UPDATES

ട്രെന്‍ഡിങ്ങ്

പി കെ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന നിലപാടിലുറച്ച് പി ജയരാജന്‍; സിഒടി നസീര്‍ നിലപാടുള്ള ആള്‍

ജനാധിപത്യം അര്‍ഥപൂര്‍ണമാക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും സിപിഎമ്മാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍

ആന്തൂര്‍ നഗരസഭാ അധികൃതരുടെ അവഗണന മൂലം പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കുള്ള നിലപാടല്ല തനിക്കുണ്ടായിരുന്നതെന്ന് സൂചിപ്പിച്ച് പി ജയരാജന്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമള ടീച്ചറാണ് അവിടുത്തെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണെന്നും അവര്‍ക്ക് ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ടെന്നുമാണ് ജയരാജന്‍ പറഞ്ഞത്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജന്‍ സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ശ്യാമള ടീച്ചറിന്റെ ഭാഗത്ത് വീഴ്ചയുണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം എന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യം അദ്ദേഹം മുമ്പ് പൊതുയോഗത്തിലും പ്രസംഗിച്ചിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഈ നിലപാട് തള്ളുകയും ശ്യാമള ടീച്ചര്‍ കുറ്റക്കാരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സംസ്ഥാന കമ്മിറ്റി ചേരുന്നതിനു മുമ്പ്  അനുവദിച്ചതാണ് ഈ അഭിമുഖം. സംസ്ഥാന കമ്മിറ്റി നിലപാട് പ്രഖ്യാപിച്ചതിനു ശേഷം ജയരാജന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സാജന്‍ പാറയിലിന്റെ ദാരുണാന്ത്യത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനിയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥന്മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വടകരയില്‍ തനിക്ക് ബദലായി മത്സരിച്ച സിഒടി നസീര്‍ ഉറച്ച നിലപാടുള്ള വ്യക്തിയാണെന്നും ജയരാജന്‍ പ്രതികരിച്ചു.

നസീറിന് ജീവന്‍ തിരിച്ചുകിട്ടിയിരുന്നില്ലെങ്കില്‍ വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കൃത്യമായി തന്നെ ടാര്‍ജറ്റ് ചെയ്തു പ്രചാരണം ശക്തമായി നടത്തുമായിരുന്നു. ഇപ്പോഴും അവര്‍ പ്രചാരണം നടത്താന്‍ നോക്കി. എന്റെ പേര് പറയിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷെ അദ്ദേഹം ഉറച്ച നിലപാട് സ്വീകരിച്ചു. അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. കാരണം അദ്ദേഹത്തിന് ഒരു നിലപാടുണ്ട്. നസീറിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തലശേരിയില്‍ ഉപവാസ സമരം നടത്തിയിരുന്നു. ആ ഉപവാസ സമരത്തിലേക്ക് അദ്ദേഹത്തെ വലിച്ചുകൊണ്ട് വരാന്‍ കോണ്‍ഗ്രസ് വലിയ ശ്രമങ്ങള്‍ നടത്തി. അതിന് അദ്ദേഹം വഴിപ്പെട്ടില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണത്തില്‍ അദ്ദേഹം വഴങ്ങിയില്ല. ആ നിലപാട് സ്വീകരിച്ചതില്‍ ഞാന്‍ അദ്ദേഹത്തെ മാനിക്കുകയാണ്.

പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് താന്‍ പങ്കെടുക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയ്ക്ക് അധീനനായല്ല, വിധേയനായി നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് താന്‍ നടത്തുന്നത്. ജനാധിപത്യം അര്‍ഥപൂര്‍ണമാക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും സിപിഎമ്മാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ പറയുന്നു. സാന്ത്വന പരിചരണ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഏറ്റവും വലിയ ജനകീയ പ്രവര്‍ത്തനം നടത്തുന്നത് സിപിഎം നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ ജീവകാരുണ്യ പ്രസ്ഥാനമാണ്. അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നതുകൊണ്ട് കിട്ടുന്ന അംഗീകാരവും തനിക്ക് ലഭിക്കുന്നുണ്ടെന്നും ജയരാജന്‍ പറയുന്നു.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് തനിക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നതെന്നും ജയരാജന്‍ പറയുന്നു. അത് പാര്‍ട്ടിയുടെ ഭാഗമായാണെന്നും പാര്‍ട്ടിയില്‍ നിന്നും വറിട്ട് ഒരു വ്യക്തി എന്ന നിലയ്ക്കല്ല ജനങ്ങള്‍ സ്‌നേഹിക്കുന്നതെന്നും ബഹുമാനിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

Azhimukham Special: ശ്മശാനത്തിനെതിരെ പരാതി നല്‍കി, ആറ് കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷമായി ക്ഷേത്രകമ്മിറ്റിയുടെ ഊരുവിലക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍