TopTop
Begin typing your search above and press return to search.

ജീവിക്കാന്‍ അനുവദിക്കണം; നഗരം വളഞ്ഞ് നഴ്സുമാര്‍; 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

ജീവിക്കാന്‍ അനുവദിക്കണം; നഗരം വളഞ്ഞ് നഴ്സുമാര്‍; 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

കേരളത്തിലെ നഴ്സുമാര്‍ സമരരംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. അടിസ്ഥാന ശമ്പളം ഉയര്‍ത്തുക, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള അവരുടെ ആവശ്യങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ നഴ്‌സുമാര്‍ ഉയര്‍ത്തുന്നവയാണ്. ഭൂമിയിലെ മാലാഖമാര്‍ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങള്‍ക്കപ്പുറം തങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നതാണ് ഇവരുടെ ആവശ്യം. തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്നു വരുന്ന സമരത്തില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ക്ക് ഒട്ടനവധി പ്രശ്‌നങ്ങളാണ് സമൂഹത്തോട് പറയാനുള്ളത്.

സമൂഹത്തിലെ നഴ്‌സുമാര്‍ ഒട്ടനവധി ചൂഷണങ്ങളാണ് നേരിടുന്നത്. പലപ്പോഴും അമിതമായ ജോലിഭാരം ഇവരെ രോഗികളാക്കുന്നു. ജോലിഭാരം മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം നിരവധി പേരെയാണ് ആത്മഹത്യയിലെത്തിച്ചത്. 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന നഴ്‌സുമാര്‍ അതിന് ശേഷവും ഒന്നും രണ്ടും മണിക്കൂറുകള്‍ ജോലി തുടരുന്നത് രോഗികളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത മൂലമാണ്. അധികമായി പ്രതിഫലമില്ലാതെ നഴ്‌സുമാര്‍ ഓവര്‍ടൈം ജോലി ചെയ്യേണ്ടി വരുന്നത് ആശുപത്രികളിലെ നഴ്‌സുമാരുടെ എണ്ണത്തിലെ അപര്യാപ്തതയാണ് കാണിക്കുന്നത്. ഭൂരിഭാഗം നഴ്‌സുമാരും അഞ്ചും ആറും ലക്ഷം രൂപ വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കുന്നത്. പഠിച്ചിറങ്ങുന്നവര്‍ക്ക് അനുഭവസമ്പത്തില്ലെന്നതിനാല്‍ ആറ് മാസത്തോളം ശമ്പളമില്ലാതെ ഒബ്‌സര്‍വറായാണ് ഇവര്‍ ജോലി ചെയ്യേണ്ടി വരുന്നത്. അതിന് ശേഷം വീണ്ടും ഒരു വര്‍ഷത്തോളം ഇവര്‍ക്ക് ട്രെയിനിയായും ജോലി ചെയ്യേണ്ടി വരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒരു സ്വകാര്യ ആശുപത്രിയിലെ ട്രെയിനിക്ക് ശമ്പളമായി ലഭിക്കുന്നത് 6500 രൂപയാണ്. ഈ ട്രെയിനിംഗ് കാലയളവിന് ശേഷമാണ് ഇവരെ നഴ്‌സിംഗ് സ്റ്റാഫായി നിയമിക്കുന്നത്. അപ്പോഴും 8000 രൂപയെന്ന തുച്ഛമായ വേതനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഈ തുക കൊണ്ട് എങ്ങനെയാണ് കുടുംബം പുലര്‍ത്താനാകുന്നത് എന്നാണ് സമരം ചെയ്യുന്ന നഴ്‌സുമാര്‍ ചോദിക്കുന്നത്. വിദ്യാഭ്യാസ വായ്പ അടച്ചു തീര്‍ക്കാനാകാതെ, ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ വൃദ്ധരായ മാതാപിതാക്കളെ അല്ലലില്ലാതെ നോക്കാന്‍ എന്തുചെയ്യുമെന്നതാണ് ഇവരുടെ വേവലാതി. പലരും വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത സാഹചര്യത്തിലാണ്.

ഏഴ് വര്‍ഷത്തെ അനുഭവസമ്പത്തുള്ള നഴ്‌സുമാര്‍ പോലും കേരളത്തില്‍ തുച്ഛമായ ശമ്പളമാണ് പറ്റുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ മുപ്പതിനായിരത്തിനും മുപ്പത്തയ്യായിരത്തിനും ഇടയില്‍ ശമ്പളം വാങ്ങുമ്പോഴാണ് ഇത്. കേരളം ഇപ്പോള്‍ പനിയുടെ ചൂടിലാണ്. തുടര്‍ച്ചയായി പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനാലും പല നഴ്‌സുമാരും വിശ്രമമില്ലാതെ പണിയെടുക്കാന്‍ വിധിക്കപ്പെടുന്നവരാണ്. ഈ സാഹചര്യത്തിലും 13,000 രൂപ മാത്രമാണ് മുതിര്‍ന്ന നഴ്‌സുമാര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്.

അതേസമയം ഈ സാഹചര്യം പല സ്വകാര്യ ആശുപത്രികളും ചൂഷണം ചെയ്യുകയാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അംഗവും സമരക്കാരില്‍ ഒരാളുമായ അഫ്‌സല്‍ പറയുന്നു. പനി രോഗികളില്‍ നിന്നും കണ്‍സള്‍ട്ടേഷന്‍ ഫീസ്, രക്തപരിശോധന ഫീസ്, ലാബ്, ഇസിജി, എക്‌സ്‌റേ, ഐസിയു എന്നിങ്ങനെയുള്ള ഫീസുകള്‍ എല്ലാ ആശുപത്രികളും ഈടാക്കുന്നു. പല രോഗികളും ഒരാഴ്ചത്തോളം ആശുപത്രിയില്‍ കിടന്ന് രോഗം മാറിയതിന് ശേഷം പുറത്തിറങ്ങുമ്പോള്‍ ഒരു ലക്ഷത്തോളം രൂപയാണ് ആശുപത്രി ബില്‍ വരുന്നതെന്ന് അഫ്‌സല്‍ ചൂണ്ടിക്കാട്ടുന്നു. രോഗിയെയും നഴ്‌സുമാരെയും ചൂഷണം ചെയ്യുന്ന ആശുപത്രി അധികൃതര്‍ തഴച്ചുവളരുകയാണ്. പല ആശുപത്രികളും ആരംഭിച്ച് ഒരുവര്‍ഷം തികയുന്നതിന് മുമ്പ് പുതിയ കെട്ടിടങ്ങളും പുതിയ സജ്ജീകരണങ്ങളുമെല്ലാം സ്വന്തമാക്കുന്നത് ഈ വിധത്തില്‍ രോഗികളെയും നഴ്‌സുമാരെയും ചൂഷണം ചെയ്താണ്. അഞ്ചും ആറും നിലകളിലേക്ക് ആശുപത്രി വിപുലീകരിക്കുമ്പോള്‍ അവ വന്‍കിട കോര്‍പ്പറേറ്റുകളായി മാറുകയും സാധാരണക്കാരായ രോഗികള്‍ക്ക് അപ്രാപ്യമാകുകയും ചെയ്യുന്നു. അപ്പോഴും നഴ്‌സുമാരുടെ വേതനത്തിലും ജീവിതനിലവാരത്തിലും യാതൊരു മാറ്റവും സംഭവിക്കുന്നില്ല.

കഴിഞ്ഞദിവസം മന്ത്രിമാരും നഴ്‌സിംഗ് അസോസിയേഷനുകളും തമ്മില്‍ നടത്തിയ ചര്‍ച്ച നഴ്‌സുമാരുടെ കണ്ണില്‍ പൊടിയിടുന്ന നിലപാടായിരുന്നെന്നും അഫ്‌സല്‍ ആരോപിക്കുന്നു. ഏറ്റവും താഴേത്തട്ടിലുള്ള നഴ്‌സുമാരുടെ കുറഞ്ഞ മാസശമ്പളം 20,000 രൂപ ആക്കണമെന്നാണ് സുപ്രിംകോടതി വിധി. എന്നിട്ടും ഇന്നലെ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന ശമ്പളം 17,800 രൂപമാത്രമാണ്. അതും ജിഎന്‍എം, ബിഎസ്‌സി എന്നിങ്ങനെ വേര്‍തിരിച്ചാണെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളിലെ ബെഡിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന് മാറ്റമുണ്ടാകുകയും ചെയ്യുന്നു.

2012ല്‍ ബല്‍റാം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 18,000 അടിസ്ഥാന ശമ്പളം നല്‍കി 23,000 രൂപയാക്കി ശമ്പളം ഉയര്‍ത്തണമെന്നാണ്. എന്നാല്‍ അന്ന് അത് ചെയ്യാതിരുന്ന സര്‍ക്കാര്‍ കേവലം 9800 രൂപ അടിസ്ഥാന ശമ്പളമാക്കി 13,000 രൂപയാക്കുകയാണ് ചെയ്തതെന്ന് സമരക്കാരില്‍ ഒരാളായ ശബരി പറയുന്നു. ഇപ്പോഴത്തെ ചര്‍ച്ചയില്‍ വാഗ്ദാനം ചെയ്യുന്ന 17,800 രൂപ ബല്‍റാം കമ്മിഷന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണെന്നും ശബരി വ്യക്തമാക്കുന്നു. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് 2012-ലെ ജീവിത ചെലവുകളുടെ അടിസ്ഥാനത്തിലാണ്. അഞ്ച് വര്‍ഷംകൊണ്ട് ജീവിത ചെലവിലുണ്ടായ വര്‍ദ്ധനവ് അനുസരിച്ച് 30,000 രൂപ കിട്ടിയാലും ജീവിക്കാനാകാത്ത അവസ്ഥയാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവിലെ ശമ്പളത്തില്‍ നിന്നും 35 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വേതനവര്‍ദ്ധനവ് ഉറപ്പു നല്‍കുന്നത്. കോര്‍പ്പറേറ്റുകളായ ആശുപത്രി മാനേജ്‌മെന്റുകള്‍ പറഞ്ഞതും ഇതേ 35 ശതമാനം ഇത് അംഗീകരിക്കാനാകാത്തതിനാലാണ് തങ്ങള്‍ സമരത്തിനിറങ്ങിയത്. പിന്നെങ്ങനെ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് സമരം അവസാനിപ്പിക്കുമെന്നും ശബരി ചോദിക്കുന്നു.

അന്യസംസ്ഥാനത്തു നിന്നുള്ള ദിവസത്തൊഴിലാളികള്‍ പോലും ആയിരം രൂപയിലധികം ദിനംപ്രതി കൂലിയായി വാങ്ങുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് കിട്ടുന്നത് 350 രൂപ മാത്രമാണെന്ന് ശബരി പറയുന്നു. കൂലിപ്പണി മോശം ജോലിയല്ലെന്ന് അറിയാമെന്നും അതേസമയം ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ടായിപ്പോയതിനാല്‍ എങ്ങനെയാണ് ഇനി കൂലിപ്പണിക്കിറങ്ങുകയെന്നുമാണ് ഇദ്ദേഹത്തിന്റെ ചോദ്യം. ഈ സര്‍ട്ടിഫിക്കറ്റുകളെല്ലാം എടുത്ത് കത്തിച്ച ശേഷം എന്ത് പണിക്കും പോകേണ്ട അവസ്ഥയിലാണ് നഴ്‌സുമാരെന്നും ശബരി വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഒമ്പത് വര്‍ഷമായി ജോലി ചെയ്യുന്ന സുമിത്രയ്ക്ക് ഇപ്പോഴും കിട്ടുന്നത് 10,000 രൂപ മാത്രമാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്തിട്ട് ഒരു മാസം കിട്ടുന്ന ശമ്പളമാണ് ഇതെന്ന് സുമിത്ര ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ജോലിഭാരം മൂലം ഭക്ഷണം കഴിക്കാന്‍ പോലും ഇവര്‍ക്ക് സമയം കിട്ടാറില്ല. സമരത്തില്‍ പങ്കെടുക്കുന്ന നഴ്‌സുമാരോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെയും തങ്ങള്‍ ശക്തമായി തന്നെ പ്രതിഷേധിക്കുമെന്നും സുമിത്ര കൂട്ടിച്ചേര്‍ത്തു. മാനേജ്‌മെന്റുകള്‍ക്ക് പ്രിയപ്പെട്ട രോഗികളെ വീടുകളില്‍ പോയി ഇന്‍ജക്ഷനുകള്‍ എടുക്കാനും ചികിത്സിക്കാനും നഴ്‌സുമാര്‍ നിയുക്തരാകാറുണ്ട്. എന്നാല്‍ യാതൊരു വിധ സുരക്ഷയുമില്ലാതെയാണ് ആംബുലന്‍സില്‍ കയറി തങ്ങള്‍ ഇത്തരം വീടുകളിലേക്ക് പോകുന്നതെന്ന് സുമിത്ര വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന 17,800 രൂപ ശമ്പളത്തില്‍ നിന്നും ഇഎസ്‌ഐ, പിഎഫ് എന്നിവ വെട്ടിക്കുറയ്ക്കും. നിലവില്‍ എല്ലാ വെട്ടിക്കുറയ്ക്കലുകള്‍ക്കും ശേഷം 10,500 രൂപ ശമ്പളം വാങ്ങുന്ന ഒരു നഴ്‌സ് 1500 രൂപയും 350 രൂപ പിഎഫും അടയ്ക്കുന്നുണ്ട്. ശമ്പള പരിഷ്‌കാരം വരുമ്പോള്‍ ഈ തുക ഇനിയും വര്‍ദ്ധിക്കും. അങ്ങനെ നോക്കുമ്പോള്‍ പലര്‍ക്കും നിലവിലുള്ള ശമ്പളത്തേക്കാള്‍ 1000-1500 രൂപ മാത്രമാണ് അധികമായി ലഭിക്കുകയെന്ന് നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ തുച്ഛമായ വര്‍ദ്ധനവിന് വേണ്ടിയല്ല തങ്ങളുടെ സമരമെന്നാണ് ഇവരുടെ നിലപാട്. നഴ്‌സുമാരുടെ ജോലിയുടെ സമയക്രമവും ഏറ്റവും വലിയ ചൂഷണമാണെന്ന് ആരോപണമുണ്ട്. പഠനം പൂര്‍ത്തിയാക്കി ആദ്യകാലങ്ങളില്‍ ആശുപത്രികളില്‍ അനുഭവ സമ്പത്തിന്റെ പേരിലും അന്യസംസ്ഥാനത്ത് പഠിച്ചതിന്റെ പേരിലും പുരുഷ നഴ്‌സുമാരെയും ജോലിയ്‌ക്കെടുക്കാത്ത സാഹചര്യവുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ താന്‍ വാര്‍ക്കപ്പണിക്ക് പോയിരുന്നതായി രതീഷ് എന്ന പുരുഷ നഴ്‌സ് പറയുന്നു. അന്ന് ലഭിച്ചിരുന്ന 700 രൂപ പോലും ഇപ്പോള്‍ നഴ്‌സിംഗ് ജോലിയില്‍ നിന്നും ലഭിക്കുന്നില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

ജോലിയില്‍ പ്രവേശിക്കുന്ന പുതുതായി വിവാഹിതരായ വനിത നഴ്‌സുമാരോട് പ്രസവിക്കരുതെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. ഗര്‍ഭിണിയായാല്‍ ജോലിയില്‍ നിന്നും പിരിഞ്ഞുപോകണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. ഇത് ഏത് തൊഴില്‍ നിയമത്തിന്റെ ഭാഗമാണെന്ന് നഴ്‌സുമാര്‍ ചോദിക്കുന്നു. ഗതികേടുകൊണ്ടാണ് പല നഴ്‌സുമാരും ഇല്ലാത്ത പണമുണ്ടാക്കി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ഇത്തരത്തില്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന പലരും ചതിയില്‍പ്പെട്ടും മറ്റും തിരികെ പോരാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഇവരാരും സ്വന്തം നാട്ടില്‍ ജോലി ചെയ്ത് ജീവിക്കാന്‍ ഇഷ്ടമില്ലാത്തവരല്ല. ഇവിടെ ജോലി ചെയ്താല്‍ ജീവിക്കാനുള്ള വരുമാനം ലഭിക്കില്ലെന്നതാണ് ഇവരെ വിദേശങ്ങളില്‍ ജോലി തേടാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍ തന്നെ കേരളത്തില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരത്തിന് വിദേശത്തെ നഴ്‌സുമാരുടെ വന്‍തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.

17-ാം തിയതി സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കേരളം സ്തംഭിക്കുമെന്നാണ് യുഎന്‍എ നേതൃത്വം പറയുന്നത്. നഴ്‌സുമാരാണ് ആശുപത്രികളുടെ നട്ടെല്ല്. ഒരോ രോഗിക്കും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നത് നഴ്‌സുമാരാണ്. അവര്‍ സമരത്തിനിറങ്ങുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. രോഗികളെ ബുദ്ധിമുട്ടിക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ തങ്ങളെ ഇതിന് നിര്‍ബന്ധിതരാക്കിയതാണെന്നുമാണ് നഴ്‌സുമാര്‍ പറയുന്നത്. മറ്റുള്ളവരെ പോലെ തന്നെ നല്ല വസ്ത്രം ധരിക്കണമെന്നും നല്ല ഭക്ഷണം കഴിക്കണമെന്നും പാര്‍പ്പിടം വേണമെന്നും തങ്ങള്‍ക്കും ആഗ്രമുണ്ടെന്നും നഴ്‌സുമാര്‍ പറയുന്നു.


Next Story

Related Stories