TopTop

പുതുവൈപ്പിന്‍ സമരത്തെ അടിച്ചമര്‍ത്തുന്നത് ആര്‍ക്കുവേണ്ടി? പിണറായി സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്?

പുതുവൈപ്പിന്‍ സമരത്തെ അടിച്ചമര്‍ത്തുന്നത് ആര്‍ക്കുവേണ്ടി? പിണറായി സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്?
പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍എന്‍ജി ടെര്‍മിനലിനെതിരെ നാട്ടുകാര്‍ സമരത്തിലാണ്. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തിയുള്ള സമരത്തിന്റെ ആവശ്യം പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാണ്. എല്‍എന്‍ജി ടെര്‍മിലിന്റെ പ്രവര്‍ത്തനം പുതുവൈപ്പിനിലെ ജനങ്ങളുടെ ജീവിതത്തെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയാണ് മുഖ്യമായും ജനങ്ങള്‍ ഉയര്‍ത്തുന്നത്. പദ്ധതി മേഖലയിലെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥിതിയെയും തകിടം മറിക്കുന്നെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. പ്രധാനരാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളുടെ പിന്തുണയോടെ നടക്കുന്ന ജനകീയ സമരത്തിന് എന്നാല്‍ ഇതുവരെ പാര്‍ട്ടി നേതൃത്വങ്ങളുടെ പിന്തുണ ലഭിച്ചിട്ടില്ല.

ഇതിനിടെയാണ് മുഖ്യധാര മാധ്യമങ്ങളും ഈ സമരത്തിനെ അവഗണിക്കുന്നത്. കൊച്ചി മെട്രോയുടെ ആരവങ്ങളില്‍ മുങ്ങിയ മാധ്യമങ്ങള്‍, കഴിഞ്ഞ ദിവസം ഹൈക്കോടതി ജംഗ്ഷന് സമീപം വച്ച് പുതുവൈപ്പ് സമര പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുന്നൂറിലേറെ പേരെ അറസ്റ്റു ചെയ്യുകയും ചെയ്ത സംഭവത്തിന് യാതൊരു പ്രാധാന്യവും നല്‍കിയില്ല. പല പത്രങ്ങളുടെയും കൊച്ചി എഡിഷനുകളില്‍ പോലും ഉള്‍പ്പേജില്‍ മാത്രമായിരുന്നു ഈ വാര്‍ത്തയ്ക്ക് ഇടം നല്‍കിയത്.

തൊട്ടടുത്ത ദിവസം കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗവും ഇന്ന് സമരത്തിന് നേരെയുണ്ടായ പോലീസ് ആക്രമണവും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. വികസനത്തിന്റെ പേരില്‍ വിഷമങ്ങള്‍ സഹിക്കുന്നവര്‍ സഹിച്ചോട്ടെയെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുമെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എന്നാല്‍ പിന്നീടും എതിര്‍ക്കാനാണ് ഭാവമെങ്കില്‍ അത് അംഗീകരിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ താക്കീതിന്റെ ഭാഷ പോലീസ് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഇന്ന് ചെയ്തിരിക്കുന്നത്. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്നലെ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമ്പോള്‍ കിലോമീറ്ററുകള്‍ക്കപ്പുറം നടക്കുന്ന പുതുവൈപ്പിന്‍ സമരം തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഒളിഞ്ഞു നിന്നിരുന്നത് എന്നുവേണം മനസിലാക്കാന്‍.കൊച്ചിയിലെ ജനങ്ങളുടെ സഹകരണത്തോടെ കൊച്ചി മെട്രോയെന്ന കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നങ്ങളിലൊന്ന് സാക്ഷാത്ക്കരിക്കുമ്പോള്‍ ഒരു വിഭാഗം ജനങ്ങള്‍ വികസനത്തിന് എതിര് നില്‍ക്കുന്നുവെന്ന തോന്നലായിരിക്കാം മുഖ്യമന്ത്രിയെ ഇവിടെ അലോസരപ്പെടുത്തുന്നത്. അതേസമയം തന്നെ മുഖ്യമന്ത്രി പറയുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മൂലം പ്രകൃതിക്ക് കോട്ടം വരുന്ന സ്ഥിതിയുണ്ടാകാന്‍ അനുവദിക്കില്ലെന്നാണ്. ആറന്മുള വിമാനത്താവള പദ്ധതിയെ ഇടതുപക്ഷം എതിര്‍ത്തത് അദ്ദേഹം ഇവിടെ ചൂണ്ടിക്കാട്ടുകയും ചെയ്തു. വിമാനത്താവള പദ്ധതിക്കല്ല തങ്ങള്‍ എതിര് നിന്നതെന്ന് പറയുന്ന മുഖ്യമന്ത്രി അത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്നതിനാലാണ് എതിര് നിന്നതെന്നും അവകാശപ്പെടുന്നു. എന്നാല്‍ പുതുവൈപ്പിനിലെ സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നതും ഇതേ പരിസ്ഥിതി പ്രശ്‌നങ്ങളാണെന്ന് മുഖ്യമന്ത്രി മറന്നുപോയി. ഐഒസിയുടെ പ്ലാന്റ് തങ്ങളുടെ ജീവനെയും ജീവിതത്തെയും ബാധിക്കുമെന്ന ഭയത്താലാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നാട്ടുകാര്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ ഇവിടെ സമരത്തിനിറങ്ങിയിരിക്കുന്നത്. കൊച്ചുകുട്ടികളെ പോലും സമരത്തിന്റെ പാതയിലേക്ക് നയിക്കുന്നത് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം തങ്ങളുടെ ആവാസവ്യവസ്ഥിതി തകര്‍ക്കപ്പെടുമെന്ന ആശങ്കയാണ്.

ഇനിയെന്താണ് വൈപ്പിന്‍ നിവാസികളെ ആശങ്കയിലാക്കുന്ന ഐഒസി പ്ലാന്റിലെ നിര്‍മ്മാണ പ്രവര്‍ത്തനമെന്ന് പരിശോധിക്കാം. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ കടല്‍ക്കരയില്‍ നിന്ന് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥയിലുള്ള ഭൂമിയില്‍ 500 മീറ്റര്‍ അകലെയുള്ള ജിപിഎസ് കോഓര്‍ഡിനേറ്റുകള്‍ പ്രോജക്ട് സൈറ്റ് ആയി നല്‍കിയാണ് ഐഒസി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ടാങ്ക് നിര്‍മ്മിക്കാന്‍ അനുമതിക്ക് അപേക്ഷിച്ചത്. കപ്പല്‍ വഴി വരുന്ന ഇന്ധനം ജെട്ടിയില്‍ നിന്നും പൈപ്പ് വഴി ഇവിടെയെത്തിച്ച് ഭൂമിക്കടിയില്‍ പൂര്‍ണമായും കുഴിച്ചിടുന്ന ടാങ്കറുകളില്‍ സ്റ്റോര്‍ ചെയ്ത് അത് ടാങ്കുകളില്‍ നിറച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഈ പ്ലാന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

അതേസമയം ഹൈഡ്‌ടൈഡ് ലൈനില്‍ നിന്നും 200 മീറ്റര്‍ വിട്ട് നിര്‍മ്മാണം നടത്താനാണ് തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ഹരീഷ് വാസുദേവന്‍ പറയുന്നു. കടല്‍ത്തിര വന്നടിക്കുന്ന ഇന്റല്‍ ടൈഡ് സോണില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. ഓരോ വര്‍ഷവും 2-3 മീറ്റര്‍ വീതം കടല്‍ എടുത്തുപോകുന്ന ഇറോഷന്‍ സോണ്‍ ആണിതെന്ന് നാട്ടുകാരും ഒരു മീറ്റര്‍ കടലെടുത്ത് പോകുന്ന പ്രദേശം ആണിതെന്ന് കമ്പനിയും സമ്മതിക്കുന്നുണ്ട്. ഏതായാലും നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മതിലില്‍ നിന്നും പത്ത് മീറ്റര്‍ അകലെയുണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചുകയറി മതില്‍ നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഹരീഷ് ചൂണ്ടിക്കാട്ടി. ഇവിടെയാണ് കോടികള്‍ മുടക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. അതേസമയം ഇപ്പോള്‍ നിര്‍മ്മാണത്തിന്റെ എണ്‍പത് ശതമാനവും കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള നോ ഡെവലപ്പ്‌മെന്റ് സോണിലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്ററിന് പുറത്തുള്ള സര്‍വേ നമ്പരില്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം പാടുള്ളൂവെന്ന പെട്രോളിയം മന്ത്രാലയത്തിന്റെയും സുരക്ഷ അതോറിറ്റിയുടെയും നിര്‍ദ്ദേശം ലംഘിച്ചാണ് 200 മീറ്റര്‍ വിട്ട് പദ്ധതി ആ പ്ലോട്ടില്‍ നടക്കില്ലെന്ന വാദമുയര്‍ത്തി ഐഒസി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. കടല്‍ക്ഷോഭം മൂലം മതിലിന് ദിനംപ്രതിയുണ്ടാകുന്ന ശക്തിക്ഷയമാണ് ഇവിടുത്തെ നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ ഓയില്‍ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങള്‍ പോലും ഇവിടുത്തെ മത്സ്യസമ്പത്തിനെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നാണ് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നത്. പ്ലാന്റ് മാറ്റാന്‍ തയ്യാറാകാത്ത ഐഒസിയുടെ പിടിവാശിയും ഒപ്പം പ്ലാന്റിന്റെ ആവശ്യകതയും സാങ്കേതികയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്നുണ്ട്.

അനുമതിയിലെ വ്യവസ്ഥകള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തുന്ന ഐഒസിയ്ക്ക് ഹൈക്കോടതി അനുവദിച്ച പോലീസ് സംരക്ഷണത്തിന്റെ മറവിലാണ് ഇപ്പോഴും അനധികൃത നിര്‍മ്മാണം നടത്തുന്നത്. പോലീസ് സംരക്ഷണത്തിന്റെ മറവില്‍ 200 മീറ്ററിനുള്ളില്‍ നടത്തുന്ന നിര്‍മ്മാണം തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തീരദേശ പരിപാലന നിയമം ലംഘിക്കപ്പെട്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ നേരത്തെ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ആദ്യം നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട ട്രിബ്യൂണല്‍ നിര്‍മ്മാണം 200 മീറ്ററിന് പുറത്ത് എന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവിട്ടു. ഇതും പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിന്നീടും തുടര്‍ന്നത്. വിധി ലംഘിക്കപ്പെട്ടതിനെതിരെ പരാതിക്കാര്‍ നല്‍കിയ കേസ് ട്രിബ്യൂണലില്‍ അടുത്തമാസം നാലിന് മാത്രമേ വാദം കേള്‍ക്കൂ. ഈ സാഹചര്യത്തിലും നിര്‍മ്മാണം തുടരുന്നതിനാലാണ് ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കിയതും പോലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതും. സമരക്കാരുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ജൂലൈ നാല് വരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാതിരുന്നതാണ് ഇപ്പോള്‍ പോലീസ് മര്‍ദ്ദനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തങ്ങളെ നേരിടാന്‍ മുഖ്യമന്ത്രിയാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നത് ഇതിനാലാണ്.ഇന്നലെ മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെത്തുമ്പോള്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ അവസരം ഒരുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉറപ്പു നല്‍കിയിരുന്നതാണ്. കൂടാതെ പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാമെന്നും മന്ത്രിയുടെ ഉറപ്പുണ്ടായിരുന്നു. ഈ ഉറപ്പ് വിശ്വസിച്ച് ഇന്നലെ സമരത്തിനിറങ്ങാതിരുന്ന നാട്ടുകാര്‍ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതോടെ ഇന്ന് വീണ്ടും പ്രക്ഷോഭവുമായി രംഗത്തെത്തുകയായിരുന്നു. ഈ സമരത്തെയാണ് പോലീസ് വീണ്ടും ക്രൂരമായി തല്ലിത്തകര്‍ത്തതും.

ഓരോ പരസ്യങ്ങളിലും ജനങ്ങളോടൊപ്പമെന്ന് ആവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാര്‍ സത്യത്തില്‍ ആരോടൊപ്പമാണെന്ന ചോദ്യമാണ് പുതുവൈപ്പിന്‍ സമരം ഉയര്‍ത്തുന്നത്. വിമര്‍ശനങ്ങള്‍ മൂലം വികസന പദ്ധതികളില്‍ നിന്നും പിന്മാറില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ മുഖ്യമന്ത്രി ഈ ജനങ്ങളുയര്‍ത്തുന്ന എതിര്‍പ്പുകളോടുള്ള ഭീഷണി കൂടിയാണോ അതെന്നും വിശദീകരിക്കേണ്ടതുണ്ട്.

Next Story

Related Stories