Top

നിപയ്ക്ക് ഇന്ന് ഒരാണ്ട്; കേരളം പോരാടി അതിജീവിച്ച കാലം; പക്ഷേ ആദ്യ ഇര സാബിത്തിന്റെ കുടുംബം ഇന്നും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്

നിപയ്ക്ക് ഇന്ന് ഒരാണ്ട്; കേരളം പോരാടി അതിജീവിച്ച കാലം; പക്ഷേ ആദ്യ ഇര സാബിത്തിന്റെ കുടുംബം ഇന്നും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്
സംസ്ഥാനത്തെ നിപ ഭീതിയിലാഴ്ത്തിയ ആദ്യ മരണത്തിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ മെയ് അഞ്ചിനാണ് പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത് മരിക്കുന്നത്. അന്ന് നിപ എന്ന വൈറസിനെക്കുറിച്ച് കേരളം അറിഞ്ഞിരുന്നില്ല. പിന്നീടുള്ള ഒരു മാസം സൂപ്പിക്കട എന്ന ഗ്രാമവും പേരാമ്പ്രയും കോഴിക്കോടും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറി. കോഴിക്കോട് ജില്ലയോ കേരളം മുഴുവനായോ ഐസൊലേഷന്‍ വാര്‍ഡിലായ കാലമായിരുന്നു കഴിഞ്ഞ മെയ് മാസം.

പനി ബാധിച്ചായിരുന്നു സാബിത്തിന്റെ മരണം. 12 ദിവസത്തിന് ശേഷം ഇതേ രോഗലക്ഷണങ്ങളുമായി സഹോദരന്‍ സ്വാലിഹ് ആശുപത്രിയില്‍ ചികിത്സ തേടി. പനിയുടെ ലക്ഷണങ്ങളില്‍ സംശയം തോന്നിയ ആരോഗ്യ വകുപ്പ് രക്ത സാമ്പിള്‍ വിദഗ്ദ്ധ പരിശോധനയ്ക്കയച്ചു. പരിശോധനാ ഫലം വരുന്നതിന് മുന്നെ മെയ് 18-ന് സ്വാലിഹും മരിച്ചു. 20-ന് മരിച്ചയാള്‍ക്ക് നിപ സ്ഥിരീകരിച്ച് പരിശോധനാ ഫലം വന്നു. പിന്നീട് ഭീതിയുടെ നിഴലിലായിരുന്നു കേരളം മുഴുവനും. വൈറസ് ബാധിച്ചവരുമായി നേരിട്ടടപഴകുന്നവര്‍ക്ക് രോഗം പകരാമെന്നതിനാലും, പനി ബാധിച്ചാല്‍ ഫലപ്രദമായ ചികിത്സയില്ലാത്തതിനാലും പുറത്തിറങ്ങാന്‍ പോലും പലരും ഭയന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിപ ഭയന്ന് ആളുകള്‍ എത്താതായി. വേനലവധി കഴിഞ്ഞും സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി. ഈ മേഖലയിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തി വച്ചു. പേരാമ്പ്രയാണ് വീട് എന്നറിയുന്നവരെ ഒറ്റപ്പെടുത്തുന്ന അനുഭവങ്ങള്‍ പോലുമുണ്ടായി.

പിന്നീട് തുടര്‍ച്ചയായി 18 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് നിപ ബാധിച്ച് മരിച്ചത്. സാബിത്തിനും സ്വാലിഹിനും പുറമെ ഇവരുടെ അച്ഛന്‍ മൂസ, ബന്ധു മറിയം എന്നിവരെയും നിപ തട്ടിയെടുത്തു. സാബിത്ത് ചികിത്സ തേടിയ പേരാമ്പ്ര ആശുപത്രിയിലെ നഴ്‌സ് ലിനി ഉള്‍പ്പെടെ മരണത്തിന് കീഴടങ്ങി (‘സജീഷേട്ടാ ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ… പാവം കുഞ്ഞു, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ട് പോവണം’; ലിനിയുടെ ആഗ്രഹം പോലെ കുഞ്ഞു ഒടുവില്‍ ഗള്‍ഫിലെത്തി
)
. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ ഒരു മാസത്തിനുള്ളില്‍ ഈ മഹാമാരിയെ പിടിച്ചുകെട്ടി. നിപയെ അതിജീവിച്ച് തിരിച്ച് വന്നവരുമുണ്ട്. മെഡിക്കല്‍ കോളേജ് നഴ്‌സിങ് വിദ്യാര്‍ഥി അജന്യ മോളും, മലപ്പുറം സ്വദേശി ഉബീഷും മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെ വന്നവരാണ്.

നിപ കാലം കേരളം അതിജീവിക്കാനായി പോരാടിയ കാലം കൂടിയായിരുന്നു. ആരോഗ്യവകുപ്പിന്റെ ഇടപെടലും പൊതുജനങ്ങളുടെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങളും ചേര്‍ന്നപ്പോള്‍ വൈറസ് ഭീതിയൊഴിഞ്ഞ് സൂപ്പിക്കടയും പേരാമ്പ്രയും കോഴിക്കോടും മലപ്പുറവുമെല്ലാം സാധാരണ നിലയിലേക്കെത്തി. നിപ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കി. നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി. എന്നാല്‍ നിപ വൈറസിന്റെ ആദ്യ ഇരയായ സാബിത്തിന്റെ കുടുംബം ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങി സര്‍ക്കാര്‍ സഹായത്തിനായി കൈ നീട്ടുകയാണ്.

നിപ എന്നുറപ്പിക്കാത്തതിനാല്‍ സഹായമില്ല

"മോന്റെ മരണം നിപ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. നിപ തന്നെയായിരുന്നു എന്ന് ഡിഎംഒയുടെ കത്ത് വരെ വാങ്ങിക്കൊടുത്തിരുന്നു. പക്ഷെ എന്നിട്ടും സഹായം കിട്ടിയിട്ടില്ല. വില്ലേജില്‍ നിന്ന് അറിയിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല", ഏറെ വേദനിച്ചുകൊണ്ടാണ് സാബിത്തിന്റെ ഉമ്മ ഇത് പറഞ്ഞത്. തങ്ങളുടെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന്റെ വേദനകളില്‍ നിന്ന് സാബിത്തിന്റെ അനുജന്‍ മുത്തലിബും ഉമ്മ മറിയവും ഇതേവരെ കരകയറിയിട്ടില്ല. മറിയം വീട്ടമ്മയാണ്. മുത്തലിബ് ബിരുദ വിദ്യാര്‍ഥിയും. ഇരുവരുടേയും മുഴുവന്‍ പ്രതീക്ഷയും ആശ്രയവുമാണ് നിപ വൈറസ് കൊണ്ടുപോയത്. ആദ്യം സാബിത്ത്, പിന്നാലെ സാബിത്തിന്റെ മൂത്ത സഹോദരന്‍ സ്വാലിഹ്, പിതാവ് മൂസ-മൂവരും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇല്ലാതായി. സാബിത്തില്‍ നിന്നാണ് വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. എന്നാല്‍ സാബിത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. സാബിത് മരിച്ചത് നിപ വൈറസ് കൊണ്ടു തന്നെയാണോ എന്ന് സ്ഥിരീകരണമില്ലാത്തതിനാല്‍ പണം നല്‍കാനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഇത് ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ പണം നല്‍കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്. "
അവര് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഡിഎംഒയെ കണ്ടിരുന്നു. സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ടും കൊടുത്തു. ജില്ലാ കളക്ടറെ ഞങ്ങള്‍ കണ്ടു. ആരോഗ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിക്ക് കത്തെഴുതി. പക്ഷെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല."


കുടുംബത്തിന് ആശ്രയമായിരുന്ന മൂന്ന് പേരുടെ ജീവന്‍ ഇല്ലാതായപ്പോള്‍ ഇളയ മകന്‍ മുത്തലിബിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ ആവശ്യം പരിഗണിക്കപ്പെട്ടില്ല. സ്വാലിഹിനെ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ ചെലവായ പണം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതുമുണ്ടായില്ല എന്ന് ഇവര്‍ പറയുന്നു. "
ആശുപത്രിയില്‍ 30,000 രൂപ ചെലവ് വന്നു. അത് ഞങ്ങളാണ് കെട്ടിയത്. സര്‍ക്കാര്‍ ആ പൈസ കൊടുക്കാമെന്ന് പറഞ്ഞിരുന്നു. സര്‍ക്കാര്‍ കൊടുത്താല്‍ ഞങ്ങള്‍ അടച്ച പൈസ തിരിച്ച് തരുമെന്നായിരുന്നു ആശുപത്രിക്കാര്‍ പറഞ്ഞത്. കളക്ട്രേറ്റില്‍ അന്വേഷിച്ചപ്പോള്‍ പൈസ ആശുപത്രിയില്‍ അടച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷെ ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് അത് കിട്ടിയിട്ടുമില്ല. എന്താണ് സംഭവിച്ചതെന്നറിയില്ല"
. സ്വാലിഹിന്റെയും മൂസയുടേയും പേരിലുള്ള പണം കുടുംബത്തിന് ലഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളോട് വാഗ്ദാനം ചെയ്ത തുക നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം.

ചിത്രം: മാതൃഭൂമി

Next Story

Related Stories