TopTop
Begin typing your search above and press return to search.

യൂണിവേഴ്സിറ്റി കോളജ്: വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പു നൽകി മുഖ്യമന്ത്രി; 'തലകുനിക്കുന്നു' എന്ന് വിദ്യാർത്ഥി നേതാക്കൾക്ക് പറയേണ്ടി വരുന്നത് നാണക്കേടെന്ന് വിഎസ്

യൂണിവേഴ്സിറ്റി കോളജ്: വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പു നൽകി മുഖ്യമന്ത്രി; തലകുനിക്കുന്നു എന്ന് വിദ്യാർത്ഥി നേതാക്കൾക്ക് പറയേണ്ടി വരുന്നത് നാണക്കേടെന്ന് വിഎസ്

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ വിദ്യാർത്ഥി സംഘടനയിൽ ക്രിമിനലുകൾ ആധിപത്യം സ്ഥാപിച്ച വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോളജിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിൽ യാതൊരു ലാഘവത്വവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

അതെസമയം ആക്രമണത്തെ ശക്തമായി അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ വിഎസ് അച്യുതാനന്ദനും രംഗത്തു വന്നു. ഗുണ്ടായിസമല്ല പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആയുധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല," അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥി പ്രസ്ഥാനം കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളിൽ വിലസുന്നുണ്ടെങ്കിൽ അടിത്തറയിൽ എന്തോ പ്രശ്നമുണ്ടെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതെസമയം ക്രിമിനൽ കേസുകളിൽ പെട്ട യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ പിഎസ്‌സി പൊലീസ് പരീക്ഷയുടെ ആദ്യ റാങ്കുകളിൽ വന്ന സംഭവം പിഎസ്‌സി വിജിലന്‍സ് അന്വേഷിക്കുമെന്ന പ്രഖ്യാപനം വന്നിട്ടുണ്ട്. പരീക്ഷാ പേപ്പറുകൾ കോളജിലെ വിദ്യാർത്ഥിയായ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയൻ ഓഫീസിലും കണ്ടെത്തിയ സംഭവത്തിൽ കേരളാ സർവ്വകലാശാലയും അന്വേഷണം നടത്തും.

നിലവിൽ ആയുധങ്ങളടക്കം സൂക്ഷിച്ചിരുന്നെന്ന് ആരോപിക്കപ്പെടുന്ന യൂണിയൻ ഓഫീസ് മുറി ഇനി ക്ലാസ് റൂമായി ഉപയാഗിക്കാമെന്ന് കോളജ് അക്കാദമിക് കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി എസ്എഫ്ഐ യൂണിയൻ ഓഫീസായി ഉപയോഗിച്ചു വന്നിരുന്ന മുറിയാണിത്.

വിഎസ്സിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് രാവിലെ തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ എസ്എഫ്ഐ യുടെ "പഠനോത്സവം" പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി തന്നില്ല.

കൊച്ച് കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കല്‍, അന്ധ ദമ്പതികള്‍ക്ക് ധനസഹായം എന്നിങ്ങനെയുള്ള കുറെയേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നല്ലൊരു മാതൃകയാണ് പഠനോത്സവം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഗവര്‍മെണ്ട് ആര്‍ട്ട്സ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷെ, അത് മാത്രമായിരുന്നില്ല, അവിടെ പറയാനുദ്ദേശിച്ചത്. ഈയിടെ നടന്ന, എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഉന്നത മൂല്യങ്ങളേയും നന്മകളേയുമെല്ലാം നിരസിക്കുന്ന ചില കിരാത നടപടികളെ വിമര്‍ശിക്കാനും ഞാന്‍ ആ വേദി ഉപയോഗിക്കുമായിരുന്നു. ജന പ്രതിനിധികളും യുവജന നേതാക്കളും രാഷ്ട്രീയ നേതൃത്വവും മന്ത്രിമാരുമെല്ലാം അവിടെ നടന്ന നടപടികളെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ആയുധം. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍.

ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണ്.


Next Story

Related Stories