UPDATES

ട്രെന്‍ഡിങ്ങ്

അഖിൽ‌ താഴത്തിനെ പി ജയരാജൻ സന്ദർശിച്ചു: കാസറഗോഡ് കേന്ദ്ര സർവ്വകലാശാലയിലെ സംഘപരിവാർവൽക്കരണം ഗൗരവത്തിലെടുക്കാൻ സിപിഎം

സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകൾ സർവ്വകലാശാലയിൽ ആവശ്യമാണെന്ന ധാരണ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുണ്ട്.

ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ കാസറഗോഡ് കേന്ദ്ര സർവ്വകലാശാല അധികൃതർ പുറത്താക്കിയ വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി അഖിൽ താഴത്തിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ സന്ദർശിച്ചു. കാസറഗോഡ് കേന്ദ്ര സർവ്വകലാശാലയെ സംഘപരിവാർ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഈ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ തങ്ങൾക്ക് വേരിറക്കമുള്ള ഒരു അക്കാദമിക സ്ഥാപനമായി കാസറഗോഡ് സർവ്വകലാശാലയെ മാറ്റാനാണ് സംഘപരിവാർ ശ്രമിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് സിപിഎം സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. മലബാർ മേഖലയെയൊന്നാകെ ബാധിക്കാനിടയുള്ള ഒരു നീക്കമാണ് സംഘപരിവാർ കേന്ദ്ര സർവ്വകലാശാല വഴി നടത്തുന്നത്.

കഴിഞ്ഞദിവസം നടന്ന സംസ്ഥാന കമ്മറ്റിയിൽ ഈ വിഷയം ചർച്ചയായിട്ടുണ്ടെന്നാണ് അറിയുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ സന്ദർശനം തന്നെ സൂചിപ്പിക്കുന്നത് കേന്ദ്ര സർവ്വകലാശാലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാന നേതൃത്വം ആലോചിച്ചിട്ടുണ്ടെന്നു തന്നെയാണ്. വരുംനാളുകളിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ ഇനിയും ശക്തമാക്കാനുള്ള നടപടികളുണ്ടായേക്കും. ഒരു സാധാരണ വിദ്യാർത്ഥി പ്രക്ഷോഭമായി ഇതിനെ കടന്നുപോകാൻ സിപിഎം അനുവദിക്കാനും ഇടയില്ല. കേന്ദ്ര സർവ്വകലാശാലയായതിനാൽ‍ത്തന്നെ സംസ്ഥാനത്തിന് ഭരണപരമായ ഇടപെടലുകൾക്ക് പരിമിതികളുണ്ട്. ക്രമസമാധാനപരമായ കാര്യങ്ങളൊഴിച്ചാൽ ബാക്കിയെല്ലാം കേന്ദ്രവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ഇക്കാരണത്താൽത്തന്നെ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകൾ സർവ്വകലാശാലയിൽ ആവശ്യമാണെന്ന ധാരണ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുണ്ട്.

സർവ്വകലാശാലയുടെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ഭൂരിഭാഗം പേരും സംഘപരിവാറുമായി അടുത്ത ബന്ധമുള്ളയാളുകളാണ്. ഇവർ ചട്ടങ്ങൾ ലംഘിച്ച് ആർഎസ്എസ് ബന്ധമുള്ളവരെ വിവിധ തസ്തികകളിലേക്ക് തിരുകിക്കയറ്റുന്നുമുണ്ട്. സർവ്വകലാശാലയുടെ ശിക്ഷാനടപടിയോട് പ്രതിഷേധിച്ച് ആത്മഹത്യാശ്രമം നടത്തിയ അഖിൽ താഴത്തിനെ സന്ദർശിച്ച പി ജയരാജനും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ സംഘപരിവാറുകാരായ വൈസ് ചാൻസലർ അടക്കമുള്ളവരുടെ പീഡനങ്ങളെ തുടർന്ന് രോഹിത് വെമുല എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ അതേ സാഹചര്യം തന്നെയാണ് കാസറഗോഡ് കേന്ദ്ര സർവ്വകലാശാലയിലും കാണാനായതെന്ന് പി ജയരാജൻ അഴിമുഖത്തോട് പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല കാണുന്നതെന്നും അക്കാദമികരംഗത്ത് ആധിപത്യം ശ്രമിക്കാൻ രാജ്യത്തെമ്പാടും നടക്കുന്ന സംഘപരിവാർ ശ്രമങ്ങളിലൊന്നാണിത്. കേന്ദ്ര സർക്കാർ സർവ്വകലാശാലകളെ പട്ടാള ക്യാമ്പുകളെപ്പോലെ മാറ്റിത്തീർക്കാനാണ് ആഗ്രഹിക്കുന്നതെന്നും പി ജയരാജൻ പറയുന്നു.

ആർഎസ്എസ്സിന്റെ പ്രചാരക് ആയ ഒരാളെയാണ് സർവ്വകലാശാലയുടെ പ്രൊ വൈസ് ചാൻസലറായി നിയമിച്ചിരിക്കുന്നതെന്ന് പി ജയരാജൻ പറയുന്നു. ഇതെല്ലാം നൽകുന്ന സൂചനകൾ സർവ്വകലാശാലയെ സംഘപരിവാർ കാൽക്കീഴിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘപരിവാർ ആശയങ്ങൾ നടപ്പാക്കാൻ സർവ്വകലാശാല ശ്രമിക്കുമ്പോൾ സ്വാഭാവികമായും അതിനോട് വിദ്യാർത്ഥികളിൽ നിന്ന് എതിർപ്പുണ്ടാകുമെന്നും അതിനെ ജനാധിപത്യപരമായല്ല സർവ്വകലാശാല നേരിടുന്നതെന്നും ജയരാജൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍