UPDATES

ട്രെന്‍ഡിങ്ങ്

പിറവം പള്ളി; ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി ഇരുപക്ഷവും

ഇരു വിഭാഗക്കാരും നല്‍കിയ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

പിറവം വലിയ പള്ളിയില്‍ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും വീണ്ടും ശക്തമായിരിക്കുമ്പോള്‍ ഇന്നത്തെ ഹൈക്കോടതി വിധി നിര്‍ണായകമാവും. പള്ളിയില്‍ കയറാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുക. അതേസമയം മരിക്കേണ്ടി വന്നാലും പള്ളി വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന നിലപാടില്‍ തുടരുകയാണ് യാക്കേബായ വിശ്വാസികളും സഭാ അധ്യക്ഷന്‍മാരും.

ഇന്ന് രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി പരിഗണനക്കെടുക്കും. ഒന്ന് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ടുള്ളത്. രണ്ട്, വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട സുപ്രീംകോടതിയില്‍ യാക്കോബായ വിഭാഗം നല്‍കിയ അപേക്ഷയില്‍ തീരുമാനമുണ്ടാവുന്നത് വരെ ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളത്. രണ്ടാമത്തെ ഹര്‍ജി ഇന്നലെ വൈകിട്ട് പള്ളിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യാക്കോബായ വിഭാഗക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതാണ്.

നാല് ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് പോലീസ് പള്ളിയില്‍ എത്തിയത്. ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ അത്തനാസിയോസ് ഇന്നലെ ഉച്ച തിരിഞ്ഞ് പോലീസ് സംരക്ഷണയില്‍ പള്ളിയില്‍ കയറാന്‍ എത്തിയെങ്കിലും അത് നടന്നില്ല. പോലീസിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം എത്തിയത്. പിറവം പള്ളിക്കേസിലും ശബരിമലയിലും സര്‍ക്കാരിന്റെ നിലപാടുകളെ ഹൈക്കോടതി ചോദ്യം ചെയ്ത സാഹചര്യത്തില്‍, ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ വിമര്‍ശനം ഒഴിവാക്കാനായിരുന്നു പോലീസിന്റെ ശ്രമം. ആയിരത്തിലധികം പോലീസുകാര്‍ ഇന്നലെ പള്ളി പരിസരത്ത് നിലയുറപ്പിച്ചെങ്കിലും എണ്ണൂറിലധികം വരാത്ത പ്രതിഷേധക്കാരെ അവിടെ നിന്ന് മാറ്റാന്‍ പോലുമായിരുന്നില്ല.

യാക്കോബായ വിശ്വാസികള്‍ മരിക്കാനും തയ്യാറായി പ്രതിഷേധിച്ചപ്പോള്‍ പോലീസിന് പിന്‍വാങ്ങേണ്ടി വന്നു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചും കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷീണി മുഴക്കിയും പ്രതിഷേധിച്ചു. പള്ളിയുടെ ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരുന്നതിനാല്‍ പോലീസിന് പള്ളിയിലേക്ക് കടക്കാനോ പിന്തിരിപ്പിക്കാനോ ആയതുമില്ല. എന്നാല്‍ പോലീസ് നടപടികള്‍ പ്രഹസനം മാത്രമായിരുന്നു എന്നാണ് പള്ളിയില്‍ പ്രവേശിക്കാനാവാതെ മടങ്ങിയ ഡോ.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത പറഞ്ഞത്. തങ്ങളെ പള്ളിയില്‍ പ്രവേശിപ്പിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം പോലീസില്‍ നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ ഇടവകയിലെ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി പള്ളി വിട്ടുകൊടുക്കാന്‍ കഴിയില്ല എന്നാണ് യാക്കോബായ വിഭാഗക്കാരുടെ വാദം. മരിക്കേണ്ടി വന്നാലും വിശ്വാസം നഷ്ടപ്പെടുത്തില്ല എന്നാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ പ്രതികരിച്ചത്. ജീവന്‍മരണ പോരാട്ടമായി തന്നെയാണ് യാക്കോബായ വിശ്വാസികള്‍ വിഷയത്തെ എടുത്തിട്ടുള്ളത്. ഹൈക്കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ മെത്രാപ്പൊലീത്തമാരുടെ സുനഹദോസ് (സിനഡ്)വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. അടിയന്തിര പ്രാധാന്യമുള്ള വിഷയമായതിനാലാണ് പ്രത്യേക സുനഹദോസ് വിളിച്ചിരിക്കുന്നത്. പിറവം പള്ളിക്ക് പുറമെ മറ്റ് പള്ളികളിലെ വിഷയങ്ങളും സുനഹദോസില്‍ ചര്‍ച്ച ചെയ്യും.

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

‘പിറവം പള്ളി പൊളിക്കാനുള്ള വിധി പിണറായി എന്താ നടപ്പാക്കാത്തത്?’ ഇങ്ങനെ ചോദിക്കുന്നവര്‍ ഈ കുറിപ്പ് വായിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍