UPDATES

ദളിത്‌ വിരുദ്ധത, നിയമന തട്ടിപ്പ്, ജാതി അധിക്ഷേപം; പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജായ പാലക്കാട് നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

താത്കാലിക നിയമനങ്ങള്‍ തന്നെ ക്രമവിരുദ്ധമായാണ് നടന്നിരിക്കുന്നത് എന്ന ആരോപണം നിലനില്‍ക്കെയാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനവും- ഭാഗം 1

ശ്രീഷ്മ

ശ്രീഷ്മ

നൂറ് എംബിബിഎസ് സീറ്റുകളില്‍ എഴുപതും പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാറ്റിവയ്ക്കപ്പെട്ട മെഡിക്കല്‍ കോളേജ് ഒരെണ്ണമേയുള്ളൂ കേരളത്തില്‍. ഇരുപതു ശതമാനം സീറ്റുകള്‍ മാത്രം ജനറല്‍ വിഭാഗങ്ങള്‍ക്കും, ബാക്കിയുള്ളവയെല്ലാം സംവരണ വിഭാഗങ്ങള്‍ക്കും വേണ്ടി നീക്കിവയ്ക്കപ്പെട്ടിട്ടുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് അഥവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ്, സ്ഥാപിതമായ അന്നുമുതല്‍ക്കു തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്ത്യയിലാദ്യമായി പട്ടിക ജാതി വികസന വകുപ്പിനു കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മെഡിക്കല്‍ കോളേജാണ് പാലക്കാട്ടേത്. സംസ്ഥാന സര്‍ക്കാരിന്റെ എസ്.സി/എസ്.ടി വികസന ഫണ്ട് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് പക്ഷേ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നത് അത്ര സുഖകരമായ വാര്‍ത്തകളുടെ പേരിലല്ല. നിയമനത്തിലെ ക്രമക്കേടും സ്ഥാപനത്തിനകത്തെ ദളിത് വിരുദ്ധതയും നിയമവിരുദ്ധമായ തസ്തികമാറ്റവും പുതിയ തസ്തികകള്‍ ഉണ്ടാക്കപ്പെടുന്നതുമെല്ലാമായി, പല വിധത്തിലുള്ള വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഇപ്പോഴുള്ളത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിജിലന്‍സ് അന്വേഷണത്തില്‍ പുറത്തുവന്ന പിന്‍വാതില്‍ നിയമനത്തിന്റെ കഥകള്‍ മുതല്‍, ഏറ്റവുമൊടുവില്‍ കരാറടിസ്ഥാനത്തില്‍ താത്ക്കാലിക ജോലി ചെയ്തു കൊണ്ടിരുന്ന 153 ഡോക്ടര്‍മാരുടെ നിയമനം റഗുലറൈസ് ചെയ്തതുമായി ബന്ധപ്പെട്ട് ഈയിടെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ വരെ പാലക്കാട്ടു നിന്നും കേള്‍ക്കുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ സംഭവിക്കുന്നത്?

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ താരതമ്യേന വളരെയധികമുള്ള പാലക്കാട് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് എന്നത് ഏറെക്കാലമായി ഉയര്‍ന്നുകൊണ്ടിരുന്ന ആവശ്യമായിരുന്നു. മറ്റേത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുമുള്ളതിനു സമാനമായ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ആശുപത്രി പാലക്കാട് സ്ഥാപിക്കപ്പെട്ടാല്‍, തീര്‍ച്ചയായും ഗോത്രവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും ദളിതര്‍ക്കും ഭാഷാന്യൂനപക്ഷത്തില്‍പ്പെടുന്നവര്‍ക്കുമെല്ലാം ഏറെ ഗുണം ചെയ്യും എന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക എന്നത് അനിവാര്യമായിത്തീരുന്നത്. ചികിത്സാ സൗകര്യങ്ങള്‍ക്കായി അതിര്‍ത്തി താണ്ടി കോയമ്പത്തൂരിലേക്കോ ചുരമിറങ്ങി തൃശ്ശൂരിലേക്കോ സഞ്ചരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടു കൂടി ഇല്ലാതാക്കുന്നതായിരുന്നു പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്. ജില്ലാ ആശുപത്രിയിലെ ജനബാഹുല്യത്തെയും സൗകര്യക്കുറവിനെയും മറികടക്കാനുള്ള വഴിയായാണ് പാലക്കാട്ടുകാര്‍ ഗവ. മെഡിക്കല്‍ കോളേജിനെ ആശ്വാസത്തോടെ കണ്ടത്. പുതിയ കോളേജ് പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു എന്നതും വലിയൊരു നേട്ടമായാണ് അവതരിപ്പിക്കപ്പെട്ടത്. എഴുപതു ശതമാനം സീറ്റുകള്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്കും എട്ടു ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും നീക്കിവച്ചുകൊണ്ട്, പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പാലക്കാട്ടെ ജനങ്ങള്‍ക്കു മാത്രമല്ല സംസ്ഥാനത്തെ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വലിയ സാധ്യതകള്‍ തുറന്നിട്ടിരുന്നു. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് അത്രയേറെ പ്രതീക്ഷകളോടെ സ്ഥാപിക്കപ്പെട്ട മെഡിക്കല്‍ കോളേജില്‍ നിന്നും പക്ഷേ, ആദ്യം മുതല്‍ക്കേ കേട്ടിരുന്നത് ക്രമക്കേടുകളെക്കുറിച്ചുള്ള കഥകളാണ്.

Also Read: പാലക്കാട് മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനങ്ങള്‍; ക്രമക്കേടുകള്‍ ആരോപിച്ചു ഡോക്ടര്‍മാര്‍

സ്ഥാപിച്ച വര്‍ഷം തൊട്ട് നിയമനവിവാദങ്ങള്‍ പിന്തുടരുന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്

ആദ്യകാലത്ത് മെഡിക്കല്‍ കോളേജില്‍ നിയമിതരായ അധ്യാപക-അനാധ്യപക ജീവനക്കാരുടേത് അനധികൃത നിയമനങ്ങളാണെന്നും, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും പരാതികള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. അതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സുതാര്യമല്ലാത്ത രീതിയിലാണ് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളെല്ലാം നടന്നിരിക്കുന്നതെന്ന് വിജിലന്‍സും ആവര്‍ത്തിക്കുന്നത്. എസ്.സി/എസ്.ടി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ ദി മാനേജ്‌മെന്റ് ഓഫ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആണ് നിലവില്‍ സ്ഥാപനത്തിലേക്കുള്ള നിയമനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനത്തിലേക്കുള്ള നിയമനമായിട്ടും, പി.എസ്.സിയെയോ സ്ഥിരമായ ഒരു റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയോ ചുമതലപ്പെടുത്താതെ സൊസൈറ്റിക്ക് നിയമനാധികാരങ്ങള്‍ നല്‍കിയിരിക്കുന്നതിനെതിരെയാണ് അന്നും ഇന്നും പ്രതിഷേധങ്ങളുയരുന്നത്. ആദ്യ വര്‍ഷങ്ങളില്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ നേരിട്ടും, കോളേജ് പ്രിന്‍സിപ്പലും രണ്ട് പ്രൊഫസര്‍മാരും അടങ്ങുന്ന സമിതിയുടെ നേതൃത്വത്തിലുമാണ് നിയമനങ്ങള്‍ നടത്തിയത് എന്നായിരുന്നു ആരോപണം. ഇത്തരത്തില്‍ നടത്തിയ നിയമനങ്ങള്‍ക്കായുള്ള പത്രപ്പരസ്യത്തില്‍ ആവശ്യത്തിനുള്ള വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നെന്നും, ഇതെല്ലാം ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നുമായിരുന്നു വിജിലന്‍സിന്റെ നിരീക്ഷണം. പരീക്ഷകളോ മറ്റു സ്‌ക്രീനിംഗ് നടപടികളോ ഇല്ലാതെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തിയതുകൊണ്ടുതന്നെ, സുതാര്യതയില്ലാത്ത നിയമനങ്ങളായായിരുന്നു വിജിലന്‍സ് ഇവയെ കണക്കാക്കിയത്. യോഗ്യതാ മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെ നടത്തിയ നിയമനങ്ങള്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പുറത്തോ കോഴ വാങ്ങിച്ചോ അട്ടിമറിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 2014ല്‍ സ്ഥാപിക്കപ്പെട്ട മെഡിക്കല്‍ കോളേജിനെതിരെ 2014-ല്‍ത്തന്നെ ഉയര്‍ന്ന ഈ ആരോപണമായിരുന്നു ആദ്യത്തെ തിരിച്ചടി.

Also Read: പാലക്കാട് മെഡിക്കല്‍ കോളേജിലെ പിന്‍വാതില്‍ നിയമനങ്ങള്‍; തെളിവുകളിതാ

വിജിലന്‍സ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി എ.പി അനില്‍കുമാറിനും സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എസ്. സുബ്ബയ്യയ്ക്കുമെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. താത്ക്കാലികാടിസ്ഥാനത്തില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിച്ചവരില്‍ 170 പേരെ സ്ഥിരപ്പെടുത്താന്‍ 2016 ഫെബ്രുവരിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതും ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്ന നടപടിയാണ്. ചട്ടവിരുദ്ധ നിയമനങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച രണ്ടു കമ്മറ്റികളുടെയും ശുപാര്‍ശയെ മറികടന്നാണ് സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് വന്നതെന്നായിരുന്നു പ്രധാന ആരോപണം. അന്ന് പ്രതിപക്ഷം നിയമനത്തട്ടിപ്പിനെതിരെ പ്രതികരിക്കുകയും, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മെഡിക്കല്‍ കോളേജിനെ ആരോഗ്യവകുപ്പിന്റെ കീഴിലാക്കുമെന്നും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്നും മന്ത്രി എ.കെ ബാലനടക്കമുള്ളവര്‍ അന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത അന്നത്തെ വിജിലന്‍സ് കേസില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. സുബ്ബയ്യയാണ് ഒന്നാം പ്രതി. അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും മുന്‍മന്ത്രി എ.പി. അനില്‍കുമാറിനുമെതിരെ തെളിവില്ലാതിരുന്നതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അന്നുമുതല്‍ക്കു തന്നെ പുകയുന്ന നിയമന വിവാദങ്ങളുടെ ഏറ്റവുമൊടുവിലത്തെ കണ്ണിയാണ് നിലവില്‍ വാര്‍ത്തയായിരിക്കുന്ന 153 ഡോക്ടര്‍മാരുടെ റഗുലറൈസേഷന്‍ ഉത്തരവ്.

‘ചുമ്മാ നടത്തുന്ന’ പരീക്ഷകളും യുദ്ധകാലാടിസ്ഥാനത്തിലുള്ള സ്ഥിരപ്പെടുത്തലും

മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ച ആദ്യകാലങ്ങളില്‍ അപേക്ഷകരുടെ എണ്ണം വളരെ കുറവായിരുന്നതും ആദ്യ ബാച്ച് എത്രയും പെട്ടന്ന് തുടങ്ങേണ്ടതും കാരണമാണ് ആവര്‍ത്തിച്ച് പരസ്യം നല്‍കിയിട്ടുപോലും ജോലിക്കായി ആരുമെത്താതിരുന്നപ്പോള്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥര്‍ വിജിലന്‍സിനു നല്‍കിയ വിശദീകരണം. എന്നാല്‍, നിയമനങ്ങളിലെ ക്രമക്കേടിനെക്കുറിച്ച് 2017ല്‍ വീണ്ടും ചര്‍ച്ചകളുയര്‍ന്നപ്പോഴേക്കും ഈ വിശദീകരണത്തിന് സ്ഥാനമില്ലാത്ത വിധത്തില്‍ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചു കഴിഞ്ഞിരുന്നു. പന്ത്രണ്ട് തസ്തികകളിലേക്കായി താത്ക്കാലികാടിസ്ഥാനത്തില്‍ നടത്തിയ നിയമനത്തിന് അപേക്ഷിച്ചത് നാനൂറിലധികം പേരാണ്. പ്രാഥമിക പരീക്ഷയ്ക്കു ശേഷം തയ്യാറാക്കിയ റാങ്ക് ലിസ്റ്റിലും തിരിമറികള്‍ നടന്നിരുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള നിയമനത്തിന്റെ റാങ്ക് ലിസ്റ്റില്‍ പ്രകടമായ അപാകതകള്‍ ഉണ്ടായിരുന്നുതാനും. എഴുത്തുപരീക്ഷയില്‍ 67.4 ശതമാനം മാര്‍ക്കോടു കൂടി ഒന്നാം റാങ്ക് നേടിയ ഡോക്ടര്‍ അഭിമുഖം കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പു കുത്തുകയും എഴുത്തു പരീക്ഷയില്‍ 46.6 ശതമാനം മാര്‍ക്ക് മാത്രം നേടിയ ഉദ്യോഗാര്‍ത്ഥി അഭിമുഖത്തിനു ശേഷം ഒന്നാം റാങ്കിലെത്തുകയും ചെയ്തതായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയ പ്രധാന തെളിവുകളിലൊന്ന്. ഇതേ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയില്‍ മൂന്നാം റാങ്കോടു കൂടി അഭിമുഖത്തിനെത്തിയ ഡോക്ടറോട്, ‘പരീക്ഷ ചുമ്മാ നടത്തിയതല്ലേ, അതിലൊന്നും കാര്യമില്ല’ എന്ന പാനലിലുള്ള ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞതായും വെളിപ്പെടുത്തലുണ്ടായിരുന്നു. പാലക്കാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പുകളെക്കുറിച്ച് കേട്ട കാര്യങ്ങളില്‍ ഏറ്റവുമൊടുവിലത്തെ ആരോപണവുമിതായിരുന്നു.

Also Read: നിയമന തട്ടിപ്പ്: ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമെന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് ഡീന്‍

ഈ സാഹചര്യത്തിലാണ് 153 ഡോക്ടര്‍മാരെ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്. താത്ക്കാലികമായി നടത്തിയ നിയമനങ്ങളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നതിന് ആവശ്യത്തിലധികം തെളിവുകള്‍ നിലവിലുണ്ടായിരിക്കേ, ഇത്തരമൊരു കൂട്ട സ്ഥിരപ്പെടുത്തലിന് സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുന്നതിനെ സംശയത്തോടെയാണ് പലരും കാണുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിലൊന്ന് 224 റഗുലറൈസ്ഡ് തസ്തികകളാണെന്നതാണ് പുതിയ നടപടിക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിന് എം.സി.ഐ അംഗീകാരം നേടിയെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് സ്ഥിരപ്പെടുത്തലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള നടപടിയായാണ് സ്ഥാപനത്തിനകത്തു തന്നെയുള്ള പലരും ഇതിനെ വിലയിരുത്തുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ നിയമനങ്ങളില്‍ പലതും നിലവില്‍ അധ്യാപകരായി ജോലി ചെയ്യുന്നവരുടെ അടുത്ത ബന്ധുക്കളാണെന്നും, അല്ലാതെ എത്തിയ അര്‍ഹമായ അപേക്ഷകളില്‍ പലതും നിര്‍ദ്ദയം തഴയപ്പെട്ടിട്ടുണ്ടെന്നുമാണ് ജീവനക്കാരുടെയിടില്‍ നിന്നും ലഭിക്കുന്ന വിവരം. സ്ഥാപനത്തിലെ അധ്യയന വകുപ്പുകള്‍ക്ക് വ്യക്തമായൊരു വ്യവസ്ഥയുണ്ടാക്കാനായി പാടുപെട്ടിട്ടുള്ള അധ്യാപകരില്‍ ചിലര്‍ ഈ 153 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് സന്തോഷം തരുന്നുണ്ടെങ്കില്‍പ്പോലും, ഭൂരിഭാഗവും അനധികൃതമായി സ്ഥാപനത്തില്‍ കടന്നുകൂടിയവരാണെന്നും ആരോപണമുണ്ട്. ഇത്തരം നിയമനങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിച്ചാലാകട്ടെ, ഞെട്ടിക്കുന്ന വസ്തുതകളാണ് അറിയാനാവുക. സ്വന്തക്കാര്‍ക്ക് ജോലിയുറപ്പാക്കാനായി തസ്തികകളില്‍ മാറ്റം വരുത്തുന്നതു മുതല്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതുവരെയുള്ള തിരിമറികള്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതായി വിവരമുണ്ട്. താത്ക്കാലിക നിയമനങ്ങളില്‍ സുതാര്യത വരുത്താതെയുള്ള എല്ലാ സ്ഥിരപ്പെടുത്തലുകളും സംശയിക്കപ്പെടുന്നതും അതുകൊണ്ടു തന്നെ.

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ തുടര്‍ക്കഥയാകുന്ന ദളിത് വിരുദ്ധത

നിയമന വിവാദം കടുക്കുമ്പോഴും, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യം പരിഹരിക്കപ്പെടേണ്ടത് സ്ഥാപനത്തിനകത്തെ ജാതീയതയാണെന്നു പറയേണ്ടിവരും. എഴുപതു ശതമാനം വിദ്യാര്‍ത്ഥികള്‍ ദളിതരായ, അധ്യാപക-അനധ്യാപക ജീവനക്കാരില്‍ തത്തുല്യമായ പട്ടികജാതി പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് എസ്.സി/എസ്.ടി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു സ്ഥാപനത്തില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ജാതീയ പരാമര്‍ശങ്ങളും പാര്‍ശ്വവത്ക്കരണവും നിലനില്‍ക്കുന്നുണ്ട് എന്നതാണ് വാസ്തവം. അനധ്യാപക ജീവനക്കാരിയെ ജാതീയമായി അധിക്ഷേപിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിട്ടതും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ത്തന്നെയാണ്. അന്ന് ഇരുപത്തിയഞ്ചു പേര്‍ ഒപ്പിട്ടു നല്‍കിയ പരാതിയെപ്പോലും അട്ടിമറിക്കുന്ന തരത്തിലാണ് പിന്നീട് അന്വേഷണം പുരോഗമിച്ചത് എന്നത് അതിന്റെ മറ്റൊരു വശം മാത്രം. പട്ടികജാതിയില്‍പ്പെട്ടവര്‍ ജോലി ചെയ്യാനറിയാത്തവരും വിദ്യാഭ്യാസമില്ലാത്തവരുമാണ് എന്നര്‍ത്ഥം വരുന്ന പരാമര്‍ശങ്ങള്‍ പല തവണ നേരിടേണ്ടി വന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ട്. താന്‍ ജോലി ചെയ്യുന്ന അധ്യയന വിഭാഗം രൂപപ്പെടുത്താന്‍ ആദ്യ ഘട്ടം മുതല്‍ പരിശ്രമിച്ച ദളിത് അധ്യാപകന്, വകുപ്പുമേധാവിയാകാനുള്ള അവസരം നഷ്ടപ്പെട്ടതിനു പിന്നിലും ജാതീയമായ വേര്‍തിരിവാണെന്ന് ജീവനക്കാരില്‍ ചിലര്‍ ഉറച്ചു വിശ്വസിക്കുന്നു. എല്ലാ യോഗ്യതകളും കൃത്യമായിരുന്നിട്ടും സ്ഥാനക്കയറ്റം നഷ്ടപ്പെട്ട ഡോക്ടറും, തനിക്കായി നേരത്തേ തയ്യാറാക്കിവയ്ക്കപ്പെട്ട ഉയര്‍ന്ന തസ്തികകളിലേക്ക് നേരെ നടന്നുകയറുന്ന ഡോക്ടര്‍മാരും തമ്മിലുള്ള അന്തരമാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യം മാറേണ്ടത് എന്നാണ് ഇവരുടെ പക്ഷം.

Also Read: വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍: 75 ശതമാനവും പട്ടികവിഭാഗക്കാര്‍; പക്ഷേ ജാതി അവഹേളനം നിത്യസംഭവം; ഇത് പാലക്കാട് മെഡിക്കല്‍ കോളേജ്

എസ്.സി/ എസ്.ടി കമ്മീഷന്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ നേരിട്ടു നിര്‍ദ്ദേശിച്ചിട്ടുപോലും ജീവനക്കാരുടെ എണ്ണത്തില്‍ പട്ടികജാതിയുടെ കൃത്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടില്ലെന്നതാണ് മറ്റൊരു പരാതി. അനധ്യാപക ജീവനക്കാരില്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ നിര്‍ദ്ദിഷ്ട അനുപാതത്തില്‍ത്തന്നെയുണ്ടെങ്കിലും, ഇരുന്നൂറില്‍ത്താഴെ വരുന്ന അധ്യാപകരില്‍ വെറും പത്തുപേര്‍ മാത്രമാണ് പട്ടികജാതിയില്‍ നിന്നുള്ളത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും അനധികൃതമായി ജോലിയില്‍ പ്രവേശിപ്പിക്കുകയും ദളിത് വിരുദ്ധത പെരുമാറ്റത്തില്‍പ്പോലും കലര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍, ഈ പ്രാതിനിധ്യക്കുറവുണ്ടാകുന്നതും സ്വാഭാവികം തന്നെ. അനധ്യാപക ജീവനക്കാരില്‍ പുതിയ നിയമനങ്ങള്‍ നടന്നിട്ട് ഏറെക്കാലമായെന്നതും ഈ വിഭാഗത്തില്‍ ജോലി നോക്കുന്ന ദളിതരിലേറെയും ഗ്രേഡിംഗില്‍ താഴേക്കിടയിലുള്ള ജോലിയിലാണുള്ളത് എന്നതും പ്രാതിനിധ്യത്തേക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അധ്യാപകര്‍ക്ക് റഗുലറൈസേഷന്‍ വന്നപ്പോഴും അനധ്യാപകര്‍ക്ക് വരാന്‍ വൈകുകായും ചെയ്യുന്നു.

നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന തിരിമറികളുടെ വേരു തേടിപ്പോയാല്‍ ഇത്തരത്തില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അനവധി ക്രമക്കേടുകളാണ് വെളിപ്പെടുക. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ലഭ്യമായ തസ്തികകളിലെല്ലാം താല്‍പര്യമുള്ളവരെയും അടുപ്പക്കാരെയും കയറ്റുന്ന നീക്കം തന്നെയാണ് വര്‍ഷങ്ങളായി ഇവിടെ നടക്കുന്ന നിയമനത്തട്ടിപ്പിനു പുറകിലുള്ളതെന്ന് ആദ്യ കാലങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജില്‍ ജോലി നോക്കുന്ന ചിലര്‍ വെളിപ്പെടുത്തുന്നുമുണ്ട്. പ്രിന്‍സിപ്പാളിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സ്വാധീനിക്കുന്നത് രാഷ്ട്രീയ നേതാക്കള്‍ തന്നെയാണെന്നും, പുതുതായി നടന്നിട്ടുള്ള നിയമനങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ അതു വ്യക്തമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമനങ്ങളില്‍ നേരിട്ട് ഇടപെടുന്നത് മന്ത്രിസഭാതലത്തില്‍ പിടിപാടുള്ളവരാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, കീഴാള വിഭാഗങ്ങളുടെ ഉന്നമനം പ്രാഥമിക ലക്ഷ്യമായി കാണുന്നു എന്ന് അവകാശപ്പെടുന്ന, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് പോലുള്ള ഒരു സ്ഥാപനത്തില്‍ നിന്നും ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ വരുമ്പോള്‍, തീര്‍ച്ചയായും അത് വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്.

(തുടരും)

Also Read: മോദി മന്ത്രിസഭയിലെ രണ്ടാമന്‍ രാജ്നാഥ് സിങ്ങോ അമിത് ഷായോ? വെളുപ്പിനെ ഇറക്കിയ ഉത്തരവ് തിരുത്തി പ്രതിരോധമന്ത്രിയെ ഉള്‍പ്പെടുത്തി രാത്രി പുതിയ ഉത്തരവ്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍