുള്ള പൊതു വിശ്വാസ സ്ഥാപനങ്ങള്‍ വേണമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും സാമ്പത്തികമായും രാഷ്ട്രീയമായും അഭിവൃദ്ധി നേടിയതിന് കാരണം പള്ളികള്‍ പോലുള്ള സ്ഥാപനങ്ങളിലൂടെയുണ്ടായ ഐക്യമാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. അതേപോലെ ഹിന്ദുക്കളുടെ ആത്മാഭിമാനം ഉയരാന്‍ പഴയ ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടതും, പുതുതായി ഉണ്ടാക്കേണ്ടതുമാണെന്ന അതിവിപുലമായ പ്രചരണമാണ് സംഘപരിവാര്‍ ശക്തികള്‍ ഹിന്ദുക്കള്‍ക്കിടയില്‍ നടത്തുന്നത്.

രഞ്ജിത്തിന്റെ ആറാംതമ്പുരാന്‍ എന്ന സിനിമയിലെ അനിശ്ചിതരായ സവര്‍ണ ഹിന്ദുക്കള്‍ തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ നാട്ടിലെ പ്രമുഖ തറവാട്ടുകാരുടെ കുടുംബക്ഷേത്രത്തിലെ ഉത്സവം പുനരാരംഭിക്കണമെന്ന നിവേദനവുമായാണ് മോഹന്‍ ലാലിന്റെ നായക കഥാപാത്രത്തിന്റെ അടുത്ത് ചെല്ലുന്നത്. 80-90കളില്‍ വലിയ വിജയം കൊയ്ത നിരവധി പോപ്പുലര്‍ സിനിമകളില്‍ ഇത്തരം ക്ഷേത്രപുനരുദ്ധാരണങ്ങളും ഉത്സവം നടത്തിപ്പും നാട്ടുകാരുടെ ബാധ്യതയാക്കി മാറ്റുന്ന പ്രമേയങ്ങള്‍ കാണാം. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു പാര്‍ലമെന്റ് മുതലായവയുടെ പരിചയിക്കപ്പെട്ട കേഡറുകള്‍ മത്രമല്ല, പോപ്പുലര്‍ കള്‍ച്ചറിന്റെ അവതരണങ്ങളിലും മതേതര പൊതുമണ്ഡലത്തിന്റെ സിംഹഭാഗത്തിലും ഹിന്ദുപ്രൈഡിന് വേദിയാവുകയായിരുന്നു. ഇപ്രകാരം സവര്‍ണ ജാതികള്‍ക്കിടയില്‍ മാത്രമല്ല, മധ്യമ ജാതികള്‍ക്കിടയിലും ഹിന്ദു അഭിമാന ബോധം വളര്‍ത്താന്‍ ക്ഷേത്രപുന:രുദ്ധാരണ പദ്ധതികള്‍ സഹായകരമായി മാറി.ഇങ്ങനെ വിസ്തരിച്ച് വന്ന ഹിന്ദുത്വരാഷ്ട്രീയത്തില്‍ അവര്‍ണരേയും ഒരുമിച്ച് നിര്‍ത്താന്‍ അഹിന്ദുക്കളില്‍ വച്ച് തങ്ങളുടെ മതം പരിഷ്‌കൃതമാണെന്നും, നീക്കുപോക്കുകള്‍ക്കിടമുള്ളതാണെന്നും വരുത്താനുമാണ് വിശ്വഹിന്ദുപരിഷത്ത് പോലുള്ള സംഘടനകള്‍ ഇത്തരം ഉദാരവാദ പ്രസ്താവനകള്‍ നടത്തുന്നത്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതായിട്ടുള്ളത്, ക്ഷേത്രം നടത്തിപ്പ് വലിയ വരുമാന സാധ്യതയുള്ളതാണ്. അതിന്റെ ഭാരവാഹികളായി പിന്നാക്കക്കാരും ദളിതരുമായ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഒരു പുതിയതരം വ്യാമോഹം നടത്താനും ഇത്തരം ഉദാരവാദങ്ങള്‍ക്ക് സാധ്യമാവുന്നു. ഏറ്റവും ദയനീയമായ കാര്യം ദളിതരിലേയും പിന്നോക്കക്കാരിലേയും പെന്‍ഷന്‍ പറ്റിയ ഈ ഉദ്യോഗസ്ഥര്‍, ഇതില്‍ കുറച്ച് പേര്‍ സ്വയം സഘടിച്ച് തങ്ങളുടെ സമ്പത്ത് വിനിയോഗിക്കുകയോ, എന്തെങ്കിലും സ്ഥാപനങ്ങള്‍ തുടങ്ങുകയോ, നിര്‍ധനരായ സമുദായങ്ങളെ സഹായിക്കുകയോ ചെയ്യുന്നതിന് പകരം അമ്പലക്കമ്മറ്റികളിലേക്ക് നിയമിക്കപ്പെടുന്നതിലൂടെ ഹൈന്ദവതയുടെ വളര്‍ച്ച മാത്രമല്ല, തങ്ങള്‍ സ്വയമാര്‍ജ്ജിച്ച മൂലധനവും കളഞ്ഞുകുളിക്കുകയാണ്. ഈ യാഥാര്‍ഥ്യബോധം പോലും ഇവര്‍ക്ക് നഷ്ടപ്പെടുന്നു. അതിനാല്‍ ഹിന്ദുത്വത്തിന്റെ, വിശ്വഹിന്ദു പരിഷത്തിന്റെ ബാനറില്‍ നിന്ന് വരുന്ന ഉദാരവാദങ്ങളെ വലിയൊരു വ്യാമോഹം എന്നതിനപ്പുറം ഒരു കെണിയായി കാണാന്‍ ആത്മാഭിമാനബോധമുള്ള കീഴാളര്‍ക്കും സ്ത്രീകള്‍ക്കും കഴിയേണ്ടതുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയത്തിന് മാത്രമല്ല ഹിന്ദു പ്രൈഡ് ഉപകാരപ്പെടുന്നത്. ഇന്ന് പൊതുമണ്ഡലത്തില്‍ മതേതരവാദികളും ഇടതുപക്ഷങ്ങളും പോലും ഹിന്ദുപ്രൈഡ് ഉള്ളവരാണ്. അതായത് ക്ഷേത്രപുന:രുദ്ധാരണത്തിലൂടെയും ഹിന്ദുവിന്റെ പ്രതാപനഷ്ടം പോലുള്ള കാര്യങ്ങളിലൂടെയും ഉണ്ടായ ഹിന്ദു പ്രൈഡിന്റെ ഉപഭോക്താക്കള്‍ വിശ്വഹിന്ദുപരിഷത് പോലുള്ള സംഘവരിവാര്‍ സംഘടനകള്‍ മാത്രമല്ല. ഇന്നത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒക്കെ ഒരു തരത്തില്‍ ഹിന്ദു അഭിമാനബോധമുള്ളവരാണ്. അതുകൊണ്ടാണ് അവര്‍ പെട്ടെന്ന് തന്നെ ഹിന്ദുത്വത്തിലേക്ക് വഴിമാറിപ്പോവുന്നത്. ഇടതുപക്ഷവും ശോഭയാത്ര പോലുള്ള ഹിന്ദുത്വ ആചാരങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. ഹിന്ദുപ്രൈഡ് ഇടതുപക്ഷ പൊതു ബോധത്തിലേക്കും പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നതാണ് വസ്തുത.

യഥാര്‍ഥത്തില്‍ ഒരു വ്യാമോഹമുണ്ടാക്കലാണ് വിശ്വഹിന്ദു പരിഷത് ചെയ്യുന്നത്. കാരണം ഹിന്ദുത്വത്തിന്റെ ആധാരങ്ങളും അതിന്റെ, മനുഷ്യരില്‍ തന്നെ ശുദ്ധിയുണ്ടെന്നുള്ള ശുദ്ധ-അശുദ്ധി സങ്കല്‍പ്പങ്ങളും ഉള്ളിടത്തോളം കാലം അയിത്ത മുക്തമായ, മതേതര സമൂഹമായി മാറാന്‍ പോവുന്നില്ല. അത് സാമൂഹിക വിപ്ലവങ്ങളിലൂടെയേ മാറുകയുള്ളൂ.

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories