UPDATES

‘മുതലാളിയുടെ ആട്ടും തുപ്പും സഹിക്കാനില്ല’; കിറ്റക്സ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം; കിഴക്കമ്പലത്ത് മെമ്പര്‍മാരുടെ രാജി തുടരുന്നു

പഞ്ചായത്ത് ഭരണത്തില്‍ കിറ്റെക്‌സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ സാബു എം. ജേക്കബിന്റെ ഏകാധിപത്യമെന്ന് ആരോപണം

കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന അരാഷ്ട്രീയ കൂട്ടായ്മയായ ട്വന്റി ട്വന്റിയിലെ ഭിന്നിപ്പ് മറനീക്കി പുറത്തു വരുന്നു. ട്വന്റി ട്വന്റിയില്‍ നിന്ന് മെമ്പര്‍ സ്ഥാനം രാജിവെച്ച വനിതാ അംഗം ലാലു വര്‍ഗീസിന് പിന്നാലെ പഴങ്ങനാട് 15ാം വാര്‍ഡ് മെമ്പര്‍ എം.വി ജോര്‍ജും രാജിവെച്ചു.

തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സ്വാതന്ത്ര്യം നല്‍കാതെ ഏകാധിപത്യ ഭരണം നടത്തുന്ന ട്വന്റി ട്വന്റിയുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബിന്റെ പ്രവര്‍ത്തികളില്‍ എതിര്‍പ്പറിയിച്ചാണ് രാജി.

2017 ജനുവരി ഏഴിന് നടന്ന തന്റെ മകളുടെ വിവാഹത്തില്‍ പഞ്ചായത്തിലെ പ്രതിപക്ഷ മെമ്പര്‍മാരെ ക്ഷണിക്കരുതെന്നായിരുന്നു സാബു എം. ജേക്കബിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് അനുസരിക്കാതിരുന്ന തന്നെ ഭീഷണിപ്പെടുത്തുകയും താന്‍ വിവാഹത്തിന് ക്ഷണിച്ച എന്റെ സഹപ്രവര്‍ത്തകരായ മറ്റ് മെമ്പര്‍മാരോട് വിവാഹത്തില്‍ പങ്കെടുക്കുരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നാട്ടില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ക്ക് പഞ്ചായത്ത് പ്രതിനിധി എന്ന നിലയില്‍ മെമ്പര്‍മാരെ ക്ഷണിച്ചാല്‍ അത് പാര്‍ട്ടി പരിപാടിയാണ് പോകരുതെന്നുമാണ് കര്‍ശന നിര്‍ദ്ദേശം നല്‍കാറ്. ഇനി മുതലാളിയുടെ ആട്ടും തുപ്പും സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് രാജി വെയ്ക്കുകയാണെന്ന് എം.വി ജോര്‍ജ് അഴിമുഖത്തോട് പറഞ്ഞു.

ട്വന്റി ട്വന്റിയുടെ പാനലില്‍ നിന്ന് മത്സരിച്ചു ജയിച്ച 17 അംഗങ്ങളും ഇപ്പോള്‍ ഈ സംഘടനയില്‍ നില്‍ക്കുന്നത് മനസില്ലാമനസോടെയാണെന്നാണ് വിവരം. സാബു എം. ജേക്കബിന്റെ ഏകാധിപത്യ നിലപാടാണ് ലാലു വര്‍ഗീസ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് സംഘടനയോടുള്ള മതിപ്പ് നഷ്ടപ്പെടുന്നതിന് കാരണമായത്. തന്റെ വ്യക്തിപരമായ നിലപാടുകള്‍ അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നതെന്നാണ് സംഘനയ്ക്കുളളില്‍ നിന്ന് തന്നെയുള്ള വിവരം. പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ ഒന്നും തന്നെ ജനങ്ങളിലേക്ക് എത്തിക്കാതെ ഏതൊരു കാര്യത്തിലും തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും, മുതലാളിയുടെ സിഎസ്ആര്‍ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിച്ചാല്‍ മതിയെന്ന നിര്‍ബന്ധവും മൂലം മെമ്പര്‍മാര്‍ക്ക് ജനങ്ങളെ നേരിടാന്‍ കഴിയാതെ വളരെ ബുദ്ധിമുട്ടിലാണ്. പഞ്ചായത്തിന്റെ വിവിധങ്ങളായ കാര്യങ്ങള്‍ എല്ലാം തന്നെ കിറ്റെക്‌സ് എംഡി യുടെ വീട്ടില്‍ വിളിച്ച് കൂട്ടി ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ പകുതിയിലേറെ മെമ്പര്‍മാര്‍ക്കും എതിര്‍പ്പുണ്ട്. ഇനിയും കൂടുതല്‍ മെമ്പര്‍മാര്‍ ട്വന്റി ട്വന്‍റി വിട്ട് സ്വതന്ത്രര്‍ ആകുമെന്നാണ് വിവരം.

കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്ത മൂന്നു തെറ്റുകള്‍

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് പഞ്ചായത്തിന്റെ വികസന കാര്യത്തിലും ജനങ്ങളുടെ അവകാശങ്ങളിലും വ്യക്തിപരമായ അഭിപ്രായം പറയാന്‍ അനുവാദമില്ല. ചീഫ് കോര്‍ഡിനേറ്റര്‍ പറയുന്നത് എന്ത് തന്നെയായാലും അതനുസരിക്കുന്ന കളിപ്പാവകള്‍ ആകണം. മാസാമാസം കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് വരുന്ന 15000 രൂപയ്ക്ക് നന്ദി പറയുന്നവരായി മാത്രം മാറുകയാണിവര്‍. ഒരു മെമ്പര്‍ എന്ന നിലയില്‍ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന ഏഴായിരം രൂപയേക്കാള്‍ എപ്പോഴും നന്ദി ട്വന്റി ട്വന്റിയോട് മെമ്പര്‍മാര്‍ കാണിക്കുന്നതില്‍ തെറ്റ് പറയാനും പറ്റില്ല. എന്നാല്‍ മെമ്പര്‍മാരുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കു പോലും വിലയില്ലാതെ കൂട്ടിലിട്ട തത്തയെപ്പോലെ മാസാമാസം ശമ്പളവും വാങ്ങി ഇരിക്കേണ്ടവരാണോ ഒരു ജനപ്രതിനിധി? പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ ജനപ്രതിനിധികള്‍ക്ക് അവകാശമില്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് ലാലു വര്‍ഗീസിനെ പോലുള്ളവര്‍ ചോദിക്കുന്നത്.

അതേ സമയം ട്വന്റി ട്വന്റിയില്‍ ഭിന്നതയുണ്ടാക്കി പിടിമുറുക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നുണ്ട് എന്ന ആരോപണം ഉയര്‍ത്തുകയാണ് സാബു വര്‍ഗീസിനോട് അടുപ്പമുള്ള ട്വന്‍റി ട്വന്‍റി നേതാക്കള്‍. കിഴക്കമ്പലം പഞ്ചായത്തില്‍ ജനോപകാരപ്രദമായ നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് ട്വന്റി ട്വന്റി ജനപ്രീതി നേടിയതിന്റെ വിരോധം മുഖ്യ പാര്‍ട്ടികള്‍ക്കുണ്ട് എന്നു അവര്‍ പറയുന്നു.

19 വാര്‍ഡുകളുള്ള കിഴക്കമ്പലം പഞ്ചായത്തില 17 വാര്‍ഡുകളിലും ട്വന്റി ട്വന്റിയാണ് വിജയിച്ചത്. മറ്റ് രണ്ട് വാര്‍ഡുകള്‍ എസ് ഡി പി ഐ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ കയ്യിലാണ്. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എല്‍ഡിഎഫിന് ശക്തി കുറഞ്ഞ പഞ്ചായത്തായതുകൊണ്ട് ഇടതു മുന്നണിയുടെ 80 ശതമാനം ആള്‍ക്കാരും ഇപ്പോള്‍ ട്വന്റി ട്വന്റിയുടെ ഭാഗമാണ്. പഞ്ചായത്തിലെ ചുരുക്കം ശതമാനം കോണ്‍ഗ്രസുകാരും ഒപ്പമുണ്ട്.

തെരഞ്ഞെടുപ്പ് വിജയം (കിറ്റക്സ് മോഡല്‍) മലയാളിയുടെ കരണത്തേറ്റ അടി

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍