TopTop
Begin typing your search above and press return to search.

ആലപ്പാട് ഗ്രാമം കടല്‍ വിഴുങ്ങുന്നുന്നതിനു മുമ്പ് ജനങ്ങള്‍ അവസാന പോരാട്ടത്തിന് തയാറെടുക്കുകയാണ്

ആലപ്പാട് ഗ്രാമം കടല്‍ വിഴുങ്ങുന്നുന്നതിനു മുമ്പ് ജനങ്ങള്‍ അവസാന പോരാട്ടത്തിന് തയാറെടുക്കുകയാണ്

"ഒരുവശത്ത് ചിലർ കേരളീയ നവോത്ഥാനത്തെക്കുറിച്ചു പ്രസംഗിക്കുന്നു. എന്നാൽ കരിമണൽ ഖനനത്തിൽ ഒലിച്ചുപോകുന്ന നിസ്സഹായരായ തീരദേശ ജനതയുടെ കാര്യം വരുമ്പോൾ ജാതിയുടെ പേരിൽ അവഗണിക്കുന്നു". പറയുന്നത് കരുനാഗപ്പള്ളി ആലപ്പാട് തീരദേശ മേഖലയിലെ ജനങ്ങളാണ്. ഏതാണ്ട് 60 വർഷത്തിലധികമായി തുടരുന്ന കരിമണൽ ഖനനത്തിന്റെ എല്ലാ ദൂഷ്യഫലങ്ങളും അനുഭവിച്ചവരാണിവർ. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നവരും.

കണ്മുന്നിൽ നിന്ന് കിടപ്പാടവും കരയും കടലെടുത്തു പോയപ്പോൾ ഇവരിൽ നിന്നുയർന്ന വിലാപങ്ങൾ മാറിമാറി വന്ന ഒരു സർക്കാരും കേട്ടില്ല. വിലാപങ്ങൾ പതുക്കെ പ്രതിഷേധത്തിന്റെ രൂപത്തിലേക്ക് മാറിയപ്പോൾ പുതിയ പുതിയ തന്ത്രങ്ങൾ കൊണ്ട് കമ്പനികൾ ഇവരെ വരുതിക്ക് നിർത്തി. എന്നിട്ടും മെരുങ്ങാത്തവരെ അടിച്ചൊതുക്കി. 60 വർഷം പിന്നോട്ടേക്കുള്ള ചരിത്രം പരിശോധിച്ചാൽ ഏതെല്ലാം രീതിയിലാണ് കമ്പനികൾ ഇവരെ ചൂഷണം ചെയ്തു വന്നതെന്നും സർക്കാർ ഇവർക്കെതിരെ സ്വീകരിച്ച നിലപാടുകൾ ഏതെല്ലാം തരത്തിലായിരുന്നുവെന്നും കാണാൻ കഴിയും. ഇക്കാര്യത്തെക്കുറിച്ച് അഴിമുഖം ചെയ്ത വിശദമായ റിപ്പോര്‍ട്ട് വായിക്കാം:

ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം

ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് തീരദേശജനത ഇപ്പോൾ പുതിയൊരു സമരത്തിന് തുടക്കം കുറിക്കുന്നതും. കേരളപ്പിറവി ദിനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേരുടെ പിന്തുണയോടെ അവര്‍ സമരത്തിനിറങ്ങുകയാണ്. കരിമണൽ ഖനന വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സമരം. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (ഐ. ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ഉം തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനത്തിനെതിരെയാണ് പ്രദേശവാസികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കരയിലേക്ക് കടൽ വ്യാപിക്കുന്നതിനാൽ പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ.

തീരദേശജനതയുടെ സമരത്തിന്റെ ചരിത്രം.

ഒരൽപം സാമ്പത്തികാരക്ഷിതാവസ്ഥ അനുഭവിക്കുന്ന ദുർബലരായ ജനതയെ എങ്ങനെ ഒതുക്കണമെന്നു മൂലധനമിറക്കുന്ന കമ്പനി ഉടമകൾക്കറിയാം. ആദ്യകാലത്ത് പ്രദേശത്തെ കുറച്ചുപേർക്ക് താത്ക്കാലികമായി കമ്പനിയിൽ ജോലി നൽകിയും, ജോലിക്കാരെ നിർദ്ദേശിക്കുന്നതിനായി രാഷ്ട്രീയക്കാരെ ചുമതലപ്പെടുത്തിയും തങ്ങൾക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇവർ പ്രതിരോധിച്ചു പോന്നു. ഇപ്പോഴും വളരെ ചെറിയൊരു വിഭാഗം വരുന്ന പ്രാദേശിക ജനത കമ്പനിക്കനുകൂലമായി നിൽക്കുന്നതും മറ്റൊന്നും കൊണ്ടല്ല. തീരദേശത്തുനിന്നും നീക്കം ചെയ്യുന്ന മണൽ തലച്ചുമടായി വള്ളങ്ങളിൽ എത്തിക്കുന്ന ജോലിയായിരുന്നു തുടക്കത്തിൽ പ്രദേശവാസികള്‍ക്ക് നൽകിയത്. എന്നാൽ കരിമണൽ ഖനനത്തിന്റെ പ്രത്യാഘാതം പല രൂപത്തിൽ നേരിട്ടനുഭവപ്പെട്ടതോടെ തീരദേശജനത മാറിച്ചിന്തിച്ചു തുടങ്ങി. ജോലിയല്ല, കിടപ്പാടമാണ് വേണ്ടത് എന്ന മുദ്രാവാക്യമുയർത്തി ഒരു പറ്റം ചെറുപ്പക്കാർ സമരം തുടങ്ങി. എന്നാൽ അധികാര രാഷ്ട്രീയത്തിൽ യാതൊരു തരത്തിലുള്ള സ്വാധീനവും ചെലുത്താൻ കഴിവില്ലാതിരുന്ന ഇവരുടെ സമരങ്ങളെയെല്ലാം അതാതുകാലത്തെ കമ്പനികൾ വളരെ നിഷ്പ്രയാസം ഇല്ലാതെയാക്കി.

"ഖനനം തുടങ്ങിയ ആദ്യകാലങ്ങളിൽ പ്രാദേശികരായ ആളുകളെ കമ്പനി ജോലിക്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ ആദ്യസമരങ്ങൾ തൊഴിലിന് വേണ്ടിയായിരുന്നു. 1930-കളിലായിരുന്നു അത്. ഏതാണ്ട് 1960-ഓടെ യന്ത്രവത്കൃത ഖനനം തുടങ്ങി. ഇതോടെയാണ് കര നഷ്ടപ്പെടുന്നതും കടൽത്തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങൾ ശക്തമായതും", 1958-ൽ ഹോപ്കിൻസ് ആൻഡ് വില്യംസ് എന്ന സ്വകാര്യ കമ്പനിയിലും 1971-ൽ ഐ.ആർ.ഇ.എല്ലിലും ജോലി ചെയ്തിരുന്ന 82-കാരനായ പുഷ്പരാജൻ പറയുന്നു.

"ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ചെല്ലപ്പൻ മുതലാളിയുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ നടന്നിരുന്നു. തീരത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തി മത്സ്യബന്ധന സമൂഹത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഐ.ആർ.ഇ.എൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായതിനാൽ പോലീസിനെ ഉപയോഗിച്ച് അതിക്രൂരമായി സമരം അടിച്ചൊതുക്കി. നിരവധി ആളുകൾ ആശുപത്രിയിലായി. ഇതിനെത്തുടർന്ന് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ജാഥ നടന്നു. അന്ന് പ്രസംഗത്തിനിടെ പോലീസ് ലാത്തിച്ചാർജിനെക്കുറിച്ച് പറഞ്ഞ് എം.എസ് രുദ്രൻ എന്ന നേതാവ് പൊട്ടിക്കരഞ്ഞത് ഇപ്പോഴും എന്റെ ഓർമയിലുണ്ട്. സി.പി.ഐയുടെ നേതൃത്വത്തിലും കുറെ സമരങ്ങൾ നടന്നിരുന്നു", പുഷ്പരാജൻ പറഞ്ഞു.

ഖനനം നിർത്തണമെന്നവശ്യപ്പെട്ട് മേഖലയിൽ നടന്ന സമരങ്ങൾ നിരവധിയാണ്. സമരങ്ങളിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവർക്ക്‌ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. വെടിവയ്പ്പടക്കമുള്ള ഹീനകൃത്യങ്ങളും സമരക്കാർക്കെതിരെ നടന്നിട്ടുണ്ടെന്ന് സമരങ്ങളിൽ സജീവമായി പങ്കെടുത്തവർ പറയുന്നു. സമരക്കാരിൽ പലരെയും കള്ളക്കേസിൽ കുടുക്കിയെന്നും വിവിധ കാലയളവുകളിലായി സമരങ്ങളിൽ പങ്കെടുത്തവർ പറയുന്നു.

"ഖനനം തീരദേശ ഗ്രാമങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കും എന്ന തിരിച്ചറിവിൽ നിന്നാണ് സമരം തുടങ്ങുന്നത്. എന്നാൽ രാഷ്‌ട്രീയാധികാര മേഖലകളിൽ നിന്നും പുറത്താക്കപ്പെട്ട, പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗമെന്ന നിലയിൽ സമരങ്ങളെ ഭിന്നിപ്പിക്കാനും അടിച്ചമർത്താനും ഭരണകൂടങ്ങൾക്കും കമ്പനി മേധാവികൾക്കും കഴിഞ്ഞു. ആറ് മാസം മുൻപ് കൊല്ലം കലക്ടറേറ്റിൽ നടന്ന പബ്ലിക് ഹിയറിങ്ങിലും അഞ്ചു മാസം മുൻപ് ഇടപ്പള്ളി കോട്ടയിൽ നടന്ന പബ്ലിക് ഹിയറിങ്ങിലും ഖനനം പൂർണമായും നിർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും മനുഷ്യാവകാശ ലംഘനമാണിവിടെ നടക്കുന്നത്. കോവിൽത്തോട്ടം മുതൽ തോട്ടപ്പള്ളി വരെ മണൽബണ്ട് പോലെ കിടക്കുന്ന തീരദേശഗ്രാമങ്ങളെ സംരക്ഷിക്കുന്നതിന് ഇനിയും പദ്ധതികളുണ്ടായില്ലയെങ്കിൽ പശ്ചിമതീര ദേശീയ ജലപാതയ്ക് കിഴക്കു ഭാഗത്തുള്ള ജനങ്ങൾ ഖനനത്തിന്റെ ദുരന്തഫലങ്ങൾ സമീപകാലത്ത് ഏറ്റുവാങ്ങേണ്ടി വരും. കേരളത്തിന്റെ കടൽത്തീരങ്ങളിൽ സുനാമി ആഞ്ഞടിച്ചപ്പോൾ ഖനനം നടന്ന ആലപ്പാട് അടക്കമുള്ള മേഖലകളിലാണ് ഏറ്റവും കൂടുതൽ മരണമുണ്ടായതെന്നതും മറന്നുകൂടാ", തീരദേശ സംരക്ഷണ സമിതി മുൻ പ്രസിഡന്റ് കെ.സി. ശ്രീകുമാർ പറഞ്ഞു.

ഖനനം ഇതേരീതിയിൽ തുടരുകയാണെങ്കിൽ തീരദേശ മേഖല മാത്രമല്ല, ദേശീയജലപാതയും ദേശീയ പാതയും കരുനാഗപ്പള്ളി പട്ടണവും കടലെടുക്കുമെന്ന് സാമൂഹ്യ, പരിസ്‌ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി. ആർ. നീലകണ്ഠൻ പറയുന്നു. "പുറത്തുള്ളവർ കരുതുന്ന പോലെ കടലിൽ നിന്നല്ല, മറിച്ച് കടൽത്തീരത്ത് നിന്നാണ് ഇവിടെ മണൽ ഖനനം ചെയ്തെടുക്കുന്നത്. സ്വാഭാവികമായും കടൽത്തീരമിടിയും. കര കടലെടുക്കും. മൂന്നു നാലു പതിറ്റാണ്ട്‌ മുൻപ് മനുഷ്യർ ജീവിച്ചിരുന്ന മൂന്ന് ഗ്രാമങ്ങൾ ഇന്നില്ല. കടലെടുത്ത ഏഴ് ചതുരശ്ര കിലോമീറ്റർ ഭൂമി അടുത്ത കാലത്താണ്‌ കേരള നിയമസഭയുടെ തീരുമാനപ്രകാരം രേഖകളിൽ നിന്ന് ഒഴിവാക്കണമെന്ന് തീരുമാനിച്ചത്.

രണ്ടാമത്തെ കാര്യം ഖനനം നമ്മുടെ നാടിന് വലിയ തോതിൽ ലാഭമുണ്ടാക്കിക്കൊടുക്കുന്നു എന്നാണ് പറയുന്നത്. അത് തെറ്റാണ്. യഥാർത്ഥത്തിൽ എടുക്കുന്ന വിഭവങ്ങളുടെ വളരെ കുറച്ചൊരു ശതമാനം മാത്രമേ നമുക്ക് കിട്ടുന്നുള്ളൂ. പല ഘട്ടങ്ങളിലായി നടക്കുന്ന പ്രോസിസിങ്ങിൽ രണ്ടോ മൂന്നോ ഘട്ടങ്ങൾ മാത്രം ഇവിടെ ചെയ്യുകയും റൂട്ടയിൽ പോലുള്ള ഏറ്റവും മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ കയറ്റിയയക്കുകയും ചെയ്യുന്നു. അതായത് മുക്കാൽ ശതമാനം ലാഭം കൊയ്യുന്നതും വിദേശ കമ്പനികളും ഏജന്റുമാരുമാണ്. അതേസമയം ഇതിന്റെ നാശം മുഴുവൻ ഇവിടെയാണ്‌ താനും.

കെ.എം.എം.എല്ലും, ഐ.ആർ.ഇ.എല്ലും അവിടെ നിന്നുണ്ടാക്കുന്ന ലാഭത്തിന്റെ പതിന്മടങ്ങ് നഷ്ടമാണ് ഇപ്പോൾ തീരദേശ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി, മത്സ്യസമ്പത്ത് തുടങ്ങി പ്രകൃതിക്കും തീരദേശമേഖലയിലുള്ളവർക്കും ദീർഘകാല നഷ്ടമാണ് ഖനനം മൂലം ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് അടിയന്തിരമായി ഖനനം നിർത്തിവച്ച് അഫക്ടഡ് ആയ ആളുകളെ കൂടി പങ്കെടുപ്പിച്ച് നയപരമായ തീരുമാനം സർക്കാർ എടുക്കണം. ശാസ്ത്രീയമായി അവിടെ ഒരു പഠനം നടത്താനും സർക്കാർ തയ്യാറാവണം", സി.ആർ നീലകണ്ഠൻ പറഞ്ഞു.

അതേസമയം ആയിരക്കണക്കിനാളുകളെ നിർബന്ധിത കുടിയൊഴിപ്പിക്കലിലേക്കെത്തിക്കുന്ന കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുമ്പോഴും ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന നിലവിലുള്ള ഖനനത്തെ അനുകൂലിക്കുന്നു. ആകെയുള്ള 16 പഞ്ചായത്തംഗങ്ങളിൽ 11 പേരും പക്ഷേ ഖനനത്തിനെതിരാണ്. ഖനനത്തെക്കുറിച്ചു ചോദിക്കുമ്പോൾ കരുനാഗപ്പള്ളി എം.എൽ.എ ആർ. രാമചന്ദ്രനും കൃത്യമായ ഉത്തരമില്ല. ഇക്കാര്യത്തിൽ വ്യക്തിപരമായി അഭിപ്രായം പറയാൻ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.

https://www.azhimukham.com/kerala-how-black-sand-mining-causing-damages-in-kollam-district-report-by-sandhya/

https://www.azhimukham.com/news-update-black-sand-export-back-to-public-sector-central-government-decision/

https://www.azhimukham.com/sea-sand-mining-pinarayi-government-gave-sanction-environmental-issues-dhanya/

https://www.azhimukham.com/kerala-sea-erosion-on-coastal-areas-people-demand-permanent-sea-wall-by-dhanya/

Next Story

Related Stories