TopTop
Begin typing your search above and press return to search.

കൊച്ചിയിൽ നിന്നും 8 കിമി. ദൂരത്ത് താമസിക്കുന്ന ഈ 4000 പേർക്ക് മെട്രോയിൽ കയറാൻ അവകാശമില്ലെന്നാണോ?

കൊച്ചിയിൽ നിന്നും 8 കിമി. ദൂരത്ത് താമസിക്കുന്ന ഈ 4000 പേർക്ക് മെട്രോയിൽ കയറാൻ അവകാശമില്ലെന്നാണോ?

കണ്‍മുന്‍പില്‍ ആശുപത്രി ഉണ്ടായിട്ടും അവിടേയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാതെ മരണത്തിനു കീഴടങ്ങിയ മനുഷ്യര്‍ താമസിച്ചിരുന്ന ഒരു ദ്വീപുണ്ട് കൊച്ചി നഗരത്തിന് പടിഞ്ഞാറ് കടമക്കുടി പഞ്ചായത്തില്‍. നഗര ഹൃദയത്തില്‍ നിന്നും വെറും 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള, 4000 ത്തോളം ആളുകള്‍ താമസിക്കുന്ന പിഴല എന്ന ഈ ദ്വീപിന് നഗരത്തിന്റെ പുരോഗതികളൊക്കെ ഇന്നും അന്യമാണ്. എന്നു മാത്രമല്ല പിഴലയില്‍ ജനിച്ചു ജീവിക്കുന്നതിന്റെ പേരില്‍ ഇവര്‍ക്ക് അന്യമാവുന്ന തൊഴിലിടങ്ങളുണ്ട്, കളിസ്ഥലങ്ങളുണ്ട്, സന്തോഷങ്ങളുണ്ട്. സെക്കന്റ് ഷോയ്ക്ക് ഒരു സിനിമ കാണാന്‍ പോലും ഭാഗ്യമില്ലാത്തവരാണിവര്‍. മൂവായിരം കോടിയില്‍ ചീറിപ്പായുന്ന കൊച്ചി മെട്രോയുടെ മൂക്കിന്‍ തുമ്പത്ത് വെറും 608 മീറ്റര്‍ നീളമുള്ള ഒരു പാലം ഇല്ലാത്തതുകൊണ്ട് പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന പിഴല ദ്വീപും അവിടുത്തെ മനുഷ്യരും മറ്റുള്ളവര്‍ക്ക് ഒരുപക്ഷേ അവിശ്വസനീയമായ ഒരു വാര്‍ത്തയാവും.

കരയിലേയ്‌ക്കൊരു പാലം

കരയിലേക്ക് എത്താന്‍ ഒരു പാലം എന്ന പിഴലക്കാരുടെ സ്വപ്നത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദ്വീപില്‍ ജനവാസമുണ്ടായ 1341 മുതല്‍ ഏതാണ്ട് 667 വര്‍ഷങ്ങളായിട്ട് കരയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടാണ് പിഴല ദ്വീപ് വാസികള്‍ കഴിയുന്നത്. എറണാകുളം വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ 14 ചെറിയ തുരുത്തുകള്‍ ചേരുന്ന കടമക്കുടി പഞ്ചായത്തിലെ പിഴല, ചെറിയ കടമക്കുടി, പാലിയം തുരുത്ത് എന്നീ പ്രദേശങ്ങളാണ് കരയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നത്.

പിഴലക്കാരുടെ ജീവിതം

പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പിഴല ദ്വീപിലെ മനുഷ്യ ജീവിതം ചില പ്രത്യേക രീതികളിലാണ് മുന്നോട്ട് പോവുന്നത്. അതൊരിക്കലും ഒരു നഗര പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന ജീവിതങ്ങളെകുറിച്ചു നമുക്കുള്ള സങ്കല്പങ്ങളോട് ചേരുന്ന വിധത്തിലല്ല. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പ്രാഥമികാരോഗ്യ കേന്ദ്രം, ഏഴാം ക്ലാസ് വരെയുള്ള ഒരു സ്‌കൂള്‍. ഇത്രയുമാണ് പിഴലയിലെ പൊതു സ്ഥാപങ്ങള്‍. ഇവിടങ്ങളിലെ ജീവനക്കാരൊക്കെ ഇരുട്ട് വീഴും മുന്നേ ചങ്ങാടം പിടിയ്ക്കും. ചങ്ങാടത്തിനു വല്ല കേടുപാടും ഉണ്ടായാല്‍ പെട്ടത് തന്നെ. രാവിലെ ആറു മണി മുതല്‍ രാത്രി പത്തുമണി വരെയാണ് ചങ്ങാടം സര്‍വീസ്. കൃത്യം പത്തുമണിയ്ക്ക് ചങ്ങാടം സര്‍വീസ് അവസാനിപ്പിച്ചു കഴിഞ്ഞാല്‍, പിറ്റേന്ന് നേരം വെളുത്തു ചങ്ങാടം ഓടി തുടങ്ങുന്നത് വരെ ആര്‍ക്കും ഒന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണ് പിഴലക്കാര്‍ ഉറങ്ങാന്‍ കിടക്കുന്നത്.

രാത്രിയില്‍ അസുഖം വന്നതുകൊണ്ട് മരണപ്പെടുന്നതും, സ്ത്രീകള്‍ വഞ്ചിയില്‍ കിടന്ന് പ്രസവിക്കുന്നതും ഒക്കെ പിഴലക്കാര്‍ പല തവണ കണ്ടിട്ടുണ്ട്. അത്തരം ഒരനുഭവം ഓര്‍ത്തെടുക്കുന്നു പിഴല നിവാസിയായ പ്രവീണ്‍; 'കഴിഞ്ഞ വര്‍ഷം ഇവിടെ ഒരു ചേച്ചിയ്ക്ക് രാത്രി പൊള്ളലേറ്റു. ചങ്ങാടം തയ്യാറാക്കി ആശുപത്രിയില്‍ എത്തിക്കാന്‍ രണ്ടു മണിക്കൂറോളം വേണ്ടി വന്നു. അത്രയും നേരം അവര്‍ അനുഭവിച്ച വേദന ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. ആസ്റ്റര്‍ മെഡി സിറ്റി ഹോസ്പിറ്റലിലേയ്ക്ക് ഇവിടുന്ന് അഞ്ചു കിലോമീറ്റര്‍ പോലും ദൂരമില്ല. ആ ദൂരം താണ്ടാനാണ് രണ്ടു മണിക്കൂര്‍ വേണ്ടി വന്നത്. രാത്രിയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നൊക്കെ കുറേപ്പേര്‍ മരിച്ചിട്ടുണ്ട്'. പിഴലയില്‍ താമസിക്കുന്നു എന്നതുകൊണ്ട് മാത്രം തന്റെ തലമുറയില്‍ പെട്ട ദ്വീപ് വാസികള്‍ തൊഴില്‍ രംഗത്ത് ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രവീണ്‍ പറയുന്നു. 'ഇപ്പൊ സ്വകാര്യ മേഖലയിലെ നല്ലൊരു ശതമാനം ജോലിയും ഷിഫ്റ്റ് സംവിധാനത്തിലുള്ളതല്ലെ, ഞങ്ങള്‍ എവിടെയെങ്കിലും ഒരു ഇന്റര്‍വ്യൂവിനു പോയാല്‍ അവിടെ ആ ബോര്‍ഡിലുള്ള ആര്‍ക്കെങ്കിലും പിഴലെയെ പറ്റി അറിയുമെങ്കില്‍ ഉറപ്പാണ്, ഞങ്ങള്‍ക്കവിടെ ജോലി കിട്ടില്ല. കാരണം കൃത്യ സമയത്ത് ജോലിക്കെത്താന്‍ ഞങ്ങളെക്കൊണ്ട് പറ്റില്ല എന്നവര്‍ക്കറിയാം. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ പല പെണ്‍കുട്ടികളും ഈ ഒരു കാരണം കൊണ്ട് ജോലി ചെയ്യാന്‍ പറ്റാതെ കഴിയുന്നുണ്ട്. പത്തുമണിയ്ക്ക് ശേഷം ജോലി കഴിഞ്ഞു വരുന്നവര്‍ അക്കരെ കടവില്‍ എവിടെയെങ്കിലും കിടക്കും, രാവിലെ ചങ്ങാടം ഓടിത്തുടങ്ങിയിട്ട് വീട്ടിലേയ്ക്ക് വരും. എല്ലാ യോഗ്യതകളും ഉണ്ടായിട്ടും എത്രയോ നല്ല ജോലികള്‍ പിഴലക്കാര്‍ ആയതിന്റെ പേരില്‍ മാത്രം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. സത്യം പറഞ്ഞാല്‍ പിഴലയ്ക്ക് പുറത്തൊരു നാട്ടില്‍ നിന്ന് ഇവിടേയ്ക്ക് ഒരു കല്യാണം പോലും നടക്കാന്‍ ബുദ്ധിമുട്ടാണ്', താനുള്‍പ്പെടുന്ന പിഴലയിലെ യുവ തലമുറയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പ്രവീണ്‍ പങ്കു വയ്ക്കുന്നത്.

അഞ്ചു വര്‍ഷങ്ങള്‍ കൊണ്ടും പണി തീരാത്തൊരു പാലം

നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ 2013 ലാണ് മൂലമ്പള്ളിയേയും പിഴലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കാന്‍ തീരുമാനമാവുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത് 2013 ഡിസംബര്‍ 29 ന്. പുതുവര്‍ഷത്തില്‍ പുതിയ പാലം കാത്തിരുന്ന ജനങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോയത് അഞ്ചു പുതുവര്‍ഷങ്ങള്‍. ആറാമത്തെ പുതു വര്‍ഷം മുന്നിലെത്തിയിട്ടും പിഴലക്കാര്‍ക്ക് പാലം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു.

2013 ല്‍ നിര്‍മ്മാണം തുടങ്ങിയ പാലം 20 മാസം കൊണ്ട് പൂര്‍ത്തീകരിക്കും എന്നായിരുന്നു വാഗ്ദാനം. പാരിസ്ഥിതിക അനുമതി നിഷേധിച്ചതോടെ നിര്‍മ്മാണം മുടങ്ങി. നിരവധി ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2015 ഏപ്രിലില്‍ മൂലമ്പിള്ളി പിഴല പാലം പണി ആരംഭിച്ചു. 2017 ല്‍ നിര്‍മ്മാണ കമ്പനിയുടെ രണ്ടു നാവിഗേറ്റര്‍ ഗാര്‍ഡറുകള്‍ പുഴയില്‍ പതിച്ചതിനെ തുടര്‍ന്ന് ഏജന്‍സി പഠനം, ഇന്‍ഷുറന്‍സ് എന്നീ കാരണങ്ങള്‍ പറഞ്ഞു വീണ്ടും നിര്‍മ്മാണം മുടങ്ങി. 2018 ജൂണ്‍ 13 ന് നിര്‍മ്മാണ കരാറിന്റെ കാലാവധി കഴിഞ്ഞു. അതോടെ ജനങ്ങള്‍ സമരം ശക്തമാക്കി. പിഴല കരമുട്ടിക്കല്‍ സമരസമിതി ചെയര്‍പേഴ്‌സണ്‍ രാജലക്ഷ്മി പറയുന്നു, 'ഫണ്ടുകളുടെ അപര്യാപ്തതയാണ് സാധാരണ പാലം നിര്‍മ്മാണത്തിന് തടസ്സമാവുന്ന പ്രധാന ഘടകം. എന്നാല്‍ ഗോശ്രീ ദ്വീപുകളുടെയും അനുബന്ധ തുരുത്തുകളുടെയും വികസനത്തിനായി രൂപം കൊണ്ട ഗോശ്രീ ഐലന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയ്ക്ക് ആവശ്യത്തിന് ഫണ്ടുകള്‍ ഉണ്ട്. ഏതാണ്ട് 294കോടിയോളം രൂപ ഫണ്ടിനത്തില്‍ ജിഡയില്‍ ഉണ്ട്. എന്നിട്ടാണ് അങ്ങേയറ്റം അവഗണനയോടെ പിഴലയുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നത്. പാലം സഞ്ചാര യോഗ്യമാവുന്നതു വരെ24 മണിക്കൂര്‍ ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന ഞങ്ങളുടെ ആവശ്യം പോലും പരിഗണിയ്ക്കുന്നില്ല. സാധാരണ എതിര്‍പ്പാര്‍ട്ടികള്‍ പഞ്ചായത്തും സംസ്ഥാനവും ഭരിക്കുമ്പോഴാണ് ഇതേ പോലെ പദ്ധതികള്‍ക്ക് കാലതാമസം വരാറ്. ഇതിപ്പോ കടമക്കുടി പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ആണ്. ഞങ്ങള്‍ക്കൊരു എംഎല്‍എ ഉണ്ട്. എസ്. ശര്‍മ്മ ഇവരൊക്കെ ഒന്ന് മനസ്സുവച്ചിരുന്നെങ്കില്‍ എത്രയോ നാളുകള്‍ക്ക് മുന്നേ ഈ പാലം പണി തീര്‍ക്കാമായിരുന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് ഈ കാര്യത്തില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളു, എങ്ങനെയെങ്കിലും ഈ പാലത്തിന്റെ ഉദ്ഘാടനം അടുത്ത ഇലക്ഷന്‍ സമയം വരെ നീട്ടിക്കൊണ്ട് പോവുക. അത് ഞങ്ങള്‍ പിഴലക്കാര്‍ അനുവദിച്ചു കൊടുക്കില്ല'.

പിഴലയെ മുക്കിയ പ്രളയം

ഓഗസ്റ്റ് 15 ന് എത്തിയ പ്രളയമാണ് പിഴലക്കാര്‍ക്ക് അവര്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി കൊടുത്തത്. തങ്ങള്‍ക്ക് അന്യമായത് യാത്ര മാര്‍ഗം മാത്രമല്ല ജീവന്‍ രക്ഷാ മാര്‍ഗം കൂടെയാണെന്ന് ആ ജനത തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 15 നു തുടങ്ങിയ പ്രളയത്തില്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പുറം ലോകവുമായി കര ബന്ധം ഇല്ലാതിരുന്ന ഈ ദ്വീപ് കൂടുതല്‍ ഒറ്റപ്പെട്ടു. ഉണ്ടായിരുന്ന രണ്ടു ചങ്ങാടങ്ങളില്‍ ഒന്ന് തകര്‍ന്നു. പെരിയാറിലെ അതിശക്തമായ ഒഴുക്കില്‍ ബാക്കിയുള്ള ചങ്ങാടവും ഇറക്കാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ മൂന്നാം ദിവസം വൈപ്പിനില്‍ നിന്നെത്തിയ മത്സ്യ തൊഴിലാളികളാണ് തങ്ങളെ രക്ഷിച്ചതെന്ന് പിഴലക്കാര്‍ പറയുന്നു. പ്രളയം കഴിഞ്ഞ് ക്യാമ്പുകള്‍ പിരിച്ചു വിടുന്ന ഘട്ടം എത്തി. എല്ലാവരും വീടും പരിസരങ്ങളും വൃത്തിയാക്കുന്ന തിരക്കില്‍. അപ്പോഴും പിഴലയ്ക്ക് ദുരിതം മാത്രം ബാക്കി. ചങ്ങാടങ്ങള്‍ തകര്‍ന്നത് മൂലം അവര്‍ക്ക് സ്വന്തം നാട്ടിലേയ്ക്ക് എത്താനോ ശുചീകരണം നടത്താനോ കഴിയാത്ത അവസ്ഥ യായിരുന്നു. ഇങ്ങനെ തുടര്‍ന്ന് പോയാല്‍ തങ്ങള്‍ക്ക് ഉടനെയൊന്നും കര മുട്ടുന്ന ഒരു പാലം തുറന്നു കിട്ടില്ല എന്ന് ബോധ്യം വന്ന പിഴലക്കാര്‍ കൂടുതല്‍ ശക്തമായ സമര രീതികള്‍ ആരംഭിച്ചു.

കര തൊടാത്ത പാലം റെഡി

നിരന്തരമായ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കൊണ്ട് പാലം പണി ഒരുവിധം പുരോഗമിക്കുമ്പോഴാണ് ആ വഞ്ചന പിഴലക്കാര്‍ തിരിച്ചറിഞ്ഞത്. 'ആശിച്ചു കാത്തിരിക്കുന്ന പാലം 'കര തൊടാത്ത പാലമാണെന്ന്' പാലത്തെ കരയുമായി ബന്ധിപ്പിക്കാനുള്ള അപ്പ്രോച് റോഡിന്റെ സര്‍വ്വേ പോലും അധികൃതര്‍ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. തങ്ങള്‍ വീണ്ടും ചതിക്കപ്പെട്ടിരിക്കുന്നു എന്ന് പിഴലക്കാര്‍ക്ക് ബോധ്യമായി. തുടര്‍ന്ന് 2018 ഓഗസ്റ്റ് 26 നു പിഴല കരമുട്ടിക്കല്‍ സമര സമിതി രൂപം കൊണ്ടു. ജാതി മത ഭേദമന്യേ ഒരു രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ഇല്ലാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങി. 'തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല, സഞ്ചാര യോഗ്യമായ പാലം പണിയും വരെ പിന്നോട്ടില്ല ഈ പിഴലക്കാര്‍' എന്ന മുദ്രാവാക്യമാണ് ജനങ്ങള്‍ ഏറ്റു വിളിച്ചത്. കര മുട്ടിക്കല്‍ സമര സമിതിയുടെ പ്രവര്‍ത്തന ഫലമായി പാലം നിര്‍മ്മാണ സൈറ്റിലെ തൊഴിലാളികളുടെ എണ്ണം 7 ല്‍ നിന്ന് 70 ആയി. സര്‍ക്കാര്‍ സംവിധാങ്ങളുടെ മെല്ലെപ്പോക്ക് നന്നായി അറിയുന്ന സമര സമിതി അംഗങ്ങള്‍ സെപ്റ്റംബര്‍ 19 നു തിരുവനന്തപുരത്തു ചെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ കണ്ട് സംസാരിച്ചതിന്റെ ഫലമായി ഒക്ടോബര്‍ 6 നു അപ്പ്രോച്ച് റോഡിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചു. സമര സമ്മര്‍ദ്ദങ്ങളുടെയും നിയമ നടപടികളുടെയും ഫലമായി ഹൈക്കോടതി ഈ പ്രശ്‌നത്തില്‍ ഇടപെടുകയും പാലം നിര്‍മ്മാണത്തിന്റെ ചുമതലയുണ്ടായിരുന്ന ഗോശ്രീ വികസന അതോറിറ്റിയെ ശകാരിക്കുകയും ചെയ്തു. അപ്പ്രോച് റോഡിനുള്ള സര്‍വ്വേ പോലും നടത്താതെ, കരയിലേക്ക് പാലം എങ്ങനെ മുട്ടിക്കും എന്ന് പോലും നോക്കാതെ അഞ്ചു വര്‍ഷത്തോളം പാലം പണി നീട്ടിക്കൊണ്ടു പോയ ജിഡയുടെ നടപടി കോടതിയ്ക്ക് പോലും ആശ്ചര്യമുളവാക്കി. ഏതാണ്ട് രണ്ടു വര്‍ഷത്തോളമായി ജിഡ യുടെ ജനറല്‍ ബോഡി മീറ്റിംഗ് പോലും കൂടിയിരുന്നില്ല എന്ന് കോടതി കണ്ടെത്തി. അടിയന്തിരമായി ജിഡ യുടെ യോഗം വിളിച്ചു കൂട്ടാന്‍ കോടതി ഉത്തരവിട്ടു.

വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന പിഴലയിലെ കുഞ്ഞുങ്ങള്‍

രാവിലെ കൂടെ പഠിക്കുന്ന പിള്ളേരൊക്കെ മൂടി പുതച്ചുറങ്ങുന്ന നേരത്ത് പിഴലയിലെ പിള്ളേര്‍ സ്‌കൂളില്‍ പോവാന്‍ ഇറങ്ങും. മഴക്കാലത്തും പുഴയില്‍ ഒഴുക്ക് കൂടുതല്‍ ഉള്ളപ്പോഴുമൊക്കെ പുസ്തകകെട്ടിനോടൊപ്പം ജീവന്‍ കൂടെ ചേര്‍ത്തു പിടിച്ചാണ് ഇവരുടെ യാത്ര. എത്ര നേരത്തെ ഇറങ്ങിയാലും ഒന്നോ രണ്ടോ ക്ലാസ്സ് പീരിയഡുകള്‍ ഇവര്‍ക്ക് എന്നും നഷ്ടമാണ്. കലോത്സവങ്ങളും കായിക മേളകളുമൊക്കെ ഈ കുട്ടികള്‍ക്ക് എന്നും അന്യമാണ്. ഒരു ദിവസത്തെ പാഠഭാഗങ്ങള്‍ പോലും മുഴുവനായി സ്‌കൂളില്‍ നിന്ന് കിട്ടാത്തവര്‍ എങ്ങനെ കലാ കായിക പരിശീലങ്ങളില്‍ പങ്കെടുക്കും? സമരത്തിന്റെ നാളുകളില്‍ പിഴലയിലെത്തിയ പൊതുമരാത്ത് വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നവംബര്‍ 30 നു മുന്‍പ് പാലം പണി തീര്‍ക്കുമെന്ന് പിഴലക്കാര്‍ക്ക് വാക്ക് കൊടുത്തിരുന്നു. മന്ത്രി തന്നെ വന്നു നേരിട്ട് പറഞ്ഞതുകൊണ്ട് പിഴലയിലെ കുട്ടികളും അത് വിശ്വസിച്ചു. എന്നാല്‍ തങ്ങള്‍ വീണ്ടും പറ്റിയ്ക്കപ്പെട്ടത് തിരിച്ചറിഞ്ഞ കുട്ടികള്‍ സങ്കടം പറയാന്‍ കലക്ടറുടെ അടുത്തെത്തി. ഈ കഴിഞ്ഞ ഡിസംബര്‍ 1 നു പിഴലയിലെ ആയിരത്തോളം കുട്ടികള്‍ എറണാകുളം കളക്ടര്‍ മുഹമ്മദ് സ്ഫീറുള്ളയെ നേരിട്ട് കണ്ട് വിഷമങ്ങളും പരാതികളും എഴുതിയ കത്തുമായി കളക്ട്രേറ്റില്‍ എത്തി. പതിവ് ജനകീയ സമരങ്ങളില്‍ നിന്നൊക്കെ പിഴല കാരമുട്ടിക്കല്‍ സമരത്തെ വ്യത്യസ്തമാക്കുന്നത് കുട്ടികളുടെ ഈ പങ്കാളിത്തമാണ്. ഏതു സാഹചര്യത്തിലാണ് ഇങ്ങനെയൊരു സമര മുഖത്തേയ്ക്ക് തങ്ങള്‍ക്കിറങ്ങേണ്ടി വന്നതെന്ന് കരമുട്ടിക്കല്‍ സമര സമിതി വിദ്യാര്‍ത്ഥി വിഭാഗം പ്രതിനിധി അമല്‍ പ്രിന്‍സ് വ്യക്തമാക്കുന്നു; അടുത്ത വര്‍ഷം സ്‌കൂള്‍ തുറക്കുമ്പോഴെങ്കിലും ഞങ്ങള്‍ക്കും സാധാരണ കുട്ടികളെപ്പോലെ സ്‌കൂളില്‍ പോണം. 20 മാസങ്ങള്‍ കൊണ്ടു പാലം ഞങ്ങള്‍ക്ക് തുറന്നു കിട്ടും എന്നാണ് അഞ്ചു വര്‍ഷം മുന്‍പ് പാലം പണി തുടങ്ങിയപ്പോള്‍ പറഞ്ഞിരുന്നത്. 608 മീറ്ററാണ് പിഴല പാലത്തിന്റെ നീളം. അതായത് 600 ദിവസങ്ങള്‍ കൊണ്ട് 608 മീറ്റര്‍ പാലത്തിന്റെ പണി തീര്‍ക്കുക. ഇതായിരുന്നു എന്‍ജിനീയറിങ് വിഭാഗത്തിന്റെ കണക്ക്. അപ്പോള്‍ ഒരു ദിവസം 1.03 മീറ്റര്‍ പാലം പണി തീര്‍ക്കാന്‍ അവര്‍ക്കു സാധിക്കും അതനുസരിച്ചു 104 മീറ്റര്‍ അപ്പ്രോച്ച് റോഡ് തീര്‍ക്കാന്‍ അവര്‍ക്ക് 100 ദിവസം മതിയാവും. ഞങ്ങള്‍ പക്ഷെ 120 ദിവസം വരെ കാത്തിരിക്കാന്‍ തയ്യാറാണ്. അതായത് 2019 മാര്‍ച്ച് 31 വരെ. അതിനുള്ളില്‍ അപ്പ്രോച് റോഡ് ഉള്‍പ്പെടെ പാലം കര മുട്ടിച്ചു ഞങ്ങള്‍ക്ക് സഞ്ചാര യോഗ്യമായി തുറന്നു കിട്ടണം. ആ ഒരു ഉറപ്പ് കളക്ടര്‍ തന്നില്ലെങ്കില്‍ പഠിപ്പ് മുടക്കി സമരത്തിനിറങ്ങാനാണ് ഞങ്ങളുടെ തീരുമാനം. പിഴല പോലെ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ ജീവിക്കുന്നത് കൊണ്ടു മാത്രം ഞങ്ങള്‍ നേരിടുന്ന അവഗണനകള്‍ ഒരുപാടാണ്. സ്‌കൂളിലെ ഒരു എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവികളിലും ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്നില്ല. ക്ലാസുകള്‍ പോലും നഷ്ടപ്പെടുന്നു. ഇനിയും ഇത് സഹിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ'.

കുട്ടികളുടെ സമരത്ത തുടര്‍ന്ന് ഡിസംബര്‍ മൂന്നാം തീയതി അപ്പ്രോച് റോഡിനു സ്ഥലം ഏറ്റെടുക്കാന്‍ ഭൂവുടമകളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കുട്ടികളടക്കം ഒരു നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ തങ്ങളുടെ അവകാശത്തിനു വേണ്ടി ജാഗ്രത യോടെ നിലകൊള്ളുമ്പോള്‍ ഇനിയും അധികൃതര്‍ ഉപേക്ഷ കാണിക്കില്ല എന്നതാണ് ഈ നാടിന്റെ പ്രതീക്ഷ.

https://www.azhimukham.com/keralam-valanthakkadu-people-needs-a-bridge-to-go-kochi-reports-amal/

Next Story

Related Stories