Top

"ആചാരാനുഷ്ഠാനങ്ങൾ ആരാണ് മാറ്റേണ്ടത് എന്നതാണ് പ്രശ്നം" -സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് ആവർത്തിച്ച് പന്തളം രാജകുടുംബം

"ആചാരാനുഷ്ഠാനങ്ങൾ ആരാണ് മാറ്റേണ്ടത് എന്നതാണ് പ്രശ്നം" -സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് ആവർത്തിച്ച് പന്തളം രാജകുടുംബം
ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും എന്നാൽ അത് ആരാണ് ചെയ്യേണ്ടത് എന്നതിൽ മാത്രമാണ് വിയോജിപ്പെന്നും വ്യക്തമാക്കി പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡണ്ട് പിജി ശശികുമാർ വർമ. കഴിഞ്ഞദിവസം കേരളകൗമുദി പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. വേദജ്ഞരും തന്ത്രശാസ്ത്ര നിപുണരും അടങ്ങുന്നവരാണ് വിശ്വാസപരമായ കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ നിലപാടായിരുന്നു കോടതിയിൽ സംസ്ഥാന സർക്കാർ എടുത്തതും എന്നത് ശ്രദ്ധേയമാണ്.

കേരളത്തിൽ ക്ഷേത്രേശ്വരന്മാരും തന്ത്രിമാരും കൂടിയിരുന്ന് ക്ഷേത്രാചാരങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കണം. ഇതിലൂടെ മാത്രമേ ഹിന്ദുമതത്തിലെ അനാചാരങ്ങൾ കണ്ടെത്തി തിരുത്താനുള്ള നിയമങ്ങൾ ഉണ്ടാക്കാനാകൂ.

കോടതി ഇപ്പോൾ നടത്തിയിരിക്കുന്നത് ഹൈന്ദവ ആചാരങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണെന്നും ശശികുമാർ വർമ ആരോപിച്ചു. സ്ത്രീകൾക്ക് ആർത്തവസമയത്ത് ക്ഷേത്രത്തിൽ കയറാമെന്നാണ് വിധിയെന്ന് വ്യാഖ്യാനിക്കാനും വർമ ലേഖനത്തിൽ ശ്രമിക്കുന്നുണ്ട്.

മതാചാരങ്ങളെ യുക്തിയുടെ കണ്ണിലൂടെ കാണരുതെന്ന് വർമ പറഞ്ഞു. അയ്യപ്പഭക്തരെ ഇത് ദുഖത്തിലാഴ്ത്തുന്നതായും അദ്ദേഹം വിശദീകരിച്ചു.

ഇന്ന് നടക്കുന്ന ശബരിമല സംരക്ഷണ യാത്രയിൽ ഇദ്ദേഹവും പങ്കെടുക്കുന്നുണ്ട്. പന്തളം കൊട്ടാരത്തെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാക്കുന്നതിനെതിരെ ജാഗ്രത പുലർത്തുമെന്ന് കഴിഞ്ഞ ദിവസം ശശികുമാർ വർമ പറഞ്ഞിരുന്നു.

Next Story

Related Stories