UPDATES

ബിഷപ്പ് ഫ്രാങ്കോ കേസില്‍ നിങ്ങള്‍ക്ക് ആശങ്ക വേണ്ട, കേസ് ഒരു വിധത്തിലും ഇനി അട്ടിമറിക്കപ്പെടില്ല, കന്യാസ്ത്രീകളോട് അന്വേഷക സംഘം

ബിഷപ്പ് ഫ്രാങ്കോ തന്റെ അനുചരന്മാരുടെയും സഭ നേതൃത്വത്തിലെ ചിലരുടെയും പിന്തുണയോടെ എന്നെയും കൂടെ നില്‍ക്കുന്നവരേയും വ്യക്തിഹത്യ ചെയ്യുകയാണ്- മുഖ്യമന്ത്രിക്കുള്ള കത്തില്‍ പരാതിക്കാരി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ യാതൊരു അട്ടിമറിക്കും അവസരമുണ്ടാകില്ലെന്ന് അന്വേഷണസംഘം. കുറവിലങ്ങാട് മഠത്തില്‍ നിന്നുമുള്ള ട്രാന്‍സ്ഫര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു പരാതിക്കാരിയായ കന്യാസ്ത്രീയും അവര്‍ക്കൊപ്പം നില്‍ക്കുന്ന അഞ്ചു കന്യാസ്ത്രീകളും മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്, അത്തരമൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അന്വേഷണ സംഘം തലവനായ വൈക്കം ഡിവൈഎസ്പി സുഭാഷ് ഉറപ്പിച്ചു പറയുന്നത്. തിങ്കളാഴ്ച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം എപ്പോള്‍ സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ഡിവൈഎസ്പി അഴിമുഖത്തോട് വ്യക്തമാക്കി. കേസിന്റെ വിചാരണ എത്രയും വേഗം ആരംഭിക്കണമെന്നു കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ മനഃപൂര്‍വമായ വീഴ്ച്ച വരുത്തുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടയില്‍ കോട്ടയം ബാര്‍ അസോസിയേഷനിലെ അഡ്വ. ജിതേഷ് ജെ ബാബുവിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ജനുവരി ഒമ്പതിന് ഉത്തരവ് ഇറക്കിയിരുന്നു. ഇതോടെ കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കപ്പെടുമെന്ന് പരാതിക്കാരിയടക്കം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, സ്ഥലംമാറ്റം ഉത്തരവുകള്‍ വരുന്നത്. ഇതോടെയാണ് കേസ് അട്ടിമറിക്കുമെന്ന ആശങ്ക കന്യാസ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്നത്. ഈ ആശങ്കയെയാണ് അന്വേഷണ സംഘം അടിസ്ഥാനമില്ലാത്തതെന്നു വിശേഷിപ്പിക്കുന്നത്.

“കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തും. അഞ്ഞൂറോളം പേജ് വരുന്നുണ്ട്. അത് മഴുവന്‍ വായിച്ച് കൂടിയാലോചനകള്‍ നടത്തേണ്ടി വരുന്നതിന്റെതായ ഒരു കാലതാമസമേ ഉണ്ടാകൂ”; ഡിവൈഎസ്പി സുഭാഷ് പറയുന്നു.

“കന്യാസ്ത്രീകള്‍ പറയുന്നതുപോലെ ഇപ്പോഴുണ്ടായിരിക്കുന്ന സ്ഥലംമാറ്റ ഉത്തരവ് കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെടുത്തി ചര്‍ച്ച നടത്തേണ്ടതില്ലെന്നും അന്വേഷണസംഘത്തലവന്‍ അറിയിക്കുന്നു. കേസ് അട്ടിമറിക്കപ്പെടുമെന്ന വാദത്തിന് പ്രസക്തിയില്ല. അന്വേഷണവും പൂര്‍ത്തിയായി, കുറ്റപത്രവും തയ്യറാക്കി, ഇനിയത് കോടതിയില്‍ സമര്‍പ്പിക്കുക മാത്രം മതി. വിചാരണ തുടങ്ങിക്കഴിഞ്ഞാല്‍ കോടതിയില്‍ വന്നു മൊഴി നല്‍കുകയാണ് കന്യാസ്ത്രികള്‍ ചെയ്യേണ്ടത്”; ഡിവൈഎസ്പി വ്യക്തമാക്കുന്നു.

എന്നാല്‍ മുഖ്യമന്ത്രിക്ക് പരാതിക്കാരിയും അവര്‍ക്കൊപ്പം നില്‍ക്കുന്ന കന്യാസ്ത്രീകളും നല്‍കിയ പരാതികളില്‍ ഒരുപോലെ പ്രകടപ്പിക്കുന്ന ആശങ്ക, ഒരുമിച്ചു നില്‍ക്കുന്ന തങ്ങളെ വേര്‍പെടുത്താനാണ് സ്ഥലംമാറ്റമെന്നും ഇത്തരത്തില്‍ തങ്ങള്‍ വേറെ വേറെയിടങ്ങളിലായാല്‍ അത് ബിഷപ്പ് ഫ്രാങ്കോയ്ക്ക് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകമാകും എന്നുള്ളതാണ്. “എല്ലാ അര്‍ത്ഥത്തിലും ശക്തനായ ബിഷപ്പ് ഫ്രാങ്കോ എങ്ങനയെങ്കിലും കേസ് അട്ടിമിറിച്ച് താന്‍ ചെയ്ത കുറ്റത്തിന് ശിക്ഷ കിട്ടാത്തവിധം സ്വതന്ത്രനാകാന്‍ നോക്കുകയാണ്. ഇതിന്റെ ഭാഗമാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റാനുള്ള നടപടി. മാനസികമായും ശാരീരികമായും തങ്ങള്‍ വേട്ടയാടപ്പെടുകയാണ്. ഒരുമിച്ച് നില്‍ക്കുമ്പോഴുള്ള കരുത്ത് ഇല്ലാതാക്കാനാണ് പുതിയ ശ്രമം. ഓരോരുത്തരേയും ഒറ്റപ്പെടുത്തി ദുര്‍ബലരാക്കുക, അതുവഴി കേസ് അട്ടിമറിക്കുക. ബിഷപ്പ് ഫ്രാങ്കോയെ സഹായിക്കാനും അനുസരിക്കാനും സഭയിലും സന്യസ്ത സമൂഹത്തിലും ആളുകളുണ്ട്. അവരുടെ ലക്ഷ്യം വിജയിച്ചാല്‍ ഇതുവരെ നടത്തിയ പോരാട്ടം നിഷ്ഫലമായിപ്പോകും, അതിനാല്‍ ഒരിക്കല്‍ കൂടി എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും നീതി കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്”; പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുഖ്യമന്ത്രിയോടുള്ള അപേക്ഷയുടെ ചുരുക്കം ഇതായിരുന്നു.

എന്നാല്‍ അന്വേഷണം സംഘം പറയുന്നത് കന്യാസ്ത്രീകളുടെ സ്ഥലംമാറ്റവും കുറ്റപത്രം സമര്‍പ്പിക്കലും വിചാരണയുമായി ഒരുതരത്തിലും ബന്ധിപ്പിക്കേണ്ടതില്ലെന്നാണ്. സ്ഥലംമാറ്റം ഉണ്ടായാല്‍ കോടതിയില്‍ എത്താനും മൊഴി നല്‍കാനും ബുദ്ധിമുട്ട് നേരിടുമെന്ന കന്യാസ്ത്രീകളുടെ ഭയം ആവശ്യമില്ലാത്തതാണെന്നും പൊലീസ് പറയുന്നു. “സ്ഥലമാറ്റവും ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കലും തമ്മില്‍ ഒരുബന്ധവുമില്ല. അവര്‍ക്ക് സ്ഥലം മാറ്റത്തില്‍ ആശങ്ക തോന്നുന്നുവെങ്കില്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുക. കേസിന്റെ വിചാരണ തീരുംവരെ സ്ഥലം മാറ്റം അനുവദിക്കരുതെന്ന് ആവശ്യപ്പെടുക. അല്ലാതെ പൊലീസിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല”; ഡിവൈഎസ്പി പറയുന്നു.

മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കീഴിലുള്ള കോട്ടയം കുറവിലങ്ങാട് സ്ഥിതി ചെയ്യുന്ന സെന്റ്. ഫ്രാന്‍സിസ് മിഷന്‍ ഹോമിലാണ് ഇരയായ കന്യാസ്ത്രീയും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന സി. അനുപമ, സി, ജോസഫൈന്‍, സി. ആല്‍ഫി, സി. നീന റോസ്, സി. ആന്‍സിറ്റ എന്നവരും കഴിയുന്നത്. ഇതില്‍ ഇരയായ കന്യാസ്ത്രീയേയും സി. നീന റോസിനെയും ഒഴിച്ച് ബാക്കി നാലുപേരെയും കുറവിലങ്ങാട് നിന്നും സ്ഥലം മാറ്റുന്നതായി അറിയിച്ചാണ് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ സൂപ്പീരയര്‍ ജനറല്‍ സി. റജീന കുടുംതോട്ട് കത്ത് നല്‍കിയിട്ടുള്ളത്. സി. അനുപമയ്ക്ക് പഞ്ചാബിലേക്കും സി. ജോസഫൈന് ജാര്‍ഖണ്ഡിലേക്കും സി. ആല്‍ഫിയ്ക്ക് ബിഹാറിലേക്കും സി. ആന്‍സിറ്റയ്ക്ക് കണ്ണൂരിലേക്കുമാണ് മാറ്റം നല്‍കിയിരിക്കുന്നത്.

ഈ സ്ഥലം മാറ്റം തങ്ങള്‍ക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിലൂടെ തങ്ങളെ തകര്‍ക്കാനാണ് പിന്നില്‍ കളിക്കുന്നവര്‍ ലക്ഷ്യമിടുന്നതെന്നുമാണ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിക്കുന്നത്. “ഞാനിപ്പോള്‍ ജീവിക്കുന്നത് കൂടെനില്‍ക്കുന്ന കന്യാസ്ത്രീകള്‍ പകരുന്ന കരുത്തിലാണ്. മാനസികമായി അവരെന്നെ കരുത്തായാക്കുന്നു, എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നു. അവരുടെ സാന്നിധ്യം എനിക്ക് ഏറെ ആശ്വാസകരമാണ്. മാനസികമായി തകര്‍ന്ന സാഹചര്യത്തിലാണ് ഞാനിപ്പോള്‍, ബിഷപ്പ് ഫ്രാങ്കോയില്‍ നിന്നും ഉണ്ടാകുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ മൂലം ഞാന്‍ ഉള്‍പ്പെടുന്ന സന്യസ്ത സമൂഹത്തിനും പൊതുജനത്തിനും മുന്നില്‍ അപമാനിക്കപ്പെട്ടു നില്‍ക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ തന്റെ അനുചരന്മാരുടെയും സഭ നേതൃത്വത്തിലെ ചിലരുടെയും പിന്തുണയോടെ എന്നെയും കൂടെ നില്‍ക്കുന്നവരേയും വ്യക്തിഹത്യ ചെയ്യുകയാണ്”; പരാതിക്കാരിയായ കന്യാസ്ത്രീ തന്റെ അവസ്ഥ മുഖ്യമന്ത്രിയോട് വെളിപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.

എന്നാല്‍ കേസിന്റെ കാര്യത്തില്‍ ഒരുതരത്തിലുമുള്ള ആശങ്കയും കന്യാസ്ത്രീകള്‍ക്ക് വേണ്ടെന്നാണ് അന്വേഷണസംഘം ആവര്‍ത്തിക്കുന്നത്. “അട്ടിമറിക്കപ്പെടും എന്ന വാക്കേ ഇവിടെ ഉപയോഗിക്കേണ്ടതില്ല. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും അട്ടിമറിക്ക് ഇടനല്‍കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തെളിവുകളൊക്കെ കോടതിയില്‍ കൊടുത്തിട്ടുണ്ട്. ഇനി ചാര്‍ജ് ഷീറ്റ് മാത്രം കൊടുത്താല്‍ മതി. കോടതിയില്‍ കൊടുത്തിരിക്കുന്ന തെളിവുകളൊന്നും ഇനി തിരിച്ചു വാങ്ങാന്‍ പൊലീസിന് അധികാരമില്ല. ഒരു സ്ത്രീയെ ഒരു വ്യക്തി ബലാത്സംഗം ചെയ്തു, അതാണ് കേസ്. അതെങ്ങനെ ഇനി അട്ടിമറിക്കാനാണ്? ഇന്ത്യന്‍ എവിഡന്‍സ് ആക്ട് 114ബി പ്രകാരം പരാതിക്കാരിയായ സ്ത്രീ പറഞ്ഞാല്‍ മതി, തന്നെ ബലാത്സംഗം ചെയ്‌തെന്ന്. അതുമതി. ഇവിടെ പരാതിക്കാരി ഇത്തരമൊരു പരാതി നല്‍കി കഴിഞ്ഞു. വേശ്യാവൃത്തി ചെയ്യുന്ന ഒരു സ്ത്രീയെ അവരുടെ ഇഷ്ടമില്ലാതെ ഒരാള്‍ ബലാത്സംഗം ചെയ്‌തെന്നു പറഞ്ഞാലും ആര്‍ക്കെതിരെയാണോ പരാതി അയാള്‍ അകത്തുപോകും. അതാണ് ഇന്ത്യന്‍ നിയമം. അതുകൊണ്ട് ഈ കേസില്‍ ഏതെങ്കിലും രീതിയില്‍ അട്ടിമറി നടക്കുമെന്ന് ഞങ്ങളുടെ ഭാഗത്തു നിന്നും ഒരാശങ്കയുമില്ല. മറ്റുള്ളവര്‍ക്കും അതിന്റെ ആവശ്യമില്ലെന്നാണ് പറയാനുള്ളത്”, ഡിവൈഎസ്പി സുഭാഷിന്റെ വാക്കുകള്‍.

അന്വേഷണസംഘം ഇത്തരത്തില്‍ ഉറപ്പ് നല്‍കുമ്പോഴും കന്യാസ്ത്രീകള്‍ കടുത്ത ആശങ്കയില്‍ തന്നെയാണെന്നാണ് അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. തങ്ങളെ വേര്‍പ്പെടുത്തുകയെന്നതാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഓരോരുത്തരേയും മാറ്റുകയെന്നതിനു പിന്നില്‍ എന്നവര്‍ ഇപ്പോഴും ഭയക്കുന്നുണ്ട്. ഇത്തരത്തില്‍ മാറ്റപ്പെടുകയാണെങ്കില്‍, സാക്ഷികളായ തങ്ങള്‍ക്ക് കേസിന്റെ വിചാരണ സമയത്ത് കോടതിയിലെത്തി തെളിവുകള്‍ സമര്‍പ്പിക്കുന്നിന് തടസമുണ്ടാകുമെന്നും അത് പ്രോസിക്യൂഷന് തിരിച്ചടിയുണ്ടാക്കുമെന്നും കേസിന്റെ സുഗമമായ വിചാരണയെ ബാധിക്കുകയും നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്നും അവര്‍ ഉത്കണ്ഠപ്പെടുന്നു. ദൂരസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുകയാണെങ്കില്‍ തങ്ങളുടെ ജീവിതം എങ്ങനെയാകുമെന്നത് അപ്രവചനീയമായി തീരുമെന്നും സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കപ്പെടുമെന്നും മാനസികമായും ശാരീരികമായും തകര്‍ത്തു കളയുമെന്നും അവര്‍ പറയുന്നു. നിലവില്‍ തന്നെ കുറവിലാങ്ങാട് മഠത്തില്‍ തങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുന്ന അവസ്ഥയാണുള്ളതെന്നും മഠത്തിലെ സുപ്പീരിയറായ സി. അനിറ്റ് കൂവല്ലൂര്‍ ചികിത്സ ചെലവുകള്‍ ഉള്‍പ്പെടെയുള്ള അവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാനുള്ള സഹായം ചെയ്തു തരുന്നില്ലെന്നും സ്വന്തമായൊരു വരുമാനംപോലുമില്ലാത്തവരാണ് തങ്ങളെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്.

ഇരയായ കന്യാസ്ത്രീയുടെ വാക്കുകളിലും ഈ ആശങ്ക നിറഞ്ഞിട്ടുണ്ട്. “അവരുടെ ലക്ഷ്യം എന്നെ ഒറ്റപ്പെടുത്തുകയും മാനസിക പീഢനത്തിന് ഇരയാക്കുകയുമാണ്. അവരുടെ ഉദ്ദേശം പോലെ നടക്കുകയാണെങ്കില്‍ എന്റെ ജീവിതം അപകടത്തിലാകും. ഞങ്ങള്‍ക്ക് ഇവിടെ മതിയായ സുരക്ഷ ഒരുക്കണമെന്ന പൊലീസിന്റെ ആവശ്യത്തോട് മദര്‍ സുപ്പീരിയര്‍ പ്രതികരിച്ചത് സര്‍ക്കാരിന്റെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേക്ക് ഞങ്ങളെ മാറ്റിക്കോളാനായിരുന്നു. ഇതില്‍ നിന്നുതന്നെ ഞങ്ങളോടുള്ള അവരുടെ മനോഭാവം വ്യക്തമാണ്. ഞങ്ങളെ ഭയത്തിലും ഉത്കണ്ഠയിലും പെടുത്തി ഈ കേസ് അവര്‍ ആഗ്രഹിക്കുന്നതുപോലെ അവസാനിപ്പിക്കാനാണ് നോക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ പോലെ ശക്തനായൊരാളോട് എതിരിടാന്‍ ഞങ്ങള്‍ അശക്തരാണ്. ഞങ്ങളുടെ സാഹചര്യം മനസിലാക്കി, ഈ വിഷയത്തില്‍ ഇടപെടാനും കുറവിലങ്ങാട് മഠത്തില്‍ തന്നെ ഈ കേസ് പൂര്‍ത്തിയാകും വരെയെങ്കിലും തുടരാന്‍ ഞങ്ങളുടെ സുരക്ഷയെ കരുതിയെങ്കിലും അനുവദിക്കണം. കാലതാമസം വരുത്താതെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണം”; എന്നാണ് മുഖ്യമന്ത്രിയോട് അവര്‍ അഭ്യര്‍ത്ഥിക്കുന്നത്.

അന്വേഷണസംഘം ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നു പറയുമ്പോഴും മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരമൊരു ഉറപ്പ് കന്യാസ്ത്രീകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കേസിന്റെ കാര്യത്തില്‍ മാത്രമല്ല, അവരുടെ അവകാശങ്ങളും ജീവനും സംരക്ഷിക്കുന്നതില്‍ കൂടി.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍