Top

പാര്‍ട്ടിയെക്കുറിച്ച് മാത്രമല്ല, ഈ സര്‍ക്കാരിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല, ഓര്‍ഡിനന്‍സ് രാജിന്റെ കേരളഭരണം

പാര്‍ട്ടിയെക്കുറിച്ച് മാത്രമല്ല, ഈ സര്‍ക്കാരിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല, ഓര്‍ഡിനന്‍സ് രാജിന്റെ കേരളഭരണം
2017 ജനുവരി രണ്ടിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി, അത് ഓര്‍ഡിനന്‍സിനെ സംബന്ധിച്ചായിരുന്നു. സര്‍ക്കാരുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്ത ഒരു അധികാരത്തെക്കുറിച്ച് കൃത്യമായി നിരീക്ഷിക്കുന്നതായിരുന്നു ആ വിധി. ബിഹാറില്‍ 1989-91 കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഇറക്കിയ, പുന:പ്രസിദ്ധീകരിച്ച ഓര്‍ഡിനന്‍സുകളുടെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെ, ഓര്‍ഡിനന്‍സുകളുടെ പുന:പ്രസിദ്ധീകരണം ഭരണഘടനയോടുള്ള വഞ്ചനയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരത്തിന്റെ ദുരുപയോഗം ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതാണെന്നതായിരുന്നു മറ്റൊരു നിരീക്ഷണം. നിയമനിര്‍മ്മാണ സഭകളില്‍ വച്ച് പാസ്സാക്കാന്‍ കഴിയാത്ത ഒരു ഓര്‍ഡിനന്‍സിനും നിയമപരമായി സാധുതയുണ്ടെന്ന് പറയാനാവില്ല. വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അഭിപ്രായത്തില്‍ ഓര്‍ഡിനന്‍സുകള്‍ സൃഷ്ടിക്കുക എന്നത് ആരുടേയും ചുമതലയില്‍ പെടുന്ന ഒന്നല്ല. മറിച്ച്, അടിയന്തിര നടപടി അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രം പ്രയോഗിക്കേണ്ട അധികാരമാണത്.

ഭരണഘടനയും അതാണ് പറയുന്നത്. നിയമസഭ ചേരാത്ത കാലയളവില്‍ അടിയന്തിര സാഹചര്യങ്ങളില്‍ നിയമം കൊണ്ടുവരാനാണ് ഓര്‍ഡിനന്‍സുകള്‍. ഇവ പിന്നീട് നിയമസഭ ചേരുന്ന അവസരത്തില്‍ സഭയില്‍ വയ്ക്കുകയും ബില്‍ ആക്കുകയും വേണം. നിയമസഭ ചേര്‍ന്ന് ആറാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിക്കും. ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ആറ് മാസത്തിനുള്ളില്‍ സഭ ചേരണമെന്നും ഭരണഘടന അനുശാസിക്കുന്നു. അതായത് സഭ കൃത്യമായി സമ്മേളിച്ച് സഭ ചേരാത്ത കാലയളവില്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സുകളെ പരിശോധിക്കുകയും അവ ബില്‍ ആക്കി മാറ്റുകയും വേണമെന്നാണ്.

ഇനി അല്‍പ്പം പിന്നോട്ട് പോയാല്‍ ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള അധികാരം നല്‍കുമ്പോള്‍ തന്നെ ഭരണഘടന തയ്യാറാക്കിയ ഡോ. ബി.ആര്‍ അംബേദ്കറും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ മറ്റ് അംഗങ്ങളും തമ്മില്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. എന്നാല്‍ അന്ന് ഓര്‍ഡിനന്‍സ് എന്ന പദത്തില്‍ മാത്രമാണ് പ്രശ്‌നമെന്നും താനുപയോഗിച്ചിരിക്കുന്ന ഭാഷയാണ് എതിര്‍പ്പുകള്‍ രൂക്ഷമാവാന്‍ കാരണമായതെന്നുമാണ് അംബേദ്കര്‍ അതിനെക്കുറിച്ച് പറഞ്ഞത്. തന്നോട് നീരസം പ്രകടിപ്പിച്ച ചില അംഗങ്ങളോട്, 'ഓര്‍ഡിനന്‍സ് ഒരു മോശം പദമാണ്, അതിലും നല്ല പദം ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ ഞാനത് സ്വീകരിക്കും. എനിക്കും 'ഓര്‍ഡിനന്‍സ്' എന്ന പ്രയോഗം ഇഷ്ടമല്ല. പക്ഷെ അതിന് പകരം മറ്റ് വാക്കുകള്‍ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ്' എന്നാണ് അംബേദ്കര്‍ പറഞ്ഞത്. ഭരണഘടനയില്‍ എഴുതപ്പെട്ടിരിക്കുന്ന 'ഓര്‍ഡിനന്‍സുകള്‍'ക്ക് അത്രമാത്രം വിലയേ അംബേദ്കര്‍ കണക്കാക്കിയിരുന്നുള്ളൂ എന്ന് വേണം കരുതാന്‍.

http://www.azhimukham.com/kerala-kr-dhanya-investigative-report-on-ordinance-that-set-to-seek-sanction/

എന്നാല്‍ കേവലം ഭാഷാ പ്രയോഗത്തില്‍ നിന്ന് ഓര്‍ഡിനന്‍സുകള്‍ വളര്‍ന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഓര്‍ഡിനന്‍സ് രാജ് നടപ്പാക്കാന്‍ തുടങ്ങി. അതിനുദാഹരണമാണ് ഇപ്പോഴത്തെ കേരള സര്‍ക്കാരും. ഫെബ്രുവരി 12 തിങ്കളാഴ്ച, 19 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. തിങ്കളാഴ്ച വിളിച്ചുകൂട്ടിയ പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മാത്രമായിരുന്നു പ്രത്യേക മന്ത്രിസഭാ യോഗം. തര്‍ക്കങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ മിനിറ്റുകള്‍ക്കകം തീരുമാനമെടുത്ത് യോഗം പിരിയുകയും ചെയ്തു. ഓര്‍ഡിനന്‍സുകള്‍ ഓര്‍ഡിനന്‍സുകളായി തന്നെ തുടരുന്നതില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്ന് വ്യക്തം. എന്നാല്‍ കൃത്യമായി നിയമസഭ സമ്മേളിക്കുന്ന കേരളത്തില്‍ എങ്ങനെയാണ് 19 ഓര്‍ഡിനന്‍സുകള്‍ ഉണ്ടാവുകയും അവ അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നത്? നിയമസഭാ സമ്മേളനം പൂര്‍ത്തിയായി, എന്നാല്‍ ഒരു ഓര്‍ഡിനന്‍സ് പോലും നിയമസഭയില്‍ സര്‍ക്കാര്‍ വച്ചില്ല. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അവ പുന:പ്രസിദ്ധീകരിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജ് നടപ്പാക്കുകയാണെന്ന് പറയുന്ന വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് ഇവയെല്ലാമാണ്. എങ്ങനെയാണ് ഓര്‍ഡിനന്‍സുകള്‍ ഇറക്കുകയും അവ പുന:പ്രസിദ്ധീകരിക്കുകയും ചെയ്യുക വഴി സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് രാജ് നടപ്പാക്കുന്നത് എന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി പറയുന്നു, "സഭ ചേരാതിരിക്കുമ്പോള്‍ ഗവര്‍ണര്‍ ഇറക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഒരു ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അതിന്റെ കാലാവധി സഭ തുടങ്ങി ആറ് ആഴ്ച വരെയാണ്. അതുകഴിയുമ്പോള്‍ കാലാവധി അവസാനിക്കും. പിന്നെ ആ നിയമം ബാധകമല്ലാതാവും. സാധാരണ ഗതിയില്‍ അതിന് മുമ്പ് ബില്‍ പാസാക്കി നിയമം കൊണ്ടുവരിക എന്നതാണ് ചെയ്യുക. ചിലപ്പോള്‍ സര്‍ക്കാരുകള്‍ക്ക് ബില്‍ ഏതെങ്കിലും കാരണവശാല്‍ പാസ്സാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകാം. അങ്ങനെ വരുമ്പോള്‍ ഓര്‍ഡിനന്‍സ് പുന:പ്രസിദ്ധീകരിക്കും. അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമേ അങ്ങനെയുണ്ടാകാറുള്ളൂ. കാരണം സഭ കൂടിക്കഴിഞ്ഞാല്‍ ഓര്‍ഡിനന്‍സുകള്‍ക്ക് പ്രാമുഖ്യം കൊടുക്കണം. അതാണ് കീഴ്‌വഴക്കം. ഏത് സാഹചര്യത്തിലാണ് പിണറായി സര്‍ക്കാര്‍ അത് ചെയ്തിരിക്കുന്നതെന്ന് അറിയില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇത്തരത്തിലൊരു പ്രവണത തുടര്‍ന്നുവരുന്നുണ്ട്. അത് ഭരണഘടനാപരമായി ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കാരണം ഓര്‍ഡിനന്‍സ് എന്ന് പറയുന്നത് ഒരു റെഗുലര്‍ ലോ അല്ല. വളരെ പെട്ടെന്നുണ്ടാവുന്ന ഒരു സാഹചര്യത്തില്‍ മാത്രം ചെയ്യേണ്ട കാര്യമാണ്. സഭ പിരിഞ്ഞ് കഴിഞ്ഞിട്ട് പെട്ടെന്ന് എന്തെങ്കിലും അത്യാഹിതമുണ്ടായി, സര്‍ക്കാരിന് ഒരു നിയമം ഉണ്ടാക്കിയേ മതിയാകൂ, എങ്കില്‍ മാത്രമേ ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കഴിയൂ എന്ന രീതിയില്‍ ഒരു അടിയന്തിര പ്രാധാന്യം ഉടലെടുക്കുമ്പോള്‍ മാത്രമേ ഓര്‍ഡിനന്‍സ് ഉണ്ടാവാന്‍ പാടുള്ളൂ. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഓര്‍ഡിനന്‍സ് എന്ന് പറയുന്നത് പതിവ് പരിപാടിയായി മാറിയിരിക്കുകയാണ്. സഭ പിരിഞ്ഞുകഴിഞ്ഞാല്‍ ഉടനെ ഓര്‍ഡിനന്‍സ് ഇറക്കുക എന്നതാണ് ഇപ്പോള്‍ കണ്ട് വരുന്ന പ്രവണത. അത് തെറ്റായ കീഴ്‌വഴക്കവും നടപടിയുമാണ്. സുപ്രീം കോടതി തന്നെ അതിനെതിരായി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വളരെ അടിയന്തിര സാഹചര്യത്തില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കുന്നത് മനസ്സിലാക്കാം. പക്ഷെ മുറതെറ്റാതെ സഭ കൂടുന്ന സാഹചര്യത്തില്‍ അത് ബില്ലായി തന്നെ കൊണ്ടുവന്ന് പാസ്സാക്കി എടുക്കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ ഇത് വളരെ കൃത്യമായി സര്‍ക്കാരിന് ഉപദേശം നല്‍കേണ്ടതാണ്. സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ ഇക്കാര്യത്തിലുണ്ടെന്ന കാര്യമടക്കം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ മനസ്സിലാക്കിക്കേണ്ടതാണ്. ഉദ്യോഗസ്ഥരാണ് ഇതിലെ പ്രധാന കുറ്റവാളികള്‍. പെട്ടെന്ന് ഒരു നിയമമുണ്ടാക്കി ഗവര്‍ണറെക്കൊണ്ട് ഒപ്പിടുവിക്കാമെന്നത് അവരെ സംബന്ധിച്ച് വലിയ സൗകര്യമായിരിക്കും. ഓര്‍ഡിനന്‍സുകളെക്കുറിച്ച് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത് വളരെ വ്യക്തതയോടെയാണ്. ഇപ്പോള്‍ നടന്നുവരുന്ന കാര്യങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ നടപടികളെ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ചലഞ്ച് ചെയ്യുക എന്നതാണ് ഇതിന് തടയിടാനുള്ള മാര്‍ഗം. അടിയന്തിര സാഹചര്യത്തില്‍ നിയമനിര്‍മ്മാണം ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ മാത്രമേ ഓര്‍ഡിനന്‍സുകള്‍ക്ക് നിയമപരമായി സാധുതയുള്ളൂ."


http://www.azhimukham.com/investigative-report-on-ordinance-rule-vy-pinarayivijayan-government/

നവംബര്‍ ഒമ്പതിന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാനായി സ്‌പെഷ്യല്‍ നിയമസഭ ചേര്‍ന്നിരുന്നു. അതിന് മുമ്പായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ ഇറക്കിയ എല്ലാ ഓര്‍ഡിനന്‍സുകളും ഡിസംബര്‍ 21ന് മുമ്പായി പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു. നെല്‍വല്‍ നീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി, അബ്കാരി നിയമ ഭേദഗതി , കെട്ടിടനിര്‍മ്മാണ നിയമ ഭേദഗതി തുടങ്ങി ജനുവരി മാസത്തില്‍ പ്രസിദ്ധീകരിച്ച ഓര്‍ഡിനന്‍സുകളൊഴികെ 19 എണ്ണത്തിലെ മറ്റെല്ലാ ഓര്‍ഡിനന്‍സുകളും അന്ന് പുന:പ്രസിദ്ധീകരിച്ചിരുന്നു. സോളാര്‍ റിപ്പോര്‍ട്ടിനായുള്ള സ്‌പെഷ്യല്‍ സെഷന്‍ ഒറ്റ ദിവസത്തെ സഭകൂടലായിരുന്നതിനാല്‍ ഏതെങ്കിലും ഓര്‍ഡിനന്‍സുകള്‍ സഭയില്‍ വയ്ക്കുക എന്നത് അപ്രായോഗികമാണ്. ഇക്കാരണത്താല്‍ ഗവര്‍ണര്‍ അവ പുന:പരിശോധിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ജനുവരി മാസം അവസാനത്തോടെ തുടങ്ങി ഫെബ്രുവരി ആദ്യ ആഴ്ച അവസാനിച്ച നിയമസഭാ സമ്മേളനത്തില്‍ ഈ ഓര്‍ഡിനന്‍സുകളിലൊന്നു പോലും സര്‍ക്കാര്‍ സഭയില്‍ വയ്ക്കുകയോ ബില്ല് പാസ്സാക്കാനുള്ള ശ്രമം നടത്തുകയോ ചെയ്തില്ല എന്നതാണ് ശ്രദ്ധേയ.

ഓര്‍ഡിനന്‍സുകള്‍ വ്യക്തമായ കാരണങ്ങളോടെ പുന:പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ലെങ്കിലും ധാര്‍മികതയുടെ വശം കൂടി ഇതിലുണ്ടെന്ന് മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ പറയുന്നു, "നിയമസഭയില്‍ നിയമം കൊണ്ടുവന്ന് പാസ്സാക്കാന്‍ സൗകര്യമില്ലാതെ വരുമ്പോഴാണ് പെട്ടെന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. പിന്നീട് വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവന്ന് പാസ്സാക്കിയെടുക്കണമെന്നാണ് നിയമം. എന്തെങ്കിലും കാരണവശാല്‍ സര്‍ക്കാരിന് അത് പാസ്സാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് മന്ത്രിസഭ കൂടി കാര്യകാരണ സഹിതം പറഞ്ഞ് അത് പുതുക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാം. ഗവര്‍ണര്‍ക്ക് അത് സ്വീകരിക്കുകയും ചെയ്യാം ശരിയല്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്യാം. അത് ഗവര്‍ണറുടെ അധികാരമാണ്. എന്തുകൊണ്ട് പിന്നീട് നിയമസഭ കൂടിയപ്പോള്‍ അത് ബില്ലായി പാസ്സാക്കിയില്ല എന്ന് ഗവര്‍ണര്‍ക്ക് ചോദിക്കാം. ഓര്‍ഡിനന്‍സ് പാസ്സാക്കാന്‍ കഴിയാതിരുന്നതിന് സര്‍ക്കാരിന് അവരുടേതായ കാരണങ്ങള്‍ കാണും. സര്‍ക്കാര്‍ വ്യക്തമായ കാര്യങ്ങള്‍ പറഞ്ഞാല്‍ ഗവര്‍ണര്‍ക്ക് അക്കാര്യം തീരുമാനിക്കാം. എന്നാല്‍ ഇതിനെല്ലാം നിയമസഭയ്ക്കും സര്‍ക്കാരിനും ജനങ്ങളോട് ധാര്‍മികമായ ചുമതലകൂടിയുണ്ട്. ആ ചുമതലകള്‍ നിറവേറ്റേണ്ടത് ഭരണത്തിലിരിക്കേണ്ടവരുടെ ചുമതലയാണ്. അത് ചെയ്യാതിരിക്കുന്നത് ശരിയാണെന്ന് ആരും പറയില്ല".


http://www.azhimukham.com/kerala-ground-water-act-ordinance-raj-of-ldf-government-krdhanya/

നെല്‍വയലുകള്‍ നികത്തിയാല്‍ ശിക്ഷ കടുപ്പിച്ചുകൊണ്ടും, സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതിന് നിയമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടും വന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി, 2017 ജൂലൈ 31 വരെ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങള്‍ക്കും നിയമസാധുത നല്‍കിക്കൊണ്ടും, കെട്ടിടനിര്‍മ്മാണങ്ങള്‍ ചട്ടപ്രകാരമാണെന്ന് പരിശോധിക്കാനുള്ള അധികാരം പ്രാദേശിക സമിതികളില്‍ നിന്ന് മാറ്റി സെക്രട്ടറിയിലേക്ക് കൈമാറ്റം ചെയ്തും ചട്ടലംഘനം കണ്ടെത്തിയാല്‍ പിഴയീടാക്കി നിര്‍മ്മാണം അനുവദിക്കണമെന്നും അനുശാസിച്ചുകൊണ്ട് ഇറക്കിയ കെട്ടിട നിര്‍മ്മാണ നിയമ ഭേദഗതി, മദ്യം ഉപയോഗത്തിന്റെ പ്രായം 21 വയസ്സില്‍ നിന്ന് 23 വയസ്സാക്കിയും കള്ളില്‍ സ്റ്റാര്‍ച്ച് കലക്കിയാലുള്ള ശിക്ഷ ലളിതമാക്കിക്കൊണ്ടുമുള്ള അബ്കാരി നിയമ ഭേദഗതി, ഏഴ് നിയമങ്ങളെ ഒന്നിച്ച് ഭേദഗതി ചെയ്യുന്ന കേരള ഇന്‍വസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് തുടങ്ങിയവ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പുറത്തിറങ്ങിയ ഓര്‍ഡിനന്‍സുകളില്‍ ചിലവ മാത്രമാണ്. എന്നാല്‍ ഈ നിയമഭേഗദതികള്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കേണ്ട എന്ത് അടിയന്തിര സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച ചോദ്യമാണ് വിമര്‍ശകരില്‍ നിന്ന് ഉയരുന്നത്. ഈ നിയമങ്ങളില്‍ ഭൂരിഭാഗവും കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇവയില്‍ പല നിയമങ്ങളിലും പ്രാദേശിക സര്‍ക്കാരുകളുടെ അധികാരത്തെ എടുത്ത് കളഞ്ഞ് വികേന്ദ്രീകരണത്തെ തന്നെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന ആരോപണങ്ങളും ഉയരുന്നു. പഞ്ചായത്ത് രാജ് ആക്ട്, നഗരപാലിക നിയമം, ഭൂജല നിയമം, ചുമട്ട് തൊഴിലാളി നിയമം തുടങ്ങി ഏഴ് നിയമങ്ങളുടെ ഭേദഗതിയാണ് കേരള ഇന്‍വസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരെ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍ ശബ്ദിക്കുകയും ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഓര്‍ഡിനന്‍സ് പോലും നിയമസഭയില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

സഭയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തേക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓര്‍ഡിനന്‍സുകള്‍ സഭയില്‍ വയ്ക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുന്നതാവാമെന്നാണ് മറ്റൊരു ആരോപണം. ഓര്‍ഡിനന്‍സുകള്‍ വഴി നിയമമുണ്ടാക്കി വലിയ അഴിമതിക്കുള്ള വാതിലാണ് തുറക്കുന്നതെന്ന ആരോപണവും ശക്തമാണ്. മുന്‍ ചീഫ് സെക്രട്ടറിയും ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗവുമായ സി.പി നായര്‍ പറയുന്നു, "കേരളത്തെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് 1995ല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് എട്ട് തവണ ഓര്‍ഡിനന്‍സ് പുതുക്കിയ സംഭവമുണ്ടായിട്ടുണ്ട്. അന്നത് വലിയ കോഴ ആരോപണത്തിലേക്ക് വളര്‍ന്നിരുന്നു. കേരളത്തെ സംഭവിച്ച് ഇപ്പോള്‍ സംഭവിക്കുന്നത് അസാധാരണമായ സംഗതിയല്ല. പക്ഷെ നിയമത്തെ സംബന്ധിച്ച്, ഭരണഘടനയെ സംബന്ധിച്ച് ഇത് അസാധാരണം തന്നെയാണ്. അധാര്‍മ്മികവും അക്ഷന്തവ്യമായ തെറ്റുമാണ്"
.

http://www.azhimukham.com/kerala-pinarayi-vijayan-trying-to-implement-world-bank-policy-by-ordinance-it-is-harmful-progressive-democracy-azhimukham-edit/

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഓര്‍ഡിനന്‍സുകള്‍ വഴി നിയമഭേദഗതി നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഇടതുപക്ഷമാണ് ഇത്തരത്തില്‍ നിയമ ഭേദഗതി നടത്തുന്നതും ഓര്‍ഡിനന്‍സുകളുടെ പുന:പ്രസിദ്ധീകരണം വഴി ഭരണഘടനയെത്തന്നെ ചോദ്യം ചെയ്തിരിക്കുന്നതും. ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി വരുത്തുന്നതിലെ രഹസ്യസ്വഭാവം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമനിര്‍മാണം ബില്ലുകളായി സഭയില്‍ വരികയും അവയില്‍ വ്യക്തമായ ചര്‍ച്ചകള്‍ നടക്കുകയും ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം അറിയുകയും ആവശ്യമെങ്കില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയും ഒക്കെ ചെയ്ത് നിയമനിര്‍മാണം നടത്തേണ്ട ജനാധിപത്യ പ്രക്രിയയാണ് ഭരണഘടന അനുശാസിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഭരണഘടന സമ്പ്രദായങ്ങള്‍ തകിടം മറിക്കുന്നത് മാത്രമല്ല, പുതിയ നീക്കം ഇടതുനയം തന്നെ അട്ടിമറിക്കുന്നതാണെന്നാണ് ആരോപണങ്ങള്‍ ഉര്‍ന്നിരിക്കുന്നത്.

http://www.azhimukham.com/arun-jaitley-finance-minister-food-security-bill-ordinance-insurance-bill/

http://www.azhimukham.com/keralam-ldf-government-is-preparing-to-change-paddyfield-wetland-law/

http://www.azhimukham.com/kerala-kerala-state-planing-re-publish-the-ordinance-but-rising-disagreement-among-even-left-leaders/

http://www.azhimukham.com/newsupdate-kerala-sasthrasahithya-parishad-demands-withdrew-paddy-wetland-act-ordinance/

http://www.azhimukham.com/ordinance-amending-mining-minerals-development-serious-loopholes/

http://www.azhimukham.com/updates-rajasthan-passes-ordinance-protecting-public-servants-from-investigations-into-their-work/

Next Story

Related Stories