TopTop

ടി.പി സെന്‍കുമാര്‍ ബിജെപി തലപ്പത്തേക്കോ?

ടി.പി സെന്‍കുമാര്‍ ബിജെപി തലപ്പത്തേക്കോ?
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന അയ്യപ്പ ഭക്ത സംഗമത്തിനു ശേഷം കേരളമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ സംഘപരിവാര്‍ ബന്ധങ്ങളെക്കുറിച്ചും ബി.ജെ.പി പ്രവേശനം എന്ന അഭ്യൂഹത്തെക്കുറിച്ചുമാണ്. പദവിയിലിരിക്കുന്ന കാലത്തു തന്നെ വിവാദപരാമര്‍ശങ്ങള്‍ കൊണ്ട് നിരവധി തവണ വാര്‍ത്തകളിലിടം നേടിയിട്ടുള്ള സെന്‍കുമാര്‍, ശബരിമല വിഷയം കത്തിപ്പടരാനാരംഭിച്ചതോടെ നിരവധി തവണ ആചാരസംരക്ഷണ വാദങ്ങളുമായി സംഘപരിവാര്‍ അനുകൂല വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവുമൊടുവിലത്തേതാണ് പുത്തരിക്കണ്ടം മൈതാനിയിലെ പ്രസംഗവും ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശങ്ങളും. സെന്‍കുമാര്‍ ബിജെപിയില്‍ പ്രവേശിക്കുമോയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നുമുള്ള ചോദ്യങ്ങളെ ഈ സാഹചര്യത്തില്‍ പരിഗണിക്കാതിരിക്കാനുമാവില്ല.

ടി.പി സെന്‍കുമാറിന്റെ രാഷ്ട്രീയപ്രവേശനത്തിന്റെ കര്‍ട്ടന്‍ റെയ്‌സറാണോ തിരുവനന്തപുരത്തെ പ്രസംഗത്തില്‍ കാണാനായത് എന്നു സംശയിക്കാന്‍ ന്യായമായും പല കാരണങ്ങളുണ്ട്. ശബരിമല യുവതീപ്രവേശനമടക്കം സമീപകാലത്ത് ചര്‍ച്ചയായ വിഷയങ്ങളിലെല്ലാം സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനേയും പൊലീസ് സംവിധാനങ്ങളേയുമടക്കം വിമര്‍ശിക്കുകയും ആചാരസംരക്ഷണത്തിനായി നിലകൊള്ളുന്ന സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ, സംഘപരിവാറുമായുള്ള സെന്‍കുമാറിന്റെ ബന്ധങ്ങളും വെളിവായിരുന്നു. ഡിസംബറില്‍ നടന്ന ബിജെപി നവാഗതനേതൃസമാഗമവും പന്തളം കൊട്ടാരം സംഘടിപ്പിച്ച പ്രാര്‍ത്ഥനായഞ്ജവും അടക്കമുള്ള പല സുപ്രധാന പരിപാടികളിലും പങ്കെടുത്ത് നിലപാടുകള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ശബരിമല കര്‍മസമിതിയുടെ ദേശീയതല നേതൃനിരയിലാണ് സെന്‍കുമാറിനെ പിന്നീട് കാണുന്നത്. യുവതീപ്രവേശനത്തിനെതിരായി കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ സെന്‍കുമാര്‍ പങ്കാളിയായത് വലിയ പ്രാധാന്യത്തോടെയാണ് ബിജെപിയടക്കമുള്ളവര്‍ നോക്കിക്കണ്ടിരുന്നത്. ആര്‍എസ്എസ്, വിഎച്ച്പി എന്നിവര്‍ക്കൊപ്പം എന്‍എസ്എസ് പോലുള്ള സാമുദായിക സംഘടനകളുടേയും ബിജെപിയടക്കമുള്ളവരുടെയും പിന്തുണയോടെ വിശ്വാസികളെ സംഘടിപ്പിച്ചു കൂട്ടിച്ചേര്‍ത്തിട്ടുള്ള അയ്യപ്പ കര്‍മസമിതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളിലൊന്ന് ശബരിമല വിഷയത്തെ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു. കര്‍മസമിതിയുടെ മുഖങ്ങളിലൊന്നായി മാറിയത് അമൃതാനന്ദമായി, സെന്‍കുമാര്‍ തുടങ്ങിയവരുള്‍പ്പെടെയുല്ലാവരും. കര്‍മസമിതിയുടെ ഭാഗമായും അല്ലാതെയും പിന്നീട് പങ്കെടുത്ത പരിപാടികളിലും ചാനല്‍ ചര്‍ച്ചകളിലുമെല്ലാം തീവ്രവലതു നിലപാടുകളും ഹിന്ദുത്വയുമായിരുന്നു സെന്‍കുമാറിനു പറയാനുണ്ടായിരുന്നതും.

സത്യം പറയുന്നവര്‍ സംഘിയാകുമെങ്കില്‍ താനും സംഘിയാണെന്നും, വിവരം വയ്ക്കുമ്പോള്‍ ആര്‍എസ്എസിന്റെയും മറ്റും വക്താവാകുമെന്നും ചാനല്‍ ചര്‍ച്ചകളില്‍ സെന്‍കുമാര്‍ പറഞ്ഞത് സമൂഹമാധ്യമങ്ങള്‍ വലിയ തോതില്‍ ആഘോഷിച്ചതാണ്. സെന്‍കുമാറിന്റെ ആര്‍എസ്എസ് അനുഭാവവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ നിലനിന്നിരുന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുക മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ കരുനീക്കങ്ങളുടെ വിലയിരുത്തല്‍ കൂടിയായാണ് ഈ പ്രസ്താവനകള്‍ പരിഗണിക്കപ്പെട്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ കണ്ടു സംസാരിച്ച ചുരുക്കം പ്രമുഖരുടെ പട്ടികയില്‍ സെന്‍കുമാറും ഉള്‍പ്പെട്ടിരുന്നു.

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാകുക കൂടി ചെയ്തതോടെ കേരള രാഷ്ട്രീയത്തില്‍ സെന്‍കുമാര്‍ വേരുറപ്പിക്കാനുള്ള സാധ്യതകളും ശക്തിപ്പെടുകയാണ്. വി. മുരളീധരനും കെ. സുരേന്ദ്രനും ഇന്നലെ നടന്ന ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ സമാപനത്തില്‍ നിന്ന് മാറി നിന്നിരുന്നു. മറ്റ് പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തപ്പോഴും ഇവരുടെ അസാന്നിധ്യം ചടങ്ങില്‍ മുഴച്ചുനില്‍ക്കുകയും ചെയ്തു. അയ്യപ്പ ഭക്തിസംഗമത്തില്‍  ശ്രീധരന്‍പിള്ളയടക്കമുള്ളവര്‍ സദസ്സില്‍ മാത്രമിരിക്കുകയും ചെയ്തപ്പോള്‍, സെന്‍കുമാറിന്റെ പ്രസംഗമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഒരു ഭാഗത്ത് മുരളീധരനും മറുഭാഗത്ത് പി.കെ. കൃഷ്ണദാസുമുള്ള ബിജെപിയിലെ ചേരിതിരിവ് ശക്തിപ്പെട്ടു വരികയും അത് ശബരിമല യുവതീപ്രവേശനത്തിനെതിരെയുള്ള പാര്‍ട്ടിയുടെ സമരപരിപാടികളില്‍പ്പോലും നിഴലിക്കുകയും ചെയ്തിരുന്നു. നിരാഹാര സമരമടക്കമുള്ള പ്രതിഷേധ പരിപാടികള്‍ പരാജയപ്പെടാനുള്ള കാരണമായി പരിഗണിക്കപ്പെടുന്നതും ഈ ചേരിതിരിവു തന്നെയാണ്. 'സുവര്‍ണാവസര'മായിക്കണ്ട് ഉപയോഗപ്പെടുത്താന്‍ കണക്കുകൂട്ടിയ ശബരിമല വിഷയം പാര്‍ട്ടിക്കകത്തെ ഭിന്നതകളുടെ വെളിപ്പെടുത്തലായിരിക്കുന്ന അവസരത്തില്‍, നേതൃനിരയിലേക്ക് സെന്‍കുമാറിന്റെ കടന്നുവരവിന് വലിയ സാധ്യതകളാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ കണക്കാക്കുന്നത്.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി വി. മുരളീധരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രസ്താവന നടത്തിയത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുകയും സംസ്ഥാന നേതൃത്വത്തിന് അതില്‍ അതൃപ്തി ഉണ്ടാവുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രനെ ജയിലില്‍ അടച്ച സമയത്ത് പോലും ബിജെപി സംസ്ഥാന നേതൃത്വം വേണ്ട വിധത്തില്‍ ഇടപെട്ടില്ല എന്ന ആരോപണവും ശക്തമാണ്. ശ്രീധരന്‍ പിളളയുടെ പാര്‍ട്ടി അധ്യക്ഷസ്ഥാനവും ഈ വിധത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇത്തരത്തില്‍ ഔദ്യോഗികമായി ബിജെപി അംഗത്വം പോലുമില്ലാതിരിക്കുന്ന സമയത്താണ് ഹിന്ദു ഐക്യവേദി നേതാവായ കുമ്മനം രാജശേഖരനെ പാര്‍ട്ടി തലപ്പത്തേക്ക് ആര്‍എസ്എസ് നേതൃത്വം കൊണ്ടുവരുന്നത്. ഗവര്‍ണറായി നിയമിതനായ കുമ്മനത്തെ തിരികെ കൊണ്ടുവരാനും ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആര്‍എസ്എസ് നേതൃത്വം ആലോചിക്കുന്നുണ്ട്. ഇതിനൊപ്പമാണ് സെന്‍കുമാറിനുള്ള സാധ്യതകളും.

'സവര്‍ണ വിഭാഗങ്ങളെ ദളിതരേക്കാള്‍ അവശരാക്കുന്ന' സോഷ്യലിസത്തേയും 'ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങള്‍ ന്യൂനപക്ഷത്തിന് അനുവദിച്ചു നല്‍കുന്ന' ഭരണഘടനയേയും വിമര്‍ശിച്ചുകൊണ്ടുള്ള സെന്‍കുമാറിന്റെ പുത്തരിക്കണ്ടത്തെ പ്രസംഗം വിരല്‍ചൂണ്ടുന്നതും അതിലേക്കാണ്. കേരളത്തിലെ ജനസംഖ്യയുടെ അരശതമാനം പോലുമില്ലാത്ത ബ്രാഹ്മണരാണ് ഇവിടെയുള്ള ഒരേയൊരു സവര്‍ണവിഭാഗമെന്നും അവരുടെ സാമൂഹികാവസ്ഥ ദളിതരേക്കാള്‍ കഷ്ടത്തിലായിരിക്കുകയാണെന്നുമുള്ള വേവലാതിയും ധര്‍മം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയുമായിരുന്നു പ്രസംഗത്തിന്റെ കാതല്‍. മാത്രമല്ല, സനാതന ധര്‍മത്തെ സംരക്ഷിക്കുന്നവര്‍ക്കു മാത്രം വോട്ടു നല്‍കണമെന്ന ആഹ്വാനവും സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയിട്ടുണ്ട്. തങ്ങളുടെ കൈയിലെ വജ്രായുധം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്ന് സംഗമത്തില്‍ ആവശ്യപ്പെട്ട സെന്‍കുമാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ കാരണവുമിതു തന്നെ.

ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തിരുവനന്തപുരം പോലുള്ള പ്രധാന മണ്ഡലങ്ങളിലൊന്നില്‍ സെന്‍കുമാര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. തിരുവനന്തപുരത്തോ, ആറ്റിങ്ങലിലോ, കെ. സുരേന്ദ്രന്‍ കാസര്‍കോട്ടു തന്നെ മത്സരിക്കുകയാണെങ്കില്‍ കോഴിക്കോട്ടോ സെന്‍കുമാറിന് ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സെന്‍കുമാറിന്റെ രാഷ്ട്രീയപ്രഖ്യാപനമാണോ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കണ്ടത് എന്ന ചോദ്യം ശക്തമാകുമ്പോഴും, സെന്‍കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതകളെ ബ.ജെപി സംസ്ഥാന നേതൃത്വം പാടേ തള്ളിക്കളയുന്നുമില്ല.

പാര്‍ട്ടിക്കകത്ത് വിഭാഗീയത ശക്തിപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ബിജെപിക്കും ഏറെ സ്വീകാര്യമായ സ്ഥാനാര്‍ത്ഥിത്വമായി സെന്‍കുമാറിനെ പരിഗണിക്കാന്‍ തന്നെയാണ് സാധ്യത. അമൃതാനന്ദമയിയേയും ശ്രീ ശ്രീ രവിശങ്കറിനേയും പോലെ ആഗോള മുഖമുള്ള ആത്മീയ നേതാക്കളെ കര്‍മ സമിതിയിലെത്തിച്ചതും കേരളത്തിന് അഭിമുഖമാവശ്യമില്ലാത്ത സെന്‍കുമാറിനെ സംഗമത്തിന്റെ പ്രധാന ഐക്കണുകളിലൊന്നായി അവതരിപ്പിച്ചതുമെല്ലാം ഈ വെളിച്ചത്തില്‍ത്തന്നെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

Next Story

Related Stories