TopTop
Begin typing your search above and press return to search.

അവര്‍ക്കു പേടിയുണ്ട്, എന്റെ പേരില്‍ ആശങ്ക ഉയര്‍ത്തുന്നതും അതുകൊണ്ടാണ്; പാഠാന്തരം ഡിഎസ്എ ആകുമ്പോള്‍

അവര്‍ക്കു പേടിയുണ്ട്, എന്റെ പേരില്‍ ആശങ്ക ഉയര്‍ത്തുന്നതും അതുകൊണ്ടാണ്; പാഠാന്തരം ഡിഎസ്എ ആകുമ്പോള്‍

മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട വിദ്യാര്‍ത്ഥി കൂട്ടായ്മയായിരുന്നു പാഠാന്തരം മാസികയുടേത്. മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുക്കാന്‍ മടിച്ചു പിന്നോട്ട് മാറി നിന്ന പല വിഷയങ്ങളിലും ഇടപെടുകയും അതിനു വേണ്ടി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പാഠാന്തരം മാസിക മാറുന്ന രാഷ്ട്രീയ കാലഘട്ടത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയായി രൂപാന്തരപ്പെടുകയാണ്- ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഡിഎസ്എ). പാഠാന്തരം മാസികയുടെ എഡിറ്റര്‍ ആയിരുന്ന ആമിയാണ് ഡിഎസ്എയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍. ആമിയെ നമുക്കറിയാം, ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍. അതുകൊണ്ടുതന്നെ സംഘടന രൂപപ്പെടുന്നതിന് മുന്നേ തന്നെ ചര്‍ച്ചകളും സജീവമായി കഴിഞ്ഞു. ഡിഎസ്എയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെയും നയങ്ങളെക്കുറിച്ചും ഇപ്പോള്‍ നടക്കുന്ന ഊഹാപോഹ ചര്‍ച്ചകളെ കുറിച്ചും ആമി അഴിമുഖവുമായി സംസാരിക്കുന്നു.

പാഠാന്തരം ഇനിമുതല്‍ ഡിഎസ്എ

മൂന്നു വര്‍ഷമായി പാഠാന്തരം എന്ന മാസിക കേന്ദ്രീകരിച്ച് ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ ഉണ്ടായിരുന്നു. നിലവിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോടൊന്നും യോജിക്കാന്‍ പറ്റാത്തതും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ പിടിവള്ളിയില്‍ ഒതുങ്ങിനില്‍ക്കണ്ട എന്ന കാഴ്ചപ്പാടില്‍ നിന്നുമാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പാഠാന്തരം എന്ന മാസികയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് പാഠാന്തരത്തെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സംഘടനയുടെ പ്രത്യയശാസ്ത്രം ശാസ്ത്രീയ സോഷ്യലിസം എന്നതാണ്. അത് ശരിയെന്നു തോന്നുന്ന ആര്‍ക്കും ഇതില്‍ അംഗത്വമെടുക്കാം. പതിനാല് വയസ്സു മുതല്‍ വിദ്യാര്‍ത്ഥിയായിരുക്കുന്ന ഏതൊരാള്‍ക്കും അംഗമാകാം. ഇതൊരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്. സംഘടനയുടെ നയരേഖ കേരളത്തി ല്‍ പ്രധാന രാഷ്ട്രീയ നിരീക്ഷകര്‍ക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വെച്ചിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് നയരേഖ തയ്യാറാക്കിയിരിക്കുന്നത്, എന്നു വെച്ച് ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ ചെറിയ വിട്ടുവീഴ്ച പോലും നയരേഖയില്‍ വരുത്തിയിട്ടില്ല.

ചൂടുപിടിക്കുന്ന ചര്‍ച്ചകള്‍, സ്റ്റേറ്റിന്റെ ഭയാശാങ്കകള്‍

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടേയും മകള്‍ ആമിയുടെ നേതൃത്വത്തില്‍ പുതിയ വിദ്യാര്‍ത്ഥി സംഘടന വരുന്നെന്നും സര്‍ക്കാര്‍ ശ്രദ്ധാലുവാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഡിഎസ്എയില്‍ രൂപേഷിന്റെയും ഷൈനയുടേയും മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് അവര്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയവുമായി മുന്നോട്ടുവരുന്ന ഒരു സംഘടനയെ അടിച്ചമര്‍ത്താന്‍ വേണ്ടി സ്‌റ്റേറ്റ് എന്റെ പേര് ഉപയോഗിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നുത്. ഇന്ന് ഈ സംഘടനയില്‍ ഞാനുള്ളതുകൊണ്ട് അതിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിക്കുന്നു, നാളെ കുറച്ചു മുസ്ലിമുകള്‍ ഉണ്ടെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാക്കും. കാരണം, സ്റ്റേറ്റിനെതിരെ നിലപാടെടുത്ത് ഒരു സംഘടനയും വളരരുത് എന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. സ്‌റ്റേറ്റിന് എതിര്‍ക്കുന്നവരെ ഭയമാണ്, അവര്‍ പേടിച്ചോട്ടേ എന്നു തന്നെയാണ് ഡിഎസ്എയുടെ നിലപാട്.

ഡിഎസ്എയെ തുടങ്ങുന്നതിന് മുന്നേ സ്റ്റേറ്റ് ഭയപ്പെടുന്നുവെങ്കില്‍ ആ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ശരിയാണ് എന്നതാണ് വെളിവാക്കപ്പെടുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്റ്റേറ്റ് എന്നേ പരാജയപ്പെട്ടു കഴിഞ്ഞു. അത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും. അപ്പോള്‍ ആ പ്രശ്‌നങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കാട്ടുമെന്ന് ബോധ്യമുള്ളതു കൊണ്ടാണ് അവര്‍ തുടക്കം മുതല്‍ ഭയപ്പെടുന്നത്.

ഡിഎസ്എ യെ ഞാന്‍ ഒരു കൃത്യമായ രാഷ്ട്രീയ ഇടമായി കാണുന്നു. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന വിദ്യാര്‍ത്ഥി സംഘടനയെ ഡിഎസ്എയില്‍ നിന്ന് പ്രതീക്ഷിക്കാം. ഞാനാദ്യം മുതലെ പാഠാന്തരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. പാഠാന്തരം ഡിഎസ്എ ആകുമ്പോഴും ഞാനുണ്ട്. അല്ലാതെ ഞാ നാദ്യമായിട്ടല്ല സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഞാനിവിടെത്തന്നെയുണ്ടായിരുന്നു. ചിലരത് ചര്‍ച്ചയാക്കുന്നത് അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്.

പാഠാന്തരം മാസിക തുടങ്ങിയപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഭരണകൂടം വേട്ടയാടിയിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്തത് അതിന്റെ ഉദാഹരണമാണ്. ഞാന്‍ ഇപ്പോള്‍ ഡിഎസ് എയുടെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ്. സംഘടനയുടെ മറ്റു നേതാക്കളെയും പ്രവര്‍ത്തന രീതിയേയും 26ന് നടക്കുന്ന പ്രഖ്യാപന കണ്‍വെന്‍ഷനില്‍ അറിയിക്കും.

എസ്എഫ്‌ഐയേയും കെഎസ്‌യുവിനേയും ഒഴിവാക്കി

എസ്എഫ്‌ഐയെയും കെഎസ്‌യുവിനേയും സംഘടനയുടെ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയത് തന്നെയാണ്. എബിവിപിയേയും ഒഴിവാക്കിയിട്ടുണ്ട്. എഐഎസ്എഫ്, എസ്‌ഐഒ, ക്യാമ്പസ് ഫ്രണ്ട്, എഎസ്എ തുടങ്ങിയ സംഘടനകളെ ക്ഷണിച്ചിട്ടുണ്ട്. കാരണം അവര്‍ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളാണ് എന്ന് തോന്നിയതുകൊണ്ടാണ്. എസ്എഫ്‌ഐ, പാഠാന്തരം പ്രവര്‍ത്തകരെ ശക്തമായി മര്‍ദ്ദിച്ച സംഘടനയാണ്, അത്തരത്തില്‍ നിലപാടുള്ളതു കൊണ്ടാണ് ആ സംഘടനയെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. കെഎസ്‌യുവിനെ ഒഴിവാക്കാന്‍ കാരണം നിലവിലെ രാഷ്ട്രീയ ചര്‍ച്ചകളിലൊന്നും അവരെ കാണാത്തതുകൊണ്ടാണ്.

പുതിയ പ്രതീക്ഷ

ഞങ്ങളുടെ നയരേഖ പറയുന്നത്, നിലവില്‍ ചെറുതും എന്നാല്‍ പുരോഗമനാശയങ്ങളുമായി നിലനില്‍ക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളെ ഐക്യപ്പെടുത്താനും കൂട്ടിയോജിപ്പിക്കാനും ഡിഎസ്എയ്ക്ക് പ്രാഥമിക കര്‍ത്തവ്യം ഉണ്ടായിരിക്കും എന്നാണ്. രാഷ്ട്രീയം തുറന്നുപറയുന്നവരെ ആക്രമിക്കുന്നത് അതിന് മുതിരുന്നവരുടെ രാഷ്ട്രീയ പാപ്പരത്തമായാണ് കാണുന്നത്. മുഖ്യധാര സംഘടനകള്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. അതെല്ലാം ഡിഎസ്എ ഏറ്റെടുക്കും. ഡിഎസ്എ മറ്റ് വിദ്യാത്ഥി സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്, മര്‍ദ്ദിതരുടെ പോരാട്ടാങ്ങള്‍ ശരിയാണെന്നും അതിനോട് ഐക്യപ്പെടണം എന്നുമുള്ള ആശയം മുന്നോട്ടുവയ്ക്കുന്നതുകൊണ്ടാണ്. പാഠാന്തരവും ഇതു തന്നെയാണ് മുന്നോട്ടുവെക്കുന്നത്. ഇവിടെയെത്ര വിദ്യാര്‍ത്ഥി സംഘടനകള്‍ അങ്ങനെയൊരു നിലപാട് മുന്നോട്ടുവെച്ചിട്ടുണ്ട്? വിദ്യാര്‍ത്ഥി പ്രശ്‌നം സാമൂഹ്യ പ്രശ്‌നമാണെന്നും സാമൂഹിക പ്രശ്‌നം വിദ്യാര്‍ത്ഥി പ്രശ്‌നമാണെന്നുമുള്ള ബോധം ഡിഎസ്എയ്ക്കുണ്ട്.


Next Story

Related Stories