TopTop
Begin typing your search above and press return to search.

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി കൊടുത്തു; വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പ്പിച്ച് നെഹ്റു കോളേജ് മാനേജ്‌മെന്റിന്റെ വേട്ടയാടല്‍

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി കൊടുത്തു; വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പ്പിച്ച് നെഹ്റു കോളേജ് മാനേജ്‌മെന്റിന്റെ വേട്ടയാടല്‍

"ജിഷ്ണുവിനെ ഓര്‍മ്മയുള്ളതുകൊണ്ട് ശാരീരികമായി ഞങ്ങളെ ഉപദ്രവിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ ഭയമുണ്ട്. പക്ഷേ മാനസിക പീഡനം ഇപ്പോഴും പഴയപോലെ തന്നെ തുടരുന്നു. പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന കേരളത്തിലെ പൊതുസമൂഹത്തിന്റെ ധാരണ തെറ്റാണ്."

രണ്ടു വര്‍ഷം മുന്‍പ് ഇടി മുറികളുടെയും പീഡനങ്ങളുടെയും ജിഷ്ണു എന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെയും പേരില്‍ കുപ്രസിദ്ധി നേടിയ പാമ്പാടി നെഹ്റു കോളേജിലെ അതുല്‍ എന്ന വിദ്യാര്‍ത്ഥിയുടെ വാക്കുകളാണിത്. ജനുവരി 6-ന് ജിഷ്ണുവിന്റെ ചരമ വാര്‍ഷികമാണ്. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയാണ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തതിന്റെ പേരില്‍ നെഹ്റു കോളേജ് മാനേജ്മെന്റ് ഇപ്പോള്‍ തന്നെയാണ് വേട്ടയാടുന്നതെന്ന് ഫാര്‍മസി വിദ്യാര്‍ത്ഥിയായ അതുല്‍ ജോസ് പറയുന്നു.

"ജിഷ്ണു കേസില്‍ മൊഴി കൊടുത്തതാണ് മാനേജ്മെന്റിന് എന്നോടുള്ള ദേഷ്യത്തിന് കാരണം. ജിഷ്ണുവിന്റെ മരണത്തിനു മുന്‍പ് എല്ലാ പ്രാക്ടിക്കല്‍ പരീക്ഷകളും നല്ല മാര്‍ക്കോടെ പാസായിരുന്ന ഞാന്‍ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തതിനു ശേഷം ഒരേ പരീക്ഷയില്‍ രണ്ടു തവണ പരാജയപ്പെട്ടു. അഞ്ചു വര്‍ഷം ക്ലാസും ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പും അടങ്ങുന്നതാണ് ഡി ഫാം കോഴ്സിന്റെ ഘടന. തിയറിയും പ്രാക്ടിക്കലും പ്രത്യേകമായി ജയിച്ചാലാണ് ആ വിഷയം പാസ്സായതായി കണക്കാക്കുകയുള്ളൂ. ആകെ 31 പേരാണ് ഞങ്ങളുടെ ബാച്ചില്‍ ഉള്ളത്. അതില്‍ മൂന്ന് പേര്‍ മാത്രം പ്രാക്ടിക്കല്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. രണ്ടാം തവണയും ഞാന്‍ പ്രാക്ടിക്കലിന് മാത്രം പരാജയപ്പെട്ടതാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് വിവരാവകാശ പ്രകാരം മാര്‍ക്ക് ഷീറ്റ് എടുപ്പിച്ചു പരിശോധിച്ചു. അങ്ങനെയാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

തിയറി പരീക്ഷ നല്ല മാര്‍ക്കോടെ പാസ്സായ എനിക്ക് സബ്ജക്ട് നോളഡ്ജ് പുവര്‍ എന്നാണ് മാര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ഡിസംബറില്‍ നടന്ന പരീക്ഷയുടെയും 2018 ഓഗസ്റ്റില്‍ നടന്ന പരീക്ഷയുടെയും മാര്‍ക്ക് ഷീറ്റ് തിരുത്തിയിരുന്നു. വൈവയ്ക്ക് 60 ശതമാനത്തിനും 70 ശതമാനത്തിനും ഇടയില്‍ മാര്‍ക്ക് കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കിട്ടുന്നത് 15, 10 ശതമാനം ഒക്കെയാണ്. ആരോഗ്യ സര്‍വ്വകലാശാല സെനറ്റിനും ഈ കാര്യം ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല തലത്തില്‍ അന്വേഷണവും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. പരീക്ഷയില്‍ എന്നെ തോല്‍പ്പിക്കും എന്ന ഭീഷണി വളരെ മുന്‍പേ തന്നെ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. അതുകൊണ്ടാണ് റിസള്‍ട്ട് പബ്ലിഷ് ചെയ്യുന്നതിന് മുന്‍പേ തന്നെ യൂണിവേഴ്‌സിറ്റിയ്ക്ക് പരാതി അയച്ചത്. എന്റെ പേപ്പര്‍ മറ്റൊരു എക്സാമിനറെ ഉപയോഗിച്ച് പരിശോധിപ്പിച്ചാല്‍ അറിയാം എത്ര മാര്‍ക്കിനുള്ള അര്‍ഹത എനിക്കുണ്ടെന്ന്'".

അര്‍ഹതപ്പെട്ടതിലും താഴ്ന്ന മാര്‍ക്ക് നല്‍കുകയും പിന്നീട് ആ മാര്‍ക്ക് വെട്ടിത്തിരുത്തി വീണ്ടും കുറച്ച കാര്യത്തിന് വിശദീകരണം ലഭിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് അതുല്‍ ചൂണ്ടിക്കാണിക്കുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ തന്നോട് സംസാരിക്കുന്നതില്‍ നിന്നും വിലക്കുന്ന മാനേജ്മെന്റ് ക്യാമ്പസ്സിനുള്ളില്‍ തന്നെ ഒറ്റപ്പെടുത്തി മാനസികമായി തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അതുല്‍ ആരോപിക്കുന്നു. "എന്നോട് സംസാരിക്കുന്ന കുട്ടികളെ പരസ്യമായി പ്രിന്‍സിപ്പാള്‍ ശകാരിച്ചിട്ടുണ്ട്. ആ ഭീഷണിയും ശകാരവും വകവയ്ക്കാതെ എന്നോട് വീണ്ടും സംസാരിച്ച കുട്ടികളെ തിരഞ്ഞു പിടിച്ച് പിറ്റേന്ന് തന്നെ അവരുടെ മാതാപിതാക്കളെ കോളേജില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി. ഒടുവില്‍ കോളേജിനെതിരെ പ്രവര്‍ത്തിക്കുന്ന എന്നോട് മേലില്‍ സംസാരിക്കില്ല എന്ന് ആ കുട്ടികളെക്കൊണ്ട് അവരുടെ വീട്ടുകാരുടെ മുന്നില്‍ വച്ച് എഴുതി ഒപ്പിടീച്ചു വാങ്ങി.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ചു സമരം ചെയ്തവരാണ് എന്റെ ഒപ്പം പ്രാക്ടിക്കല്‍ പരീക്ഷയില്‍ പരാജയപ്പെട്ട വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവര്‍. ഇതില്‍ വസീം ഷായുടെ മാര്‍ക്ക് ലിസ്റ്റും തിരുത്തിയിട്ടുണ്ട്. മുഹമ്മദ് ആഷിക്കിന്റെ മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ വിവരാവകാശ പ്രകാരം അപേക്ഷ കൊടുത്തിട്ടുണ്ട്. കോളേജ് നടത്തുന്ന പരീക്ഷയില്‍ മാത്രമാണ് ഞങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്. അതെ വിഷയത്തിന്റെ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ കൃത്യമായി ജയിക്കുകയും ചെയ്യുന്നുണ്ട്. സാമാന്യ ബോധമുള്ള ആര്‍ക്കും ഇതിലെ വിരോധാഭാസം മനസ്സിലാവും. ഇടിമുറികള്‍ക്ക് പകരമായി കോളേജ് കണ്ടെത്തിയ പുതിയ പ്രതികാര നടപടിയാണ് അക്കാദമിക്‌സില്‍ കൈകടത്തി മാനസിക മായി പീഡിപ്പിക്കുക എന്നത്. ഇത്രയും തെളിവുകള്‍ കൊണ്ടു വന്നിട്ടും മാനേജ്മെന്റിന് യാതൊരു കൂസലുമില്ല. ഓരോ തവണയും ഞങ്ങളെ വാക്കാല്‍ കുത്തി നോവിക്കുന്നതെല്ലാം റെക്കോര്‍ഡ് ചെയ്ത് പുറം ലോകത്തെ അറിയിക്കുക എന്നതും പ്രായോഗികമല്ല".

സ്വാശ്രയ / സ്വയം ഭരണ കോളേജുകളിലെ വിദ്യാര്‍ത്ഥി കള്‍ നേരിടുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ പൊതു സമൂഹത്തിനു ബോധ്യമാവുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ക്കു കഴിയുന്നില്ല എന്ന് അതുല്‍ പറയുന്നു. "ഏതെങ്കിലും രീതിയില്‍ ഞങ്ങള്‍ പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ എന്തിനാണ് ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ക്കു പോവുന്നത് എന്ന ചോദ്യമാണ് കേള്‍ക്കേണ്ടി വരുന്നത്. എന്നോട് തന്നെ പലരും ചോദിക്കുന്നത് രണ്ടു തവണ സിബിഐ ക്ക് മൊഴി കൊടുക്കാന്‍ പോയതു കൊണ്ടല്ലേ ഈ പ്രശ്‌നമൊക്കെ ഉണ്ടായതെന്നാണ്. മരണത്തില്‍ കുറഞ്ഞ ഞങ്ങളുടെ ഏതെങ്കിലും പ്രതിഷേധത്തോട് പൊതു സമൂഹം അനുഭാവം കാണിച്ചിട്ടുണ്ടോ? ഇന്നലെ കോളേജില്‍ ഒരു പ്രതിഷേധ യോഗം നടന്നു. അതില്‍ പങ്കെടുക്കാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടികളെ അവരുടെ അധ്യാപിക വന്ന് ഭീഷണിപ്പെടുത്തി ഇന്റേണല്‍ മാര്‍ക്ക് ഇപ്പോഴും ഞങ്ങളുടെ കയ്യിലാണ്, ഇവന്മാരുടെ കാര്യം പോക്കാ... ഇവരുടെ പുറകെ ഇറങ്ങി നിങ്ങളുടെ ഭാവി കൂടെ കളയേണ്ട' എന്നാണ് ആ അധ്യാപിക പറഞ്ഞത്. ഒരു സ്വാശ്രയ കോളേജില്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുമ്പോള്‍ ഇന്റെണല്‍ മാര്‍ക്കും അറ്റെന്‍ഡന്‍സുമൊക്കെ എത്ര വിലപെട്ടതാണെന്ന് കുട്ടികള്‍ക്കറിയാം".

https://www.azhimukham.com/jishnu-pranoy-18th-birthday-mahija-safiya/

ജിഷ്ണുവിന്റെ മരണം നടക്കുന്നത് 2017 ജനുവരിയിലാണ്. തുടര്‍ന്ന് വന്ന 2017- 2018 അക്കാദമിക് വര്‍ഷത്തില്‍ പാമ്പാടി നെഹ്റു കോളേജിലെ 650 സീറ്റില്‍ അഡ്മിഷന്‍ നടന്നത് ആകെ 85 എണ്ണത്തില്‍. ഈ വര്‍ഷം കുട്ടികളെ ആകര്‍ഷിക്കാന്‍ മാനേജ്മെന്റ് പുതിയ തന്ത്രവുമായാണ് ഇറങ്ങിയതെന്ന് അതുല്‍ പറയുന്നു. "ഈ വര്‍ഷം അഡ്മിഷന്‍ എടുക്കുന്ന കുട്ടികള്‍ക്ക് മാനേജ്മെന്റ് ഒരു ഓഫര്‍ നല്‍കിയിരുന്നു. 25000 രൂപ വാര്‍ഷിക ഫീസില്‍ എന്‍ജിനീയറിങ് പഠനം, ഒരു കണ്ടീഷനില്‍, വിദ്യാര്‍ത്ഥിയ്ക്ക് ഒരു സപ്ലി പോലും ഉണ്ടാവാന്‍ പാടില്ല. സപ്ലി വന്നാല്‍ ഫീസ് 75000. ഈ 25000 വേണോ 75000 വേണോ എന്ന കാര്യം തീരുമാനിക്കുന്നതില്‍ കോളേജ് തരുന്ന ഇന്റേണല്‍ മാര്‍ക്കിന് വലിയ പങ്കുണ്ട്. 25000 രൂപയ്ക്ക് പഠിക്കാന്‍ വന്ന കുട്ടികളോട് മാതാപിതാക്കള്‍ സ്വാഭാവികമായും പറയുക, അവിടെ വല്ല വഴക്കും ചീത്തയും കേട്ടാലും തല്ലു കിട്ടിയാലും നീ പ്രശ്‌നമുണ്ടാക്കാന്‍ പോവരുത്. മര്യാദക്ക് ഈ കാശിനു പഠിച്ചു പോരാന്‍ നോക്ക്'എന്നാവും.

ഇങ്ങനെ വളരെ തന്ത്രപരമായി വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ കൂടി തങ്ങളുടെ സമ്മര്‍ദ്ദത്തിലാക്കുകയാണ് മാനേജ്മെന്റ്. മറ്റൊരു പ്രധാന കാര്യം എത്ര വലിയ ഓഫര്‍ ആണെങ്കിലും ഏതാണ്ട് പത്തു ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ ഈ ഫീസിളവ് കൊടുക്കേണ്ട ആവശ്യം വരാറുള്ളൂ. കാരണം അത്ര ബ്രില്യന്റ് ആയ കുട്ടികളൊന്നും നെഹ്റു കോളേജില്‍ എന്‍ജിനീയറിങ്ങിനു ചേരാന്‍ വരില്ലല്ലോ. മിക്കവരും ശരാശരിയോ അതിനു മുകളിലോ ആയിരിക്കും. അവര്‍ക്ക് സ്വാഭാവികമായും സപ്ലിയും ഉണ്ടാവും. അപ്പൊ മാനേജ്മെന്റിന് യാതൊരു ഇളവും കൊടുക്കേണ്ട ആവശ്യവും വരുന്നില്ല. അവര്‍ എന്ത് അതിക്രമം കാണിച്ചാലും പ്രതികരിക്കാത്ത കുറച്ചു കുട്ടികളെ കിട്ടുകയും ചെയ്യും".

https://www.azhimukham.com/nehru-collage-jishnu-suicide-students-reactions-rakesh/

കോളേജിനുള്ളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവുക എന്നതാണ് ഇത്തരം ചൂഷണങ്ങള്‍ പ്രതിരോധിക്കാനുള്ള വഴി എന്ന് അതുല്‍ പറയുന്നു. എന്നാല്‍ മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണമായി പറഞ്ഞ് തങ്ങള്‍ക്കിപ്പോഴും സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് അതുല്‍ പറയുന്നു.

അതുല്‍ ജോസ് ഉയര്‍ത്തുന്ന ആരോപണങ്ങളെ സംബന്ധിച്ച് നെഹ്റു കോളേജ് അധികൃതരെ അഴിമുഖം ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

https://www.azhimukham.com/kerala-one-year-after-death-of-nehru-college-student-jishnu-pranoy/

https://www.azhimukham.com/keralam-jishnupranoy-mother-mahija-speaks-safiya/

https://www.azhimukham.com/jishnu-pranoy-suicide-pampady-nehru-college-kerala-education-nikhil/

https://www.azhimukham.com/bimal-raj-jishnus-friend-says-kerala/

Next Story

Related Stories