TopTop
Begin typing your search above and press return to search.

പരമാവധി സീറ്റുകള്‍ നേടാന്‍ ഇടതും വലതും,അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎ; ത്രികോണ മത്സരത്തില്‍ ആര്‍ക്കൊപ്പമെന്ന് ജനം വിധിയെഴുതി തുടങ്ങി

പരമാവധി സീറ്റുകള്‍ നേടാന്‍ ഇടതും വലതും,അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎ; ത്രികോണ മത്സരത്തില്‍ ആര്‍ക്കൊപ്പമെന്ന് ജനം വിധിയെഴുതി തുടങ്ങി
വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ ലോക്‌സഭയിലേക്കുള്ള സമ്മതിദാനം കേരളം വിനിയോഗിച്ച് തുടങ്ങി. അത്യന്തം സങ്കീര്‍ണവും പ്രശ്‌ന നിരതവുമായ കാലത്തിലൂടെ രാജ്യം കടന്നു പോകുന്ന വേളയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പരമാവധി പേരെ ബൂത്തിലെത്തിക്കാനുള്ള നെട്ടോട്ടം ആരംഭിച്ചു കഴിഞ്ഞു. പുലര്‍ച്ചെ ഏഴിനാരംഭിച്ച പോളിംഗ് വൈകിട്ട് ആറിന് പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോളിംഗ് ശതമാനം വര്‍ധിക്കാനാണിട. 74.02 ശതമാനമായിരുന്ന 2014ലെ പോളിംഗ്. ഇക്കുറി 2.61 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. അതില്‍ 2,88,191 പുതിയ വോട്ടുകള്‍. എഐസിസി പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനായി തെരഞ്ഞെടുത്തതു വഴി മറ്റൊരിക്കലും ഉണ്ടാകാത്ത മാനം കൈവന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തി.

വാശിയോടെ മൂന്ന് മുന്നണികളും തങ്ങളുടെ വോട്ടര്‍മാരെ പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് നിന്നും യുഡിഎഫിനും എല്‍ഡിഎഫിനും പരമാവധി സീറ്റുകള്‍ നേടിയെടുക്കേണ്ടതുണ്ട്. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കേണ്ടതും അനിവാര്യം. ഇക്കാര്യം മനസ്സില്‍ വച്ചാണ് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞതും പ്രചാരണം നടത്തിയതും വോട്ടുടെപ്പിന് സജ്ജമാരാക്കിയതും.

പാര്‍ലമെന്റില്‍ അക്കൗണ്ട് തുറക്കാന്‍ അരയും തലയും മറുക്കി നില്‍ക്കുന്ന ബിജെപി, രാഹുല്‍ ഗാന്ധി തന്നെ സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയ പശ്ചാത്തലം, ദേശീയ പാര്‍ട്ടിയെന്ന മുഖാവരണം നഷ്ടമാകുന്ന സാഹചര്യത്തില്‍ പരമാവധി സീറ്റുകള്‍ നേടാനുള്ള സിപിഎമ്മിന്റെ ജീവന്മരണ പോരാട്ടം... ഇങ്ങനെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓരോ പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും സവിശേഷം.

പൊതുവില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നതും പ്രി പോളുകളെല്ലാം തങ്ങളുടെ മേധാവിത്വം പ്രവചിക്കുന്നുവെന്നതും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ആകെയുള്ള 20 സീറ്റുകളില്‍ 12 മുതല്‍ 16 വരെ സീറ്റുകള്‍ അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ പോളുകളുടെ കണക്കെടുപ്പ് രീതി തന്നെ ചോദ്യം ചെയ്യുന്ന ഇടതുപക്ഷം ആറിനു മുകളിലേയ്ക്കല്ലാതെ താഴേയ്ക്കു തങ്ങള്‍ പോകില്ലെന്ന് ഉറപ്പിച്ച് പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നി അഞ്ചു മണ്ഡലങ്ങളെ ഏറ്റവും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവയായി കണക്കാക്കി തങ്ങള്‍ ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന അവകാശവാദം ബിജെപിയും വച്ചുപുലര്‍ത്തുന്നു. അവകാശ വാദങ്ങളുടെ ഗ്രാഫുകള്‍ ഇങ്ങനെ പോകുമ്പോള്‍ തന്നെ കേരളത്തില്‍ മറ്റൊരിക്കലും കാണാത്ത ത്രികോണ മത്സരം രൂപപ്പെട്ടു എന്നത് സത്യം.

ശബരിമലയും വിശ്വാസികളുടെ പ്രശ്‌നങ്ങളും, പ്രളയവും പുനര്‍നിര്‍മാണവും, ദേശീയ സംസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയവ സവിശേഷമായി സമ്മതിദാനത്തില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണെങ്കിലും മറഞ്ഞിരുന്ന പ്രവര്‍ത്തിക്കുന്ന ഘടകങ്ങളും അടിയൊഴുക്കകളും ഏറെയുണ്ട്. ഭൂരിപക്ഷ മതസമുദായങ്ങളുടെ വോട്ട് ഏകീകരണം സംഭവിക്കുമെന്ന കണക്കുകൂട്ടല്‍ അതിനു സമാന്തരമായ ന്യൂനപക്ഷ വോട്ട് ഏകീകരണത്തിലേക്കുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. ന്യൂനപക്ഷ വോട്ടുകളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. ഇത്തരം സമൂഹങ്ങളിലെല്ലാം കൃത്യമായ രാഷ്ട്രീയ വോട്ടും സവിശേഷ സാഹചര്യങ്ങളില്‍ രൂപപ്പെട്ടുന്ന ഘടകങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള വോട്ടും ഉണ്ടാകും. ഭൂരിപക്ഷ സമുദായത്തിലും അതങ്ങനെ തന്നെ. കൃത്യമായ രാഷ്ട്രീയ വോട്ട് അതത് പെട്ടികളില്‍ വീഴുമ്പോള്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ സവിശേഷമായി ഏകീകരിക്കപ്പെടുന്ന വോട്ടുകളും ഉണ്ട്. പ്രത്യേകിച്ചും വിശ്വാസ പ്രശ്‌നങ്ങളെ തുടര്‍ന്ന് വലിയ കോലാഹലങ്ങളുണ്ടായ മേഖലകളില്‍. ബിജെപി മാത്രമല്ല കോണ്‍ഗ്രസും വിശ്വാസികളുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്ക് കൂട്ടുന്നു. വിശ്വാസി പ്രശ്‌നത്തില്‍ വോട്ട് ചോരാതിരിക്കാനായി തങ്ങള്‍ വിശ്വാസികള്‍ക്കെതിരല്ലെന്നും കോടതി വിധി നടപ്പിക്കുകമാത്രമാണ് ചെയ്തതെന്നും ആവര്‍ത്തിച്ച് വിശദീകരിക്കാന്‍ സിപിഎമ്മും ശ്രമിക്കുന്നു. എന്നാല്‍ ജനകീയ പ്രശ്‌നങ്ങളും വികസന കാര്യങ്ങളും, തെരഞ്ഞെടുപ്പിനിടെ സംജാതമായ സവിശേഷ പ്രശ്‌നങ്ങള്‍, ഓരോ മണ്ഡലത്തിലുമുള്ള പ്രത്യേക സാഹചര്യങ്ങള്‍, അടിയൊഴുക്കുകള്‍ എന്നിങ്ങനെ സമ്മതിദാനത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്.
രാഷ്ട്രീയ സാഹചര്യം എന്തുകൊണ്ടും തങ്ങള്‍ക്ക് അനുകൂലമെന്ന സ്വയം വിലയിരുത്തുന്ന കോണ്‍ഗ്രസിനെ പോലും ആശങ്കപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍. എല്ലാക്കാലത്തും ഉള്ള പാലം വലി പരാതികള്‍ ഇക്കുറി അവരുടെ താരസ്ഥാനാര്‍ഥി ശശി തരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരത്ത് പോലും ഉണ്ടായി. ഒളിക്യാമറയില്‍ പെട്ട് കോഴിക്കോട്ടെ സ്ഥാനാര്‍ഥി എം. കെ. രാഘവന്‍ വ്യവഹാരത്തില്‍ പെട്ടു. കാസര്‍ഗോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനും പാര്‍ട്ടിയ്ക്കകത്തു നിന്നും തന്നെ എതിര്‍പ്പ് നേരിടേണ്ടിവന്നിരിക്കുന്നു. ഇങ്ങനെ ഓരോ മണ്ഡലത്തിലും പ്രശ്‌നങ്ങള്‍ നിരവധി.

സിപിഎമ്മാകട്ടെ മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തി മറ്റാര്‍ക്കും മുന്‍പേ കളം പിടിച്ചുവെങ്കിലും അവരെ അലട്ടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ട്. അതിന്റെ പ്രതിഫലനമായിട്ടുവേണം കോണ്‍ഗ്രസ് ബിജെപി ബാന്ധവം എന്ന ആരോപണം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്‍കൂട്ടി ഉന്നയിച്ചത്. തിരിച്ചടികളുടെ കാര്യത്തില്‍ ഒരു മുന്‍കൂര്‍ ജാമ്യം. പി. ജയരാജന്‍ മത്സരിക്കുന്ന വടകരയില്‍ ഫലം തങ്ങള്‍ക്കെതിരാകുമോയെന്ന ആശങ്ക അവര്‍ക്കുണ്ട്. വടകരയിലും കണ്ണൂരിലും കൊല്ലത്തുമൊക്കെ കോണ്‍ഗ്രസ് ബിജെപി നീക്കുപോക്കും അവര്‍ ഭയക്കുന്നു.

അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്ന ബിജെപിയേയും മറ്റാരേക്കാളും ഇത്തരം ദൗര്‍ബല്യങ്ങള്‍ വേട്ടയാടുന്നുണ്ട്. വിശ്വാസത്തിന്റെ പേരിലും മറ്റു കൂടുതല്‍ വോട്ടര്‍മാര്‍ അവരെ തുണയ്ക്കുമെന്ന തിരിച്ചറിവിനിടയിലും പക്ഷെ കേരളത്തിലെ ആ പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമാണ്. പലതായി പരിഞ്ഞു നില്‍ക്കുന്ന മുന്‍ നിര നേതാക്കള്‍ തല്‍ക്കാലം കേന്ദ്ര നേതൃത്വത്തെ ഭയപ്പെട്ട് പുറത്തേയ്‌ക്കൊന്നും പറയുന്നില്ലെങ്കിലും കാര്യങ്ങള്‍ പന്തിയല്ല. പല ഗ്രൂപ്പുകളും കാഴ്ചക്കാരെ പോലെ നില്‍ക്കുന്നു. വോട്ടിംഗ് കഴിയുന്നതോടെ കാര്യങ്ങള്‍ കൂടുതലായി പുറത്തുവരും. ഫലം വരുമ്പോള്‍ പ്രതീക്ഷിക്കുന്ന അത്ഭുതങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ അടികലശലാകുകയും ചെയ്യും.

Next Story

Related Stories