TopTop

കളം ഒട്ടും അനുകൂലമല്ല, സിപിഎമ്മിന് റിസ്ക്‌ എടുക്കാനും പറ്റില്ല

കളം ഒട്ടും അനുകൂലമല്ല, സിപിഎമ്മിന് റിസ്ക്‌ എടുക്കാനും പറ്റില്ല
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയായിരുന്നു സിപിഎം മത്സരിക്കാന്‍ ഇറക്കിയത്. ഇവരില്‍ രണ്ടു പേര്‍ ജയിച്ചു. ഒരാള്‍ സ്വന്തം നിലയ്ക്കാണെങ്കില്‍ മറ്റെയാളുടെ ജയം എതിരാളികളുടെ തമ്മിലടി കൊണ്ടും. സിപിഎമ്മിനെ പോലൊരു പാര്‍ട്ടി, അതും കേരളത്തില്‍ ആറു സ്വതന്ത്രന്മാരെയൊക്കെ നിര്‍ത്തുക എന്നത് ആ പാര്‍ട്ടിയില്‍ നിന്നുണ്ടായ ഏറ്റവും നിരുത്തരവാദപരമായ നടപടിയായിട്ട് മാത്രമെ കാണാനാകുമായിരുന്നുള്ളൂ.

2014 ല്‍ നിന്നും 2019 ല്‍ എത്തുമ്പോള്‍ കഥയാകെ മാറിയിരിക്കുകയാണ്. ഒരു തരത്തിലുമുള്ള റിസക് എടുക്കാനും പാര്‍ട്ടി തയ്യറായല്ല എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റുകള്‍ കാണിക്കുന്നത്. സിറ്റിംഗ് എംപിമാരെ നിര്‍ത്തിയിരിക്കുന്നത് മാത്രമല്ല, സീറ്റ് പിടിക്കാന്‍ സ്വന്തം എംഎല്‍എമാരെയും കളത്തിലിറക്കിയിരിക്കുന്നു. ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ എഎം ആരിഫ്, കോഴിക്കോട് എ പ്രദീപ് കുമാര്‍ എംഎല്‍എ, പത്തനംതിട്ടയില്‍ വീണ ജോര്‍ജ്, പൊന്നാനിയില്‍ തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍ എന്നിവരുടെ പേരുകളാണ് മത്സര രംഗത്ത് പറഞ്ഞുകേള്‍ക്കുന്നത്.

എന്തുകൊണ്ട് എംഎല്‍എമാരെ എംപിയാകാനുള്ള മത്സരത്തിന് ഇറക്കുന്നു എന്ന ചോദ്യം ഇതിനകം ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. അതിനുള്ള ആദ്യം ഉത്തരം ഈ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് എന്നതാണ്. സ്വന്തം നിലയ്ക്ക് ഒരു പിഴവ് പോലും സംഭവിക്കരുതെന്ന് പാര്‍ട്ടിയാഗ്രഹിക്കുന്നു. സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്ന എംഎല്‍എമാര്‍ എല്ലാവരും തന്നെ സ്വന്തം നിലയ്ക്ക് വോട്ട് ബെയ്‌സ് ഉള്ളവരാണ്. ഇവര്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കാന്‍ കാണിച്ച മിടുക്ക് പാര്‍ലമെന്റിലേക്കും കാണിച്ചാല്‍ അത് പാര്‍ട്ടിക്ക് വലിയ നേട്ടമാകും. നിലവില്‍ കേരളത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും ദേശീയതലത്തില്‍ ഒരു നിര്‍ണായക ഘടകമായി നില്‍ക്കണമെങ്കില്‍ ലോക്‌സഭയില്‍ സാന്നിധ്യം ഉണ്ടാക്കണം. അതുകൊണ്ട് തന്നെ കിട്ടുന്ന ഓരോ വോട്ടും വളരെ പ്രധാനപ്പെട്ടതാണ്. ഓരോ മണ്ഡലത്തിലും തന്നെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഗംഭീര സ്ഥാനാര്‍ത്ഥികളെ കൊണ്ട് മാത്രമെ ജയിക്കാന്‍ കഴിയൂ എന്നും പാര്‍ട്ടിക്ക് അറിയാം. റിസ്‌ക് എടുക്കാന്‍ വയ്യാ. ഒഴിവാക്കപ്പെടുമെന്നു കരുതിയവര്‍ പോലും വീണ്ടും ഇടംപിടിച്ചതും അതുകൊണ്ടാണ്. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാമെന്ന അവസ്ഥയാണ്.

വോട്ടര്‍മാര്‍ക്കു മുന്നില്‍ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാനുള്ള സമയവും സാവകാശവും സിപിഎമ്മിനില്ല. സ്ഥാനാര്‍ത്ഥികള്‍ അവരുടെ സ്വന്തം നിലയ്ക്ക് വോട്ടുകള്‍ പിടിക്കണം. വീണ ജോര്‍ജ് ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ രണ്ടും മൂന്നും തവണ മത്സരിച്ചിട്ടുള്ളവരാണ്. ആരിഫിനും പ്രദീപ് കുമാറുമൊക്കെ ജനസമ്മതിയുള്ളവരും മികച്ച പോരാട്ടം കാഴ്ച്ചവയ്ക്കാന്‍ കഴിയുന്നവരുമാണ്.

പത്തനംതിട്ടയില്‍ പിടിമുറുക്കാന്‍ ബിജെപി, ആന്റോ ആന്റണിക്കും സിപിഎമ്മിനും മരണപ്പോരാട്ടം


ഇത്തവണയും കോട്ടയത്തിനും അഡ്വ. പികെ ഹരികുമാറിനും ഇടയില്‍ ഒരു സര്‍പ്രൈസ് എന്‍ട്രി ഉണ്ടാകുമോ? ആരാണ് സിപിഎം സാധ്യതാ ലിസ്റ്റിലുള്ള ഡോ.സിന്ധുമോള്‍ ജേക്കബ്?

രാജ്യത്തെ തങ്ങളുടെ എക എംപിയെ സിപിഐ ഒഴിവാക്കിയതെന്തിന്? മുന്‍മന്ത്രി കെ പി രാജേന്ദ്രന്റെ കുടുംബ ഗ്രൂപ്പില്‍ നിന്നു ഷെയര്‍ ചെയ്യപ്പെട്ട വാട്സപ്പ് സന്ദേശ വിവാദം പുകയുന്നു

പക്ഷേ, സാഹചര്യങ്ങള്‍ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ദുഷ്‌കരമാണെന്നതാണ് വസ്തുത. കളം ഒട്ടും അനുകൂലമല്ല. കഴിഞ്ഞ തവണ കിട്ടിയത്ര സീറ്റ് ഇത്തവണ നിലനിര്‍ത്തുക എന്നതുപോലും പാടാണ്. അഞ്ച് സീറ്റ് എങ്കിലും കിട്ടുക എന്നതുതന്നെ അങ്ങേയറ്റം ബുദ്ധിമുട്ടാണ്. അത് സിപിഎമ്മിന്റെയോ സര്‍ക്കാരിന്റെയോ പരാജയമോ കുറ്റമോ കൊണ്ടല്ല. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെതിരേയിട്ടുള്ള വോട്ടായിരിക്കും കേരളത്തില്‍ ഏറെയും ചെയ്യപ്പെടുക. ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് അവസരം വിനോയോഗിക്കുന്നവര്‍ എതിര്‍ ശക്തിയായി ആദ്യം തെരഞ്ഞെടുക്കുക കോണ്‍ഗ്രസിനെ ആയിരിക്കും. സിപിഎം പറയുന്ന മതനിരപേക്ഷക വോട്ടുകള്‍ വളരെ കുറവായിരിക്കും. ദേശീയ രാഷ്ട്രീയം തന്നെയായിരിക്കും കേരളത്തിലും പ്രതിഫലിക്കുക.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനവും ഉണ്ടാക്കില്ല. ഇപ്പോള്‍ കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ സിപിഎമ്മിനും എല്‍ഡിഎഫിനും നിലവിലുള്ള സീറ്റകളില്‍ ഒന്നുപോലും കുറയണമെന്നില്ല. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് ബാധകമാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ റോള്‍ വളരെ പരിമിതമാണ്. കോണ്‍ഗ്രസാണ് ബിജെപിക്ക് ബദല്‍. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്ത് നേടിയിട്ടുമുണ്ട്. കേരളത്തിലെ വോട്ടര്‍മാരില്‍ 45 ശതമാനവും ന്യൂനപക്ഷവിഭാഗമാണ്. ബാക്കിയുള്ള 55 ശതമാനത്തില്‍ ഭൂരിഭാഗവും സെക്യുലര്‍ നിലപാടുള്ളവരാണ്. അവര്‍ക്ക് കേന്ദ്രത്തില്‍ നിന്നും ബിജെപി പോയാല്‍ മതിയെന്നാണ്. പക്ഷേ, അവര്‍ ഇടതിനെയല്ല, കോണ്‍ഗ്രസിനെയാണ് കൂട്ടുപിടിക്കുക.

സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യമായി ചര്‍ച്ചയാകില്ലെങ്കിലും സര്‍ക്കാരിന്റെ ശബരിമലയിലേതടക്കമുള്ള ചില നിലപാടുകള്‍ ബാധിക്കും. ശബരിമല വിഷയത്തില്‍ പൊതുവിഭാഗത്തില്‍ നിന്നും സിപിഎം എതിര്‍പ്പ് നേരിടുന്നുണ്ട്. പാര്‍ട്ടിയണികളില്‍ പോലും പ്രതിഷേധമുണ്ട്. പിണറായി വിജയനോട് ദേഷ്യമുള്ളവരും കുറവല്ല. ഇവരെയെല്ലാം ആര്‍എസ്എസ്-ഹിന്ദുത്വബോധക്കാരായി കാണേണ്ടതില്ല. സാധാരണ ജനങ്ങളുണ്ട്. ബിജെപി- ആര്‍എസ്എസ്സുകാരില്‍ നിന്നും ആന്റി-പിണറായി വോട്ടുകളും യുഡിഎഫിനു പോകും. അവര്‍ക്ക് ഒരു കാരണവശാലും എല്‍ഡിഎഫ് ജയിക്കരുതെന്നും അത് പിണറായിക്കുള്ള അടിയാണെന്നും വരുത്തി തീര്‍ക്കണം. വനിത മതില്‍ പോലും സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയായിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുക. വനിത മതില്‍ ഒരു ആന്റി-ഹിന്ദുത്വ പ്രകടനമായാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടിരിക്കുന്നത്. അതിന്റെ ഗുണം യുഡിഎഫിനു പോകും. ചുരുക്കി പറഞ്ഞാല്‍, ശബരിമല വിഷയവും വനിത മതിലുമെല്ലാം ഗുണം ചെയ്യാന്‍ പോകുന്നത് യുഡിഎഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിനായിരിക്കും.

സോഷ്യല്‍ മീഡിയയില്‍ ഏറെ പഴികേട്ടതാണെങ്കിലും ശബരിമല വിഷയത്തിലെ നിലപാട് രാഷ്ട്രീയമായി കോണ്‍ഗ്രസിന് എത്രമാത്രം അനുകൂലമായിട്ടുണ്ടെന്ന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കി തരും. തുടക്കം മുതല്‍ അവര്‍ ഒറ്റനിലപാടായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ല, സുപ്രീം കോടതി വിധിയില്‍ എതിര്‍പ്പുണ്ട്, അക്രമസമരത്തിനില്ല; ഇതായിരുന്നു കോണ്‍ഗ്രസ് ലൈന്‍. അതിന്റെ ശരിയും തെറ്റും വേറെ ചര്‍ച്ച ചെയ്യണം. പക്ഷേ, ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് എടുക്കാന്‍ പറ്റിയ ഏറ്റവും നല്ല നിലപാട് കോണ്‍ഗ്രസിന്റെതായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. സര്‍ക്കാര്‍ നിലപാടില്‍ പൊതുവെ അതൃപ്തിയാണ് സാധാരണക്കാര്‍ക്ക്.

അതേസമയം ശബരിമല സിപിഎമ്മിനെതിരെയോ എല്‍ഡിഎഫിനെതിരെയോ ഒരു നിലപാടായി വരില്ല എന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. പക്ഷേ, അതുകൊണ്ട് ഒരു ഗുണവും അവര്‍ക്ക് കിട്ടാനും പോകുന്നില്ല. ശബരിമല പ്രശ്‌നത്തില്‍ ആര്‍എസ്എസും മറ്റ് തീവ്രഹിന്ദുത്വ സംഘടനകളും കേരളത്തില്‍ കാണിച്ച പ്രവര്‍ത്തികളുണ്ട്. തനി ക്രിമിനലുകളെ രംഗത്തിറക്കി കൊണ്ട് കേരളത്തെ മുഴുവന്‍ ഭയത്തിലാക്കിയവര്‍. ആര്‍എസ്എസ്സിന്റെ യഥാര്‍ത്ഥമുഖം മലയാളികള്‍ ഇതിലൂടെ കണ്ടു. അത് സത്യത്തില്‍ ഗുണം ചെയ്യുന്നത് സിപിഎമ്മിനല്ല, കോണ്‍ഗ്രസിനാണ്. കാരണം, ആര്‍എസഎസ്സിന്റെ നിലപാടുകള്‍ ബിജെപിക്കെതിരേയുള്ള വികാരം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരരുതെന്ന ആവശ്യത്തെയാണ് അതിലൂടെ ഉയര്‍ത്തുന്നത്. ബിജെപിയെ കളയണമെങ്കില്‍ അത് കോണ്‍ഗ്രസിനെക്കൊണ്ടേ പറ്റൂ എന്നുള്ള ചിന്തയും ഇതിനൊപ്പം ഉയര്‍ന്നിട്ടുണ്ട്. ബിജെപി പോകണമെങ്കില്‍ എന്തു ചെയ്യണമെന്നു ചോദിക്കുന്നവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ആദ്യചോയ്‌സ് കോണ്‍ഗ്രസ് ആണ്. സിപിഎമ്മിന് വോട്ട് ചെയ്തു വരുന്നവര്‍ മാറി ചിന്തിക്കില്ല. പക്ഷേ, എല്‍ഡിഎഫിനും യുഡിഎഫിനും മാറി മാറി വോട്ടു ചെയ്യുന്ന വലിയൊരു വിഭാഗവും ഇവിടെയുണ്ട്. സാഹചര്യങ്ങള്‍ നോക്കി നിലപാട് തീരുമാനിക്കുന്ന വോട്ടര്‍മാരുമുണ്ട്. ആ വിഭാഗങ്ങളുടെ പ്രഥമ പരിഗണന കോണ്‍ഗ്രസും യുഡിഎഫും ആയിരിക്കും.

പത്തനംതിട്ടയിലൊക്കെ ഇത് പ്രതിഫലിക്കുന്നത് കാണാനാകും. കേരളത്തില്‍ ഇത്തവണ ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലം പത്തംതിട്ടയാണ്. അവിടെ വര്‍ഗീയത പറയാത്ത, പൊതുസമ്മതനായ കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അറിയാവുന്ന ഒരാളെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ അതവര്‍ക്ക് ഗുണം ചെയ്യും. ജയിച്ചില്ലെങ്കില്‍ പോലും പ്രതീക്ഷിക്കുന്നതിലും അപ്പുറം വോട്ട് അവര്‍ പിടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാമുദായിക ഘടനയാണ് മണ്ഡലത്തില്‍ നിര്‍ണായാകമാകാറുള്ളതെന്നു കൊണ്ടു കൂടി ബിജെപിക്ക് കാര്യങ്ങള്‍ അനുകൂലമാണ്. എങ്കിലും ഇവിടെ ആദ്യ സാധ്യത കോണ്‍ഗ്രസിന് തന്നെയാണ്. ശബരിമല വിധിയില്‍ ഇവിടുത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുപോലും കടുത്ത എതിര്‍പ്പുണ്ട്. സര്‍ക്കാരിന്റെ നടപടികളും അവര്‍ എതിര്‍ക്കുകയാണ്. ഈ എതിര്‍പ്പുകള്‍ കോണ്‍ഗ്രസിനാണ് ഗുണം ചെയ്യുക. വീണ ജോര്‍ജിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും പ്രതികൂലഘടകങ്ങള്‍ മറികടക്കാന്‍ തക്ക പോരാട്ടം കാഴ്ച്ചവയ്ക്കാന്‍ വീണയ്ക്കും കഴിയില്ല.

കോണ്‍ഗ്രസിന് എന്തുകൊണ്ടും കാര്യങ്ങള്‍ അനുകൂലമാണ്. ലോക്‌സഭ വിജയം അവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള പ്രചാരണത്തിനും ഉപയോഗിക്കാം. ഇത് മുന്‍കൂട്ടി കാണാന്‍ സിപിഎമ്മിനു കഴിയണം. ഈ വോട്ടുകള്‍ പാര്‍ലമെന്റിലേക്കുള്ള വോട്ടുകളാണെന്നു സര്‍ക്കാരിന് ഇപ്പോഴേ പ്രചരിപ്പിക്കാന്‍ കഴിയണം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിലുള്ള വിധിയെഴുത്തല്ല, ഇത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ്, ഇവിടെ ദേശീയ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തുവയ്ക്കേണ്ടി വരും സര്‍ക്കാര്‍.

Next Story

Related Stories