TopTop
Begin typing your search above and press return to search.

വ്യാജപ്രചരണം ഫലം കണ്ടു; അവയവദാനത്തിന് കേരളത്തില്‍ ആളില്ല; പേടിച്ചിട്ട് ഡോക്ടര്‍മാരും

വ്യാജപ്രചരണം ഫലം കണ്ടു; അവയവദാനത്തിന് കേരളത്തില്‍ ആളില്ല; പേടിച്ചിട്ട് ഡോക്ടര്‍മാരും

അവയവദാനം ജീവദാനമാണ്. വൈദ്യശാസ്ത്രത്തിന്റെ ഈ നൂതന സാങ്കേതിക വിദ്യ വര്‍ഷം തോറും അനേകായിരങ്ങള്‍ക്കാണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ അവസരം ഉണ്ടാക്കുന്നത്. യാതൊരുവിധ ചികിത്സയും പ്രായോഗികമല്ലാത്ത മെഡിക്കല്‍ കേസുകളില്‍ നിര്‍ണായക പ്രതിവിധിയായാണ് അവയവദാനത്തെ വിലയിരുത്തുന്നത്. എന്നാല്‍ കേരളത്തിലിന്ന് അവയവദാനം വലിയ പ്രതിസന്ധി ഘട്ടത്തിലാണ്. വര്‍ഷംതോറും നടക്കുന്ന അവയവമാറ്റ ശാസ്ത്രക്രിയകളുടെ എണ്ണം കൂപ്പ്കുത്തുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

'ഈ പ്രശ്‌നങ്ങള്‍ നമ്മള്‍ സ്വയം ഉണ്ടാക്കിയെടുത്തതാണെന്നാണ് എന്റെ അഭിപ്രായം. 2001ല്‍ ആണ് അവയവദാനം ഓര്‍ഗനൈസ്ഡ് ആയി ഒരു ചര്‍ച്ചാ വിഷയം ആയി കേരളത്തില്‍ നടക്കുന്നത്. സൊസൈറ്റി ഫോര്‍ ഓറിയന്റഡ് ട്രാന്‍സ്പ്ലാന്റേഷന്‍ (സോര്‍ട്ട്) എന്ന പേരില്‍ ഒരു എന്‍.ജി.ആയിരുന്നു ഇത്. ഇതിന് കാര്യമായി സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചില്ല. 2012ല്‍ സര്‍ക്കാര്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തതിനുശേഷമാണ് കേരളത്തില്‍ അവയവദാനം ഫലപ്രദവും സുതാര്യവും ആകുന്നത്. 2013ല്‍ 13-ഉം, 2014ല്‍ 14 ഉം പിന്നീടതിന്റെ എണ്ണം അന്‍പത്തിയഞ്ച്, എഴുപത്തിരണ്ട് എന്നിങ്ങനെ കൂടുകയായിരുന്നു. പക്ഷേ, ഈവര്‍ഷം ഇതുവരെ ആകെ എട്ട് അവയദാവന കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പേടിപ്പെടുത്തുന്ന കണക്കാണിത്; തിരുവനന്തപുരം 'കിംസ്' ഹോസ്പിറ്റലിലെ ഡോക്ടര്‍ വേണുഗോപാല്‍ പറയുന്നു.

അനുയോജ്യനായ ദാതാവിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, അവയവദാന പ്രക്രിയയിലെ നിയമതടസ്സങ്ങള്‍ മറികടക്കല്‍, കച്ചവടതാല്പര്യങ്ങള്‍, മതപരമായ കാരണങ്ങള്‍ ഇതെല്ലാം കാരണങ്ങളായി അവയവദാനത്തെ പിറകോട്ടടിക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനെല്ലാം പുറമേയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന നിഷ്‌ക്രിയത്വം. മസ്തിഷ്‌കമരണങ്ങള്‍ റിപ്പോട്ട് ചെയ്യാനോ, ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലേക്ക് മസ്തിഷ്‌കമരണം സംഭവിച്ച രോഗിയെ നിര്‍ദ്ദേശിക്കാനോ മിക്ക ഡോക്ടര്‍മാരും തയ്യാറാവുന്നു പോലുമില്ലെന്നാണ് ആക്ഷേപം.

'അത്യാഹിത വിഭാഗക്കാരോ ന്യൂറോസര്‍ജറി വിഭാഗക്കാരോ ആണ് മസ്തിഷ്‌കമരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥരായവര്‍. എന്നാല്‍ അവയവദാനത്തിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നതും വിഷയം കോടതിയിലേക്കു നീങ്ങിയതും ഇവരെ ആശങ്കപ്പെടുത്തുകയും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന കാര്യത്തില്‍ പിന്നാക്കം വലിയാന്‍ പ്രേരിപ്പിക്കുകും ചെയ്തു. ഭാവിയില്‍ ഇതൊരു മെഡിക്കല്‍ ലീഗല്‍ കേസ് ആവുമോ എന്ന് പലരും ഭയക്കുന്നു. അവയവമാറ്റം നടക്കാത്തതിന്റെ പ്രാഥമിക കാര്യമായി ഞാനും കാണുന്നത് ഇതു തന്നെയാണ്.

ഉദാഹരണമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എടുക്കാം. ഏറ്റവും കൂടുതല്‍ ട്രോമ അഡ്മിഷന്‍ നടക്കുന്ന ആശുപത്രിയാണിത്. അവിടെ ഒരാഴ്ച മുമ്പ് ഒരു ഡൊണേഷന്‍ നടന്നു. ഒരു വര്‍ഷത്തിനുശേഷം നടക്കുന്ന ഡൊണേഷന്‍! ഓര്‍ക്കണം, ഏറ്റവും കൂടുതല്‍ ട്രോമ അഡ്മിഷന്‍ നടക്കുന്ന ആശുപത്രിയില്‍ ഒരു വര്‍ഷത്തിനിടയ്ക്ക് റിപ്പോട്ട് ചെയ്യപ്പെട്ട മസ്തിഷ്‌ക മരണങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. പിന്നെ എങ്ങനെയാണ് അവയവ ലഭ്യത ഉണ്ടാവുന്നത്? ഗവണ്‍മെന്റ് ആശുപത്രികളില്‍ ഇത് നടക്കാത്തതിന് കാരണം ഡോക്ടര്‍മാരുടെ അനാസ്ഥ തന്നെയാണ്. 48 മണിക്കൂറോളം ആത്മാര്‍ഥമായ പ്രവര്‍ത്തനം ആവശ്യമുള്ള അവയവമാറ്റ പ്രക്രിയക്ക് മിക്കവര്‍ക്കും താല്പര്യമില്ല. അങ്ങനെയാണ് സ്വകാര്യ ആശുപത്രികളില്‍ അവയവ മാറ്റത്തിന്റെ തോത് കൂടിയത്. എന്നാല്‍ അതും ആളുകള്‍ സംശയ ദൃഷ്ടിയോടെ കാണാന്‍ തുടങ്ങിയതോടെ, മിക്ക ഡോക്ടര്‍മാരും മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നു. ഡോക്ടര്‍മാര്‍ മനഃപൂര്‍വം മസ്തിഷ്‌ക മരണം ഉണ്ടാക്കുന്നു എന്നായിരുന്നു ആരോപണം. ഇതു കോടതിയില്‍ തര്‍ക്ക വിഷയം ആയപ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. പിന്നെ എങ്ങനെയാണ് ഡോക്ടര്‍മാര്‍ സുരക്ഷിതമാവുന്നത്? ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ കേരളത്തില്‍ ഓര്‍ഗന്‍ ഡൊണേഷന്‍ മേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടാവുകയില്ല' - ഡോ. വേണുഗോപാല്‍ പറയുന്നു.

2012-13 ലെ റിപ്പോര്‍ട്ട് അനുസരിച്ച് നാലായിരം മുതല്‍ അയ്യായിരം വരെ രോഗികള്‍ക്കാണ് ഇന്ത്യയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ വേണ്ടത്, എന്നാല്‍ രാജ്യമൊട്ടാകെ നടക്കുന്നത് വെറും നൂറോളം ഹൃദയമാറ്റ ശസ്ത്രക്രിയകളാണ്. അന്ധത നിയന്ത്രണ ദേശീയ പരിപാടിയുടെ 2012-13 റിപ്പോര്‍ട്ട് പ്രകാരം 80,000 മുതല്‍ ഒരുലക്ഷം വരെയാണ് നേത്രപടലത്തിന്റെ ആവശ്യകത വൈദ്യരംഗത്ത് ഉണ്ടാവുന്നത്. എന്നാല്‍ ലഭ്യമാവുന്നത് ആവട്ടെ വെറും 5000-ത്തോളം നേത്രപടലവും. ഈ കണക്കുകള്‍ പുറത്തുവന്നിട്ട് നാലുമാസം പിന്നിടുമ്പോഴും അവയവങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചു എന്നല്ലാതെ ലഭ്യത വര്‍ദ്ധിച്ചിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതു മൂലം മരിക്കുന്ന രോഗികളുടെ എണ്ണവും കുറവല്ല.

'ഞാന്‍ രണ്ടര വര്‍ഷം മുമ്പ് കരള്‍ മാറ്റിവച്ച ആളാണ്. എനിക്ക് ഒന്നരമാസം കഴിഞ്ഞപ്പോഴാണ് അവയവം ലഭിച്ചത്. ഇതിനുള്ള പ്രക്രിയയുടെ ആദ്യപടി എന്ന് പറയുന്നത് തിരുവനന്തപുരത്തുള്ള മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്യല്‍ ആണ്. രജിസ്റ്റര്‍ ചെയ്യുന്ന ഓര്‍ഡറിലാണ് അവയവം ലഭിക്കുന്നത്. എന്നാല്‍ ഈയിടെയായി അവയവ ലഭ്യത തീരെ കുറവാണ്. ഇതിന് കാരണം ഒരു ഡോക്ടര്‍ കോടതിയില്‍ പോയതാണ്. മസ്തിഷ്‌കമരണം കൃത്രിമമായി ഉണ്ടാക്കുന്നു എന്ന പരാതി കാരണം മിക്ക ഡോക്ടര്‍മാരും ഇതിനു തയ്യാറാവുന്നില്ല. ഇതുകാരണം രജിസ്റ്റര്‍ ചെയ്ത മിക്ക രോഗികളും മരിച്ചു കൊണ്ടിരിക്കുകയാണ്, ലിവര്‍ ട്രാന്‍സ്പ്ലാന്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എ.എസ് നാരയാണന്‍ നായര്‍ അഴിമുഖത്തോട് പറഞ്ഞു. അസോസിയേഷന്‍ കാര്യമായ രീതിയില്‍ ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ ശ്രമിക്കുന്നുവെങ്കിലും, ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം പ്രഖ്യാപിക്കാന്‍ കാണിക്കുന്ന വിമുഖത തങ്ങളുടെ പ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കുന്നു എന്നാണ് നാരായണന്‍ നായരുടെ പരാതി.

ആശുപത്രികളില്‍ നടക്കുന്നതില്‍ നാലു മുതല്‍ ആറു ശതമാനം വരെ മരണങ്ങള്‍ മസ്തിഷ്‌ക മരണങ്ങള്‍ ആണെന്നാണ് കണക്കുകള്‍. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പഠനം പ്രകാരം ഇന്ത്യയിലുണ്ടാവുന്ന റോഡ് അപകടങ്ങളില്‍ 65 ശതമാനവും സംഭവിക്കുന്നതു തലയ്ക്ക് സംഭവിക്കുന്ന ഗുരുതര പരിക്ക് മൂലമാണ്. ഇത്രയും മസ്തിഷ്‌കമരണങ്ങള്‍ സംഭവിച്ചിട്ടും, വര്‍ഷം തോറും ആയിരക്കണക്കിനു രോഗികള്‍ അവയവ ലഭ്യത ഇല്ലാത്തതു മൂലം മരിക്കുന്നത് ഒട്ടും ആശാസ്യകരമല്ല.

അവയവ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നിയമ തടസങ്ങള്‍ ഗവണ്‍മെന്റ് എത്രയും പെട്ടന്ന് നടപ്പാക്കിയില്ലെങ്കില്‍, തടയാന്‍ സാധിക്കുന്ന ഒരുപാടു മരണങ്ങള്‍ ഇനിയും സംഭവിക്കും. കേരളം പോലെ ആരോഗ്യ മേഖലയില്‍ ഒരുപാട് മുന്നില്‍ നില്ക്കുന്ന ഒരു സംസ്ഥാനത്തിന് ഒട്ടും അഭിമാനകരമാവില്ല അത്.


Next Story

Related Stories