TopTop
Begin typing your search above and press return to search.

'മുണ്ടുടുത്ത മോദി'യും ഡിജിപി എന്ന വിശുദ്ധ പശുവും

മുണ്ടുടുത്ത മോദിയും ഡിജിപി എന്ന വിശുദ്ധ പശുവും

ഡിജിപി വിശുദ്ധ പശുവോ അദ്ദേഹത്തിന്റെ ഓഫീസ് വിശുദ്ധ സ്ഥലമോ ആണോ എന്ന ചോദ്യം പല ആവർത്തി ചോദിച്ചു നോക്കി. വിശുദ്ധ സ്ഥലം എന്നത് പോകട്ടെ അതീവ സുരക്ഷ ആവശ്യപ്പെടുന്ന ഒരു ഇടം എന്നൊക്കെ ചിലരെങ്കിലും വാദിച്ചേക്കാം. പക്ഷെ ഇത്തരം ഒരു വാദം ഒരു തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ എങ്ങിനെ വിവക്ഷിക്കുന്നു എന്നതാണ് എന്നെ ഏറെ ആശങ്കപ്പെടുത്തുന്നത്. സത്യത്തിൽ കേരളം ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റു നേതാവോ അതോ ഒരു ഏകാധിപതിയോ എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ചിലർ മുഖ്യമന്ത്രി പിണറായിയെ 'മുണ്ടുടുത്ത മോദി'യായി ചിത്രീകരിക്കുമ്പോൾ മറ്റു ചിലർ ഉത്തര കൊറിയൻ ഭരണാധികാരി കിംഗ് ജോംഗ് യുങ്ങിനോട് ഉപമിക്കുന്നു എന്ന ചില്ലറ വ്യത്യാസങ്ങളെ ഇതുവരെ ഉണ്ടായിരുന്നുള്ളു. അപ്പോഴും ഇതൊക്കെ വെറും ആരോപണങ്ങളും അതിനപ്പുറം രാഷ്ട്രീയ പക തീർക്കലുകളുമായി കണ്ടു വന്ന എന്നെപോലുള്ളവർ സത്യത്തിൽ നടുക്കുന്ന ഒരു യാഥാർത്ഥ്യത്തിലേക്ക് ഇന്ന് കണ്ണ് തുറന്നുവെങ്കിൽ അതിനു കാരണക്കാരൻ നാട് ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ എന്ന് പറയേണ്ടിവരുന്നു; ഇത് ഏറെ സങ്കടകരം തന്നെ.

ജിഷ്ണു പ്രണോയ് മരിച്ചിട്ട് മാസങ്ങൾ തന്നെ കഴിഞ്ഞു. തന്റെ മകന് നീതി തേടി ഒരമ്മ ഒഴുക്കിയ കണ്ണീർ കാണാതെ പോയ ഒരു സർക്കാരിനും അതിന്റെ അമരക്കാരനും ഇന്ന് ഡി ജി പി ഓഫീസിനു മുൻപിൽ നടന്ന നാടകീയ രംഗങ്ങളെ എങ്ങിനെ ന്യായികരിക്കാനാവും എന്ന ചിന്തയിൽ നിന്ന് തന്നെയാണ് ഇങ്ങനെ ഒരു കുറിപ്പ്.

ജിഷ്‌ണുവിന്റെ അമ്മ മഹിജയ്ക്കും അച്ഛൻ അശോകനും നഷ്ടമായത് ഒരു മകനെയാണ്. അത് നികത്താനാവാത്ത നഷ്ടമാണ്. ഈ നഷ്ടം അധികാരത്തിന്റെ ശീതളച്ഛായയിൽ ആരെങ്കിലും മറന്നുപോകുന്നുവെങ്കിൽ കാലം അവർക്കു മാപ്പു നൽകില്ല എന്ന കാര്യത്തിൽ തർക്കം വേണ്ട. അമ്മ പഴയ ഒരു എസ് എഫ് ഐക്കാരി. ജിഷ്ണു, മരിക്കുന്നതിനു മുൻപ് എസ് എഫ് ഐ നേതാക്കളോട് ബന്ധം പുലർത്തിയിരുന്ന ഒരു വിദ്യാര്‍ത്ഥി. എന്നാല്‍ ഇപ്പോള്‍ കാണുന്നത് ഒരു പുതുമടിശീലക്കാരൻ വിദ്യാഭ്യാസ കച്ചവടക്കാരന് മുൻപിൽ കവാത്തു മറക്കുന്ന ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസ് സേനയും. കേരളത്തിന്റെ ഇടതു മനസ്സ് ലജ്ജിച്ചു തല കുനിച്ചുപോകുന്നത് ഇവിടെയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ഒരാൾക്ക് കമ്മ്യൂണിസ്റ്റാണെന്നു പറഞ്ഞു തല ഉയർത്തി നിൽക്കാനാവില്ലെന്നു തോന്നുന്നത് കൊണ്ട് കൂടിയാണ് ഇങ്ങനെ തന്നെ പറയേണ്ടിവരുന്നത്.

തടവറ തൻ നടുവിൽ നിന്നും നട്ടെല്ലിൻ കുരലെടുത്തു തല ഉയർത്തിപ്പാടിയ ആ പാട്ടുകളൊക്കെ എങ്ങനെയാണ് സഖാവെ ഇത്രവേഗം മറന്നു പോകുന്നത്? ഇവിടെ വീണുടയുന്നത് ആ പഴയ വിപ്ലവ സ്വപ്നങ്ങളാണ്. ആ കമ്മ്യൂണിസ്റ്റ് വിപ്ലവ വേഗത്തിനു പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. "അമ്മ വിളിക്കുന്നു, ഭൂമി വിളിക്കുന്നു, ഉദയം വിളിക്കുന്നു" എന്ന വരികൾക്കുപോലും പ്രസക്തി എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നിപ്പോൾ മണ്ണിൻറെ മക്കളില്ല. എസി മുറികളും ആഡംബര കാറുകളും ആഡംബര ബന്ധങ്ങളും അവ തീർക്കുന്ന ബന്ധനങ്ങളും നമ്മെ എത്ര പെട്ടെന്നാണ് മണ്ണിൽ നിന്നും മണ്ണിന്റെ മക്കളിൽ നിന്നും, പണ്ടൊക്കെ സ്വപ്നം കണ്ടിരുന്ന ആ പുതിയ ഉദയം എന്ന, എല്ലാവരും സമന്മാരാകുന്ന ആ വലിയ സോഷ്യലിസ്റ്റ് സങ്കല്പത്തിൽ നിന്നും അകറ്റിയത്? ചാക്ക് രാധാകൃഷ്‍ണൻമാരും നെഹ്‌റു ഗ്രൂപ്പ് മുതലാളി കൃഷ്ണദാസും നീണാൾ വാഴട്ടെ. നമ്മൾ കണ്ട സ്വപ്നങ്ങളുടെ വിളവെടുപ്പുകാർ ചെഗുവേരയുടെ ഭാഷയിൽ പറഞ്ഞാൽ 'ഈ പുള്ളിത്തൊലിയൻ ചെള്ളുകൾക്ക് ഊറ്റിക്കുടിക്കാൻ' ഉള്ളതാണല്ലോ.

ഭൂമിയും അമ്മയും ഉദയവും ഇപ്പോഴും ഇവിടെ തന്നെയുണ്ട്. അവരുടെ പേര് മഹിജ എന്നാകുന്നു. കമ്മ്യൂണിസ്റ്റ് നേതൃത്വം ഉത്തരവാദിത്തം മറന്നപ്പോൾ ഒരു കുത്തക മുതലാളിയോട് സമരം പ്രഖ്യാപിച്ച ജിഷ്ണു പ്രണോയ് എന്ന ഒരു കൊച്ചു വിപ്ലവ നക്ഷത്രത്തിന്റെ അമ്മയാണവർ. അവരിപ്പോൾ ജിഷ്ണുവിന്റെ മാത്രം അമ്മയല്ല. വിദ്യാഭ്യാസ കച്ചവടക്കാർക്കെതിരേ പൊരുതുന്ന, പൊരുതാനുറച്ച ഒരു തലമുറയുടെ മുഴുവൻ അമ്മയാണ്. ആ അമ്മയെ ആണ് ഇന്ന് ഡിജിപി ഓഫീസിനു മുൻപിൽ നിന്നും പോലീസ് വലിച്ചിഴച്ചത്. മാക്സിം ഗോർക്കിയുടെ 'അമ്മ'യെ വാഴ്ത്തി പാടിയവർ തന്നെവേണം മകന് നീതി തേടിയെത്തിയ ഒരമ്മയെ ഡിജിപിയുടെ അരമനയിൽ അതിക്രമിച്ചു കയറി എന്ന മട്ടിൽ ഈ വിധം കൈകാര്യം ചെയ്യാൻ.

തന്റെ മകനെ തിരിച്ചു കിട്ടില്ലെന്ന്‌ ആ അമ്മയ്ക്ക് അറിയാം. എങ്കിലും അവർ ചോദിച്ചത് അല്ലെങ്കിൽ ചോദിക്കുന്നത് തന്റെ മകന് നീതിവേണം എന്ന് മാത്രമാണ്. അതിനവർ ആവശ്യപ്പെട്ടതു അമ്പിളിമാനെ പിടിച്ചു കൊടുക്കണമെന്നാണെന്ന് ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയും അയാളുടെ പോലീസും വിചാരിച്ചു ഭ്രമിച്ചുപോയാൽ എന്ത് ചെയ്യാൻ എന്ന് ചോദിക്കാൻ വരട്ടെ. മുകളിൽ ചില സൂചകങ്ങളായി നൽകിയ കമ്മ്യൂണിസ്റ്റ് ഗീതത്തെ തന്നെ കൂട്ടുപിടിക്കട്ടെ. 'ചത്താലും തോൽക്കാത്ത ഭൂമി തൻ മക്കളെ, അമ്മ വിളിക്കുന്നു ഉദയം വിളിക്കുന്നു' എന്ന് ഒരു അമ്മയുടെ കണ്ണും കണ്ണീരും മാത്രമല്ല അവരുടെ നെഞ്ചകം തന്നെ വിളിച്ചുപറയുന്നുണ്ട്. സത്യത്തിൽ നിങ്ങൾ എന്താണ് ചെയ്തത് എന്ന ചോദ്യത്തിന് കോടതിയെയും പൊലീസിലെ ചിലരെയും പഴിച്ച് നടുവുയർത്തി നിൽക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. താഴെക്കിടയിൽ ഉണ്ടായ തെറ്റുകൾ തുടക്കത്തിൽ തന്നെ ചൂണ്ടികാണിക്കപ്പെട്ടിട്ടും ഉണ്ടായ ഈ മെല്ലെപോക്ക് നയം ആരെ രക്ഷിക്കാനായിരുന്നുവെന്നും ഇനിയങ്ങോട്ട് എന്ത് എന്നതുമൊക്കെ വ്യക്തമാകുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories