TopTop
Begin typing your search above and press return to search.

പാലിയേക്കര ടോള്‍; നിത്യദുരിതം യാത്രക്കാര്‍ക്ക്; കമ്പനി അനധികൃതമായി പിഴിയുന്നത് കോടികള്‍

പാലിയേക്കര ടോള്‍; നിത്യദുരിതം യാത്രക്കാര്‍ക്ക്; കമ്പനി അനധികൃതമായി പിഴിയുന്നത് കോടികള്‍

പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട എന്തെങ്കിലും വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ സ്ഥിരമായി ഉണ്ടാകും. പലപ്പോഴും നീണ്ട ഗതാഗതക്കുരുക്ക് മുതല്‍ യാത്രക്കാര്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളും പ്രതിഷേധ സമരങ്ങളും ഒക്കെ ഇവിടെ നിന്ന് വാര്‍ത്തയാവാറുണ്ട്.

ബി.ഒ.ടി വ്യവസ്ഥയില്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ലാഭം കുന്നുകൂട്ടാനാണോ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മ്മിച്ചതെന്ന് ആരെങ്കിലും സംശയിച്ചു പോയാല്‍ തെറ്റുപറയാനാകില്ല. പാത നിര്‍മ്മിച്ച കമ്പനി 2012 മുതലിങ്ങോട്ട് പാലിയേക്കരയില്‍ ടോളിന്റെ പേരില്‍ പിഴിഞ്ഞെടുത്ത കോടികളുടെ കണക്ക് ഈ സംശയം ബലപ്പെടുത്തുന്നതാണ്. ടോള്‍ പിരിക്കുന്നതിലെ ആത്മാര്‍ത്ഥത കരാര്‍ പ്രകാരമുള്ള റോഡിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ ഇല്ലെന്നതാണ് വസ്തുത.

നിര്‍മ്മാണം കഴിഞ്ഞ് 5 വര്‍ഷം പിന്നിടുമ്പോഴേക്കും ചിലവായതിന്റെ 65 ശതമാനവും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (GIPL) എന്ന കമ്പനി പിരിച്ചെടുത്തുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2028 വരെയും ടോള്‍ പിരിക്കാല്‍ കമ്പനിക്ക് അനുമതിയുള്ളപ്പോഴാണിതെന്ന് ഓര്‍ക്കണം.

ടോള്‍ പ്ലാസയിലൂടെ പ്രതിദിനം ശരാശരി 24,000 വാഹനങ്ങളാണ് കടന്നു പോകുന്നത്. 2015ലെ വിവരാവകാശ രേഖ പ്രകാരമുള്ള കണക്കില്‍ 26 ലക്ഷമാണ് പ്രതിദിന വരുമാനം. 721.17 കോടി രൂപ ഇരുവരെ ചിലവായെന്ന് പറയുന്ന കമ്പനി 2017 ഏപ്രില്‍ 30-നകം 454.89 കോടി പിരിച്ചെടുത്തു. ഇതൊക്കെ ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്. ഇതനുസരിച്ച് നോക്കിയാല്‍പ്പോലും ചിലവായതിന്റെ നാലിരട്ടിത്തുക കമ്പനിക്ക് 2028 ല്‍ തന്നെ കിട്ടി ബോധിക്കും. പോരാത്തതിന് ടോള്‍ പിരിവ് ശാസ്ത്രീയമായും ഫലപ്രദമായും നടത്താന്‍ ജി.ഐ.പി.എല്‍ ആ പണി ഇപ്പോള്‍ ഫ്രഞ്ച് കമ്പനിയായ ഏജിസിനെ ഏല്‍പ്പിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ പുറത്തു വന്ന കണക്ക് കമ്പനിയുടെ ടോള്‍ കൊള്ളയുടെ മൂന്നിലൊരു ഭാഗം മാത്രമാണെന്ന് പാലിയേക്കര ടോള്‍ വിരുദ്ധ സമിതി കണ്‍വീനര്‍ പി.ജെ മോന്‍സി പറയുന്നു.

'24000 വാഹനങ്ങള്‍ ടോള്‍ പ്ലാസ വഴി കടന്നു പോകുന്നുവെന്നാണ് ഇപ്പോഴും പറയുന്ന കണക്ക്. ഇത് അസംബന്ധമാണ്. പത്ത് കൊല്ലം മുന്നേ കേന്ദ്ര ഏജന്‍സിയായ നാക് പാക് (NAKPAK ) എടുത്ത കണക്കില്‍ ഈ പാതയിലൂടെ 26,000 വാഹനങ്ങള്‍ പ്രതിദിനം കടന്നു പോകുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. വാഹനപ്പെരുപ്പം കൂടി പരിഗണിച്ചാല്‍ ശരാശരി 40,000 വാഹനങ്ങളെങ്കിലും ഇപ്പോള്‍ ഈ വഴിക്ക് കടന്നു പോകുന്നുണ്ട്. ടോള്‍ ഇനത്തില്‍ കുറഞ്ഞത് 80 ലക്ഷമെങ്കിലും കമ്പനിക്ക് പ്രതിദിന വരുമാനവുമുണ്ട്. കമ്പനിചിലവാക്കിയതിന്റെ അഞ്ചിരട്ടിയെങ്കിലും ഇപ്പോള്‍ തന്നെ പിരിച്ചിട്ടുമുണ്ട്.

തോന്നുംപോലെ ടോള്‍ പിരിക്കുമ്പോഴും കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിക്കുകയാണ്. 2011 ഡിസംബര്‍ 9-നാണ് ടോള്‍ പിരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി കമ്പനിക്ക് അനുമതി നല്‍കുന്നത്. ബി.ഒ.ടി വ്യവസ്ഥയനുസരിച്ച് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കണമെങ്കില്‍ സ്വതന്ത്ര ഏജന്‍സിയായ ഇന്റര്‍ കോണ്‍ണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സി ആന്റ് ടെക്‌നോക്രാറ്റ്‌സിന്റെ അംഗീകാരം വേണം. റോഡിന്റെ പണി 70 ശതമാനം പൂര്‍ത്തിയായപ്പോള്‍ 120 ദിവസത്തിനകം ബാക്കി 30 ശതമാനം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് ഏജന്‍സി ടോള്‍ പിരിക്കാന്‍ കമ്പനിക്ക് അംഗീകാരം നല്‍കിയത്.

2012 ഏപ്രില്‍ 2-ന് ഈ കാലാവധി തീര്‍ന്നു. ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെയും പൂര്‍ത്തിയായിട്ടുമില്ല. ഇങ്ങനെ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്വകാര്യ കമ്പനിക്ക് പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം തീറെഴുതിയിരിക്കുകയാണിവിടെ'.

ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതു കൊണ്ടൊന്നും തീരുന്നില്ല. പാലിയേക്കര സിപിഎം ലോക്കല്‍ സെക്രട്ടറി വാസുദേവന്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്. 'കമ്പനിക്ക് തോന്നും പോലെയാണ് അവിടത്തെ കാര്യങ്ങള്‍. അഞ്ചു വാഹനത്തിലധികം ഒരു ട്രാക്കില്‍ വന്നാല്‍ ടോള്‍ വാങ്ങാതെ കടത്തി വിടണമെന്ന് കമ്പനിയുമായി ധാരണയുള്ളതാണ്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. പ്രശ്നം ഗുരുതരമായാല്‍ സംഘടനകള്‍ ഇടപെടും. അപ്പോള്‍ താത്കാലിക പരിഹാരമുണ്ടാകും. പിന്നീട് വീണ്ടും പഴയ പടിയാകും. മോശം കസ്റ്റമര്‍ ഡീലിങ്ങാണ് അവരുടേത്. നടി സുരഭിക്കുണ്ടായ അനുഭവം ഇതിന് തെളിവാണ്. റോഡിലെ അറ്റകുറ്റപ്പണി പൂര്‍ത്തികരിക്കല്‍, ഡ്രെയിനേജ് സംവിധാനം, ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണം ഇങ്ങനെ കരാര്‍ പ്രകാരമുള്ള ഒരു പ്രവര്‍ത്തനവും കമ്പനി നടത്തുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി ജി. സുധാകരന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്.'

ദേശീയ പാതയ്ക്ക് സമാന്തരമായി മണലിപ്പുഴപാലത്തിന് സമീപത്ത് കൂടിയുള്ള റോഡ്, ടോള്‍ കൊടുത്ത് പൊറുതിമുട്ടിയ നാട്ടുകാര്‍ ഇടക്കാലത്ത് ഉപയോഗിച്ചിരുന്നു. ചെറിയ കാറുകള്‍ക്ക് വരെ ഈ റോഡിലൂടെ പോകുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ടോള്‍ റോഡിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ റോഡ് ഉണ്ടാക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയിലുണ്ടെന്ന ന്യായം പറഞ്ഞ് കമ്പനി ഈ വഴിയും അടച്ചുപൂട്ടി. അതിന് കോടതിയെ സമീപിക്കാനും അവര്‍ തയ്യാറായി. മറ്റൊരു വ്യവസ്ഥയും പാലിച്ചില്ലെങ്കിലും ടോളിന് അനുകൂലമായ ഏത് വ്യവസ്ഥയും കമ്പനി കൃത്യമായി പാലിക്കുന്നുമുണ്ട്.

ടോള്‍ കൊള്ളക്കും ബി.ഒ.ടി വ്യവസ്ഥകള്‍ക്കുമെതിരെ നിരവധി സംഘടനകള്‍ ഇവിടെ സമരം നടത്തിയിരുന്നു. പാലിയേക്കര പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇപ്പോഴുള്ളത് മുപ്പതിലധികം കേസുകളാണ്. കേസുകള്‍ എങ്ങുമെത്താതെ നീണ്ടു പോകുകയാണ്. ടോള്‍ ചൂഷണം നിര്‍ബാധം തുടരുന്നുമുണ്ട്.


Next Story

Related Stories