TopTop
Begin typing your search above and press return to search.

മുജാഹിദ് പ്രചരണ നോട്ടീസ് ഏറ്റുവാങ്ങിയവരില്‍ രാജഗോപാല്‍, വി.എസ്, തോമസ്‌ ഐസക്; അറസ്റ്റ് മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍

മുജാഹിദ് പ്രചരണ നോട്ടീസ് ഏറ്റുവാങ്ങിയവരില്‍ രാജഗോപാല്‍, വി.എസ്, തോമസ്‌ ഐസക്; അറസ്റ്റ് മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍

മതതീവ്രവാദം പ്രചരിപ്പിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന് ആരോപിച്ച് എറണാകുളം പറവൂരില്‍ 39 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം കേസെടുത്ത ഇവരെ പിന്നീട് വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മുജാഹിദ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരില്‍ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളുടെ പരിധിയിലുള്ള വീടുകളില്‍ സംഘങ്ങളായി ചെന്ന് ലഘുലേഖ വിതരണം ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

ലഘുലേഖ വിതരണത്തിനെത്തിയവരുടെ കൈയില്‍ പ്രദേശത്തെ റൂട്ട് വിവരിക്കുന്ന രേഖകള്‍ കണ്ടതോടെ പ്രദേശവാസികളായ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും തര്‍ക്കത്തിലേക്കും നീങ്ങുകയുമായിരുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ ലഘുലേഖ വിതരണം ചെയ്തവരെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയും പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു എന്ന് മര്‍ദ്ദനമേറ്റവര്‍ പറയുന്നു. ഞാറാഴ്ച രാവിലെ മുതല്‍ വടക്കന്‍ പറവൂരിലെ പ്രദേശങ്ങളിലെ വീടുകളിലായിരുന്നു ലഘുലേഖകള്‍ വിതരണം ചെയ്തത്. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മന:പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു എന്നും പോലീസ് ഇവരുടെ താളത്തിനൊത്ത് തുള്ളുകയായിരുന്നു എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവള്ളിക്കാട്, മൂത്തകുന്നം, തറയില്‍കവല ഭാഗങ്ങളില്‍ സന്ദേശ പ്രചരണം എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. 'ജീവിതം എന്തിനു വേണ്ടി' എന്ന പേരില്‍ 40 പേജുള്ള ബുക് ലെറ്റ്, വിമോചനത്തിന്റെ വഴി, ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്നീ ലഘുലേഖകളുമാണ് വിതരണം ചെയ്തത്. ലഘുലേഖകളിലൊന്നിലെ പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തുന്നതും മറ്റ് മതങ്ങളെ ഇകഴ്ത്തുന്നതുമാണെന്ന് ആരോപിച്ചാണ് പോലീസ് നടപടി.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായിട്ടാണ് ലഘുലേഖകള്‍ വിതരണം ചെയ്തതെന്നാണ് സംഘടനയുടെ വാദം. അതേസമയം സംഘടനയുടെ 'ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ പ്രമുഖ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഈ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ധനമന്ത്രി തോമസ് ഐസക്ക്, ബിജെപി എം.എല്‍.എ ഒ. രാജഗോപാല്‍, കടകംപള്ളി സുരേന്ദ്രന്‍, കെ. മുരളീധരന്‍, സി. ദിവാകരന്‍, വി.ടി ബല്‍റാം, ശബരീനാഥ്, വിവിധജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊക്കെ സന്ദേശപ്രചരണത്തിന്റെ ഭാഗമായി ഇത് കൈമാറിയിരുന്നു.

'മാല്യങ്കര, ചെട്ടിക്കാട്, കുര്യാപ്പിള്ളി, ലേബര്‍ കവല, കരിമ്പാടം, പുതിയകാവ് എന്നിവിടങ്ങളിലും ലഘുലേഖകളുമായി എത്തിയവരുമായും സംഘര്‍ഷം ഉണ്ടായിരുന്നു. ഇവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതോടെ വിവിധ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി. സ്റ്റേഷന്‍ പരിസരത്തും തര്‍ക്കവും കയ്യേറ്റവുമായി സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ലഘുലേഖ വിതരണത്തിനെതിരെ മൂന്നു പരാതികളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്.

സിഐ എം.കെ. മുരളിയും വിവിധ സ്റ്റേഷനുകളിലെ എസ്‌ഐമാരും ഉള്‍പ്പെടെയുള്ള പൊലീസ് സംഘം വടക്കേക്കര സ്റ്റേഷനിലെത്തി. ആലുവ റൂറല്‍ എസ്പി, ഡിവൈഎസ്പി എന്നിവര്‍ ലഘുലേഖ വിതരണം ചെയ്തവരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ലഘുലേഖകള്‍ വിതരണം ചെയ്തവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെയും കേസെടുക്കും.

സംഭവത്തെ തുടര്‍ന്ന് മുനമ്പം കവലയിലും വടക്കേക്കരയിലും വിവിധ വിഭാഗങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ജില്ലാതല ക്യാംപെയിന്റെ ഭാഗമായിരുന്നു ലഘുലേഖ വിതരണമെന്നും ഇസ്ലാമിക് തീവ്രവാദത്തിനെതിരെയാണ് തങ്ങള്‍ ബോധവത്ക്കരണം നടത്തിയതെന്നുമാണ് സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഐ.എസ് വിരുദ്ധ പ്രചാരണം ലക്ഷ്യമാക്കിയുള്ള ലഘുലേഖയ്ക്ക് പുറമേ ഇന്ത്യന്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ് നിലവില്‍ രാജ്യത്തുള്ള അവസ്ഥയെന്ന് മറ്റൊരു ലഘുലേഖയില്‍ പറയുന്നു. ദാദ്രിയില്‍ അഖ്ലാക്കിന്റെ കൊലപാതകം മുതല്‍ ട്രെയിനില്‍ ജുനൈദിനെ കൊലപ്പെടുത്തിയത് വരെ ഇതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories