TopTop
Begin typing your search above and press return to search.

ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍

ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍

കേരളത്തിലെ നഴ്‌സുമാര്‍ സമരരംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോള്‍ അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ വര്‍ഷങ്ങളായി അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാര്‍ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങള്‍ കൊടുക്കുന്നതിനപ്പുറം അവരുടെ പ്രശ്‌നങ്ങള്‍ക്കു ചെവികൊടുക്കാനോ അവ പരിഹരിക്കാനോ ഒരു ഭരണകൂടവും തയ്യാറാകുന്നില്ല എന്നിടത്താണ് നഴ്‌സുമാര്‍ സമരം ചെയ്യേണ്ടി വരുന്നത്. യഥാര്‍ത്ഥത്തില്‍ ആരാണ് കേരളത്തിലെ നഴ്‌സുമാരുടെ ആവശ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നത്? എന്താണ് അതിനു കാരണം. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് എന്‍ എ ഇതേക്കുറിച്ച് അഴിമുഖത്തോട് പറയുന്നത് ഇപ്രകാരമാണ്;

നമ്മുടെ നാട്ടില്‍ ചെയ്യുന്ന ജോലിക്ക് ഏറ്റവും തുച്ഛമായ വേതനം കൈപ്പറ്റുന്ന പ്രൊഫഷണലുകള്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം തേടി അധികം ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ഏതൊരു സ്വകാര്യ ആശുപത്രിയുടെയും ഡിസ്ചാര്‍ജ് ബില്ലില്‍ വലിയൊരു തുക എഴുതി ചേര്‍ക്കപ്പെടുന്ന ഒരു കോളമുണ്ട്; 'നഴ്‌സിങ് ചാര്‍ജ്. അവിടെ എഴുതുന്ന സംഖ്യയില്‍ എത്ര ശതമാനം രോഗിയെ ശ്രുശ്രൂഷിച്ച നേഴ്‌സിനു കിട്ടുന്നുണ്ടാവാം? രോഗികളെ കരുണയോടെ പരിചരിക്കേണ്ടത് നേഴ്‌സുമാരുടെ ജോലിയാണ് തീര്‍ച്ചയായും ഒരു സേവനവുമാണ്. എന്നാല്‍ മറ്റ് ഏതൊരു തൊഴില്‍ മേഖലയിലെയും പോലെ തന്നെ ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം കിട്ടാനുള്ള അവരുടെ അവകാശത്തെ 'സേവനം' എന്ന വാക്ക് മറയാക്കി കാലങ്ങളായി ചൂഷണം ചെയ്തു വരികയാണ് ആരോഗ്യരംഗത്തെ സ്വകാര്യ മാനേജ്‌മെന്റുകള്‍.

2011 മുതല്‍ മാന്യമായ ശമ്പളം ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ കേരളത്തിലെ നഴ്‌സുമാര്‍ നടത്തിയിട്ടുണ്ട്. ഈ 6 വര്‍ഷത്തിനിടയ്ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പോലും നഴ്‌സുമാര്‍ക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. എങ്ങുമെത്താതെ പോവുന്ന ചര്‍ച്ചകളുടെ യഥാര്‍ത്ഥ കാരണം എന്താണ്?

2012 ഒക്ടോബറില്‍ രൂപീകരിച്ച ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നഴ്‌സിംഗ് രംഗത്തെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്കുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയതായിരുന്നുവെന്നും എന്നാല്‍ ഈ റിപ്പോര്‍ട്ടോ നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച സുപ്രീം കോടതി വിധിയോ നടപ്പാക്കാന്‍ മാനേജ്‌മെന്റുകളോ സര്‍ക്കാരോ തയ്യാറാവുന്നില്ല .

നഴ്‌സിങ്ങ് രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും നിയോഗിച്ച കമ്മറ്റികള്‍ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരേ കാര്യമാണ്, 'തുല്യ ജോലിക്ക് തുല്യവേതനം'. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ഡോ. എസ്. ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരുടെ സേവനത്തിനു തുല്യമായി സ്വകാര്യ മേഖലയിലെയും നഴ്‌സുമാരുടെ സേവനത്തെ പരിഗണിക്കണം എന്നാണ്. അന്ന് സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 13,900 രൂപ ആയിരുന്നു. അതില്‍ നിന്ന് ആയിരം രൂപ കുറച്ച് 12,900 രൂപ സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളമായി നിജപ്പെടുത്തണം എന്നായിരുന്നു ആ സമിതിയുടെ നിര്‍ദ്ദേശം.

എന്നാല്‍ അന്നത്തെ സര്‍ക്കാരും പിന്നീട് മാറി വന്ന സര്‍ക്കാരും വളരെ വിദഗ്ദ്ധമായി ആ നിര്‍ദ്ദേശം അട്ടിമറിയ്ക്കുകയാണുണ്ടായത്. അതിനവര്‍ ഉപയോഗിച്ച തന്ത്രം നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തെ ആശുപത്രികളിലെ മറ്റ് തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണവുമായി കൂട്ടി കലര്‍ത്തുക എന്നതായിരുന്നു. ഈ മറ്റു ജീവനക്കാര്‍ എന്നു പറയുന്നത് ഹോസ്പിറ്റലിലെ ക്ലീനിങ്ങ്, വാഷിങ്, മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവരാണ്. ഒരു പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ചു യോഗ്യത നേടിയ നഴ്‌സുമാരെ മറ്റ് ജോലിക്കാര്‍ക്കൊപ്പം കണക്കാക്കി മിനിമം ശമ്പളം നിശ്ചയിച്ചു. അങ്ങനെ ഒരു തീരുമാനം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ നഴ്‌സസ് ആസോസിയേഷന്‍ (ഐഎന്‍എ)പ്രതിഷേധിക്കുകയും സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അന്നത്തെ തൊഴില്‍വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ശമ്പള പരിഷ്‌കരണ കമ്മറ്റിയില്‍ ഐഎന്‍എ ഭാരവാഹികളോട് അംഗമാകാന്‍ നിര്‍ദ്ദേശിക്കുകയും മൂന്നു വര്‍ഷത്തിനു ശേഷം ശമ്പള പരിഷ്‌കരണം നടപ്പിലാക്കാം എന്ന് ഉറപ്പുതരുകയും ചെയ്തു. അതനുസരിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ മുറയ്ക്ക് ഐഎന്‍എ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിലേയ്ക്ക് നോട്ടീസ് അയയ്ക്കുകയും തുടര്‍ന്നുള്ള ഞങ്ങളുടെ ശ്രമഫലമായി അന്ന് നിലവിലുണ്ടായിരുന്ന ഐആര്‍സി കമ്മറ്റിയെ മിനിമം വേജസ് കമ്മറ്റിയായി മാറ്റുകയും ആറുമാസത്തിനുള്ളില്‍ കമ്മറ്റി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് 2016 ഫെബ്രുവരി 20 ന് ലേബര്‍ മിനിസ്റ്റര്‍ ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി. എന്നാല്‍ തുടര്‍ന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടയില്‍ കമ്മറ്റിയുടെ മീറ്റിങ്ങുകള്‍ക്ക് മുടക്കം വരികയും ശമ്പള പരിഷ്‌കരണം സംബന്ധിച്ച തെളിവെടുപ്പുകളും തീരുമാനങ്ങളും പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കമ്മറ്റിയുടെ കാലാവധി അവസാനിക്കുകയും ചെയ്തു. അന്ന് മാറി വന്ന സര്‍ക്കാര്‍ ഈ വിഷയം പരിഗണിച്ച് നിലവിലുണ്ടായിരുന്ന കമ്മറ്റിയുടെ കാലാവധി നീട്ടി നല്‍കുന്നതിനു പകരം ആ കമ്മറ്റിയെ പിരിച്ചു വിട്ട് പകരം പുതിയൊരു കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. അങ്ങനെ പുതുതായി നിലവില്‍ വന്ന കമ്മറ്റിയും കാലാവധിക്കുള്ളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. ആ സമീപനം കൊണ്ട് ഏതാണ്ട് ആറു മാസത്തിലധികം നേഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച നടപടികള്‍ തടസ്സപ്പെട്ടു.

ഇതേ തുടര്‍ന്ന് 2017 മാര്‍ച്ച് 20ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അതിനോട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ കേരളത്തിലെ നഴ്‌സുമാര്‍ സമരത്തിലേയ്ക്ക് നീങ്ങുകയാണെന്ന് കാണിച്ചുള്ള നോട്ടീസ് ഐഎന്‍എ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയ്ക്കും തൊഴില്‍ മന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും മെയ് 31 ന് അയച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 15ന് ലേബര്‍ കമ്മീഷണ നറുടെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടത്തുകയും ജൂണ്‍ 27 നകം ഈ വിഷയത്തില്‍ ഒരു തീരുമാനം എടുക്കാമെന്നും അതുവരെ സമരം നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ആ ഉറപ്പും പാലിക്കപ്പെടാതിരുന്നതുകൊണ്ടാണ് ജൂണ്‍ 28 മുതല്‍ സമര രംഗത്തേക്ക് നഴ്‌സുമാര്‍ ഇറങ്ങിയത്. സമരം ആരംഭിച്ചതിനു ശേഷവും സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവത്തോടെ കാണുന്നില്ല. വാഹന പണിമുടക്കും മറ്റ് തൊഴിലാളി സമരങ്ങളും വന്നാല്‍ ഉടനടി ചര്‍ച്ച നടത്തി പരിഹാരം കാണുന്ന സര്‍ക്കാര്‍ നഴ്‌സുമാരുടെ സമരത്തെ പരിഗണിക്കാത്തതിന്റെ പ്രധാന കാരണം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത ട്രേഡ് യൂണിയനുകളുടെ ഇടപെടലുകളാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് പറയപ്പെടുന്ന ഈ സംഘടനകള്‍ കാലങ്ങളായി നഴ്‌സുമാര്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. അത് കൊണ്ടു തന്നെ ഐഎന്‍എ പോലെ നഴ്‌സുമാര്‍ മാത്രം അംഗമായ ഒരു സംഘടനയ്‌ക്കെതിരെ അവര്‍ പരോക്ഷമായി നിലകൊള്ളുന്നത്.

കേരളത്തിലെ ഒട്ടു മിക്ക സ്വകാര്യ ആശുപത്രികളും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് നഴ്‌സിങ് ചാര്‍ജ്ജില്‍ ഏതാണ്ട് മുപ്പത് ശതമാനത്തിലധികം വര്‍ദ്ധനവരുത്തിയിട്ടുണ്ട്. അതില്‍ എത്ര ശതമാനം നഴ്‌സുമാര്‍ക്ക് ലഭിക്കുന്നുണ്ട്? നഴ്‌സുമാര്‍ സമരത്തിലേയ്ക്ക് പോവുമെന്നായപ്പോള്‍ ചില മാനേജ്‌മെന്റുകള്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇപ്പോഴുള്ള ശമ്പളത്തിന്റെ 50 ശതമാനം വരെ വര്‍ദ്ധനവ് തരാം എന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന ശമ്പളത്തിനും എത്ര താഴെയാണ് ആ തുക എന്ന് ഭൂരിഭാഗം നേഴ്‌സുമാര്‍ക്കും അറിയില്ല. സുപ്രീം കോടതി 2016 ജനുവരി 29 നു പുറപ്പെടുവിച്ച ഉത്തരവിന്നെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ ജഗദീഷ് പ്രസാദ് ചെയര്‍മാനായ കമ്മറ്റി നിശ്ചയിച്ചതിന്‍ പ്രകാരമുള്ള ശമ്പള പരിഷ്‌കരണത്തിനായാണ് ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ നിലകൊള്ളുന്നത്, അതല്ലാതെയുള്ള മാനേജ്‌മെന്റുകളുടെ ഒത്തുകളിയുടെ ഭാഗമായ ഒരു നിശ് ചിത ശതമാനം വര്‍ദ്ധന എന്നിങ്ങനെയുള്ള വാഗ്ദാന ളുടെ പേരില്‍ ഈ സമരം അവസാനിക്കുമെന്ന് സര്‍ക്കാരും മാനേജ്‌മെന്റും പ്രതീക്ഷിക്കേണ്ട. എസ്.ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി 200 ബെഡ്ഡില്‍ അധികം ഉള്ള ആശുപത്രികള്‍,, നൂറിനും ഇരുന്നൂറിനും ഇടയ്ക്ക് ബെഡ്ഡുകള്‍ ഉള്ളവ, അന്‍പതിനും നൂറിനും ഇടയ്ക്കുള്ളവ, അന്‍പതില്‍ താഴെ ഉള്ളവ എന്നിങ്ങനെ ആശുപത്രികളെ തരം തിരിച്ച് അതനുസരിച്ച് 27 800 മുതല്‍ 20000 വരെയുള്ള വ്യത്യസ്ത അടിസ്ഥാന ശമ്പളമാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന ശമ്പളം അധികമാണെന്ന മാനേജ്‌മെന്റുകളുടെ വാദം ശരിയല്ല'. ഷിഹാബ് പറയുന്നു.

പത്താം തീയതി നടക്കുന്ന ചര്‍ച്ചയിലും ഉചിതമായ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമര നടപടികളിലേക്ക് നഴ്‌സുമാര്‍ നീങ്ങുമെന്നും പൊതു ജനാരോഗ്യം എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും പകര്‍ച്ച രോഗങ്ങള്‍ പടരുന്നതും ജനങ്ങളുടെ ബുദ്ധിമുട്ടും മനസ്സിലാക്കി നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആരോഗ്യമേഖലയുടെ അറുപത് ശതമാനത്തിലധികം സ്വകാര്യ മാനേജ്‌മെന്റുകളുടെ കീഴിലാണ്. നഴ്‌സിങ് സമരവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളിലുടനീളം ഈ മാനേജ്‌മെന്റിന്റെ പ്രതിനിധികളുടെ നിലപാട് ഏതാണ്ട് ഒന്നു തന്നെയായിരുന്നു. അതായത്, നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന ശമ്പള വര്‍ദ്ധനവ് വളരെ കൂടുതലാണ് അത് നല്‍കണമെങ്കില്‍ രോഗികളില്‍ നിന്ന് അധികം പണം ഈടാക്കേണ്ടി വരും എന്നു തുടങ്ങി കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നു വരെ പറഞ്ഞു വയ്ക്കുന്നു അവര്‍. ഈ ഒരു സാഹചര്യത്തിലാണ്' തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ദയ ജനറല്‍ ഹോസ്പിറ്റല്‍ നഴ്‌സുമാര്‍ക്ക് 50 ശതമാനം ശമ്പള വര്‍ദ്ധനവുമായി മുന്നോട്ട് വന്നത്. സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ എന്ന നിലയില്‍ നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം വളരെ തുച്ഛമാണെന്നും കൂടുതല്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ക്ക് അവര്‍ അര്‍ഹരാണെന്നുമാണ് തങ്ങളുടെ നിലപാടെന്ന് ദയ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.അബ്ദുള്‍ അസീസ് പറയുന്നു.

'ശരാശരി 375 രൂപയാണ് കേരളത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഒരു ദിവസം ലഭിക്കുന്നത്. ആ വേതനത്തിനു ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത് ഒരു പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ച് വിവിധ ട്രെയിനിങ്ങുകള്‍ പൂര്‍ത്തിയാക്കിവരാണ് അതുകൊണ്ട് തന്നെ ശമ്പള വര്‍ദ്ധനവ് എന്ന നഴ്‌സുമാരുടെ ആവശ്യം തികച്ചും ന്യായവുമാണ്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ഷിപ്പ് കമ്മിറ്റി മീറ്റിങ്ങുകളിലും സ്വകാര്യ ആശുപത്രികളുടെ അസ്സോസിയേഷന്‍ മീറ്റിങ്ങുകളിലും ദയ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ ഈ നിലപാട് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതു മാത്രമല്ല ഞങ്ങളുടെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം രണ്ടു തവണയായി ഏതാണ്ട് അന്‍പതു ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇനി സുപ്രീം കോടതി നിര്‍ദ്ദേശിച്ച വേതന വ്യവസ്ഥകളും അംഗീകരിയ്ക്കാന്‍ ഞങ്ങള്‍ തയ്യാറുമാണ്. പക്ഷെ ഒരു ആശുപത്രിയില്‍ മാത്രം അത്തരത്തില്‍ ഒരു വര്‍ദ്ധനവുണ്ടാവുമ്പോള്‍ രോഗികളുടെ കയ്യില്‍ നിന്ന് അധികം ചാര്‍ജ് ഈടാക്കേണ്ടി വരും. മുന്‍പ് പറഞ്ഞ അന്‍പതു ശതമാനം ശമ്പള വര്‍ദ്ധനവ് എന്ന തീരുമാനവുമായി ഞങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ തന്നെ ഇവിടെയുള്ള മറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. പ്രത്യേകിച്ചും െ്രെകസ്തവ സഭയുടെ കീഴിലുള്ള മാനേജ്‌മെന്റുകളുടെ. ചില സാമൂഹ്യ യാഥാര്‍ത്ഥയങ്ങള്‍ മനസ്സിലാക്കാതെയാണ് അവര്‍ പ്രതികരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ സേവനത്തിനു വേണ്ടി മാത്രമുള്ളതല്ല അതൊരു ബിസ്സിനസ്സുമാണ്, നല്ല ശമ്പളം കൊടുത്താല്‍ ജീവനക്കാരുടെ കാര്യക്ഷമത കൂടും അതിന്റെ റിസള്‍ട്ടും നമുക്ക് കിട്ടും. ഇതിലെ ശമ്പളത്തിനനുസരിച്ചുള്ള കാര്യക്ഷമത ഒരു പ്രധാനപ്പെട്ട കാര്യമാണ്. അതു കൊണ്ടു തന്നെ സുപ്രീം കോടതി വിധി പ്രകാരമുള്ള ശമ്പള വര്‍ദ്ധനവ് നടപ്പാക്കണമെങ്കില്‍ നേഴ്‌സുമാരുടെ കാറ്റഗറൈസേഷന്‍ നിര്‍ബന്ധമാണ്. കാരണം ഇന്ന് ഈ തൊഴില്‍ മേഖലയില്‍ ഡിമാന്റിനെക്കാള്‍ അധികമാണ് സപ്ലൈ. യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസരിച്ചുള്ള കാറ്റഗറൈസേഷന്‍ കൊണ്ടുവരാതെ എല്ലാ നേഴ്‌സുമാര്‍ക്കും ഇരുപത്തയ്യായിരമോ മുപ്പതിനായിരമോ കൊടുക്കണമെന്ന് പറയുന്നതില്‍ കാര്യമില്ല. ഉദാഹരണത്തിന് മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളില്‍ പരിശീലനം നേടി വരുന്ന നഴ്‌സുമാരുണ്ട്; ഒന്ന്, ഗവണ്‍മെന്റ് കോളേജുകളില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടി പരിശീലനം പൂര്‍ത്തിയാക്കി വരുന്നവര്‍, കേരളത്തിലെ തന്നെ നല്ല നിലവാരമുള്ള സ്വകാര്യ നഴ്‌സിങ് കോളേജില്‍ പഠിച്ചു വരുന്നവര്‍, മൂന്നാമതായി കേരളത്തിനു പുറത്ത് തീരെ നിലവാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് നഴ്‌സിങ് പഠനം കഴിഞ്ഞു വരുന്നവര്‍. ഇതില്‍ ആദ്യം പറഞ്ഞ രണ്ടു വിഭാഗങ്ങളില്‍പ്പെട്ടവരെ മെച്ചപ്പെട്ട വേതന വ്യവസ്ഥകളില്‍ ആശുപത്രികളില്‍ നിയമിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ മൂന്നാമതു പറഞ്ഞ വിഭാഗം ,അതായത് നാലു വര്‍ഷത്തെ പഠനത്തിനിടയ്ക്ക് ആശുപത്രി പോലും കാണാതെയാണ് അന്യസംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോവുന്ന പല കുട്ടികളും തിരിച്ചു വരുന്നത്. പ്രായോഗിക പരിശീലനം തീരെ ലഭിച്ചിട്ടില്ലാത്ത അവര്‍ക്ക് എങ്ങനെയാണ് ഞങ്ങള്‍ തുല്യവേതനം കൊടുക്കുക? അത്തരക്കാര്‍ക്ക് വേണ്ടി മുന്‍പ് നിലവില്‍ ഉണ്ടായിരുന്ന സിസ്റ്റമായിരുന്നു ട്രെയിനിങ് പിരീഡ്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ ആ ട്രെയിനിങ് സംവിധാനം നിര്‍ത്തലാക്കി. ഇപ്പോള്‍ ഈ വ്യത്യസ്ത നിലവാരമുള്ള നഴ്‌സുമാര്‍ക്കെല്ലാം കൂടി ഒരേ വേതനം കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അത് എങ്ങനെ പ്രായോഗികമാവും?

ഈ പ്രശ്‌നങ്ങളില്‍ വേണ്ട രീതിയില്‍ ഒരു പഠനം സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. ആശുപത്രി മാനേജ്‌മെന്റുകളെയും നഴ്‌സിംഗ് സംഘടനകളെയും പിണക്കാനും സര്‍ക്കാരിനു താത്പര്യമില്ല. ഈ ഒരു സമീപനം കൊണ്ടാണ് നിരവധി ചര്‍ച്ചകള്‍ക്കൊടുവിലും ഈ പ്രശ്‌നത്തിനുള്ള പരിഹാരം ഉരുത്തിരിയാത്തത് '- ഡോ.അബ്ദുള്‍ അസീസ് പ്രതികരിക്കുന്നു.

മാനേജ്‌മെന്റുകളും നഴ്‌സിങ് അസ്സോസിയേഷനുകളും തമ്മില്‍ ഒരു സമവായത്തിലെത്താത്തിടത്തോളം അതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്താത്തിടത്തോളം ആശങ്കയിലാവുന്നത് ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ്. സാമ്പത്തികമായി താഴെത്തട്ടിലുള്ളവര്‍ക്കു പോലും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന കേരളം പോലെയൊരു സംസ്ഥാനത്ത് നിസ്സാരമായി കാണാവുന്ന ഒന്നല്ല സ്വകാര്യ മേഖലയിലെ നഴ്‌സ് സമരം. തങ്ങളുടെ സമരം കൊണ്ട് ആശുപത്രികളുടെ പ്രവര്‍ത്തനം തകരാറിലാവാതെ ഇതു വരെ ശ്രദ്ധിച്ചിരുന്നു എന്ന് നഴ്‌സിങ് സംഘടനകളുടെ ഭാരവാഹികള്‍ ആവര്‍ത്തിച്ചു പറയുന്നു. ആ ഒരു മര്യാദപോലും പരിഗണിക്കാതെ സര്‍ക്കാര്‍ ഈ അവഗണന തുടരുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നും അതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടത്തിന് അവര്‍ തിരഞ്ഞെടുത്ത് വിജയിപ്പിച്ച സര്‍ക്കാരാവും ഉത്തരവാദി എന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു.


Next Story

Related Stories