TopTop

പയ്യന്നൂരിലെ കണ്ടങ്കാളി പെട്രോളിയം സംഭരണ കേന്ദ്രത്തിനായി നികത്തുന്നത് 86 ഏക്കര്‍ നെല്‍വയല്‍; പ്രതിഷേധം ശക്തമാകുന്നു

പയ്യന്നൂരിലെ കണ്ടങ്കാളി പെട്രോളിയം സംഭരണ കേന്ദ്രത്തിനായി നികത്തുന്നത് 86 ഏക്കര്‍ നെല്‍വയല്‍; പ്രതിഷേധം ശക്തമാകുന്നു
പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ 100 ഏക്കറിനടുത്ത് നെല്‍വയല്‍ നികത്തി പെട്രോളിയം സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളും സാമൂഹിക പ്രവര്‍ത്തകരും നടത്തിവരുന്ന സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നു. ഇപ്പോള്‍ 86 ഏക്കറോളം ഭൂമി പാരിസ്ഥിതിക അനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കായി ഏറ്റെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെയും പിണറായി വിജയന്‍ സര്‍ക്കാരിന്റെയും ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സമരസമിതി അംഗങ്ങള്‍ ആരോപിക്കുന്നത്.

കണ്ടങ്കാളി ഭൂമി ഏറ്റെടുക്കുന്നതില്‍ ജനാധിപത്യ വിരുദ്ധതയും നിയമവിരുദ്ധതയുമുണ്ടെന്ന് സമരസമിതി അംഗം നിശാന്ത് പരിയാരം ഇത് സംബന്ധിച്ച് പറയുന്നു: "ഏക്കര്‍ കണക്കിന് വയല്‍ നികത്തി എണ്ണ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നത് നാലഞ്ച് ജില്ലകളിലെ പെട്രോള്‍ പമ്പുകളിലേക്ക് എണ്ണ കൊണ്ടുപോകാനാണ് എന്ന എണ്ണക്കമ്പനികളുടെ പ്രചരണം വിശ്വസിക്കുന്നില്ല. ഇന്ത്യയിലെ 3 പൊതുമേഖലാ എണ്ണക്കമ്പനികള്‍ സംയുക്തമായി സ്ഥാപിക്കുന്ന പെട്രോളിയം സംഭരണ കേന്ദ്രത്തെക്കുറിച്ച് കമ്പനി പറയുന്നത്, ഇവിടെ തൃശൂരിനും മംഗലാപുരത്തിനും ഇടയില്‍ വരുന്ന മുഴുവന്‍ റീട്ടെയില്‍ പെട്രോള്‍ പമ്പുകളിലേക്കും ആവശ്യമുള്ള എണ്ണ സംഭരിക്കും, നിലവിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളെല്ലാം ഡീ കമ്മീഷന്‍ ചെയ്ത് ഒരൊറ്റ കേന്ദ്രത്തിലേക്ക് കൊണ്ടു വരുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. റെയില്‍ മാര്‍ഗം കണ്ടങ്കാളി സംഭരണിയിലെത്തുന്ന എണ്ണ റോഡ് മാര്‍ഗം തൃശൂരിനു വടക്കുളള മുഴുവന്‍ ജില്ലകളിലേക്കും എത്തിക്കും എന്നാണ്.


കണ്ണൂര്‍ താവക്കരയിലും വെസ്റ്റ് ഹില്ലിലും ഫറോക്കിലുമെല്ലാമായി നിലവിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങള്‍ തന്നെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണ്. മാത്രമല്ല ഈ കേന്ദ്രങ്ങളുടെയെല്ലാം ഭൂവിസ്തൃതി ആകെ കൂട്ടിയാലും 20 ഏക്കര്‍ വരില്ല, അപ്പോള്‍ ഇതെല്ലാം ഒരിടത്തു സ്ഥാപിക്കുമ്പോള്‍ എന്തിനാണ് കണ്ടങ്കാളിയിലെ 86 ഏക്കര്‍ ഭൂമി? 130 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നു എന്നായിരുന്നു ആദ്യ പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്, കണ്ടല്‍ വനങ്ങളെ സാങ്കേതികമായി ഒഴിവാക്കാനാണ് ഇപ്പോഴത് 86 ഏക്കര്‍ ആക്കിയത് എന്നാണ് വിശദീകരണം. നിലവിലുള്ള സംഭരണികള്‍ ഒരു സ്ഥലത്തേക്ക് കൊണ്ടുവരുന്നതു കൊണ്ട് എണ്ണക്കമ്പനികള്‍ക്ക് ലാഭമുണ്ടാകും എന്നതൊഴിച്ചാല്‍ പാരിസ്ഥിതികമായും സാമൂഹികമായും അത് വന്‍ നഷ്ടമാണ്.


കണ്ടങ്കാളി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും ഗൂഢാലോചനയാണെന്ന് പറയുന്നതിന് കാരണം, മോദിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനവേളയില്‍ തന്നെ ഒപ്പിട്ട ഒരു കരാറുണ്ട്. ഇതുപ്രകാരം ഗള്‍ഫിലെ അരാംകോ പോലുള്ള മള്‍ട്ടി നാഷണല്‍ എണ്ണക്കമ്പനികളുടെയും ഇന്ത്യയിലെ മൂന്ന് എണ്ണക്കമ്പനികളുടെയും സംയുക്ത സംരംഭം എന്ന പേരില്‍ ഇന്ത്യയില്‍ റിഫൈനറികളും എണ്ണ സംഭരണ കേന്ദ്രങ്ങളും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായാണ് മോദി സര്‍ക്കാര്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ 15000 ഏക്കറോളം കൃഷിഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറി രത്‌നഗിരിയില്‍ ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ക്രൂഡോയില്‍ അബുദാബിയില്‍ നിന്നും കടലിലൂടെ കുഴല്‍ മാര്‍ഗം രത്‌നഗിരിയിലെത്തിക്കാനും ഇതിന്റെ ഭാഗമായി കൊങ്കണ്‍ തീരത്ത് വന്‍കിട എണ്ണ സംഭരണ കേന്ദ്രം ഒരുക്കാനുമാണ് പദ്ധതി. ഇപ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് പുറമേ ഭാവിയില്‍ കൂടുതല്‍ ഭൂമി ആവശ്യമായി വന്നേക്കും എന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ കമ്പനികള്‍ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. കൊങ്കണ്‍ തീരത്ത് ഒരുക്കാന്‍ പോകുന്ന എണ്ണ സംഭരണ കേന്ദ്രമാണ് കണ്ടങ്കാളിയില്‍ വരുന്നതെന്നാണ് ന്യായമായും സംശയിക്കുന്നത്.


കേരളത്തില്‍ ഇതിന് കൂട്ടുനില്‍ക്കുന്നത് പിണറായി സര്‍ക്കാരും സിപിഎമ്മുമാണ്. ജനങ്ങളുടെ ആശങ്കയകറ്റി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നെല്ലാമായിരുന്നു സിപിഎം നേതൃത്വം ആദ്യം പ്രസംഗിച്ചത്. പദ്ധതിയുടെ പേരില്‍ പ്രദേശത്ത് ബിനാമി പേരുകളില്‍ വന്‍കിട ഭൂമാഫിയകള്‍ ഭൂമി വാങ്ങിക്കുട്ടുന്നതിനും സിപിഎം കൂട്ടുനില്‍ക്കുകയാണ്. പദ്ധതിയുടെ നേട്ടമായി കമ്പനികളും സംസ്ഥാന സര്‍ക്കാരും പറയുന്നത്, റോഡ് വഴിയുള്ള എണ്ണ ടാങ്കറുകളുടെ സഞ്ചാരം കുറയും, ഗതാഗതക്കുരുക്ക് കുറയും, വടക്കേ മലബാറിലെ എണ്ണ ക്ഷാമത്തിന് ശാശ്വത പരിഹാരമാകും, പദ്ധതി പയ്യന്നൂരിന്റെ വികസനത്തിലെ നാഴികക്കല്ലാകും എന്നൊക്കെയാണ്. സത്യത്തില്‍ ഇതൊക്കെ പൊള്ളത്തരങ്ങളാണ്.


വടക്കേ മലബാറില്‍ എണ്ണക്ഷാമം ഇല്ല. പമ്പുകളിലേക്കുള്ള വിതരണത്തിനായി വിവിധ ജില്ലകളിലായി ആറ് സംഭരണ കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്നും ആവശ്യത്തിന് എണ്ണ അതാത് സമയം പമ്പുകളിലെത്തുന്നുണ്ട്. വിതരണത്തിലെ കാലതാമസം കൊണ്ട് പമ്പുകളില്‍ നിന്നും എണ്ണ കിട്ടാത്ത സ്ഥിതിവിശേഷം ഉണ്ടാകാറില്ല. ഈ എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കും എണ്ണ എത്തുന്നത് റെയില്‍ മാര്‍ഗവും അവിടെ നിന്നും റീട്ടെയില്‍ പമ്പുകളിലേക്ക് കൊണ്ടു പോകുന്നത് റോഡ് മാര്‍ഗവും തന്നെയാണ്. കണ്ടങ്കാളിയിലായാലും വരുന്നത് റെയില്‍ മാര്‍ഗം, പോകുന്നത് റോഡ് മാര്‍ഗം. പക്ഷേ ഒരു വ്യത്യാസമുണ്ട്, വയനാട്ടിലേക്കുള്ള എണ്ണ നിലവില്‍ റോഡ് മാര്‍ഗം കോഴിക്കോടുള്ള സംഭരണിയില്‍ നിന്നുമാണ് പോകുന്നത്, കണ്ടങ്കാളി പദ്ധതി വന്നാല്‍ മലപ്പുറത്തേക്കും വയനാട്ടിലേക്കും കോഴിക്കോടേക്കും എല്ലാമുള്ള എണ്ണ കണ്ടങ്കാളിയില്‍ നിന്നും റോഡ് മാര്‍ഗം പോകും. ഫലത്തില്‍ പയ്യന്നൂരില്‍ മാത്രമല്ല കണ്ണൂര്‍ ജില്ലയിലാകെ റോഡിലൂടെയുള്ള എണ്ണ ടാങ്കറുകള്‍ നാലിരട്ടിയായി വര്‍ദ്ധിക്കും. അതുകൊണ്ട് റോഡില്‍ എണ്ണടാങ്കറുകളുടെ ഒഴുക്ക് കൂടുകയും സുരക്ഷാ ഭീഷണി വര്‍ദ്ധിക്കുകയും ചെയ്യും എന്നല്ലാതെ പദ്ധതി മൂലം മറ്റൊരു വികസനവും പയ്യന്നൂരില്‍ ഉണ്ടാകില്ല"
 എന്ന് നിശാന്ത് പറയുന്നു.

(സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്)

കണ്ടങ്കാളി സമരസമിതിയുടെ ചെയര്‍മാനായ ഇ.പി പത്മനാഭന്‍ എന്ന പപ്പന്‍ മാഷ് പറയുന്നത്, "പരിസ്ഥിതിയെയും ജനങ്ങളെയും ബാധിക്കുന്ന ഈ പദ്ധതിക്കെതിരെ സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കുവാന്‍ പോവുകയാണ്. കേന്ദ്ര സര്‍ക്കാരിനാണെങ്കിലും കേരള സര്‍ക്കാരിനാണെങ്കിലും രാജ്യം അല്ലെങ്കില്‍ സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കുകയെന്നതാണ്. വിദേശത്തുള്ള വന്‍കിട കമ്പനികളുടെ നിക്ഷേപം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന കാര്യങ്ങള്‍ പലതും ദോഷകരമായിട്ടുള്ളതാണ്. പെട്രോളിയം അടക്കമുള്ള മലിനീകാരികളായ വ്യവസായങ്ങളുണ്ട്. ഇതിനെല്ലാം ലോകത്തിലെ പല രാജ്യങ്ങളിലും നിയന്ത്രണമുള്ളതുകൊണ്ട് ഇന്ത്യയെ പോലെയുള്ള രാജ്യങ്ങള്‍ ഇതിന് കൈകൊടുക്കുകയാണ്. ഇതിലാണ് കണ്ടങ്കാളിയും ഉള്‍പ്പെടുന്നത്. രത്‌നഗിരിയില്‍ 4.4 ലക്ഷം കോടിയുടെ നിക്ഷേപം നടത്തി ഉയര്‍ത്തുന്ന സംഭരണ കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് കണ്ടങ്കാളിയിലെ സംഭരണശാലയും വരുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ സംസ്ഥാനത്തേക്കും രാജ്യത്തേക്കും ക്ഷണിക്കുമ്പോള്‍ വലിയ സാമ്പത്തിക നേട്ടമാണ് ഭരിക്കുന്നവര്‍ കാണുന്നത്.


എന്നാല്‍ ഇതിന് പിന്നാലെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഇവര്‍ ഗൗനിക്കുന്നില്ല. സംഭരണശാല സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം എത്ര ആയിരിക്കുമെന്ന് ബോധമുണ്ടോ? തൊട്ടടുത്താണ് കവ്വായി കായല്‍. സംഭരണ കേന്ദ്രത്തിന്റെ പത്ത് മീറ്റര്‍ മാത്രം അടുത്തുവരുന്ന കവ്വായി കായലില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, അതുകാരണം ഇരുപതോളം പഞ്ചായത്തുകളില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇതൊക്കെ വളരെ നിസാരമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. കവ്വായി കായലിലെയും സമീപ തണ്ണീര്‍ത്തടങ്ങളിലെയും ജൈവവൈവിധ്യം, മത്സ്യബന്ധനം, കല്ലുമ്മക്കായ കൃഷി, ചെമ്മീന്‍ കൃഷി, അനുബന്ധ തൊഴില്‍ മേഖലകള്‍, സാധാരണ ജനജീവിതം എന്നിവയെ പദ്ധതി അതി ഗുരുതരമായി ബാധിച്ചേക്കും. പടിഞ്ഞാറന്‍ തീരത്തെ തണ്ണീര്‍ത്തടങ്ങള്‍ സംഭരിച്ച് മണ്ണിലേക്ക് 'റീചാര്‍ജ് ' ചെയ്യുന്ന മഴവെള്ളമാണ് ഉള്‍പ്രദേശങ്ങളിലേക്ക് ഭൂഗര്‍ഭത്തിലൂടെ ഉപ്പുവെള്ളം അരിച്ചെത്തുന്നത് തടയുന്നത്. ഇവ നികത്തപ്പെടുന്നതോടെ പയ്യന്നൂരിലെ ശുദ്ധജല പ്രശ്‌നം കൂടുതല്‍ തീവ്രമാകും. പദ്ധതിക്കായി വയല്‍ നികത്താന്‍ ലോഡ് കണക്കിന് മണ്ണാണ് ആവശ്യമായിട്ടുവരുക. ഈ മണ്ണിനായി കണ്ണൂര്‍ ജില്ലയിലെ എത്രയെത്ര കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടി വരുമെന്നത് പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടില്‍ പോലും മിണ്ടിയിട്ടില്ല. ഇതിന് പുറമെയാണ് പെട്രോ കെമിക്കല്‍ മാലിന്യങ്ങളും സുരക്ഷാ വെല്ലുവിളികളുമെല്ലാം.


പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ലെങ്കില്‍ കൂടിയും കഴിഞ്ഞ 23-ആം തീയതി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. നിയമപരമായിസാധുത ഇല്ലാതിരുന്നിട്ടും വളരെ ബദ്ധപ്പെട്ട് തിരക്കിട്ട് ഈ തിരഞ്ഞെടുപ്പ് സമയത്ത് ഭൂമി ഏറ്റെടുക്കുന്നുവെന്നത് തന്നെ എന്തൊക്കെയോ സാമ്പത്തികമായ അരാജകത്വം ഇതിന്റെ ഒക്കെ പിന്നിലുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട തന്നെ വളരെ ശക്തമായി ജനകീയ സമരം നടത്താനാണ് തീരുമാനം. കണ്ടങ്കാളിയില്‍ പെണ്‍ഒരുമ കൂട്ടായ്മ എന്ന രീതിയില്‍ സ്ത്രീകളുടെ പ്രതിഷേധവും മറ്റും കഴിഞ്ഞ ദിവസം ദയാബായ് ഉദ്ഘാടനം ചെയ്തിരുന്നു. കവ്വായി കായലില്‍ ജലസത്യാഗ്രഹം, അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭൂമി ഏറ്റെടുക്കലിന്റെ ഓഫീസ് പൂട്ടിക്കാനുള്ള സമരവും ഒക്കെ നടന്നിരുന്നു. ഇനിയും സമരപരിപാടികളും പ്രതിഷേധവുമായി പോകുവാന്‍ തന്നെയാണ് തീരുമാനം", പപ്പന്‍ മാഷ് പറയുന്നു.

ചിത്രം - വടക്കന്‍ വാര്‍ത്തകള്‍

Next Story

Related Stories