TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ ഇനിയും കണ്ണടച്ചാല്‍ 71 കുട്ടികള്‍ പഠിക്കുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിന് പൂട്ടുവീഴും

സര്‍ക്കാര്‍ ഇനിയും കണ്ണടച്ചാല്‍ 71 കുട്ടികള്‍ പഠിക്കുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിന് പൂട്ടുവീഴും
സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വൈകുന്നതിനാല്‍ വയനാട് തവിഞ്ഞാല്‍ 44-ലെ ഏകാധ്യാപക സ്‌കൂളിന്റെ ഭാവി അനശ്ചിതത്വത്തിലേക്ക്. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളടക്കം എഴുപതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളിന്റെ ഭാവി ഇതോടെ അവതാളത്തിലാവുകയാണ്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റ കാലത്ത് വിദ്യാഭ്യാസ വകുപ്പ് ഈ സ്‌കൂള്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളാക്കി മാറ്റാന്‍ ആലോചിച്ചതുമാണ്. എന്നാല്‍ നടപടികള്‍ എങ്ങുമെത്തിയില്ല.

തവിഞ്ഞാല്‍ 44-ലെ തേയില തോട്ടത്തിനോട് ചേര്‍ന്ന സ്‌കൂള്‍ 1941-ലാണ് സ്ഥാപിതമായത്. പാരിസണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റ കീഴിലായിരുന്ന സ്‌കൂള്‍ പിന്നീട് നാട്ടുകാര്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇന്ന് ഈ സ്‌കൂള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും നടത്തുന്ന പ്രയത്‌നത്തിന് അമ്പത് വര്‍ഷം പിന്നിട്ടു കഴിഞ്ഞു.

'അധികൃതരുടെ അനാസ്ഥ മൂലം സ്‌കൂളിന്റെ ഭാവി ഇരുളടയുന്നത് വേദനാജനകമാണ്. ആദിവാസിക്കുട്ടികള്‍ക്കും എസ്‌റ്റേറ്റ് തൊഴിലാളികളുടെ മക്കള്‍ക്കുമെല്ലാം ഈ സ്‌കൂള്‍ ഒരാശ്വാസം തന്നെയാണ്. സൗകര്യങ്ങള്‍ കുറവാണെങ്കിലും മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം അവര്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. ഇവിടെ നിന്ന് അടുത്ത പ്രധാന സ്‌കൂളിലേക്ക് എത്തണമെങ്കില്‍ മൂന്ന് കിലോമീറ്ററും സഞ്ചരിക്കേണ്ടതുമുണ്ട്. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും ഈ സ്‌കൂള്‍ സംരക്ഷിക്കണം. കഴിഞ്ഞ കാലങ്ങളില്‍ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടേയും പിന്തുണ സ്‌കൂളിനുണ്ടായിരുന്നു. ഇനിയും അത് തുടര്‍ന്ന് മികച്ച നിലവാരത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. നിലവില്‍ ക്ലാസ് മുറികള്‍ക്കും കെട്ടിടങ്ങള്‍ക്കും സ്ഥലപരിമിതി ഉണ്ടെങ്കിലും ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ഇല്ല എന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തിരുവനന്തപുരം ഓഫീസില്‍ നിന്ന് സാക്ഷ്യപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കിയതാണ്. ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. എന്നിട്ടും അധികൃതര്‍ ഈ വിദ്യാലയത്തെ തഴയുന്നതെന്തിനാണെന്ന് ഇനിയും മനസ്സിലാവുന്നില്ല
- സ്‌കൂളിലെ മുന്‍ അധ്യാപകനായ ജോര്‍ളി ജോയ് പറയുന്നു.

സ്‌കൂള്‍ ഏറ്റെടുത്ത് ഗവ. എല്‍.പി സ്‌കൂളായി മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പ് തീരൂമാനിച്ചതിന് ശേഷം അരയേക്കര്‍ സ്ഥലം ഏറ്റെടുത്ത് മറ്റ് നടപടികള്‍ വേഗത്തിലാക്കാനും പൂര്‍ത്തീകരിക്കാനും പഞ്ചായത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ പഞ്ചായത്തോ അധികൃതരോ തയ്യാറായില്ല. ഇത്ര കാലമായിട്ടും സ്‌കൂളിനായി പഞ്ചായത്ത് ആകെ നല്‍കിയത് ബാത്ത്‌റൂം സൗകര്യം മാത്രമാണ്. പാരിസണ്‍ എസ്റ്റേറ്റ് സ്‌കൂള്‍ പൂട്ടിയപ്പോള്‍ നാട്ടുകാരാണ് ഏറ്റെടുത്ത് നടത്തിയത്. പിന്നീട് സ്‌കൂള്‍ എസ്.എസ്.എ ഏറ്റെടുക്കുകയും മുന്നോട്ടു കൊണ്ടു പോകാതെ പദ്ധതി അവസാനിപ്പിക്കുകയും ചെയ്തതോടെ സ്‌കൂള്‍ നിയന്ത്രണം പൊതുവിദ്യാഭ്യാസ വകുപ്പ് ഭാഗികമായാണ് നിയന്ത്രിക്കുന്നത്. ഒപ്പം തന്നെ 67 സെന്റ് സ്ഥലം സ്‌കൂളിനുള്ളതായാണ് പാരിസണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സ്‌കൂള്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലമൊഴികെ ബാക്കി മുഴുവന്‍ സ്ഥലത്തും തേയില കൃഷിയാണ് ഇപ്പോഴുള്ളത്.'നിലവില്‍ പാരിസണ്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആദ്യം എസ്റ്റേറ്റ് മാനേജ്‌മെന്റായിരുന്നു അധ്യാപര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. എന്നാല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഇത്തരം കാര്യങ്ങള്‍ അവതാളത്തിലായി. ഒരു വിധത്തിലുമുള്ള സൗകര്യങ്ങള്‍ ഇനിയും കുട്ടികള്‍ക്കായി ഏര്‍പ്പാടാക്കിയില്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണ്. ഇടക്ക് സര്‍ക്കാര്‍ ഫണ്ട് 50 ലക്ഷം രൂപ പാസായി എന്നു പറഞ്ഞതാണ്. എന്നാല്‍ ആ പണം ലാപ്‌സായി പോയി എന്നാണ് അധികൃതര്‍ പറയുന്നത്. അതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. കുട്ടികള്‍ക്കായി ആകെ ലഭിക്കുന്നത് അരി മാത്രമാണ്. പച്ചക്കറികള്‍ ഞങ്ങള്‍ പണം പിരുവെടുത്ത് മേടിച്ചും വീട്ടിലും സ്‌കൂള്‍ പരിസരങ്ങളിലും നട്ടു വളര്‍ത്തിയുമാണ് കണ്ടെത്തുന്നത്. ഏത് വിധേനയും ഈ കാര്യങ്ങള്‍ അധികൃതര്‍ ഗൗരവമായെടുത്ത് ഈ ചരിത്ര വിദ്യാലയത്തിന്റെ ഭാവി ശോഭനമാക്കണം എന്നുള്ള അപേക്ഷയാണ് ഞങ്ങള്‍ക്കുള്ളത്
.'- പിടിഎ പ്രസിഡന്റ് സിഎം പ്രസാദ് പറഞ്ഞു. പാരിസണ്‍ മാനേജ്‌മെന്റാണ് നടത്തിപ്പ് കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് പറയുമ്പോളും നാലിലധികം പേരുടെ ഓഹരിയാണ് സ്‌കൂളിന് ഉള്ളത്. അതും കാര്യങ്ങളെ ഏകോപിപ്പിച്ചുള്ള തീരുമാനത്തെ വൈകിപ്പിക്കുന്നുണ്ട്.

മള്‍ട്ടിപ്പില്‍ ലേണിംഗ് സിസ്റ്റം തുടരുന്ന ഈ ബദല്‍ സ്‌കൂളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി പഠിച്ചിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പഠിക്കുന്നതിലധികവും എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ്.
'നിരവധി മാസങ്ങള്‍ ഞങ്ങള്‍ ശമ്പളമില്ലാതെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും ശമ്പളമില്ലാതെ ഞങ്ങള്‍ തുടരുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. അതിന് ശേഷം കുറച്ച് ശമ്പളം ലഭിച്ചെങ്കിലും മേയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. 170 രൂപ ദിവസ വേതനത്തില്‍ ജോലി ആരംഭിച്ചതാണ് ഞങ്ങള്‍. ഇന്നും തുച്ഛമായ വരുമാനമേ ഞങ്ങള്‍ക്ക് ലഭിക്കുന്നുള്ളു. പ്രധാനാധ്യാപികയുടെ ജോലിയും ഞങ്ങളാണ് ചെയ്യുന്നത്. രാവിലെ ജോലിക്ക് എത്തി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനായി ആയയെ അടുക്കളയില്‍ സഹായിച്ചിട്ടാണ് ഞങ്ങള്‍ ജോലി തുടങ്ങുന്നത്. എന്നിട്ടും ഈ സ്‌കൂളിനും ഞങ്ങള്‍ക്കും എന്നും അവഗണന മാത്രമെ ഉള്ളു
- അധ്യാപിക രമ്യ പറയുന്നു.

കുട്ടികള്‍ക്ക് ഒന്ന് ഓടിക്കളിക്കാന്‍ മൈതാനം പോലും ഇവിടെയില്ല. എസ്‌റ്റേറ്റ് മാനേജ്‌മെന്റില്‍ നിന്ന് അരയേക്കര്‍ സ്ഥലമെങ്കിലും പഞ്ചായത്ത് ഏറ്റെടുത്താല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളായി ഇതു മാറ്റാാന്‍ കഴിയും. എന്നാല്‍ ഇതിനായി വിദ്യാഭ്യാസ വകുപ്പ് പല തവണ കത്ത് നല്‍കിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇനിയും ഉണ്ടായിട്ടില്ല. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിനെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നാണ് ഇപ്പോളും നാട്ടുകാരുടെ പ്രതീക്ഷ.

Next Story

Related Stories