TopTop

ഗിമ്മിക്കുകള്‍ ഇല്ല; ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന സൂചന നല്‍കി സിപിഐ പട്ടിക

ഗിമ്മിക്കുകള്‍ ഇല്ല; ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന സൂചന നല്‍കി സിപിഐ പട്ടിക
തങ്ങള്‍ക്കുള്ള നാല് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മുന്നില്‍ കയറിയിരിക്കുകയാണ് സിപിഐ. തിരുവനന്തപുരത്ത് സി ദിവാകരന്‍, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, തൃശൂരില്‍ രാജാജി മാത്യു തോമസ്, വയനാട് പി പി സുനീര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ദേശീയ സെക്രട്ടേറിയേറ്റും കൗണ്‍സിലും കൂടി അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടതുണ്ടെങ്കിലും കേരളത്തില്‍ നിന്നും ജനവിധി തേടുന്ന സിപിഐ സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ നാലുപേരും തന്നെയായിരിക്കും.

സിപിഐയുടെ ഏക സിറ്റിംഗ് എം പിയായ സി എന്‍ ജയദേവനെ ഒഴിവാക്കിയതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ എടുത്തു പറയേണ്ട പ്രത്യേകത. പാര്‍ട്ടിക്ക് ഏറെ നാണക്കേടായ പെയ്‌മെന്റ് സീറ്റ് വിവാദം ഉണ്ടായ തിരുവനന്തപുരത്ത് സി. ദിവാകരന്‍ എത്തുന്നതും ശ്രദ്ധേയമാണ്. നെടുമങ്ങാട് എംഎല്‍എയാണ് നിലവില്‍ ദിവാകരന്‍. പാര്‍ട്ടി പ്രതീക്ഷവയ്ക്കുന്ന മണ്ഡലമായ മാവേലിക്കരയിലേക്ക് മറ്റൊരു സിറ്റിംഗ് എംഎല്‍എയായ ചിറ്റയം ഗോപകുമാറിനെ കൊണ്ടുവന്നതും സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ശ്രദ്ധേയമായ നീക്കമാണ്. വയനാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ കൂടിയായ പി പി സുനീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും പാര്‍ട്ടി തീരുമാനത്തിനു പിന്തുണ കിട്ടുന്നുണ്ട്.

തര്‍ക്കങ്ങളും വിലപേശലുകളും വെല്ലുവിളികളൊന്നുമില്ലാതെ, കൂട്ടായ തീരുമാനം എന്നു പറയാന്‍ പറ്റുന്ന തരത്തിലുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് സിപിഐയില്‍ നടന്നിരിക്കുന്നത്. വരുന്ന ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ പരമാവധി അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന ഇടതു മുന്നണി തീരുമാനത്തെ വിശ്വാസത്തിലെടുത്തു കൂടിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നതും. സിപിഎമ്മുമായി കൂടിയാലോചനകളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുമ്പ് നടന്നിരുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറയുന്നത്. ഒരുതരത്തിലുമുള്ള ചരടുവലികളോ വിഘടന പ്രവര്‍ത്തനങ്ങളോ ഉണ്ടാകാതിരിക്കാന്‍ സിപിഎം തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും ശബരിമല വിഷയത്തില്‍ പൊതുവില്‍ ഒരു തിരിച്ചടി ഭയക്കുന്നതുകൊണ്ട് കൂടുതല്‍ ജാഗ്രതയോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന സിപിഎം നിര്‍ദേശം സിപിഐയും അനുസരിച്ചിട്ടുണ്ടെന്നതും അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്നും വ്യക്തമാണ്. പൊതുവില്‍ നാല് സി പി ഐ സ്ഥാനാര്‍ത്ഥികളിലും സിപിഎം തൃപ്തരാണെന്നും വാര്‍ത്തകളുണ്ട്.

തൃശൂര്‍ അഭിമാനപ്പോരാട്ടം
തൃശൂര്‍ നിലനിര്‍ത്തണം എന്നു തന്നെയാണ് സിപിഐയുടെ ഉറച്ച തീരുമാനം. ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയം ആവര്‍ത്തിക്കേണ്ടത് സിപിഎമ്മിന്റെ കൂടെ ആവശ്യമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒന്നൊഴികെ മുഴുവന്‍ മണ്ഡലങ്ങളും എല്‍ഡിഎഫ് മിന്നുന്ന വിജയമാണ് നേടിയത്. അതിന്റെ ആത്മവിശ്വാസം ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ സാഹചര്യം കുറച്ചു കൂടി പ്രതികൂലവുമാണ്. കോണ്‍ഗ്രസ് ഗ്രൂപ്പുകളിയുടെ പിന്തുണ കൂടി സി എന്‍ ജയദേവന് കിട്ടിയിരുന്നു. ഇത്തവണയും കോണ്‍ഗ്രസ് ഇവിടെ ആരെ നിര്‍ത്തുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കെ പി ധനപാലന്‍ ഒരിക്കല്‍ കൂടി തൃശൂരില്‍ നില്‍ക്കാന്‍ തയ്യാറല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പി സി ചാക്കോ വീണ്ടും വരുമോ അതോ ചാക്കോയുടെ പ്രതിനിധി നില്‍ക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. പ്രതാപന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. സി എന്നിനെ പോലെ കോണ്‍ഗ്രസിനെ മാത്രം നേരിട്ടാല്‍ പോരാ രാരാജിക്ക് ഇത്തവണ. ബിജെപി ഏറെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍. പ്രത്യേകിച്ച് ഇതൊരു ക്ഷേത്രനഗരിയാണ്. തിരുവനന്തപുരം പോലെ സവര്‍ണ ബെല്‍റ്റില്‍ കാര്യമായ സ്വാധീനം ബിജെപിക്ക് തൃശൂരിലും ഉണ്ടാക്കാം. ജയ സാധ്യത വിദൂരമാണെങ്കിലും നിര്‍ണയകശക്തിയാകും. ഇരു മുന്നണികളുടെയും നല്ലൊരു ഭാഗം വോട്ട് പിടിക്കാനും അവര്‍ക്കു കഴിയും. അതുകൊണ്ട് തന്നെ മണ്ഡലം നിലനിര്‍ത്തുക എന്നത് രാജാജിയെ സംബന്ധിച്ച് ഭഗീരഥപ്രയത്‌നം തന്നെയാണ്. എങ്കില്‍ കൂടിയിലും സിപിഐ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇവിടെ വിജയം പ്രതീക്ഷിക്കുന്നുമുണ്ട്.

കഴിഞ്ഞ ലോക്‌സഭയിലെ സിപിഐയുടെ ഇന്ത്യയിലെ തന്നെ ഏക പ്രതിനിധിയായിരുന്ന സി എന്‍ ജയദേവനെ തഴഞ്ഞാണോ രാജാജിയെ ഇത്തവണ മത്സരിപ്പിക്കുന്നതെന്ന ചോദ്യങ്ങളെ പാര്‍ട്ടി തള്ളിക്കളയുന്നുണ്ട്. എം പി എന്ന നിലയില്‍ സിഎന്നിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും യാതൊരു എതിര്‍പ്പും ഇല്ലെങ്കിലും രാഷ്ട്രീയമായി സി എന്നിന് തിളങ്ങാന്‍ കഴിഞ്ഞില്ലെന്ന പരാതിയുണ്ട്. അതേസമയം രാജാജിക്ക് ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് കൂടുതല്‍ തിളങ്ങാന്‍ കഴിയുമെന്നും ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രചാരകനാകാന്‍ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. കെ പി രാജേന്ദ്രന്റെ പേരും സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഉണ്ടായിരുന്നുവെന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. രാജേന്ദ്രനെ വെട്ടിയാണ് രാജാജി വന്നതെന്നാണ് ആ വിമര്‍ശമം. എന്നാല്‍ രാജേന്ദ്രനെ സംഘടനതലത്തില്‍ നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. കാനത്തിന്റെ പ്രത്യേക താത്പര്യവും ഇതിനു പിന്നിലുണ്ടത്രേ! കാനത്തിന്റെ ശക്തനായ വക്തവായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ രാജേന്ദ്രന്‍ അറിയപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തന്നെ രാജേന്ദ്രനെ എത്തിക്കാനും ഉദ്ദേശമുണ്ട്. ഈ ലക്ഷ്യങ്ങളൊക്കെ മുന്നില്‍വച്ചാണ് രാജേന്ദ്രനെ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ജില്ല തലത്തില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

പൊതുവില്‍ രാജാജിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ ഒന്നും തന്നെയില്ലെന്നും പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്നു സംസ്ഥാന നേതാക്കളും വ്യക്തമാക്കുന്നുണ്ട്. സിപിഎമ്മിനും താത്പര്യമുള്ളയാളെന്ന നിലയില്‍ക്കൂടി രാജാജിയുടെ വിജയം തങ്ങള്‍ സുനിശ്ചതമാക്കുന്നുവെന്നാണ് സിപി ഐ നേതാക്കള്‍ പറയുന്നത്.

തിരുവനന്തപുരത്ത് നാണക്കേട് മാറ്റണം
സി ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം അത്രമേല്‍ അപ്രതീക്ഷിതമല്ലെങ്കില്‍ കൂടി ആ തീരുമാനത്തില്‍ പാര്‍ട്ടിയുടെ ഉളളില്‍ നിന്നു തന്നെ മുറുമുറുപ്പുകള്‍ ഉണ്ട്. ബനഡിക് എബ്രാഹാമിന്റെ സ്ഥാനാര്‍ത്ഥിയാക്കിയതുവഴി കഴിഞ്ഞ തവണ പാര്‍ട്ടിക്ക് ഉണ്ടായ നാണക്കേട് ഇതുവരെ മാറായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ തിരുവനന്തപുരത്ത് ജയത്തെക്കാള്‍ ഉപരി പാര്‍ട്ടിക്ക് പറഞ്ഞു നില്‍ക്കാന്‍ കഴിയുന്നൊരു സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്ത തുടക്കം മുതല്‍ ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജില്ല സെക്രട്ടറി ജി ആര്‍ അനില്‍, സി ദിവാകരന്‍ എന്നീ പേരുകളായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. സംസ്ഥാന സെക്രട്ടറിയായ കാനം മത്സരിക്കുന്നതില്‍ വിദൂര സാധ്യതയെ ഉണ്ടായിരുന്നുവെന്നതിനാല്‍ അനിലോ ദിവകാരനോ തന്നെ വരുമെന്നു തന്നെയായിരുന്നു കണക്കുക്കൂട്ടല്‍. അതുകൊണ്ട് തന്നെ ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതം എന്നു പറയാന്‍ കഴിയില്ല. പക്ഷേ, ദിവാകരന്റെ മേല്‍ വീണിട്ടുള്ള കരിനിഴല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിത്വം ഉണ്ടായിക്കിയിരുന്നു. ബനഡിക്ട് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിയാക്കുന്നില്‍ ചരടു വലിച്ചത് ദിവാകരന്‍ ആയിരുന്നുവെന്നത് തന്നെയാണ് ആ കരിനിഴല്‍. ഇതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിടേണ്ടിയും വന്നയാളാണ് ദിവാകരന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദിവകാരനെ മത്സരിപ്പിക്കാതെ മാറ്റിനിര്‍ത്താന്‍ തീരുമാനം എടുത്തതും ശിക്ഷാനടപടിയുടെ ഭാഗം തന്നെയായിരുന്നു. പക്ഷേ, അവസാനം നിമിഷം ദിവാകരന്‍ സ്ഥാനാര്‍ത്ഥിയായി. കരുനാഗപ്പള്ളി കിട്ടിയില്ലെങ്കിലും നെടുമങ്ങാട് സ്വീകരിച്ച് മത്സരിച്ച് ജയിക്കുകയും ചെയ്തു. മന്ത്രിസ്ഥാനത്തിന് മോഹമുണ്ടായിരുന്നെങ്കിലും അത് നുള്ളിക്കളയാന്‍ കാനത്തിനു കഴിഞ്ഞു. പാര്‍ട്ടിയില്‍ ദിവാകരന്‍ ഒതുക്കപ്പെടും എന്ന തോന്നിയവര്‍ക്ക് അത്ഭുതമായിരുന്നു ദിവാകരന്റെ എംഎല്‍എ സ്ഥാനമെങ്കില്‍ ഇപ്പോള്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി ദിവാകരന്‍ എതത്തുന്നതോടു കൂടി അദ്ദേഹം പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനായി മാറിയിരിക്കുകയാണെന്നാണ് മനസിലാകുന്നത്. പേയ്‌മെന്റ് സീറ്റ് വിവാദത്തിലെ പ്രതിയായ ആള്‍ തന്നെ അതേ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കാനം ഗ്രൂപ്പിനെ വെട്ടിമുന്നേറാന്‍ ദിവാകരന്‍-കെ ഇ ഇസ്മായില്‍ പക്ഷത്തിന് കഴിയുന്നുണ്ടെന്നു തന്നെയാണ് അത് അര്‍ത്ഥമാക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് സമയം തൊട്ട് തന്നെ കാനത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ദിവാകരന്‍ ആളെ കൂട്ടുന്നുണ്ടെന്ന ശ്രുതി പരന്നിരുന്നു. അത് സത്യമെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിത്വം.

ദിവാകരനെ സംബന്ധിച്ച് ഈ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുമുണ്ട്. അടുത്ത തവണ കൂടി നിയമസഭയിലേക്ക് മത്സരിക്കാന്‍ എത്രശ്രമിച്ചാലും കഴിയണമെന്നില്ല. അനില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവായതിനു പിന്നില്‍ അയാള്‍ക്ക് ചില ലക്ഷ്യങ്ങളുള്ളതുകൊണ്ടാണ്. നെടുമാങ്ങാട് അടുത്ത തവണ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നയാളാണ് അനില്‍. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴെ മണ്ഡലത്തില്‍ തുടങ്ങിയിട്ടുമുണ്ട്. അനിലെ വെട്ടാന്‍ ദിവാകരന്‍ ബുദ്ധിമുട്ടും. അതുകൊണ്ട് തന്നെ കളം മാറിയൊന്നു കളിക്കാന്‍ ദിവാകരന്‍ തീരുമാനിച്ചതും ഈ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നിലുണ്ട്.

തിരുവനന്തപുരത്ത് സിപിഐയ്ക്ക് വിജയസാധ്യത അത്രകണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും കാണുന്നില്ല. കഴിഞ്ഞ തവണത്തെ പോലെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടരുതെന്നു മാത്രമാണ് ആഗ്രഹം. ശശി തരൂര്‍ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയാണെന്നതും ബിജെപി അതിശക്തമായ മുന്നേറ്റം നടത്തുമെന്നതിനാലും സിപിഐ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. രണ്ടാം സ്ഥാനം തന്നെയാണ് പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. അതേസമയം സിപിഎമ്മിന്റെ സഹായം കിട്ടിയാല്‍ തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുമെന്ന വിശ്വാസവും പാര്‍ട്ടിക്കുണ്ട്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയതിനു പിന്നില്‍ സിപിഎം വോട്ട് കിട്ടാതെ പോയത് വലിയൊരു ഘടകമാണ്. കൂടാതെ ഇത്തവണ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉണ്ടായിരുന്ന നേതാവിന്റെ നേതൃത്വത്തില്‍ സിപിഐയില്‍ തന്നെ ഒരു വിഭാഗം വോട്ട് മറിക്കുകയും തരൂരിന് വോട്ട് ചെയ്യുകയും ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളൊന്നും ഇത്തവണ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. പോരാത്തതിന് ദിവാകരന്‍ സിപിഎമ്മിന് താത്പര്യമുള്ളയാള്‍ കൂടിയാണ്. ഇത്തരം കൂട്ടിക്കിഴിച്ചിലുകള്‍ നടത്തുമ്പോള്‍ തിരുവനന്തപുരത്ത് വിജയം പ്രതീക്ഷിക്കാതെയുമിരിക്കുന്നില്ല പാര്‍ട്ടി.മാവേലിക്കരയില്‍ പ്രതീക്ഷയുണ്ട്, വയനാട്ടില്‍ ഒന്നും പറയാനില്ല
മാവേലിക്കരയും വയനാടുമാണ് ഇനിയുള്ള രണ്ട് മണ്ഡലങ്ങള്‍. ഇതില്‍ മാവേലിക്കരയില്‍ പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ട്. ചിറ്റയം മികച്ച സ്ഥാനാര്‍ത്ഥിയാണ്. കൊടുക്കുന്നില്‍ സുരേഷ് തന്നെയാണ് വരുന്നതെങ്കില്‍ ചിറ്റയത്തിന് അതൊരു സാധ്യതയുമാണ്. സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നയുടനെ സോഷ്യല്‍ മീഡിയായില്‍ ചിറ്റത്തിനെതിരേ സജീവമായി ക്യാമ്പയിന്‍ തുടങ്ങിയത് കോണ്‍ഗ്രസ് അദ്ദേഹത്തെ ഭയപ്പെടുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പ്രത്യേകിച്ച് ദളിത് വോട്ടുകള്‍ നിര്‍ണായകമാകുമെന്നിരിക്കെ ചിറ്റയത്തിന് അതും സഹായകമാകുമെന്നു കരുതുന്നു. കെപിഎംഎസിന് സ്വാധീനം ചെലുത്താവുന്ന മണ്ഡലമാണ് മാവേലിക്കര. ശബരമില വിഷയത്തിലും നവോഥാന പരിപാടികളിലും ഇടതുപക്ഷത്തിനൊപ്പമാണ് കെപിഎംഎസ് നിന്നത് എന്നതുകൊണ്ടു തന്നെ അവരുടെ സഹായം ഇടതു സ്ഥാനാര്‍ത്ഥിക്ക് കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. സിപിഎമ്മിന്റെ ഇടപെടലാണ് ഇതില്‍ നിര്‍ണായകമാകുന്നത്. പി പി സുനീര്‍ നല്ലൊരു നേതാവ് ആണെങ്കിലും വയനാട് എത്രത്തോളം വിജയസാധ്യത ഉണ്ടെന്നു ചോദിക്കുമ്പോള്‍ മൗനമാണ് പല സിപിഐ നേതാക്കള്‍ക്കും. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ എന്ന നിലയില്‍ സുനീറിന് ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പിന്തുണ കിട്ടുന്നതും വീരേന്ദ്രകുമാര്‍ ഇടതിന് ഒപ്പമാണെന്നതും ഇവിടെ സിപിഐയുടെ സാധ്യതകളെ വലുതാക്കുന്നുണ്ട്.

സിപിഎമ്മിന്റെ ഇടപെടല്‍
ഏറെ നിര്‍ണായകമാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ച്. പരസ്പരമുള്ള വോട്ട് മറിക്കല്‍ ഉണ്ടാകരുതെന്നും പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നതും ഈ വസ്തുതയാണ്. സിപിഎമ്മിനു കൂടി താത്പര്യമുള്ളവരെയാണ് നാല് ഇടത്തും സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നതെന്നത് സിപിഐക്കാര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. ദിവാകരന്‍ പണ്ടുമുതലേ സിപിഎം ചായ് വുള്ളയാണ്. സുനീര്‍ വയനാട് എല്‍ഡിഎഫ് കണ്‍വീനര്‍ ആണ്. ഇടതു ഐക്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ജനയുഗത്തില്‍ എഡിറ്റോറിയലൊക്കെ എഴുതിയിട്ടുള്ള രാജാജിക്കും സിപിഎമ്മിനോടും തിരിച്ചും താത്പര്യമുണ്ട്. ചിറ്റയവും സിപിഎമ്മിനെതിരേ സംസാരിക്കുകയോ അപ്രീതി പിടിച്ചുപറ്റുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ നാലുപേരോടും സിപിഎമ്മിന് യോജിപ്പുണ്ട്. ശബരിമല വിഷയം ഉണ്ടാക്കുന്ന തിരിച്ചടി സിപിഎം ഭയക്കുന്നുണ്ട്. പരമാവധി നാല് സീറ്റുകളാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതും അത് കൂട്ടാന്‍ ഘടകക്ഷികളുടെ സഹായം വേണം. അതുകൊണ്ട് തന്നെ അവരെക്കൂടി ജയിപ്പിച്ചേടുക്കേണ്ട ഉത്തരവാദിത്വവും പാര്‍ട്ടി ഏറ്റെടുക്കും. അവിടെയാണ് തങ്ങള്‍ക്കു കൂടി താത്പര്യമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം സി പി ഐയോട് ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പായി രണ്ടു തവണയോളം സിപിഎം നേതാക്കളുമായി സിപിഐ കൂടിയാലോചന നടത്തിയിരുന്നുവെന്നും അറിയുന്നു.

വനിതകളും യുവാക്കളുമെവിടെ?
പൊതുവെ നാല് സ്ഥാനാര്‍ത്ഥികളോടും യോജിപ്പാണ് ഉള്ളതെങ്കിലും ചെറുപ്പക്കാരെയും സ്ത്രീകളെയും തഴഞ്ഞൂ എന്ന പരാതി ശക്തമായിട്ടുണ്ട്. മാവേലിക്കരയില്‍ ഒരു വനതിയും രണ്ട് യുവജന നേതാക്കളും പരിഗണനയില്‍ ഉണ്ടായിരുന്നതാണ്. അവരെ പൂര്‍ണമായി തള്ളിയാണ് നിലവില്‍ എംഎല്‍എ കൂടിയായ ചിറ്റയത്തെ കൊണ്ടു വന്നത്. തൃശൂരിലും തിരുവനന്തപുരത്തും ഇതോ വിമര്‍ശനങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് ഒരു സീറ്റ് പോലും നല്‍കാതിരുന്നത് ഒരു ഇടതുപക്ഷ പ്രസ്ഥാനമായ സിപിഐക്ക് നാണക്കേടാണെന്നാണ് പാര്‍ട്ടിയുടെ ഉള്ളില്‍ നിന്നു വിമര്‍ശനം ഉണ്ടായത്. മന്ത്രിസഭ രൂപീകരണ സമയത്ത് ബിജിമോളെ തഴഞ്ഞതും പാര്‍ട്ടിയില്‍ നിശബ്ദയാക്കിയതും സിപി ഐക്കു മേല്‍ ഇപ്പോഴും മാറാത്ത സ്ത്രീവരുദ്ധ വിമര്‍ശനമാണ്. അവിടെ നിന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ പോലും വനിതകളെ നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകത്തതും വിവാദമാകുന്നത്.

എതിര്‍പ്പുകളും വിമര്‍ശനങ്ങളും പെട്ടെന്നു തന്നെ മാറുമെന്നും ഇത്തവണ സി പി ഐ ഉജ്ജ്വല പ്രകടം കാഴച്ചവയ്ക്കുമെന്നുമാണ് സംസ്ഥാന നേതാക്കള്‍ പ്രതികരിക്കുന്നത്. രണ്ട് മുതല്‍ മൂന്ന് സീറ്റുവരെ തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും നേതാക്കള്‍ പറയുന്നു. ഈ ആത്മവിശ്വാസം എത്രത്തോളം പ്രവര്‍ത്തിയില്‍ വരുമെന്നത് കാത്തിരുന്നു കാണേണ്ടത്.

Next Story

Related Stories