TopTop
Begin typing your search above and press return to search.

ഓഖി ദുരന്തവും ഓര്‍മ്മിപ്പിക്കുന്നത്; ആ മറൈന്‍ ആംബുലന്‍സ് പദ്ധതി എന്തായെന്നാണ്

ഓഖി ദുരന്തവും ഓര്‍മ്മിപ്പിക്കുന്നത്; ആ മറൈന്‍ ആംബുലന്‍സ് പദ്ധതി എന്തായെന്നാണ്

കടലില്‍ അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികളെ പെട്ടെന്ന് രക്ഷിച്ച് കരയിലെത്തിക്കാന്‍ ഉതകുന്ന മറൈന്‍ ആംബുലന്‍സ് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ട് നാലു വര്‍ഷം പിന്നിട്ടു.

ഓരോ കടല്‍ ദുരന്തമുണ്ടാകുമ്പോഴും പദ്ധതിക്കു വേഗം കൂട്ടുമെന്ന് തുടര്‍ പ്രഖ്യാപനം നടത്തുന്നതല്ലാതെ ജീവന്‍ രക്ഷാ ആംബുലന്‍സ് ഇതുവരെ കടലില്‍ ഇറങ്ങിയിട്ടില്ല. സ്വകാര്യ കമ്പനികള്‍ നല്‍കിയ ടെന്‍ഡര്‍ തുക കൂടുതലാണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പദ്ധതി നീട്ടിക്കൊണ്ടുപോയത്. അവസാനം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലാഭമെടുക്കാതെ ആംബുലന്‍സ് നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞിട്ടും പദ്ധതിയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കടല്‍ വീണ്ടും മത്സ്യത്തൊഴിലാളികളുടെ ജീവനെടുക്കല്‍ തുടരുകയാണ്. ഒരു മറൈന്‍ ആംബുലന്‍സിന് എട്ടുകോടി രൂപയാണ് സ്വകാര്യ കമ്പനികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചതാകട്ടെ രണ്ടു കോടിയും.

56 മുതല്‍ 60 അടിവരെ നീളമുള്ള സറ്റീല്‍ ബോട്ടാണ് ആംബുലന്‍സിനായി ഉപയോഗിക്കുക. 14 നോട്ടിക്കല്‍ മൈല്‍ വേഗത, ഒരു ആംബുലന്‍സില്‍ 10 പേരെ രക്ഷിച്ച് വളരെ പെട്ടെന്ന് കരക്കെത്തിക്കാം, പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം സാധ്യം, കടലില്‍നിന്നു മൃതദേഹങ്ങള്‍ പൊക്കിയെടുക്കാനുള്ള ഉപകരണങ്ങള്‍, വയര്‍ലസ് സാറ്റലൈറ്റ് ഫോണ്‍ സൗകര്യം, പ്രഥമശുശ്രൂഷാ മരുന്നുകള്‍, ഓക്സിജന്‍, സ്ട്രച്ചര്‍, മെഡിക്കല്‍ കിറ്റ്, ജീവന്‍ രക്ഷാപരിശീലനം നേടിയ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍, ഓട്ടോമാറ്റിക് ഫിഷിങ് വെസല്‍ മോണിട്ടറിങ് സംവിധാനം എന്നിവയാണ് ആംബുലന്‍സിന്റെ പ്രത്യേകത

ഓരോ വര്‍ഷവും ഓരോ ആംബുലന്‍സ് കടലിലിറക്കാനായിരുന്നു പദ്ധതി. 2014ല്‍ ആദ്യത്തേത് കടലിലിറങ്ങിയിരുന്നുവെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ അത്യാധുനികമായ നാലു മറൈന്‍ ആംബുലന്‍സുകള്‍ എങ്കിലും കേരള തീരത്തുണ്ടാകുമായിരുന്നു. ഓഖി ദുരന്തത്തില്‍ മരണസംഖ്യ ഉയരുമ്പോഴാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി ഫയലില്‍ ഉറങ്ങിയ മറൈന്‍ ആംബുലന്‍സിന്റെ വില മനസിലാകുന്നത്. 2013-14 ബജറ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി മുന്നോട്ടു വച്ചത്. 2013 ഒക്ടോബര്‍ 28ന് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മൂന്നു കോടി രൂപ വരുന്ന 56 മുതല്‍ 60 അടി വരെ നീളമുള്ള സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച ബോട്ടില്‍ മെഡിക്കല്‍ സൗകര്യം ഒരുക്കുന്നതാണ് മറൈന്‍ ആംബുലന്‍സുകള്‍. ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ പ്രധാന അഞ്ച് ഫിഷിങ് സെന്ററുകളായ വിഴിഞ്ഞം, വൈപ്പിന്‍, കണ്ണൂര്‍, നീണ്ടകര, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബോട്ടുകള്‍ നല്‍കാനാണ് പദ്ധതി. 2013 ഡിസംബറില്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. എന്നാല്‍ സമര്‍പ്പിക്കപ്പെട്ട ടെന്‍ഡറുകള്‍ എല്ലാം തന്നെ ഉയര്‍ന്ന നിരക്കുള്ളതായിരുന്നു.

http://www.azhimukham.com/keralam-ajvijayan-problems-fisheries-sector/

തുടര്‍ന്ന് സര്‍ക്കാര്‍ ടെന്‍ഡറുകള്‍ റദ്ദാക്കി. ഇപ്പോള്‍ ആംബുലന്‍സ് രൂപ കല്‍പ്പന ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനെയാണ്. ഇവര്‍ ഇതിന്റെ പ്രാഥമിക ഘട്ട നടപടികളാണ് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാലതാമസം നേരിടും. നീണ്ടകരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചപ്പോള്‍ സര്‍ക്കാര്‍ ഉടന്‍ മറൈന്‍ ആംബുലന്‍സ് വാങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നിയമസഭയില്‍ പറഞ്ഞതാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. കേരളാതീരത്തു നിന്ന് 3400 ബോട്ടുകളും 2000 ഇരട്ട എന്‍ജിന്‍ ബോട്ടുകളും മത്സ്യബന്ധനം നടത്തുന്നുവെന്നാണ് കണക്ക്. കടല്‍ക്ഷോഭവും മോശം കാലാവസ്ഥയും മൂലമുള്ള അപകടം പതിവാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന മറൈന്‍ എന്‍ഫോഴ്സ്മെന്റിന് പഴഞ്ചന്‍ ബോട്ടുകളാണുള്ളത്.

ശക്തിയേറിയ തിരകളെ മുറിക്കാന്‍ കഴിയാത്ത ഈ ബോട്ടുകളുടെ പരമാവധി വേഗത മണിക്കൂറില്‍ എട്ടു കിലോമീറ്ററാണ്. ഉള്‍ക്കടലില്‍ ഒരു അപകടമുണ്ടായാല്‍ 10 മണിക്കൂര്‍ എങ്കിലും വേണ്ടി വരും മത്സ്യത്തൊഴിലാളികളെ കരക്കെത്തിക്കാന്‍. ഇവരെ ഏതെങ്കിലും ബോട്ടില്‍ കരക്കെത്തിക്കുകയാണ് പതിവ്. പ്രഥമശുശ്രൂഷക്കുള്ള സൗകര്യങ്ങള്‍ ഈ ബോട്ടുകളില്‍ ഉണ്ടാകില്ല. അതിനാല്‍ കരയില്‍ എത്തുമ്പോഴേക്കും അപകടത്തില്‍ പെട്ടവരുടെ സ്ഥിതി വഷളായിരിക്കും.


Next Story

Related Stories