TopTop
Begin typing your search above and press return to search.

എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വിദ്യാര്‍ത്ഥിനി കോളേജിലെത്തുന്നത് പോലീസ് സംരക്ഷണയില്‍

എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വിദ്യാര്‍ത്ഥിനി കോളേജിലെത്തുന്നത് പോലീസ് സംരക്ഷണയില്‍

പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥി സോഫി ജോസഫ് ഇപ്പോള്‍ കോളേജിലെത്തുന്നത് രണ്ട് പോലീസുകാരുടെ സംരക്ഷണയിലാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന് വിധേയയാവുകയും ഭീഷണി നേരിടേണ്ടി വരികയും ചെയ്തപ്പോള്‍ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായ സോഫി നിയമസഹായം തേടുകയായിരുന്നു. കോളേജ് അധികൃതരും പോലീസും പരാതി കേട്ടിട്ടും നടപടിയെടുക്കാതിരുന്നപ്പോള്‍ ഹൈക്കോടതി അനുകൂലമായി വിധിച്ചു. സോഫി ജോസഫ് ആവശ്യപ്പെടും വരെ പോലീസ് സംരക്ഷണം നല്‍കാനാണ് കോടതി വിധി.

വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പേരില്‍ സംസ്ഥാനത്താദ്യമായാണ് ഒരു വിദ്യാര്‍ഥി പോലീസ് സംരക്ഷണയില്‍ കോളേജിലെത്തുന്നത്. കാമ്പസിനകത്ത് നല്‍കുന്ന സംരക്ഷണത്തിനൊപ്പം സോഫി ആവശ്യപ്പെട്ടാല്‍ കാമ്പസിന് പുറത്തും പോലീസ് സംരക്ഷണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഒരു വനിതാ പോലീസിന്റെയും ഒരു പുരുഷ പോലീസിന്റെയും സംരക്ഷണയില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സോഫി ജോസഫ് വീണ്ടും കോളേജില്‍ പ്രവേശിച്ചു. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കാമ്പസിലാണ് സംഭവങ്ങള്‍ അരങ്ങേറിയതും വിദ്യാര്‍ഥിനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടി വന്നതും.

കോളേജില്‍ നടന്ന സംഭവങ്ങളെയും കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യത്തെയും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് സോഫി ജോസഫ് : ''കഴിഞ്ഞ മാസം 17ന് കോളേജില്‍ എസ്എഫ്‌ഐയുടെ കാമ്പൈയിന്‍ ഉണ്ടായിരുന്നു. എസ്എഫ്‌ഐയെക്കുറിച്ച് എന്തോ ഡെസ്‌കില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു അത്. തുടര്‍ന്ന് രണ്ട് കെഎസ്‌യൂ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു. അവര്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു. 18ന് ദീപാവലി അവധിയായിരുന്നു. 19-ാംതീയതി ഒരു അവര്‍ കഴിഞ്ഞപ്പോള്‍ കെഎസ്‌യുവിന്റെ കാമ്പൈയിന്‍ നടന്നു. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കെ എസ് യു പ്രവര്‍ത്തകരെ അടിക്കുകയാണുണ്ടായത്, അങ്ങനെ ഞങ്ങളെ അടിച്ചൊതുക്കാന്‍ നോക്കരുത്, ഡെസ്‌കില്‍ എസ്എഫ്ഐക്കെതിരെ എഴുതിയത് ഞങ്ങളല്ല, അങ്ങനെയാണെന്ന് തെളിയിക്കാന്‍ പറ്റിയാല്‍ ഒറ്റ കെ എസ് യുക്കാരും കാമ്പസില്‍ കാലുകുത്തില്ല തുടങ്ങിയ കാര്യങ്ങളാണ് ഞങ്ങള്‍ കാമ്പയിനില്‍ പറഞ്ഞത്. കാമ്പയിനിങ് കഴിഞ്ഞ പുറത്തിറങ്ങുന്ന സമയത്ത് എന്നെയും ഉനൈസ്, ജോയല്‍ എന്നീ വിദ്യാര്‍ഥികളേയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. കോളേജിന്റെ മുറ്റത്ത് വച്ച് ആദ്യം അടിച്ചു. അതുകഴിഞ്ഞ് അധ്യാപകര്‍ ഞങ്ങളെ പിടിച്ച് മാറ്റി വകുപ്പ് മേധാവിയുടെ മുറിയില്‍ ഇരുത്തി. പിന്നീട് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തുനിന്ന് എച്ച്ഒഡിയുടെ മുറിയില്‍ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്നവരും അവരും ചേര്‍ന്ന് ഞങ്ങളെ വീണ്ടും ആക്രമിച്ചു. ഉനൈസിന്റെ ബോധം പോയിട്ടും അവര്‍ തലയില്‍ ചവിട്ടി. ഇതിന് ശേഷം ഉനൈസ് രണ്ട് ദിവസം ഐ.സി.യുവിലായിരുന്നു. അടിയില്‍ എന്റെ പല്ലിളകുകയും കൈകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

ഈ സംഭവത്തെ തുര്‍ന്ന് കോളേജ് രണ്ടര ആഴ്ചയോളം അടച്ചിട്ടു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു സിന്‍ഡിക്കേറ്റ് അംഗം അന്വേഷണ കമ്മീഷനായെത്തി. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ ഉള്‍പ്പെടെ യോഗം വിളിച്ചെങ്കിലും പല രക്ഷിതാക്കള്‍ക്കും സംസാരിക്കാനുള്ള അവസരം പോലും ലഭിച്ചില്ല. കമ്മീഷന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി. അക്രമമുണ്ടാക്കിയവര്‍ക്കെതിരെ ഒരു ശിക്ഷാ നടപടികളുമെടുക്കാതെ കോളേജ് കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തുറന്നു. അക്രമ സാധ്യത നിലനില്‍ക്കുന്നതുകൊണ്ടും എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയോ വകുപ്പ് മേധാവിയോ അച്ചടക്ക നടപടി സ്വീകരിക്കാത്തതുകൊണ്ടും കെ എസ് യു പ്രവര്‍ത്തകരാരും കോളേജില്‍ വന്നില്ല. ആ സാഹചര്യത്തില്‍ ക്ലാസ്സില്‍ പോവാതെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോവുകയായിരുന്നു. കാമ്പസില്‍ സ്വതന്ത്രമായി പഠിക്കാനും പാഠ്യേതര വിഷയങ്ങളില്‍ സ്വതന്ത്രമായി ഇടപെടാനുമുള്ള സംരക്ഷണമാണ് കോടതിയോട് ആവശ്യപ്പെട്ടത്. പക്ഷെ കോടതി ഞാന്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലത്രയും കാലപരിധിയില്ലാതെ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടു. അത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. വ്യാഴാഴ്ച മുതല്‍ ക്ലാസ്സില്‍ പോയിത്തുടങ്ങി.

ഇത്രയും അതിക്രമം കാണിച്ചിട്ട് എന്തുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ന് വകുപ്പ് മേധാവിയോട് കെ എസ് യു പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ നടപടിയെടുത്താല്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അതിനദ്ദേഹത്തിന് ഉത്തരമില്ല. പരാതി നല്‍കിയിട്ടും പോലീസും നടപടിയെടുത്തില്ല. ഞങ്ങളെ ആക്രമിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ ധര്‍മ്മടത്ത് ചെന്നിട്ട് അവരെ വെറുതെ അറസ്റ്റ് ചെയ്യാന്‍ കഴിയുമോ? നിങ്ങള്‍ തമാശ പറഞ്ഞിട്ട് കൈ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തട്ടിയതാവും, ആ സമയത്ത് ദേഹത്ത് കൊണ്ടിട്ടുണ്ടാവും, അതിനെങ്ങനെ കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങളോട് പറഞ്ഞത്. വളരെ ലാഘവത്തോടെയാണ് അവര്‍ ഇതിനെ സമീപിച്ചത്. കേസിലെ പ്രതികളെല്ലാം കാമ്പസില്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. എനിക്ക് പോലീസ് സംരക്ഷണം കിട്ടയതിന് ശേഷവും മറ്റ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തല്‍ അവര്‍ തുടരുന്നുണ്ട്. പുറത്ത് വച്ച് കണ്ടോളാം തുടങ്ങിയ വര്‍ത്തമാനങ്ങളാണ് അവര്‍ പലരോടും പറയുന്നത്. ഞങ്ങള്‍ ഇതിനെതിരയും പരാതി നല്‍കിയിട്ടുണ്ട്.''

എന്നാല്‍ സോഫി പറഞ്ഞ കാര്യങ്ങളെല്ലാം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായതിനാല്‍ കെ എസ് യു രാഷ്ട്രീയം കളിക്കുകയാണെന്ന് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസന്‍ ആരോപിച്ചു. ഹസന്‍ പറയുന്നതിങ്ങനെ- ''അന്ന് അവിടെ അടിനടന്നു എന്നത് സത്യമാണ്. അത് അത്ര വലിയ സംഘര്‍ഷമൊന്നുമായിരുന്നില്ല. എസ്എഫ്ഐക്കെതിരെ ഡസ്‌കില്‍ എഴുതി എന്ന വിഷയത്തിനൊപ്പം റാഗിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം കൂടി അതിന് പിന്നലുണ്ടായിരുന്നു. 19-ന് പോര്‍ട്ടിക്കോയില്‍ വച്ച് ചെറിയ പ്രശ്‌നമുണ്ടായി. ഉന്തും തള്ളുമുണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം അടി കൊള്ളുന്നത്. പ്രവര്‍ത്തകരായ പ്രീയേഷിനും ആദര്‍ശിനും പരിക്ക് പറ്റി. പ്രീയേഷിന്റെ കൈയില്‍ പ്ലാസ്റ്റര്‍ ഇടേണ്ടിവന്നു. സോഫി എന്ന പെണ്‍കുട്ടിക്ക് അടി കൊടുത്തിട്ടുമില്ല, അടി കൊണ്ടിട്ടുമില്ല. സംഘര്‍ഷമുണ്ടായ സമയത്ത് അവളെ മാറ്റി നിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തെ ഫോക്കസ് ചെയ്തുള്ള രാഷ്ട്രീയ കളിയാണ് അവര്‍ നടത്തുന്നത്.

അന്വേഷണ കമ്മീഷന് മുന്നില്‍ സംഘര്‍ഷത്തിലുള്‍പ്പെട്ട രണ്ട് കൂട്ടരും മാപ്പപേക്ഷ എഴുതി നല്‍കിയതാണ്. പിന്നെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് പറയാനാവില്ല. നവംബര്‍ ഒന്നാം തീയതി വിദ്യാര്‍ഥി പ്രതിനിധികളുടേയും രക്ഷിതാക്കളുടേയും യോഗം നടത്തിയതിന് ശേഷമാണ് കോളേജ് തുറക്കുന്നത്. ആ യോഗത്തില്‍ അവരും പങ്കെടുത്തിട്ടുണ്ടായിരുന്നു. ഇവര്‍ യൂണിവേഴ്‌സിറ്റിയില്‍ പരാതി നല്‍കിയിട്ടുമില്ല. ഗവര്‍ണര്‍ക്കും പോലീസ് ചീഫിനും പരാതി നല്‍കിയെന്നാണ് പറയുന്നത്. അവര്‍ പറയുന്ന ഉനൈസ് തന്നെയാണ് കോളേജ് തുറക്കണമെന്നും സമരാന്തരീക്ഷം ഉണ്ടാക്കില്ലെന്നും യോഗത്തില്‍ പറഞ്ഞത്. പിന്നീടാണ് കോടതിയില്‍ പരാതി നല്‍കി കാമ്പസിനെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമം നടത്തുന്നത്. സോഫി പോലീസ് സംരക്ഷണയുമായി വന്ന ദിവസം കെ എസ് യു പ്രവര്‍ത്തകര്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെ കള്ളപ്പരാതി നല്‍കുകയുണ്ടായി. അവരെ നോക്കിപ്പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പറഞ്ഞാണ്.

എന്നാല്‍ അന്ന് എസ് എഫ്‌ഐ പ്രവര്‍ത്തകരെല്ലാം യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്ള കാമ്പസില്‍ നിരന്തരം സംഘര്‍ഷമാണ് എന്ന തരത്തില്‍ കെ എസ് യുക്കാരുടെ അക്രമങ്ങളുടെയും തോന്നിവാസങ്ങളുടെയും കേന്ദ്രമായി കാമ്പസിനെ മാറ്റാനുള്ള ശ്രമങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ആ രീതിയില്‍ ഒരു ഗ്യാങ് പ്രവര്‍ത്തനം പോലെയാണ് അവിടെയുണ്ടായിരുന്നത്. അതുകൊണ്ടാണ് ആ രീതിയില്‍ ചോദ്യം ചെയ്തത്. സോഫിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, അവള്‍ക്ക് മാനഹാനിയുണ്ടാക്കി എന്ന് പറഞ്ഞാണ് അവര്‍ കേസ് കൊടുത്തിട്ടുള്ളത്. കേരളചരിത്രത്തില്‍ കാമ്പസിനകത്ത് ഇത്തരത്തില്‍ സംഘര്‍ഷമുണ്ടായ സമയത്ത് ഇത്തരത്തില്‍ ഒരു വകുപ്പ് ചെലുത്തിയിട്ടില്ല. അത്രയും തരംതാഴ്ന്ന തരത്തിലാണ് കേസ് നടക്കുന്നത്.

പല കാമ്പസുകളിലും സംഘര്‍ഷമുണ്ടാവും, പെണ്‍കുട്ടികള്‍ക്കടക്കം പരിക്കേല്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു കേസ് വന്നിട്ടുണ്ടാവില്ല. വാര്‍ത്തയാക്കുക എന്നതിനപ്പുറം മറ്റൊന്നിനും വേണ്ടിയല്ല ഇതൊന്നും. സോഫിയുടെ ആത്മഹത്യാ നാടകം പൊളിഞ്ഞതുള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. പോലീസ് സംരക്ഷണം കിട്ടുന്നതിന്റെ തലേന്ന് സോഫി ആത്മഹത്യാ നാടകം കളിച്ചു. അവള്‍ താമസിക്കുന്ന മുറിയില്‍ വച്ച് ഗുളിക കുടിച്ചിട്ട് മറ്റ് വിദ്യാര്‍ഥികളോട് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ഗുളിക കുടിച്ചെന്നും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പോവണ്ട, ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്നും പറഞ്ഞു. എന്നിട്ട് അവിടുത്തെ ഡോക്ടറും തിരിച്ചയയ്ക്കുന്ന സ്ഥിതിയുണ്ടായി. ഇത് എസ്എഫ്ഐക്കാര്‍ പറയുന്നതല്ല. അവളുടെ സഹപാഠികളായ വിദ്യാര്‍ഥികള്‍ പറയുന്നതാണ്. ഇപ്പോള്‍ അവളുടെ ക്ലാസ്സിലെ കെ എസ് യുക്കാര്‍ ഉള്‍പ്പെടെ അവളെ ഒറ്റപ്പെടുത്തിയപോലെയാണ്. കാരണം എല്ലാ ദിവസവും മാധ്യമങ്ങള്‍ വരുന്നുണ്ട്, മാധ്യമങ്ങളുടെ മുന്നില്‍ കളിക്കാനുള്ള കളിപ്പാവയായി മാറിയിരിക്കുകയാണ് അവള്‍. അവളുടെ രാഷ്ട്രീയപരമായ വളര്‍ച്ചക്ക് വേണ്ടി ആ കാമ്പസിനെ ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണുള്ളത്.''

ചിത്രം കടപ്പാട്: doolnews


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories