TopTop

എല്ലാവരുടെയുമാണ് പി രാജീവ്

എല്ലാവരുടെയുമാണ് പി രാജീവ്
ഇന്ത്യയിലെ ഒന്നാം നിര പത്രത്തിന്റെ പ്രധാനിയായ ഒരു മാധ്യമപ്രവര്‍ത്തകനെ തേടി തിരുവനന്തപുരത്തു നിന്നും ഒരു ഫോണ്‍കോള്‍ വരുന്നു. വിളിക്കുന്നത് ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍. മറ്റൊരാളെ ദൗത്യമേല്‍പ്പിക്കാതെ, ചീഫ് എഡിറ്റര്‍ തന്നെ ഫോണ്‍ ചെയ്തത്, ആ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് തന്റെ പത്രത്തില്‍ നിര്‍ബന്ധമായും വേണമെന്നുള്ളതുകൊണ്ടായിരുന്നു. തന്നെ ഏല്‍പ്പിക്കുന്ന ഏത് ചുമതലയും അതര്‍ഹിക്കുന്ന ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുന്ന പി. രാജീവിന്റെ വ്യക്തിത്വത്തിന്റെ ഒരുദ്ദാഹരണം മാത്രമാണിത്. ഏത് ചുമതലയാണോ പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുള്ളത്- മാധ്യമസ്ഥാപനത്തിലാണെങ്കിലും, രാജ്യസഭയിലാണെങ്കിലും, ജില്ല സെക്രട്ടറി സ്ഥാനത്താണെങ്കിലും- രാജിവിന്റെ പെര്‍ഫോമന്‍സ് എതിരാളികളെ കൊണ്ടു പോലും കൈയടിപ്പിക്കുന്നതായിരിക്കും. അതിന് ഏറ്റവും വലിയ തെളിവായിരുന്നു രാജ്യസഭയില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ച യാത്രയയപ്പ്.

രാജീവ് ഒഴിവാകുന്നതോടെ ഞങ്ങളുടെ ജോലി എളുപ്പമാകും എന്നു പറഞ്ഞത് സാക്ഷാല്‍ അരുണ്‍ ജയ്റ്റ്‌ലി ആയിരുന്നു. രാജീവ് ഒരു ഊഴംകൂടി പാര്‍ലമെന്റിലുണ്ടാകണമെന്നായിരുന്നു ബിജെപിയുടെ ഉന്നതനായ നേതാവും ധനമന്ത്രിയുമായ ജെയ്റ്റിലയുടെ അഭ്യര്‍ത്ഥന. സഭാചട്ടങ്ങളുടെ വിജ്ഞാന കോശമെന്ന് രാജീവിനെ വിശേഷിപ്പിച്ചത് പാര്‍ലമെന്റിലെ മറ്റൊരു അതികായന്‍ ആയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. സഭയില്‍ ഇങ്ങനെയൊരാള്‍ അനിവാര്യമെന്ന് രാജീവിനെ കുറിച്ച് പറഞ്ഞവരും ചില്ലറക്കാരായിരുന്നില്ല. മായാവതി, ശരദ് യാദവ്, ഡെറിക് ഒബ്രിയന്‍ എന്നീ പേരുകള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എത്രമാത്രം പ്രസക്തിയുണ്ടെന്ന് ആലോചിച്ചു നോക്കു. അവരാണ് പറഞ്ഞത്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തികേന്ദ്രത്തില്‍ രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന്. രാജ്യസഭയില്‍ മാത്രമല്ല, ഐക്യരാഷ്ട്രസഭയില്‍വരെ രാജ്യത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ചു പി രാജീവ് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇത് രാജീവിന്റെ ഒരു മുഖമാണെങ്കില്‍, എറണാകുളത്തുകാര്‍ക്ക് രാജീവ് എന്നാല്‍ മറ്റൊരാളാണ്. മൂന്ന് പതിറ്റാണ്ടിലധികമായി തങ്ങള്‍ക്കൊപ്പമുള്ളൊരു സാധാരണക്കാരന്‍. ചിലര്‍ക്ക് സഖാവ്, ചിലര്‍ക്ക് കൂട്ടുകാരന്‍, മറ്റുചിലര്‍ക്ക് രാജീവേട്ടന്‍, സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് അവരുടെ പ്രിയപ്പെട്ട പി രാജീവ്. ജനങ്ങളുടെ സ്വന്തമാണ് രാജീവ്, ഏതു സമയത്തും ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാം. പ്രായോഗിക ബുദ്ധിയും കാര്യക്ഷമതയും ആദര്‍ശബോധവും ഒരുപോലെ സ്വന്തമായിട്ടുള്ള അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് രാജീവ്; എന്നാണ് എം കെ സാനുവിന്റെ സാക്ഷ്യപ്പെടുത്തല്‍.

എറണാകുളം മണ്ഡലത്തില്‍ ഇരു മുന്നണികളും മതം നോക്കി തന്നെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. എന്നാല്‍ ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും മികച്ച തീരുമാനം എന്നായിരുന്നു രാജാവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഏവരും വിശേഷിപ്പിച്ചത്. ജില്ലയിലാകെ രാജീവ് ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം മതത്തിന്റെ പേരിലല്ല. രാഷ്ട്രീയരംഗത്ത് മാത്രമല്ല, കലാ-സാംസ്‌കാരിക രംഗത്തും, സാമൂഹ്യസേവന മേഖലയിലും കാര്‍ഷിക രംഗത്തും എല്ലാം രാജീവ് എപ്പോഴും ഉണ്ടായിരുന്നു. 2017ല്‍ എറണാകുളത്തു നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി പി രാജീവ് ചെയര്‍മാനായ സംഘാടക സമിതി 13 വീടുകളാണ് പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്. ജില്ലാ സെക്രട്ടറിയായിരിക്കെ തുടങ്ങിയ കനിവ് പദ്ധതിയില്‍ 57 വീടുകളുടെയാണ് താക്കോല്‍ കൈമാറിയത്. 41 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്.

ഫ്‌ളാറ്റുകളില്‍ അടക്കം ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും രാജീവിന്റെ നേതൃത്വഗുണത്തിന്റെ ഉദ്ദാഹരണമാണ്. ഓണവും വിഷുവും ലക്ഷ്യമിട്ട് ജൈവജീവിതം പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങളില്‍ പച്ചക്കറികൃഷി തുടങ്ങിയതും കാര്‍ഷിക രംഗത്തെ രാജീവിന്റെ ഇടപെടലുകളുടെ തെളിവാണ്. രാജ്യസഭ എംപിയായിരിക്കെ ആരോഗ്യമേഖലയില്‍ നടത്തിയ ഇടപെടലുകളും മാതൃകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ലീനിയര്‍ ആക്‌സിലേറ്ററാണ് അതിലൊന്ന്. എംആര്‍ഐ സ്‌കാന്‍, സൗജന്യ ഭക്ഷണ അടുക്കള തുടങ്ങിയവും രാജീവിന്റെ എംപി ഫണ്ടുപയോഗിച്ചാണ് നിര്‍മിച്ചത്. കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുന്നതിലും രാജീവിന്റെ പങ്ക് കാണാതിരക്കാന്‍ കഴിയില്ല. കൃഷ്ണയ്യര്‍ ചെയര്‍മാനും, രാജീവ് കണ്‍വീനറുമായ നഗരവികസന സമിതി നടത്തിയ സമരങ്ങള്‍ വിസ്മരിക്കാനാവാത്തതാണ്. കൊച്ചി മെട്രോയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായിരുന്നു നഗരവികസന സമിതി രൂപീകരിക്കുന്നത്. മെട്രോയുടെ അനുമതിയ്ക്കായി പ്രായാധിക്യം വകവയ്ക്കാതെ ഇറങ്ങിപ്പുറപ്പെട്ട കൃഷ്ണയ്യര്‍ക്കൊപ്പം രാജീവും ഉണ്ടായിരുന്നു. പലതവണ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ വരെ നേരില്‍ കണ്ട് മെട്രോ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കൃഷ്ണയ്യര്‍ക്കൊപ്പം രാജീവും അക്ഷീണം പ്രയത്‌നിച്ചു. മെട്രോയുടെ നിര്‍മാണത്തില്‍ നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിഷേധ സൂചകമായി തീര്‍ത്ത മനുഷ്യ മെട്രോയുടെ ചുക്കാന്‍ പിടിച്ചത് രാജീവും കൂടിയാണ്.

രാഷ്ട്രീയ രംഗത്തെ ബൌദ്ധിക വ്യക്തിത്വങ്ങളില്‍ ഒന്നായി രാജീവിനെ അടയാളപ്പെടുത്തുമ്പോഴും അദ്ദേഹത്തിലെ സമര പോരാളിയേയും അതേ ഗൗരവത്തോടെ വായിക്കേണ്ടതാണ്. വിദ്യാര്‍ത്ഥി-യുവജന നേതാവ് എന്ന നിലയില്‍ രാജീവ് നിരവധി സമരങ്ങളുടെ നേതാവായിരുന്നു. കേരള സര്‍വ്വകലാശാല വി സി ജെ വിളനിലത്തിനെതിരെ നടത്തിയ സമരത്തില്‍ രാജീവിന്റെ സാന്നിധ്യം ഇന്നും സമരകേരളം ആവേശത്തോടെ ഓര്‍ത്തിരിക്കുന്നതാണ്. പൊലീസ് മര്‍ദ്ദനങ്ങള്‍ പലതവണ ഏല്‍ക്കേണ്ടി വന്നപ്പോഴും കൂടുതല്‍ ഊര്‍ജ്ജത്തോടെ അടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന രാജീവിനെയാണ് കണ്ടിട്ടുള്ളത്.

വിദ്യാഭ്യാസ രാഷ്ട്രീയത്തിലൂടെയാണ് രാജീവ് പൊതുംരംഗത്തേക്ക് വരുന്നത്. അഭിഭാഷക വൃത്തിയുപേക്ഷിച്ച് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി മാറിയ രാജീവ് എസ് എഫ് ഐ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദവികളില്‍ എത്തിയ രാജീവ് അവിടെ നിന്നും വിദ്യാര്‍ത്ഥി ഫെഡറേഷന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റായി. 1994 ല്‍ സിപിഎം എറണാകുളം ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജീവ് 2005 മുതല്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 2015 ല്‍ തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന സിപിഎം ജില്ല സമ്മേളനത്തില്‍ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് 2018 ല്‍ വീണ്ടും സെക്രട്ടറി പദത്തില്‍ എത്തി. രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായും രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനും ആയും രാജീവിനെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലായിരുന്നു. 2009 ല്‍ പാര്‍ട്ടി രാജീവിനെ രാജ്യസഭയിലേക്ക് അയച്ചു. ഈ സമയത്ത് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ്, രാജ്യസഭ ചീഫ് വിപ്പ് എന്നീ പദവികളിലും അദ്ദേഹം എത്തി.

ഐക്യരാഷ്ട്ര സഭയുടെ രണ്ടു കൗണ്‍സിലുകളില്‍ പങ്കെടുത്തിട്ടുണ്ട് രാജീവ്. 2013 ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത് രാജീവ് ആയിരുന്നു. ആഗോളതലത്തില്‍ രാജീവ് സാന്നിധ്യം അറിയിച്ച മറ്റ് രണ്ട് സന്ദര്‍ഭങ്ങളായിരുന്നു 1997 ല്‍ ക്യൂബയിലും 2010 ല്‍ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക-വിദ്യാര്‍ത്ഥി-യുവജന സമ്മേളനത്തിലെ പങ്കാളിത്തം. 2001 മുതല്‍ 2010 വരെ ദേശാഭിമാനി റെസിഡന്റ് എഡിറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജീവ് 2018 ല്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റു. നിലവില്‍ ആ പദവി വഹിച്ചു പോരുന്നതിനിടയിലാണ് പാര്‍ട്ടി എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാനുള്ള ഉത്തരവാദിത്വവും രാജീവിനെ ഏല്‍പ്പിക്കുന്നത്.

രാജീവിന്റെ രാഷ്ട്രീയമാണോ എറണാകുളത്ത് അദ്ദേഹത്തിന്റെ വിജയസാധ്യത നിര്‍ണയിക്കുന്നതെന്ന ചോദ്യം ഉണ്ടാകുമ്പോള്‍, മറുപടി പറയുന്നവരെല്ലാം ഒരുപോലെ പറയുന്നൊരു കാര്യമുണ്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി പൊതുസമ്മതനായൊരു വ്യക്തിയാണ് രാജീവ്. അതയാളുടെ ജീവിതത്തിലുടനീളം പരിശോധിച്ചാല്‍ മനസിലാകും. രാജീവിനെ നിങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടികളില്‍ മാത്രമല്ല, കാണാനാകുന്നത്. അദ്ദേഹം എവിടെയുമുണ്ട്. കലാ പരിപാടികളിലും സംസ്‌കാരിക പരിപാടികളും രാജീവിനെ കാണാം. ഒരു പുസ്തകത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും രാജീവിനോട് സംസാരിക്കാം. യാത്രകളെ കുറിച്ചും പറഞ്ഞിരിക്കാം. എല്ലാ വിഷയങ്ങളിലും രാജീവ് കൃത്യമായി ഇടപെടും. എതിരാളികളെ അയാള്‍ ഉണ്ടാക്കിയിട്ടില്ല. അശയപരമായി എതിര്‍പ്പുകള്‍ ഉണ്ടാകുമ്പോഴും അയാള്‍ക്കും അപരനുമിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാകുന്നില്ല. അതിനൊരു ഉദാഹരണവും കൂടി പറഞ്ഞ് നിര്‍്ത്താം; ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപിയും ലോകപ്രശസ്ത യാത്രക്കാരനുമാണ് ജെഗോന്‍ ചൗധരി. രാഷ്ട്രപതി ഭവനില്‍ താമസിച്ച് ചിത്രങ്ങള്‍ വരയ്ക്കാന്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികൂടിയാണ് ചൗധരി. രാജീവ് രാജ്യസഭയില്‍ നിന്നും വിരമിച്ച ദിവസം ജെഗോന്‍ രാജീവിനെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ കൈപിടിച്ച് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലേക്കാണ് ജെഗോന്‍ പോയത്. അവിടെയൊരു കസേരയില്‍ രാജീവിനെ ഇരുത്തിയിട്ട്, രാജ്യസഭ ലെറ്റര്‍ പഡില്‍ ജെഗോന്‍ രാജീവിനെ വരച്ചിട്ടു. ഒറിജനല്‍ ചിത്രം രാജീവിനു കൊടുത്തിട്ട്, വരച്ച ചിത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത് അതില്‍ രാജീവിനെ കൊണ്ട് ഒപ്പിട്ട് ശേഷം വാങ്ങി തന്റെ കൈയില്‍ വച്ചു ജെഗോന്‍. തനിക്ക് സൂക്ഷിക്കാനെന്നു പറഞ്ഞ്.


Next Story

Related Stories