Top

നടിയെ അപമാനിച്ചിട്ടില്ല; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിനു പിന്നിലും ഗൂഢാലോചന: പി.സി ജോര്‍ജ്/അഭിമുഖം

നടിയെ അപമാനിച്ചിട്ടില്ല; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിനു പിന്നിലും ഗൂഢാലോചന: പി.സി ജോര്‍ജ്/അഭിമുഖം
പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് തന്റെ പ്രസ്താവനകള്‍ കൊണ്ട് കേരള രാഷ്ട്രീയത്തിലെ സ്ഥിരം വിവാദ നായകനാണ്. ഇത്തവണത്തെ വിവാദം- ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും അതിനെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ വനിത കമ്മീഷനോട് നടത്തിയ പ്രസ്താവനകളുമാണ്. എന്നാല്‍ ഇതെല്ലാം വെറും വിവാദങ്ങളാണെന്നും താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് പൂഞ്ഞാര്‍ എംഎല്‍എ പറയുന്നത്. തന്റെ എല്ലാ നിലപാടുകളിലും ഉറച്ചു നില്‍ക്കുന്നുവെന്നും താന്‍ ഉറച്ച അഭിപ്രായം ഉള്ളവനാണെന്നും ആവര്‍ത്തിച്ച
പിസി ജോര്‍ജു
മായി ശില്‍പ മുരളി നടത്തിയ അഭിമുഖം-


ശില്‍പ മുരളി: ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും അവരോടൊപ്പം നില്‍ക്കുന്നവരെ അപക്വമായ ഭാഷയില്‍ നേരിടുകയുമാണ് താങ്കള്‍ ചെയ്തത്. ദിലീപ് തെറ്റുകാരന്‍ അല്ലായെന്ന് പറയണമെങ്കില്‍ താങ്കള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാമായിരുന്നില്ലേ?

പി.സി. ജോര്‍ജ്:  ദിലീപ് തെറ്റുകാരന്‍ ആണോ അല്ലയോ എന്നുള്ളതല്ല എന്റെ പ്രശ്നം. അയാള്‍ തെറ്റുകാരന്‍ ആണെന്നും അല്ലെന്നും ഞാന്‍ പറയുന്നില്ല. ദിലീപിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ സംശയാതീതമായി കോടതിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കോടതിയില്‍ പോലും പോലീസ് മാറി മാറി പറയുന്നു. ഒരുദാഹരണം പറയാം, കഴിഞ്ഞ ദിവസം പോലീസിന് തെളിവ് നല്‍കിയപ്പോള്‍, ഒരു പോലീസുകാരന്‍ ദിലീപും കാവ്യയുമായി സംസാരിച്ചുവെന്നു പറഞ്ഞ് മൊഴി നല്‍കിയെന്ന് പറഞ്ഞു. ഈ പോലീസുകാരന്‍ കഴിഞ്ഞ അഞ്ച് മാസമായിട്ട് എവിടെ ആയിരുന്നു. ഈ കാര്യം ഇത്രയും നാള്‍ പറയാതിരുന്ന കാരണം പറയണ്ടേ? അയാളുടെ സ്റ്റേറ്റ്‌മെന്റ്റ് എടുക്കുകയല്ല, അവനെ സര്‍വീസില്‍ നിന്നും പുറത്താക്കുകയല്ലേ വേണ്ടത്? അതപ്പോള്‍ കള്ള സാക്ഷിയാണെന്നു മനസിലായില്ലേ. അപ്പോള്‍ മന:പൂര്‍വം ഏതോ ഗൂഡാലോചനയുടെ ഭാഗമായി ദിലീപിനെ പിടിച്ചതാണെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതാണ് ഞാന്‍ പറഞ്ഞത്.

ശില്‍പ: പോലീസ് അന്വേഷണത്തെ സംശയിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. എന്നാല്‍ അതിനു നടി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുളവാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തേണ്ട ആവശ്യമുണ്ടോ?

ജോര്‍ജ്: ഇല്ല. എനിക്കത് പറയണം. കാരണം റേപ്പ് എന്നതിന്റെ നിര്‍വചനം മാറിയിരിക്കുകയാണ്. പഴയകാലത്തെ നിര്‍വചനമല്ല ഇപ്പോള്‍ ഇതിനുള്ളത്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം നിയമങ്ങള്‍ മാറിയിട്ടുണ്ട്. ആ മാറ്റത്തില്‍ ഈ കുട്ടിക്കുണ്ടായ അനുഭവം റേപ്പ് തന്നെയാണ്. എന്റെ പ്രശ്നം ഇതല്ല. ആ പെണ്‍കുട്ടിക്ക് ഈ അനുഭവം ഉണ്ടാകുന്നത് ഫെബ്രുവരി 17-നാണ്. പി.ടി തോമസ് എംഎല്‍എ അന്ന് രാത്രി കുട്ടിയെ കാണുന്നുണ്ട്. അകത്തിരുന്ന് കരയുകയാണ്. നിര്‍ഭയ എന്ന പെണ്‍കുട്ടിയേക്കാള്‍ ഈ നടി പീഡിപ്പിക്കപ്പെട്ടു എന്ന് കോടതിയില്‍ വാദിച്ചാല്‍ അതെങ്ങനെ ശരിയാകും.

Also Read: പി.സി ജോര്‍ജ് ഒരു വലിയ കള്ളത്തരമാണെങ്കില്‍ അത് തകര്‍ക്കപ്പെടുക തന്നെ വേണം

Also Read: ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം

ശില്‍പ: അപ്പോള്‍ റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടി സമൂഹം കല്പിച്ചു നല്‍കിയ ഒരു കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തയായി പെരുമാറിയാല്‍ ,തന്റെ ജോലിസ്ഥലത്തേക്ക് തിരികെ ചെന്നാല്‍ അവരെ സംശയത്തോടെ നോക്കണം എന്നാണോ?

ജോര്‍ജ്: ആ കുട്ടിയോട് നടന്നത് തെറ്റാണ്. ഒരു പെണ്‍കുട്ടി റേപ്പ് ചെയ്യപെട്ടു എന്നുവെച്ചു ജോലിക്ക് പോകാന്‍ പാടില്ല എന്നൊന്നുമില്ല. അടുത്ത ദിവസം വേണമെങ്കിലും പോകാം. പക്ഷെ എന്റെ പ്രശ്നം അതല്ല. ഈ പെണ്‍കുട്ടി അന്ന് രാത്രി നിര്‍ഭയയെക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന് പോലീസ് പറയുമ്പോള്‍ അത് ഏതു കോടതി സമ്മതിക്കും. ഞാനിത് പറയുന്നത് വെറുതെയല്ല. ഇതൊരു വനിത മാസികയാണ്; 'ആ ദിവസം എനിക്ക് സംഭവിച്ചത് - നടി പറയുന്നു'. നടിയുടെ പേരും ചിത്രവുമുണ്ട്. പേര് പറയാന്‍ പാടില്ലാത്തതുകൊണ്ട് ഞാന്‍ പറയുന്നില്ല. ഇതു ഏപ്രില്‍ പതിനഞ്ചിന് വന്നതാണ്. അതിനകത്ത് വളരെ വ്യക്തമായി എന്ത് സംഭവിച്ചു എന്നവര്‍ അഭിപ്രായം പറയുന്നുണ്ട്. ഞാന്‍ ഭയക്കുന്ന ആ രാത്രി. ആ ഒരു രാത്രിയെ ഭയമുള്ളൂ. വേറെ ഭയമില്ല. ആ പെണ്‍കുട്ടി നല്ല ആരോഗ്യത്തോടെ നടക്കുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ആ നിലയ്ക്ക് നിര്‍ഭയയെക്കാള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പോലീസ് പറയുന്നത് തെറ്റാണ്. കേരള പോലീസ് ഇത്തരം വിശ്വാസ യോഗ്യമല്ലാത്ത റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്താല്‍ ഈ കശ്മലന്മാര്‍ രക്ഷപ്പെടില്ലേ? ദിലീപിനെ കുടുക്കാനാണ് ഇവരിത് ചെയ്യുന്നത്. പക്ഷെ ഇതുകാരണം, ബലാത്സംഗം ചെയ്തു എന്നപേരില്‍ ജയിലില്‍ കിടക്കുന്ന സുനിയേപ്പോലുള്ള വൃത്തികെട്ടവന്മാര്‍ രക്ഷപ്പെടുന്നതിന് കാരണമാകില്ലേ. ഞാന്‍ ഈ കുട്ടിക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. അവരെ ഞാന്‍ ബഹുമാനിക്കുന്നു. എന്റെ പ്രശ്നം പോലീസിനോടാണ്.

ശില്‍പ: എ.ഡി.ജി.പി സന്ധ്യയുടെ അന്വേഷണത്തില്‍ നടി തൃപ്തയാണ്. അപ്പോഴും താങ്കള്‍ ഈ അന്വേഷണത്തെ വിമര്‍ശിക്കേണ്ട ആവശ്യമുണ്ടോ?

ജോര്‍ജ്: ആവശ്യമുണ്ട്. കാരണം അന്വേഷണത്തില്‍ ഞാന്‍ തൃപ്തനല്ല. പോലീസ് പറയുന്നത് സൂക്ഷിക്കണം. നടിയുടെ കേസ് മാത്രമല്ല, എ.ഡി.ജി.പി സന്ധ്യ നടത്തുന്ന പല കേസുകളുടെ അന്വേഷണത്തെ സംബന്ധിച്ചും എനിക്ക് സംശയമുണ്ട്. കൊല്ലം നാല്‍പ്പതായി ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട്. എനിക്ക് പോലീസിനെ നന്നായി അറിയാം. ഒരുദാഹരണം പറയാം, ഒരു സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കപ്പെട്ടു. അയാള്‍ ചട്ടമ്പി സ്വാമിയുടെ അനുയായി ആണ്. നിങ്ങളെന്താ മനസിലാക്കിയത്? ഒരു പെണ്‍കുട്ടി അത് ചെയ്തുവെന്ന്. അവളത് ചെയ്തിട്ടില്ലായെന്ന് കോടതിയില്‍ പറഞ്ഞു, അവളുടെ അച്ഛനും അമ്മയും അത് സമ്മതിച്ചു. അപ്പോള്‍ എന്താണതിന്റെ പുറകില്‍. നടിയുടെ കേസ് നോക്കുന്ന അതെ പോലീസാണ് ഈ കേസും നോക്കിയത്.

സന്യാസിയുടെ പ്രശ്നം എന്താണ്. ചട്ടമ്പി സ്വാമിയുടെ ജന്മഗൃഹം എ.ഡി.ജി.പി വാങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങളായി. അതിനെതിരെ അന്നുമുതല്‍ സമരം നടക്കുകയാണ്. ആ സമരത്തിന് നേതൃത്വം നല്‍കിയത് ഈ സ്വാമിയാണ്. ഈ സ്വാമി ഉള്‍പ്പെടെയുള്ള സ്വാമിമാരെ മുഴുവന്‍ എ.ഡി.ജി.പിയുടെ ഗുണ്ടകള്‍ ആക്രമിച്ചു, അവര്‍ക്കെതിരെ പതിനാറോളം കേസുകള്‍ ചാര്‍ജ് ചെയ്തു. ആ സമരസമിതി കണ്‍വീനറുടെ വീട്ടില്‍ വെച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കപ്പെട്ടത്. കണ്‍വീനറുടെ മകളാണ് ആ കുട്ടി. അതിന് പിന്നില്‍ വലിയൊരു ഗൂഡാലോചനയുണ്ട്. ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. സ്വാമി നിരപരാധിയാണ്.മറ്റൊരുദാഹരണം പറയാം, ആലുവ പുഴയില്‍ ഒരു പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണു മരിക്കുന്നു. ഞാന്‍ അന്വേഷിച്ചപ്പോള്‍ ആ കേസില്‍ രണ്ട് സാക്ഷികളുണ്ട്, ആലപ്പുഴക്കാര്‍. അവര്‍ക്കെന്താണ് ആലുവയില്‍ കാര്യം. ഈ എ.ഡി.ജി.പിയുടെ ഗുണ്ടകളാണ്. ഇവരുടെ മൊഴി കേട്ടാല്‍ ചിരി വരും. ഇവര്‍ പുഴയില്‍ കുളിക്കാനിറങ്ങുന്നു. എന്തോ പുഴയിലേക്ക് വീഴുന്നതുകണ്ട് മുകളിലേക്ക് നോക്കിയപ്പോള്‍ ആ പ്രതിയാക്കപ്പെട്ട പ്രൊഫസര്‍ അവിടെ നില്‍ക്കുന്നു. ഈ ട്രെയിന്‍ എന്താ നിര്‍ത്തി ഇട്ടേക്കുവായിരുന്നോ? ഈ പെണ്‍കുട്ടിക്ക് ആ പ്രൊഫസറുമായി എന്തോ ബന്ധം ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് അവര്‍ മറ്റൊരാളുമായി ഇഷ്ടത്തിലായി. ഈ പ്രൊഫസറുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ല. അയാള്‍ ആ ട്രെയിനില്‍ ഉണ്ടായിരുന്നു എന്നല്ലാതെ ആ പെണ്‍കുട്ടി ഇരുന്ന കമ്പാര്‍ട്ട്മെന്റില്‍ പോലും പോയിട്ടില്ല. ഈ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞതെന്താ, അയാള്‍ ഉന്തുന്നത് കണ്ടുവെന്ന്. അതെങ്ങനെ വിശ്വസിക്കും. അവിടെ നിന്ന് ഉന്തി ആറ്റില്‍ വീണപ്പോഴേക്കും ട്രെയിന്‍ അങ്ങ് മുന്നോട്ട് പോയിക്കാണില്ലേ? പിന്നെങ്ങനെ കാണും. മനുഷ്യന് വിശ്വസിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പറയണ്ടേ.

ശില്‍പ: ഇതൊക്കെ ശരിയാണെങ്കില്‍ പോലും താങ്കള്‍ക്ക് നടിയെ മാറ്റി നിര്‍ത്തിക്കൊണ്ട് പോലീസിനെ വിമര്‍ശിക്കാം. നേരെ മറിച്ച് താങ്കള്‍ ചെയ്തത് സധൈര്യം മുന്നോട്ട് വന്ന് ഒരു പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കലല്ലേ?

ജോര്‍ജ്: നിങ്ങള്‍ക്ക് അങ്ങനെ പറയാന്‍ സൗകര്യമാണെങ്കില്‍ നിങ്ങള്‍ അങ്ങനെ പറഞ്ഞോ. എനിക്ക് കേള്‍ക്കാന്‍ മനസില്ല. നിങ്ങള്‍ മാത്രമല്ല മറ്റു പലരും ഇതു പറയുന്നുണ്ട്. ഞാന്‍ ആ പെണ്‍കുട്ടിയെക്കുറിച്ച് വൃത്തികേട് പറഞ്ഞിട്ടില്ലാന്ന് വേണമെങ്കില്‍ വിശ്വസിക്ക്. ഞാന്‍ പോലിസിനെയെ വിമര്‍ശിച്ചിട്ടുള്ളു. പിന്നെ എന്നെ സ്ത്രീവിരുദ്ധന്‍ ആക്കണമെങ്കില്‍ നിങ്ങളാക്ക്. എനിക്ക് ജന്മം നല്‍കിയത് അമ്മയാണ്, എന്റെ ഭാര്യ ഒരു സ്ത്രീയാണ്. ഞാന്‍ എന്താ പറയുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്.

ശില്‍പ: സ്ത്രീകളെ ബഹുമാനിക്കുന്ന താങ്കള്‍ പിന്നെ എന്തിനാണ് വനിതാ കമ്മിഷന് നേരെയും, പൊതുവില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വേണ്ടി സംസാരിക്കുന്നവര്‍ക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്?

ജോര്‍ജ്: ഞാന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. മാന്യമായി കുടുംബജീവിതം നയിക്കുന്ന ഒരു കുടുംബിനികളും ഈ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വഴക്കുമായി ഇന്നേവരെ റോഡില്‍ ഇറങ്ങിയിട്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

Also Read: കേസെടുക്കാനുള്ള വനിതാ കമ്മീഷന്റെ നോട്ടീസിനെ പരിഹസിച്ച് പിസി ജോര്‍ജ്


Also Read: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയില്ല; പി സി ജോര്‍ജ് എംഎല്‍എ

ശില്‍പ: അപ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്നവര്‍ മാന്യത ഇല്ലാത്തവര്‍ എന്നാണോ?

ജോര്‍ജ്: എന്ന് ഞാന്‍ പറഞ്ഞില്ല. നിങ്ങള്‍ ആ അര്‍ത്ഥം എടുത്തോ, എനിക്ക് വിരോധമില്ല.

ശില്‍പ: താങ്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ നടി സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജോര്‍ജ്: അത് സാരമില്ല. കൊടുക്കട്ടെ. വേണമെങ്കില്‍ നിങ്ങള്‍ക്കും കൊടുക്കാം. എനിക്ക് വിരോധമില്ല. അവരെ ഞാന്‍ വേദനിപ്പിച്ചെങ്കില്‍, മുറിവേല്‍പ്പിച്ചെങ്കില്‍ ഞാന്‍ ഊതി കൊടുക്കാം. അതല്ലേ എനിക്ക് പറ്റുള്ളൂ. ഞാന്‍ ആ പെണ്‍കുട്ടിയോട് ഒന്നും ചെയ്തിട്ടില്ല. സിനിമാക്കാര്‍ ലോല ഹൃദയരാണ്. ആ കുട്ടി ഒരു പാവമാണ്. അവര്‍ പരാതി കൊടുത്താല്‍ അതിനു മറുപടി പറയേണ്ടി വരുമ്പോള്‍ ഞാന്‍ പറയും.

ശില്‍പ: സ്പീക്കര്‍ താങ്കളുടെ പരാമര്‍ശം നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണത്തിന് വിട്ട സാഹചര്യത്തില്‍, താങ്കള്‍ക്കെതിരെ നടപടി വരാന്‍ സാധ്യത ഉണ്ടല്ലോ. അങ്ങനെ ആണെങ്കില്‍ താങ്കള്‍ നടിയോട് മാപ്പ് പറയുമോ?

ജോര്‍ജ്: ഇതൊക്കെ ആര് പറഞ്ഞു? സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിയിലേക്കൊന്നും വിട്ടിട്ടില്ല. ഞാന്‍ കമ്മിറ്റി മെമ്പര്‍ ആണ്. കമ്മിറ്റിയില്‍ പരാതി വന്നിട്ടില്ല. എനിക്കെതിരെ ആര് നടപടി എടുക്കാന്‍. ഞാന്‍ ജനങ്ങളുടെ വോട്ട് മേടിച്ചാണ് ഇവിടം വരെ എത്തിയത്. സ്പീക്കര്‍ ഇതില്‍ ഇടപെട്ടിട്ടില്ല. ഈ നിമിഷംവരെ അദ്ദേഹം എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഫേസ്ബുക്കില്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു, പക്ഷെ അതെന്നെ പറ്റിയല്ല. പൊതുവായി ഒരു അഭിപ്രായം പറഞ്ഞതാണ്. അദ്ദേഹത്തെപ്പറ്റി മോശം അഭിപ്രായം പറഞ്ഞ് അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ചെയറിനെയോ മോശമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ശില്‍പ: അപ്പോള്‍ താങ്കള്‍ താങ്കളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു. താങ്കളുടെ അഭിപ്രായങ്ങളില്‍ ഒന്നും ഒരു മാറ്റവുമില്ല എന്നാണോ?

ജോര്‍ജ്: അതെ. ഞാന്‍ പിന്നെന്താ. എല്ലാ നിലപാടുകളിലും ഉറച്ചു നില്‍ക്കുന്നു. ഞാന്‍ ഉറച്ച അഭിപ്രായം ഉള്ളവനാണ്.

Next Story

Related Stories