Top

സിസ്റ്റര്‍ ലിനിക്കായി ഇന്ന് നാട് ഒത്തുചേരും; ആ ഉമ്മയ്ക്കും മകനും കാണണമെന്നുണ്ട് അവരുടെ പിഞ്ചോമനകളെ

സിസ്റ്റര്‍ ലിനിക്കായി ഇന്ന് നാട് ഒത്തുചേരും; ആ ഉമ്മയ്ക്കും മകനും കാണണമെന്നുണ്ട് അവരുടെ പിഞ്ചോമനകളെ
ഏകദേശം ഒരു മാസത്തോളം കേരളത്തെയാകെ ഭീതിമുനയിൽ നിർത്തിയ നിപ പൂർണമായും അരങ്ങൊഴിഞ്ഞു എന്നു വേണം കരുതാൻ. നിപ വിതച്ച ഭീതിയിൽ നിശ്ചലമായ പേരാമ്പ്രയും പരിസര പ്രദേശങ്ങളും സാധാരണ നിലയിലായിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളൂ. ആളുകൾ പോവാൻ മടിച്ചിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമെല്ലാം പഴയ പോലെ ആളുകളെത്തി തുടങ്ങി. എന്നാൽ നിപ ദുരന്തം നൽകിയ ആഘാതത്തിൽ നിന്നും ഇനിയും മുക്തരാവാത്ത ചിലരുണ്ട്. പേരാമ്പ്ര സൂപ്പികടയിൽ വളച്ചുകെട്ടിൽ വീട്ടിൽ മറിയവും മകൻ മുത്തലിബും. നിപ വൈറസ് ബാധിച്ചു മരിച്ച മുഹമ്മദ് സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും ഉമ്മയും സഹോദരനും. ഒന്നിനു പിറകെ ഒന്നായി ഈ കുടുംബത്തിലെ മൂന്ന് പേരെയാണ് നിപ്പ കവർന്നെടുത്തത്. രണ്ട് മക്കളേയും ഭർത്താവിനേയും ഈ ഒരു മാസത്തിനുള്ളിൽ മറിയത്തിനു നഷ്ടമായി. തങ്ങൾക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്നുപോലും മനസിലാവാതെ ആ ഉമ്മയും മകനും പകച്ചുപോയി.

പേരാമ്പ്ര ജബലന്നൂർ അറബിക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ മറിയത്തിന്റെ ഇളയ മകൻ മുത്തലിബ് രണ്ടു ദിവസം മുമ്പാണ് കോളേജിൽ വീണ്ടും എത്തിയത്. ഇവിടെ താമസിച്ച് പഠിക്കേണ്ടതുകൊണ്ട് ഉമ്മ മറിയത്തെ പാട്ടാണിപ്പാറയിലുള്ള ബന്ധുവിന്റെ വീട്ടിൽ നിർത്തിയാണ് മുത്തലിബ് പഠനത്തിനായി വന്നത്. "സൂപ്പികടയിലുള്ള പഴയ വീട് പൂട്ടിയിരിക്കുകയാണ്. അങ്ങോട്ടു പോവാനോ ആളുകളെ അഭിമുഖീകരിക്കാനും എനിക്കിപ്പോൾ വലിയ പ്രയാസമാണ്" മുത്തലിബ് പറയുന്നു. ഉപ്പയുടെയും ഇക്കാക്കമാരുടെയും മരണത്തെക്കാളും മുത്തലിബിനെ തളർത്തിയത് കുപ്രചരണങ്ങളായിരുന്നു. സഹോദരങ്ങൾ മലേഷ്യയിൽ പോയിരുന്നു എന്നും അവിടെ നിന്നാണ് പനി വന്നതെന്നും തുടങ്ങി പല വ്യാജ  വാർത്തകളും പ്രചരിപ്പിച്ചിരുന്നു ചിലർ. കഴിഞ്ഞ ദിവസം സ്വന്തം മരണ വാർത്ത വരെ കേൾക്കേണ്ടി വന്നിട്ടുണ്ട് ഈ കൗമാരക്കാരന്.

ഉമ്മയും ഉപ്പയും നാല് ആണ്മക്കളുമടങ്ങിയ ആ കുടുംബത്തിലേക്ക് 2013ലാണ് ആദ്യമായി വിധിയുടെ കരിനിഴലെത്തിയത്. അന്ന് ഒരു വാഹനാപകടത്തിൽ മൂസയുടെയും മറിയത്തിന്റെയും മൂന്നാമത്തെ മകൻ മുഹമ്മദ് സാലിമിനെ മരണം തട്ടിയെടുത്തു. "അന്ന് ഇക്കാക്കയുടെ മരണം ഉമ്മയെ വല്ലാതെ തളർത്തിയിരുന്നു "ഒരു നല്ല തുടക്കത്തിന് വേണ്ടി ആയിരുന്നു അവർ ചങ്ങരോത്ത് പഞ്ചായത്തിൽ പുതുതായി ഒരു വീട് വാങ്ങിയത്. "നോമ്പിന് ശേഷം അങ്ങോട്ട് മാറാനിരിക്കുകയായിരുന്നു. അവിടെ വെച്ച് മൂത്ത ഇക്കാക്ക സാലിഹിന്റെ വിവാഹം നടത്തണം എന്നത് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. എന്നാൽ അപ്പോഴേക്കും..
." മുത്തലിബ് പറഞ്ഞു നിർത്തി.സൂപ്പിക്കടയിലെ മുത്തലിബിന്റെ വീട്പണിതീരാത്ത പുതിയ വീട്

തന്റെ ഉറ്റവരുടെ മരണത്തിനിടയാക്കിയ നിപയുടെ ഉറവിടം കണ്ടത്തണമെന്നു തന്നെയാണ് മുത്തലിബിനും പറയാനുള്ളത്. "ഇക്കാക്കയ്ക്ക് പനി ബാധിക്കുന്നതിന് ആഴ്ച്ചകൾക്കു മുമ്പ് വീട്ടിലെ രണ്ടു മുയലുകൾ തലവേർപ്പെട്ട രീതിയിൽ കൂടിനു പുറത്ത് ചത്ത് കിടന്നിരുന്നു അവയെ കുഴിച്ചിട്ടതൊക്കെ ഇക്കാക്കമാരും ഉപ്പയും ചേർന്നാണ്. ഇതൊക്കെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ആദ്യമേ പറഞ്ഞിരുന്നു"
നിപയുടെ ഉറവിടം കണ്ടത്താൻ തങ്ങളെ കൊണ്ടാവുന്നത് ചെയ്യാൻ ഈ കുടുംബം തയ്യാറാണ്. "ഞങ്ങൾക്കുണ്ടായ ദുരന്തം ദുരന്തം മറ്റാർക്കും വരരുതെന്ന് പടച്ചോനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്" മുത്തലിബ് പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രിയോ, സ്ഥലം എംഎൽഎയും മന്ത്രിയുമായ ടി.പി രാമകൃഷ്ണനോ ഇതുവരെ ഇവരെ നേരിൽ കാണുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. "സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിൽ നിന്നും സലിഹിന്റെ പേരിലുള്ള 5 ലക്ഷം രുപ മാത്രമാണ് ഇപ്പോൾ കിട്ടിയത്. വാപ്പയുടെയും സാബിത്തിന്റെയും പേരിലുള്ള സഹായധനത്തിന്റെ കാര്യത്തിൽ ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല"
; സ്രവ സാമ്പിൾ അയക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ സഹായധനത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ചിലരുടെയെങ്കിലും കുറ്റപ്പെടുത്തലിനും കടുത്ത അവഗണനയ്ക്കും ഇരയായ അനുഭവങ്ങളും പറയാനുണ്ടിവർക്ക്. "നിപ ബാധിത സമയത്ത് ഞങ്ങൾക്ക് ഭക്ഷണ സാധനങ്ങളുടെ കിറ്റ് ഏർപ്പെടുത്തിയിരുന്നു, ഞങ്ങൾക്കുള്ള കിറ്റ് മാത്രം വീട്ടിൽ കൊണ്ടുതരാതെ അടുത്തുള്ള ഒരു കടയിൽ കൊടുത്തു പോവുകയാണുണ്ടായത്" എന്നാൽ കൂടെ നിന്ന കുറേ നല്ലവരായ മനുഷ്യരും ഉണ്ടായിരുന്നു. കോഴിക്കോട് കളക്ടർ യു. വി ജോസും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും നല്ല രീതിയിൽ കൂടെ നിന്നിട്ടുണ്ട്."


നിപ ബാധിച്ചു മരിച്ച സിസ്റ്റർ ലിനിയെ ആദരിക്കുന്ന ചടങ്ങ് നടക്കുന്നുണ്ട് ഇന്ന് പേരാമ്പ്രയിൽ. മന്ത്രിമാരായ ശൈലജ ടീച്ചറും, ടി.പി രാമകൃഷ്ണനും പങ്കടുക്കുന്ന പരിപാടിയിൽ മുത്തലിബിനെയും കുടുംബത്തെയെയും ആരും ഇതുവരെ ക്ഷണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സി സതിയെ ഇന്നലെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ വിളിക്കും എന്നാണ് പ്രതികരിച്ചത്. "അറിയാതെ ആണെങ്കിലും എന്റെ ഇക്കാക്കയെ പരിചരിക്കുന്നതിനിടയിലാണ് അവർ മരിച്ചത്. ആ മക്കളെ ഒന്നു നേരിൽ കാണണമെന്നുണ്ട്. ഉമ്മയും അതാഗ്രഹിക്കുന്നുണ്ട്. പക്ഷെ ഉമ്മ ഇപ്പോൾ പുറത്തിറങ്ങാറില്ല"-
മുത്തലിബ് പറയുന്നു.

മറിയത്തിന്റെ ഏക ആശ്രയമായ മുത്തലിബിനു പറയാൻ ഒന്നേ ഉള്ളു. "ഉമ്മയ്ക്കിനി ഞാൻ മാത്രമേ ഉള്ളു. ഒരു സർക്കാർ ജോലി നേടി ഉമ്മയെ നല്ല പോലെ നോക്കണം". ഉമ്മയോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറണം എന്നുണ്ട് മുത്തലിബിന്. എന്നാൽ ചെങ്ങരോത്ത് പഞ്ചായത്തിൽ ദിവസങ്ങളോളം കയറി ഇറങ്ങിയിട്ടും വീടിന്റെ ഉടമസ്ഥാവകാശം ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പുതിയ വീട്ടിൽ വൈദ്യുതിയും ലഭ്യമായിട്ടില്ല. നിപ ബാക്കി വെച്ച ഈ ഉമ്മയ്ക്കും മകനും ഇനി വേണ്ടത് കുപ്രചാരണങ്ങളില്ലാതെ പുതിയ വീട്ടിൽ അന്തിയുറങ്ങാനുള്ള സാഹചര്യമാണ്.

https://www.azhimukham.com/offbeat-lini-a-world-hero-theeconomist-obit-describes/

https://www.azhimukham.com/facebook-diary-lini-deserves-credit-and-her-thousands-of-colleagues-too/

https://www.azhimukham.com/news-update-who-director-jim-campbell-paid-tribute-lini-puthussery-rasal-al-najjar-of-gaza-and-salomi-karva-of-liberia/

https://www.azhimukham.com/trending-deepa-nishanth-about-nurses-and-lini/

Next Story

Related Stories