Top

കോഴിക്കോട് ഒലായ്‌ക്കെതിരെ പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍; പിടിച്ചു നില്‍ക്കാനുള്ള ശ്രമമെന്ന് ഇരുകൂട്ടരും

കോഴിക്കോട് ഒലായ്‌ക്കെതിരെ പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍; പിടിച്ചു നില്‍ക്കാനുള്ള ശ്രമമെന്ന് ഇരുകൂട്ടരും
പരമ്പരാഗത ടാക്‌സി തൊഴിലാളികളും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഡ്രൈവര്‍മാരും തമ്മിലുള്ള വാക്കേറ്റങ്ങളും അക്രമസംഭവങ്ങളും കോഴിക്കോട് ജില്ലയില്‍ തുടര്‍ക്കഥയാണ്. രണ്ടു വര്‍ഷത്തോളമായി ഇടക്കിടെയുള്ള ഇത്തരം സംഭവങ്ങള്‍ക്കു സമാനമായി, കഴിഞ്ഞ ദിവസം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവച്ച് ഒലാ ടാക്‌സിയുടെ ടയറിന്റെ കാറ്റ് സിഐടിയു പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടതോടെ, ടാക്‌സി പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. തൊഴില്‍ ചെയ്യാനുള്ള സാഹചര്യവും സുരക്ഷയും നഷ്ടപ്പെടുന്നതായാണ് ഇരുവിഭാഗം ടാക്‌സിക്കാരുടെയും പരാതി.

എറണാകുളവും തിരുവനന്തപുരവുമടക്കമുള്ള നഗരങ്ങളില്‍ വളരെപ്പെട്ടെന്ന് പ്രചാരത്തില്‍ വന്ന ഓണ്‍ലൈന്‍ ക്യാബുകള്‍ കോഴിക്കോട് ജില്ലയില്‍ പച്ചപിടിക്കാതെ പോയതിനു പിന്നിലെ വലിയൊരു കാരണം നഗരത്തിലെ ഓട്ടോ - ടാക്‌സി ജീവനക്കാരുടെ കടുത്ത പ്രതിഷേധമാണ്. പിടിച്ചു നില്‍ക്കാനാകാതെ മിക്ക ക്യാബ് സര്‍വീസുകളും പിന്‍വാങ്ങിയെങ്കിലും, ഇപ്പോഴുമവശേഷിക്കുന്ന വളരെക്കുറച്ചു ഡ്രൈവര്‍മാര്‍ക്കും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. പരമ്പരാഗത ടാക്‌സി തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന എതിര്‍പ്പുകാരണം കോടതിയെ വരെ സമീപിക്കേണ്ടി വന്നതായി ഒലാ അടക്കമുള്ള സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. അതേ സമയം, 'തങ്ങളുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാക്കി മറ്റൊരു കുത്തക വ്യവസായം നിലവില്‍ വരേണ്ടെ'ന്ന കടുംപിടിത്തത്തിലാണ് ടാക്‌സിക്കാര്‍.

ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരത്തിലിറങ്ങുന്നതിന് ഒരു ട്രേഡ് യൂണിയനും എതിരല്ലെന്ന് ജില്ലാ ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ സേതുമാധവന്‍ പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വാഹനമോടിക്കണമെന്നു മാത്രമാണ് തങ്ങളുടെയാവശ്യമെന്നും പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരുടെ ജോലി തന്നെ ഇല്ലാതെയാക്കുന്ന നീക്കങ്ങള്‍ അനുവദിക്കില്ലെന്നുമാണ് യൂണിയന്റെ പക്ഷം. "ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ലൈസന്‍സ് ഒക്കെ ഇഷ്യൂ ചെയ്യണ്ടതല്ലേ? ഇതൊന്നും ഇവിടെ ഓടുന്നവര്‍ക്കില്ല. പൊതുവേ ചാര്‍ജ് കുറച്ച് വാങ്ങി ഓടിയിട്ട്, പീക്ക് ടൈം എന്നു ചില പ്രത്യേക സമയങ്ങള്‍ രേഖപ്പെടുത്തി ആ സമയത്തെല്ലാം അധികതുക ഈടാക്കുന്നുണ്ട് ഇവര്‍. ഓട്ടം വിളിക്കുന്നവര്‍ അതു ശ്രദ്ധിക്കുന്നില്ല",
അവര്‍ പറയുന്നു.

ഏഴു ലക്ഷത്തിലധികം ആളുകളാണ് പരമ്പരാഗത ടാക്‌സി തൊഴിലാളികളായി കേരളത്തില്‍ ജോലി നോക്കുന്നത് എന്നാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്ന കണക്കുകള്‍. 1200-ഓളം ടൂറിസ്റ്റ് വാഹനങ്ങള്‍ കോഴിക്കോട് സിറ്റി പരിധിയില്‍ മാത്രം ഓടുന്നുണ്ട്. സിസിയുള്ള ഓട്ടോറിക്ഷകളുടെ എണ്ണം 4337 ആണ്. ഓണ്‍ലൈന്‍ സര്‍വീസുകള്‍ ജനപ്രീതിയാര്‍ജ്ജിച്ചാല്‍ നഗരത്തിലെ ഇത്രയേറെ തൊഴിലാളികളുടെ ജീവിതത്തെത്തന്നെ അതു പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ഇവരുടെയെല്ലാം ആശങ്ക. റെയില്‍വേ സ്‌റ്റേഷന്‍, ലിങ്ക് റോഡ്, മെഡിക്കല്‍ കോളേജ്, സ്‌റ്റേഡിയം ജംങ്ഷന്‍ എന്നിവിടങ്ങളിലെ ടാക്‌സി സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് ജോലി നോക്കുന്ന ഇവര്‍ക്ക് ചെറുതല്ലാത്ത ആഘാതമാണ് എവിടെ വേണമെങ്കിലും പിക്ക്-അപ്പ് പോയിന്റുകള്‍ നിര്‍ദ്ദേശിക്കാവുന്ന ഓണ്‍ലൈന്‍ സര്‍വീസുകള്‍ ഉണ്ടാക്കുക എന്നത് വ്യക്തവുമാണ്.

ഇക്കാര്യത്തോട് വളരെ വൈകാരികമായിത്തന്നെയാണ് ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതികരിക്കുന്നതും. "കണ്ടില്ലേ സ്റ്റാന്‍ഡില്‍ വണ്ടികളൊക്കെ നിര്‍ത്തിയിട്ടിരിക്കുന്നത്? അല്ലെങ്കില്‍ത്തന്നെ ഓട്ടമില്ല. എറണാകുളത്തൊക്കെ ഉള്ളതു പോലെ ആയിരക്കണക്കിന് ഒലാ ക്യാബുകള്‍ കൂടി ഓടിത്തുടങ്ങിയാല്‍ എന്താകും അവസ്ഥ? ഞങ്ങള്‍ക്കു കുടുംബം നോക്കാനും കുട്ടികളെ പഠിപ്പിക്കാനും വേറെ വഴിയില്ല. നോക്കിക്കൊണ്ടു നില്‍ക്കുമ്പോള്‍ നമ്മുടെ ജോലി മറ്റുള്ളവര്‍ കൊണ്ടു പോയാല്‍ ഇങ്ങനെ പ്രതികരിക്കാനേ പറ്റൂ. '86 തൊട്ട് ഈ പണി ചെയ്യുന്നവരാണ് ഞങ്ങളൊക്കെ. വിദേശ കമ്പനികള്‍ക്കു മുന്നില്‍ ജോലി നഷ്ടപ്പെടുത്താന്‍ വയ്യ",
മെഡിക്കല്‍ കോളേജ് സ്റ്റാന്‍ഡിലെ അനില്‍കുമാറിന് തൊഴില്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഏറെയാണ്.

"ബാഡ്ജ് പോലുമില്ലാതെ ഓടുന്നവരാണ് ഇത്തരം ഓണ്‍ലൈന്‍ ഡ്രൈവര്‍മാരില്‍ അധികവും. പ്ലസ്ടൂ പാസ്സാകുമ്പോഴേക്കും ലൈസന്‍സ് എടുക്കുന്ന ചെറിയ കുട്ടികളാണ് മിക്കപ്പോഴും ഇവരുടെ ജോലിയെടുക്കുന്നത്. വര്‍ഷങ്ങളായി ഈ തൊഴില്‍ ചെയ്യുന്ന ഡ്രൈവര്‍മാരുടെ പരിചയസമ്പന്നത ഇവര്‍ക്കുണ്ടാകില്ല. സ്റ്റാന്‍ഡിലുള്ള ഞങ്ങള്‍ അങ്ങനെയല്ല. ഞങ്ങള്‍ക്കൊരു അഡ്രസ്സുണ്ട്. യാത്രക്കാരുടെ ബാഗ് എടുക്കുന്നതടക്കമുള്ള പണികള്‍ ചെയ്യുന്നവരാണ് ഞങ്ങളെല്ലാം"
, ടാക്‌സി ഡ്രൈവറായ നന്ദന്‍ പറയുന്നു. പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍ക്കു പറയാന്‍ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടെങ്കിലും, ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ കോഴിക്കോടു ജില്ലയില്‍ നേരിടുന്നത് അതിക്രമങ്ങളുടെ പരമ്പരയാണ്. അക്കാര്യം ഇരുകൂട്ടരും നിഷേധിക്കുന്നില്ല. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനില്‍വച്ചുണ്ടായ സംഭവത്തെക്കുറിച്ച് ഒലാ ക്യാബ് ഡ്രൈവറായ സന്തോഷ് പറയുന്നതിങ്ങനെ: "ഇന്നലെ രാവിലെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബുക്കിംഗ് കിട്ടി ഞാന്‍ വണ്ടിയുമായി ചെല്ലുന്നത്. എന്‍.ഐ.ടിയിലെ കുട്ടികളായിരുന്നു. സിഐടിയു നേതാവും റെയില്‍വേ സ്റ്റേഷന്‍-ലിങ്ക് റോഡ് പരിസരങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം ടാക്‌സി ഡ്രൈവര്‍മാരും ചേര്‍ന്ന് വണ്ടി തടയുകയും അസഭ്യം പറയുകയുമായിരുന്നു. വണ്ടിയിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തി. ടയറിന്റെ കാറ്റും അഴിച്ചുവിട്ടു. ഒലാ ക്യാബിന്റെ സ്റ്റിക്കര്‍ എന്റെ വണ്ടിയുടെ മേല്‍ ഉണ്ടായിരുന്നു. അതു പറിച്ചുകളഞ്ഞു, എന്നിട്ട് ചാവി കൊണ്ട് വണ്ടിയുടെ മുകളില്‍ മുഴുവന്‍ വരയിട്ടു. സൗത്ത് എ.സി.പിയെ വിളിച്ചതിനു ശേഷമാണ് അവിടെ നിന്നും പോന്നത്. ഇതിന്റെ തലേദിവസം തന്നെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകാര്‍ക്കെതിരെ സമരം നടക്കുന്നതായി അറിഞ്ഞതു കാരണം ബന്ധപ്പെട്ട അധികാരികളുമായി നേരത്തേ സംസാരിച്ചിരുന്നു. ഇനി പ്രശ്‌നങ്ങളുണ്ടാവില്ലെന്നും എല്ലാവിധ സുരക്ഷയും ഞങ്ങള്‍ക്കൊരുക്കുമെന്നും എ.സി.പി അടക്കമുള്ള അധികൃതര്‍ ഉറപ്പു തന്നിട്ടുണ്ട്."


തന്റെ വണ്ടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരിസരത്തുള്ള ട്രാഫിക് പൊലീസുകാര്‍ പോലും സ്ഥലത്തു നിന്നും മാറി നിന്നെന്നും, എല്ലാവരും പിരിഞ്ഞുപോയ ശേഷം മാത്രം തന്റെയടുത്തെത്തി വണ്ടി മാറ്റിയിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും സന്തോഷിന് പരാതിയുണ്ട്. ഓണ്‍ലൈന്‍ ടാക്‌സികള്‍ നഗരത്തില്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന കടുംപിടിത്തമാണ് അക്രമങ്ങള്‍ക്കു കാരണമെന്നു പറയുന്ന സന്തോഷിന് ഇത് ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവമല്ല.
"റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തു നിന്നു തന്നെ ഏഴോ എട്ടോ തവണ എന്റെ വണ്ടി ഇവര്‍ തടഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി ഓടാന്‍ സമ്മതിക്കില്ല എന്നു തന്നെ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി കോഴിക്കോട്ട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിച്ചിട്ട്. ഇക്കാലത്തിനിടെ എത്രയോ തവണ വണ്ടികളുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടിട്ടുണ്ട്. ഞങ്ങള്‍ പരാതി കൊടുക്കുമ്പോഴെല്ലാം പൊലീസ് ഇടപെട്ട് ഇരുകൂട്ടര്‍ക്കും വാണിംഗ് തന്നുവിടും. ഇതു തന്നെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്."


ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ, ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഡ്രൈവര്‍മാരുടെ യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കും നഗരത്തില്‍ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകണം, അതിനു വേണ്ട സുരക്ഷയൊരുക്കണം എന്നെല്ലാമായിരുന്നു വിധിയിലെ പരാമര്‍ശങ്ങള്‍. ഓണ്‍ലൈന്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടാല്‍ പൊലീസിന്റെ സംരക്ഷണം ഉറപ്പുവരുത്താനും ഇതുവരെ അവര്‍ നല്‍കിയ കേസുകളില്‍ എടുത്ത നടപടികളുടെ വിവരങ്ങള്‍ രണ്ടുമാസത്തിനകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്ന വിധി നടപ്പില്‍ വരുത്താന്‍ ഇതേവരെ സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു. അതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുകയും, അതിലും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി കോടതി കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, തൊഴില്‍മേഖലയില്‍ സുരക്ഷ നഷ്ടപ്പെടുന്ന ഘട്ടത്തില്‍ ഏതൊരാളില്‍ നിന്നുമുണ്ടാകുന്ന വൈകാരിക പ്രതികരണമായേ ഈ അതിക്രമങ്ങളെ കാണേണ്ടതുള്ളൂ എന്നാണ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരുടെ വാദം. "സ്റ്റാന്റുകളില്‍ തൊഴിലില്ലാതെയിരിക്കുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ മുന്നില്‍ വച്ച് ഇവര്‍ പകുതി തുകയ്ക്ക് ആളെ കയറ്റിയാല്‍ സ്വാഭാവികമായും ഇങ്ങനെ പ്രതികരിച്ചു പോകില്ലേ. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്."


കോഴിക്കോടു ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ താരതമ്യേന കുറവാണെങ്കിലും, യൂണിയനില്‍ അംഗങ്ങളായിട്ടുള്ളവര്‍ തന്നെ അറുപത്തഞ്ചു പേര്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതിനു പുറമേ സര്‍വീസിലുള്ള പതിനഞ്ചോളം വണ്ടികള്‍ വേറെയുമുണ്ട്. ആവശ്യക്കാര്‍ പൊതുവേ കുറവായതു കാരണം രാത്രി സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുള്ളതായും ഇവര്‍ പറയുന്നു. ജില്ലയ്ക്കു പുറത്തു നിന്നും എത്തുന്നവരാണ് ഒലാ പോലുള്ള ക്യാബ് സര്‍വീസുകള്‍ കൂടുതലായും ആശ്രയിക്കാറ്. റെയില്‍വേസ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഇത്തരം വാക്കേറ്റങ്ങള്‍ അധികമായി ഉണ്ടാകുന്നതിനു കാരണവുമിതുതന്നെ. പല കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ട്രാവല്‍ അലവന്‍സ് ആവശ്യങ്ങള്‍ക്കായി ഒലാ-ഊബര്‍ ബില്ലുകള്‍ മാത്രം സ്വീകരിക്കുന്ന അവസ്ഥയുണ്ടെന്നും ഓണ്‍ലൈന്‍ സര്‍വീസ് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍വീസ് തുടങ്ങിയ കാലത്ത് ഇരുന്നുറോളം വണ്ടികളാണ് കോഴിക്കോട് ജില്ലയില്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ അറ്റാച്ച് ചെയ്തിരുന്നത്. പരമ്പരാഗത ടാക്‌സി തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇക്കാലയളവില്‍ ധാരാളം ഡ്രൈവര്‍മാര്‍ കോഴിക്കോടു വിട്ട് എറണാകുളവും തിരുവനന്തപുരവും പോലുള്ള നഗരങ്ങളിലേക്കു ചേക്കേറിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കാരണവും ഓട്ടത്തില്‍ പൊതുവേയുള്ള കുറവു കാരണവും മിക്ക ഡ്രൈവര്‍മാരും നഷ്ടത്തിലാണെങ്കിലും, ഓണ്‍ലൈന്‍ സര്‍വീസിന് നഗരത്തില്‍ ദൃശ്യത കിട്ടാനായി ജോലി തുടരുക തന്നെയാണെന്ന് സന്തോഷ് പറയുന്നു. "
ഞങ്ങളുടെ കൂട്ടത്തില്‍ മിക്കപേരും സ്വന്തം വണ്ടി തന്നെ ഓടിക്കുന്നവരാണ്, ഡ്രൈവറായി മാത്രം പോകുന്നവരും ഉണ്ട്. പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍ മുന്നോട്ടു വയ്ക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ക്കുമുണ്ട്. ഡീസലും പെര്‍മിറ്റും ഇന്‍ഷുറന്‍സുമെല്ലാം ഞങ്ങളെയും ബാധിക്കുന്ന വിഷയങ്ങളാണ്. എങ്കിലും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കൊണ്ടുവരാനായി ജോലി തുടരാനാണ് ശ്രമം."


ഓണ്‍ലൈന്‍ സര്‍വീസിനല്ല, മറിച്ച് നിരക്കിലെ ഏറ്റക്കുറച്ചിലിനാണ് തങ്ങള്‍ എതിരു നില്‍ക്കുന്നതെന്നാണ് ടാക്‌സി ഡ്രൈവര്‍ മന്‍സൂര്‍ വിശദീകരിക്കുന്നത്. ഡീസല്‍ നിരക്കു വര്‍ധനയ്ക്ക് ആനുപാതികമായി നിരക്കു വര്‍ധിപ്പിക്കാത്തതില്‍ തന്നെ പ്രതിഷേധിക്കുന്ന തങ്ങള്‍ക്ക് അതേ നിരക്കെങ്കിലും ഈടാക്കാത്ത ടാക്‌സി സര്‍വീസുകളെ എങ്ങനെ അംഗീകരിക്കാനാകും എന്നാണ് മന്‍സൂറിന്റെ ചോദ്യം. എങ്കില്‍പ്പോലും, പൊതുജനത്തിന് വളരെ സൗകര്യപ്രദമായ രീതിയാണ് ഓണ്‍ലൈന്‍ സര്‍വീസുകളുടേത് എന്ന് മന്‍സൂറടക്കം എല്ലാവരും അംഗീകരിക്കുന്നുണ്ടു താനും. സമാനമായ രീതിയില്‍ സര്‍ക്കാര്‍ പുതിയ ഓണ്‍ലൈന്‍ സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്ന് സേതുമാധവന്‍ പറയുന്നു.
"ക്ഷേമനിധി പരിധിയില്‍ വരുന്ന എല്ലാ പരമ്പരാഗത ടാക്‌സി തൊഴിലാളികളെയും ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ മൂന്നു മാസങ്ങള്‍ക്കു മുന്നേ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കുകളില്‍ ഓടുന്ന ആ സര്‍വീസ് നിലവില്‍ വരുന്ന വരെ കാത്തിരിക്കാനേ ഞങ്ങള്‍ ഓണ്‍ലൈന്‍ സര്‍വീസുകാരോട് ആവശ്യപ്പെടുന്നുള്ളൂ. ക്ലിപ്തപ്പെടുത്തിയ നിരക്കുകള്‍ പ്രകാരം എല്ലാവര്‍ക്കും ഒരുമിച്ച് ഇവിടെ ജോലി ചെയ്യാവുന്നതേയുള്ളൂ."

Next Story

Related Stories